മഴക്കാലത്തെ ചര്‍മസംരക്ഷണം
മഴക്കാലത്തെ ചര്‍മസംരക്ഷണം
വേനല്‍ക്കാലത്തെ കനത്ത ചൂടില്‍ ത്വക്കിനുണ്ടാകുന്ന സൂര്യാഘാതം, കറുത്ത പാടുകള്‍, വിയര്‍പ്പ് എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന കാലാവസ്ഥയാണ് മഴക്കാലം. അന്തരീക്ഷം എപ്പോഴും ഈര്‍പ്പമായിരിക്കുന്നതുകൊണ്ട് ത്വക്കിന് അധികം പ്രശ്‌നങ്ങള്‍ തോന്നാറില്ല. ഇതുമൂലം ത്വക്കിന്‍റെ പരിചരണം പലപ്പോഴും മറന്നു പോകുന്നു. ഈ കാലാവസ്ഥയില്‍ ഫംഗല്‍, ബാക്ടീരിയ ഇന്‍ഫക്ഷന്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു മഴക്കാലത്ത് ത്വക്കിന്റെ പരിചരണം അത്യാവശ്യമാണ്.

വരണ്ട ചര്‍മത്തിന്

മഴക്കാലത്ത് വരണ്ടചര്‍മം ഉള്ളവര്‍ക്കു വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇതിനു പരിഹാരമായി ധാരാളം വെള്ളം കുടിക്കണം. ചര്‍മം വൃത്തിയാക്കി മോയ്‌സ്ചറൈസര്‍ പുരട്ടുക. വരണ്ട ചര്‍മമുള്ളവര്‍ ആഴ്ചയില്‍ രണ്ടുപ്രാവശമെങ്കിലും ഫെയ്‌സ് പാക്ക് ഇടാന്‍ ശ്രമിക്കണം. വരണ്ട ചര്‍മക്കാര്‍ക്കു പറ്റിയ ഫെയ്‌സ് പാക്കായ തൈര്, ജോജോബ ഓയില്‍, തേന്‍ എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകി കളയുക.

എണ്ണമയമുള്ള ചര്‍മത്തിന്

എണ്ണമയമുള്ള ചര്‍മക്കാര്‍ പാരഫിന്‍, സോപ്പ്, ആല്‍ക്കഹോള്‍ എന്നിവ അടങ്ങിയിട്ടില്ലാത്ത ഫെയ്‌സ് വാഷ് കൊണ്ട് ദിവസം രണ്ടുപ്രാവശ്യം മുഖം വൃത്തിയാക്കണം. സ്‌കിന്‍ ടോണര്‍ പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കുക. സ്‌ക്രബ് ഉപയോഗിച്ച് ചര്‍മത്തിലെ മൃത്യുകോശങ്ങളെ നീക്കം ചെയ്യണം. ആര്യവേപ്പില അരച്ച് പേസ്റ്റാക്കി മുഖത്ത് ഇടുന്നതു മുഖക്കുരുവിനു നല്ലതാണ്. ദിവസവും ക്ലെന്‍സര്‍, ടോണര്‍, മോയ്‌സ്ചറൈസര്‍ എന്നിവ ഉപയോഗിക്കുന്നതുവഴി ത്വക്ക് എപ്പോഴും ആരോഗ്യമുള്ളതായിരിക്കും. ഇതുമൂലം ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും സാധിക്കും.


കാല്‍പാദത്തിനും ശ്രദ്ധ വേണം

മഴക്കാലത്ത് മുഖം പോലെ തന്നെ ഏറെ പരിചരണം ആവശ്യമുള്ളതാണ് കാല്‍പാദങ്ങളും, നഖങ്ങളും. മഴക്കാലത്ത് കാല്‍പാദങ്ങളിലും, നഖങ്ങളിലും ഇന്‍ഫക്ഷന്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് കാലുകള്‍ വൃത്തിയാക്കി ഉണക്കി, മോയ്‌സ്ചറൈസര്‍ പുരട്ടണം. ഷൂസ്, സോക്‌സ്, റെയിന്‍ കോട്ട് എന്നിവ ദിവസവും വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കുളികഴിഞ്ഞ് ശരീരം മുഴുവന്‍ അലോവേറ ജെല്‍ പുരട്ടിയാല്‍ ഇന്‍ഫക്ഷനുകളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാം.

ജാസ്മിന്‍ മന്‍സൂര്‍
സിന്‍ഡ്രല ബ്യൂട്ടി കണ്‍സെപ്റ്റ്‌സ്, കെ.കെ റോഡ്, കോട്ടയം