ചൂടൻ മത്സരമൊരുക്കാൻ ഹ്യുണ്ടായി വെന്യു
ചൂടൻ മത്സരമൊരുക്കാൻ  ഹ്യുണ്ടായി വെന്യു
Saturday, June 15, 2019 3:10 PM IST
നാല് മീറ്ററിൽ താഴെ നീളമുള്ള എസ് യുവികളുടെ വിപണിയിലാണ് ഇപ്പോൾ ചൂടൻ മത്സരം. മാരുതി വിറ്റാര ബ്രെസ ആധിപത്യമുറപ്പിച്ച ഈ വിഭാഗത്തിൽ മഹീന്ദ്ര എക്സ് യുവി 300 യാണ് അവസാനമായി എത്തിയത്. അവിടം കൊണ്ടും മോഡലുകളുടെ അരങ്ങേറ്റം അവസാനിക്കുന്നില്ല. രാജ്യത്തെ രണ്ടാമതു വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായിയും ഈ വിപണിയിലേയ്ക്ക് കടക്കുകയാണ്.

മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍ , ഫോഡ് ഇക്കോസ്പോർട്, മഹീന്ദ്ര എക്സ് യുവി 300 എന്നീ മോഡലുകളോട് പടവെട്ടാൻ ദക്ഷിണ കൊറിയൻ കന്പനി അവതരിപ്പിക്കുന്ന മോഡലിനു പേര് വെന്യൂ എന്നാണ്. ഈ 2019 മേയ് 21 നാണ് വെന്യുവിന്‍റെ വിപണിപ്രവേശം.

എതിരാളികളുമായി താരതമ്യപ്പെടുത്തി ഹ്യുണ്ടായി വെന്യുവിനുള്ള നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്നു വിലയിരുത്തുകയാണിവിടെ.

എൻജിൻ - ഗീയർബോകസ്

പെട്രോളിൽ രണ്ടും ഡീസലിൽ ഒന്നും എൻജിൻ വകഭേദങ്ങളാണ് ഹ്യുണ്ടായി വെന്യുവിനുള്ളത്. ഫോഡ് ഇക്കോസ്പോർടിനു ശേഷം ഒന്നിലധികം പെട്രോൾ എൻജിൻ ഓപ്ഷനുകൾ നൽകുന്ന മോഡൽ എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഗ്രാൻഡ് ഐ10, എലൈറ്റ് എ 20 ഹാച്ച്ബാക്കുകളിൽ ഉപയോഗിക്കുന്നതരം 1.2 ലിറ്റർ കാപ്പാ പെട്രോൾ എൻജിനാണ് അടിസ്ഥാന വകഭേദത്തിന്. ഇതിന് 82 ബിഎച്ച്പി -116 എൻഎം ആണ് ശേഷി.

ഹ്യുണ്ടായി പുതുതായി വികസിപ്പിച്ച ടി-ജിഡിഐ എൻജിനാണ് മുന്തിയ പെട്രോൾ വകഭേദത്തിന്. ഒരു ലിറ്റർ , മൂന്ന് സിലിണ്ടർ , ടർബോചാർജ്ഡ് പെട്രോൾ എൻജിന് 118.4 ബിഎച്ച്പി- 172 എൻഎം ആണ് ശേഷി. ഇക്കോസ്പോർട് കഴിഞ്ഞാൽ ഏറ്റവും കകരുത്തുള്ള പെട്രോൾ എൻജിൻ വെന്യുവിന്‍റേതാണ്.

വിറ്റാര ബ്രെസയുടേതിന് സമാനമായ എൻജിൻ കരുത്താണ് ഡീസൽ വെന്യു നൽകുന്നത്. 1.4 ലിറ്റർ , നാല് സിലിണ്ടർ ഡീസൽ എൻജിന് 89 ബിഎച്ച്പി- 220 എൻഎം ആണ് ശേഷി. സബ് കോംപാക്ട് എസ് യുവികളിൽ ഏറ്റവും കരുത്തുറ്റ ഡീസൽ എൻജിനുള്ളത് മഹീന്ദ്ര എക്സ് യുവി 300 യ്ക്കാണ്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗീയർബോക്സ് വകഭേദം ലഭ്യമായ ആദ്യ നാല് മീറ്റർ എസ് യുവി എന്ന പ്രത്യേകതയും വെന്യുവിനുണ്ട്. ഒരു ലിറ്റർ പെട്രോൾ എൻജിനുള്ള വകഭേദത്തിലാണ് ഇത് ലഭ്യം. അഞ്ച് സ്പീഡ് മാന്വൽ, ആറ് സ്പീഡ് മാന്വൽ ഗീയർബോക്സുകളാണ് മറ്റു വെന്യു വകഭേദങ്ങൾക്ക്.

ബോഡി അളവുകൾ

നീളത്തിന്‍റെ കാര്യത്തിൽ എസ് യുവികൾ തമ്മിൽ ചില്ലറ വ്യത്യാസമേയുള്ളൂ. എങ്കിലും ഏറ്റവും നീളമേറിയത് ഫോഡ് ഇക്കോസ്പോർടാണ് . നീളം 3998 മില്ലിമീറ്റർ. രണ്ടാം സ്ഥാനം നേടിയ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്യുവി 300, വിറ്റാര ബ്രെസ എന്നീ മോഡലുകൾക്ക് 3995 മില്ലിമീറ്റർ ആണ് നീളം. വീതി ഏറ്റവും കൂടുതൽ എകസ് യുവി 300 യ്ക്കാണ്. നെക്സോണ്‍ , വിറ്റാര ബ്രെസ എന്നിവയ്ക്ക് ശേഷം നാലാമതാണ് വീതിയുടെ കാര്യത്തിൽ വെന്യുവിനു സ്ഥാനം. ഏറ്റവും നീളവും ഉയരവുമുള്ളത് ഇക്കോസ്പോർടിനാണ് എന്നാൽ വീതി ഏറ്റവും കുറവാണ്. ഹ്യുണ്ടായി വെന്യു ആണ് കൂട്ടത്തിൽ ഉയരം ഏറ്റവും കുറഞ്ഞ മോഡൽ . നീളമേറിയ വീൽബേസുള്ളത് എക്സ് യുവി 300 യ്ക്കാണ്. രണ്ടാം സ്ഥാനം ഇക്കോസ്പോർടിനും. മൂന്നാം സ്ഥാനം 2500 മില്ലിമീറ്റർ വീൽബേസുള്ള വെന്യു, വിറ്റാര ബ്രെസ മോഡലുകൾ പങ്കിടുന്നു.

സൗകര്യങ്ങൾ

ഇന്ത്യയിലെ ആദ്യ കണക്ടഡ് എസ് യുവി എന്ന വിശേഷണത്തോടെയാണ് വെന്യു എന്ന മോഡലിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. വാഹനത്തിനു പ്രത്യേക സിം കാർഡ് ഇടാനുള്ള സൗകര്യമുണ്ട്. അതിലൂടെ 24 മണിക്കൂറും ഡേറ്റാ കണക്ടിവിറ്റി കാറിൽ ലഭ്യമാകും. മൊബൈൽ ഫോണ്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ വാഹനത്തിന്‍റെ വിവിധ പ്രവർത്തനങ്ങൾ അകലെയിരുന്ന് നിയന്ത്രിക്കാനാവും എന്ന മെച്ചവും ഇതു നൽകുന്നു. സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ എൻജിൻ സ്റ്റാർട്ട് ചെയ്യാനും എസി പ്രവർത്തിപ്പിക്കാനും ഡോറുകൾ തുറക്കാനും അടയ്ക്കാനുമൊക്കെ സാധിക്കും. അത്യാഹിതമുണ്ടായാൽ എമർജൻസി നന്പരുകളിലേയ്ക്ക് എസ്എംഎസ് അയയ്ക്കാനും ആവശ്യമെങ്കിൽ വിളിക്കാനുമുള്ള സൗകര്യമൊരുക്കാനും കണക്ടഡ് ഫീച്ചർ സഹായിക്കും. ഐഡിയ-വൊഡാഫോണ്‍ നെറ്റ് വർക്കിന്‍റെ ഇ-സിം ആണ് വെന്യുവിൽ ഉള്ളത്. വാറന്‍റി പീരിയഡിൽ സൗജന്യ ഡേറ്റ ഹ്യുണ്ടായി നൽകും. അതിനു ശേഷം ഡോറ്റ പാക്ക് റീച്ചാർജ് ചെയ്യണം.


ഇക്കോസ്പോർടിന് സമാനമായി എട്ടിഞ്ച് ഇൻഫോടെയ്ൻമെന്‍റ് ടച്ച് സ്ക്രീനാണ് വെന്യുവിന്. വിറ്റാര ബ്രെസ, എക്സ് യുവി 300 മോഡലുകൾക്ക് ഏഴിഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീനാണ് ഉപയോഗിക്കുന്നത്. നെക്സോണിലാണ് ഏറ്റവും വലുപ്പം കുറഞ്ഞത്, ആറര ഇഞ്ച് ഡിസ്പ്ലേയാണിതിൽ . ഈ വിഭാഗത്തിലെ എല്ലാ മോഡലുകളെയും പോലെ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഹ്യുണ്ടായി എസ് യുവിയിലെ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിനുമുണ്ട്.

ഇന്ത്യക്കാരുടെ ഇഷ്ട ഫീച്ചറായ ഇലക്ട്രിക് സണ്‍റൂഫ് വെന്യു നൽകുന്നുണ്ട്. നെക്സോണ്‍ , വിറ്റാര ബ്രെസ മോഡലുകൾക്ക് ഇതില്ല. എകസ് യുവി 300 , ഇക്കോസ്പോർട് മോഡലുകൾക്ക് ഓപ്ഷനായി സണ്‍റൂഫ് ലഭ്യമാണ്.

ഈ വിഭാഗത്തിൽ ഇതുവരെയില്ലാത്ത മറ്റൊരു ഫീച്ചർ കൂടി വെന്യു പരിചയപ്പെടുത്തുന്നു. പ്രൊജക്ടർ ഫോഗ് ലാന്പാണത്. ഹെഡ് ലൈറ്റുകളും പ്രൊജക്ടർ ടൈപ്പാണ്. നെക്സോണ്‍ , വിറ്റാര ബ്രെസ, എക്സ് യുവി 300 എന്നിവയ്ക്കും പ്രൊജക്ടർ ഹെഡ് ലാംപുകളാണ്.

എയർബാഗുകളുടെ എണ്ണത്തിൽ എക്സ് യുവി 300 യ്ക്ക് തൊട്ടു പിന്നിലാണ് വെന്യു, ഇക്കോ സ്പോർട് മോഡലുകൾ. മഹീന്ദ്ര എസ് യുവിയ്ക്ക് ഏഴ് എയർബാഗുള്ളപ്പോൾ ഹ്യുണ്ടായിയും ഫോഡും ആറ് എയർബാഗുകൾ നൽകുന്നു. എന്നാൽ ടാറ്റ നെക്സോണ്‍ , വിറ്റാര ബ്രെസ മോഡലുകൾക്ക് രണ്ട് എയർബാഗുകൾ മാത്രമാണുളളത്.ഈ മോഡലുകൾ ഒഴികെയുള്ളവയ്ക്ക് ക്രൂസ് കണ്‍ട്രോൾ , ഇഎസ്പി , ഹിൽ അസിസ്റ്റ് എന്നീ ഫീച്ചറുകളുമുണ്ട്.

എക്സ് യുവി 300 ന് മാത്രമാണ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകളുള്ളത്. അഞ്ച് എസ് യുവികൾക്കും റിയർപാർക്കിംഗ് സെൻസറുകളും റിവേഴ്സ് കാമറയുമുണ്ട്. വയർലെസ് സ്മാർട്ട്ഫോണ്‍ ചാർജർ, എയർ പ്യൂരിഫയർ , മൂന്ന് വർഷം കിലോമീറ്റർ കണക്കിലെടുക്കാതെയുള്ള വാറന്‍റി എന്നിവയും വെന്യുന്‍റെ സവിശേഷതകളാണ്.
കാറ്റുകൊള്ളിക്കുന്ന മുൻ സീറ്റുകളും വെന്യുവിന് മാത്രമുള്ള സൗകര്യമാണ്. ചുരുക്കത്തിൽ ഇന്‍റീരിയറിന്‍റെ നിർമാണത്തികവിലും നൂതന സൗകര്യങ്ങളിലും വെന്യു എതിരാളികളെക്കാൾ മുന്നിട്ടു നിൽക്കുന്നു.

വില

ഏതു വാഹനം വാങ്ങണമെന്ന തീരുമാനം എടുക്കുന്നതിൽ അതിന്‍റെ വിലയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ . അതുകൊണ്ടുതന്നെ വില ആകർഷകമാക്കാൻ ഹ്യുണ്ടായി തീർച്ചയായും ശ്രമിക്കും. നിലവിൽ ചെറു എസ് യുവി വിഭാഗത്തിൽ വിലക്കുറവുള്ള മോഡലുകൾ ടാറ്റ നെകസോണും വിറ്റാര ബ്രെസയുമാണ്. അവയോട് കിടപിടിക്കുന്ന വിലയുമായി ഹ്യുണ്ടായി എത്തിയാൽ വെന്യു വൻവിജയമായി തീരുമെന്ന് ഉറപ്പ്. ഈ മാസം വിപണിയിലെത്തുന്ന വെന്യു എസ് യുവിയുടെ ബുക്കിങ് ഹ്യുണ്ടായി ഡീലർഷിപ്പുകളിൽ സ്വീകരിക്കുന്നുണ്ട്. അന്പതിനായിരം രൂപയാണ് ബുക്കിംഗ് ചാർജ്.