നിസാൻ 10,000 ജീവനക്കാരെ പിരിച്ചുവിടും
Friday, July 26, 2019 4:57 PM IST
ടോക്കിയോ: ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ലോകവ്യാപകമായി 10,000 പേരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടാനാണ് തീരുമാനം. ചെലവുചുരുക്കലും ബാലൻസ്ഷീറ്റ് മെച്ചപ്പെടുത്തലുമാണ് നീക്കത്തിനു പിന്നിൽ.
ആഗോളതലത്തിൽ 4,800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയുണ്ടെന്ന് കന്പനി മേയിൽ വെളിപ്പെടുത്തിയിരുന്നു. എണ്ണം കുറച്ചാൽ കന്പനിയുടെ ജപ്പാനു പുറത്തുള്ള പ്ലാന്റുകളെ സാരമായി ബാധിക്കും. പിരിച്ചുവിടലിനൊപ്പം ഉത്പാദനം കുറയ്ക്കാനും പദ്ധതിയുണ്ട്.
കന്പനിയുടെ നിലവിലെ സാന്പത്തിക പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു ആലോചനയ്ക്കു പിന്നിൽ. കഴിഞ്ഞ സാന്പത്തികവർഷം നിസാന്റെ പ്രവർത്തന ലാഭം 40 ശതമാനം ഇടിഞ്ഞു. യൂറോപ്പിലും അമേരിക്കയിലും വില്പന കുറഞ്ഞതാണ് അതിനു കാരണം.
വെട്ടിപ്പുകളും മുൻ സിഇഒ കാർലോസ് ഘോന്റെ അറസ്റ്റുമെല്ലാം കന്പനിയെ തളർത്തിയിട്ടുണ്ടെങ്കിലും കന്പനിയുടെ ഘടന ഉടച്ചുവാർത്ത് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ.