ഹീറോ മാസ്ട്രോ എഡ്ജ് 125, 2019 പ്ലഷർ പ്ലസ് വിപണിയിൽ
Tuesday, May 14, 2019 4:47 PM IST
മുംബൈ: രണ്ടു ജനപ്രിയ സ്കൂട്ടറുകളുടെ പരിഷ്കരിച്ച പതിപ്പുകൾ ഹീറോ മോട്ടോ കോർപ് വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതികവിദ്യയുള്ള സ്കൂട്ടർ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച മാസ്ട്രോ എഡ്ജ് 125ന് മൂന്നു വേരിയന്റുകളുണ്ട്. കൂടാതെ 2019 ഹീറോ പ്ലഷർ പ്ലസ് മോഡലിന് രണ്ട് വേരിയന്റുകളും ലഭ്യമാണ്.
അടുത്ത വർഷം ഇന്ത്യയിൽ നടപ്പാക്കുന്ന ബിഎസ് -6 നിബന്ധനകൾക്കു വിധേയമായ വിധത്തിലാണ് ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതികവിദ്യ മാസ്ട്രോ എഡ്ജ് 125ന് നല്കിയിരിക്കുന്നത്. ഇതുകൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓപ്ഷണൽ ഫ്രണ്ട് ഡിസ്ക് (ഹീറോ സ്കൂട്ടറുകളിൽ ആദ്യമായി) എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഡെസ്റ്റിനി 125ന്റെ 124.6 സിസി എൻജിനാണ് മാസ്ട്രോ എഡ്ജ് 125ന്റെയും കരുത്ത്. എങ്കിലും ഡെസ്റ്റിനിയുടെ 8.8പിഎസ് പവറിൽനിന്ന് 9.24 പിഎസ് പവർ ആയി ഉയർത്തിയിട്ടുണ്ട്. അതേസമയം ടോർക്കിൽ (10.2എൻഎം) മാറ്റമില്ല. വില 58,500-62,700 രൂപ (എക്സ് ഷോറൂം).
ഡ്യുവറ്റിലും മാസ്ട്രോ എഡ്ജിലും ഉപയോഗിച്ചിരിക്കുന്ന 110.9 സിസി എൻജിൻതന്നെയാണ് പ്ലഷർ പ്ലസിന്റെയും കരുത്ത്. മുൻ മോഡലിനെ അപേക്ഷിച്ച് രൂപത്തിൽ അടിമുടി മാറ്റമുണ്ട്. വില 47,000-49,300 രൂപ (എക്സ് ഷോറൂം).