പണിമുടക്കി ജിമെയിൽ
Thursday, December 15, 2022 3:04 PM IST
ന്യൂഡൽഹി: ഗൂഗിളിന്റെ ജിമെയിൽ ബിസിനസ് സേവനങ്ങൾ വീണ്ടും തകരാറിൽ. ലോകവ്യാപകമായി നിരവധി ജിമെയിൽ യൂസർമാരാണ് പരാതിയുമായി എത്തിയത്.
ഇത്തവണ പ്രശ്നം ഗൂഗിൾ ബിസിനസ് അക്കൗണ്ടിനാണ്. മൊബൈൽ ആപ്പിൽ മാത്രമല്ല ഡെസ്ക്ടോപ്പിലും പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് പരാതിയുണ്ട്. സാധാരണ ഉപയോക്താക്കൾക്ക് പ്രശ്നമില്ലെങ്കിലും പണം നൽകി പ്രത്യേക സേവനങ്ങൾ വാങ്ങി ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. മെയിലുകൾ അയച്ചതായി കാണിക്കുമെങ്കിലും അത് അയച്ച ആളുകൾക്ക് കിട്ടുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്നം ഇനിയും പൂർണമായി പരിഹരിച്ചിട്ടില്ല. തകരാറിന്റെ കാരണത്തെപറ്റി ജി മെയിൽ ഇതുവരെ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന മറുപടി മാത്രമാണ് കന്പനികൾക്ക് ഗൂഗിളിൽനിന്ന് കിട്ടിയിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുന്പും ജിമെയിൽ സേവനങ്ങൾ ലോകവ്യാപകമായി ഒരു മണിക്കൂറിലധികം തടസപ്പെട്ടിരുന്നു.
ഏകദേശം 150 കോടിയോളം ഉപഭോക്താക്കളാണ് ജിമെയിലിനുള്ളത്. ലോകത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പും ഗൂഗിളിന്റെ ജിമെയിലാണ്.