തരംഗമാകാന്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്; ഇതൊരു സാദാ ഇലക്ട്രിക് സ്‌കൂട്ടറല്ല?
തരംഗമാകാന്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്; ഇതൊരു സാദാ ഇലക്ട്രിക് സ്‌കൂട്ടറല്ല?
ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക അനങ്ങി അനങ്ങി പോകുന്ന ചെറിയ സ്‌കൂട്ടറുകളാണ്.

മണിക്കൂറില്‍ പരമാവധി 30, 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഇത്തരം ചെറിയ സ്‌കൂട്ടറുകള്‍ മാത്രമാണ് കേരളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ഹെല്‍മറ്റ് പോലും ധരിക്കാതെ കൊച്ചു പയ്യന്‍മാര്‍ കൊണ്ടുനടക്കുന്ന ഇത്തരം ചെറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഭാവവും രൂപവും മാറി എത്തുകയാണ്.വേഗത, കരുത്ത്, സ്‌റ്റൈല്‍ എന്നിവയിലെല്ലാം മറ്റേതൊരു സ്‌കൂട്ടറിനോടും കിടപിടിക്കുന്ന രീതിയിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാറിയിരിക്കുന്നത്. പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് യാത്രാചെലവ് വളരെ കുറവാണെന്നതും ഇലക്ട്രിക് സ്‌കൂട്ടറുകളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു.

മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി സ്മാര്‍ട്ട് കണക്ട്, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ സ്‌കൂട്ടറുകളില്‍ എത്തുന്നു.

കേരളത്തില്‍ ഉടനെ എത്തുമെന്നു കരുതപ്പെടുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. ഏറെ സവിശേഷതകളോടെയെത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിശേഷങ്ങള്‍ അറിയാം.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്

കരുത്തിലും രൂപഭംഗിയിലും ഏതൊരു മുന്‍നിര സ്‌കൂട്ടറിനോടും കിടപിടിക്കുന്നതാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. 78 കിലോമീറ്റര്‍ വരെ പരമാവധി വേഗതയുള്ള ഈ സുന്ദരന് പൂജ്യത്തില്‍ നിന്നു 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.2 സെക്കന്‍ഡു മാത്രം മതി.

4.4 കിലോ വാട്ട് ശേഷിയുള്ള മൂന്നു ലീഥിയം ഇയോണ്‍ ബാറ്ററിയാണ് കരുത്തേകുന്നത്. ഡെഡിക്കേറ്റഡ് ബിഎംഎസ്, ഉന്നത നിലവാരമുള്ള അലുമിനിയം എക്സ്ട്രൂഷന്‍ കേസിംഗ് എന്നിവയോടെ എത്തുന്ന ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ വാറന്റിയും കമ്പനി നല്‍കുന്നു.ഡിസൈന്‍

ക്രിസ്റ്റല്‍ ക്ലിയര്‍ എല്‍ഇഡി ഹെഡ് ലാംപ്, ടെയില്‍ ലാംപ്, യുഎസ്ബി ചാര്‍ജിംഗ് പോയിന്റും ലൈറ്റും എന്നിവയാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രികിന്റെ പ്രധാന ഡിസൈന്‍ എലമെന്റുകള്‍. സീറ്റിനടിയില്‍ ആവശ്യത്തിന് സ്റ്റോറേജും നല്‍കുന്നുണ്ട്.

ക്യൂ പാര്‍ക്ക് അസിസ്റ്റ്

സ്‌കൂട്ടറുകള്‍ക്ക് ഒരു റിവേഴ്സ് ഗിയര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചോദിക്കുന്നത് കേട്ട് ഇനി ആരും അതിശയിക്കേണ്ട. ക്യൂ പാര്‍ക്ക് അസിസ്റ്റ് എന്ന ഫീച്ചര്‍ റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്റു കൂടിയാണ്.സ്മാര്‍ട്ട്എക്സ് ഹോം ചാര്‍ജിംഗ്

സ്മാര്‍ട്ട്എക്സ് ഹോം എന്ന ബ്ലൂടൂത്ത് കണക്ടഡ് സ്മാര്‍ട്ട് ചാര്‍ജിംഗ് ഫീച്ചര്‍ ഉപയോഗിക്കുന്ന സ്‌കൂട്ടര്‍ അഞ്ചു മണിക്കൂറില്‍ ഫുള്‍ ചാര്‍ജാകും. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ചെറിയ യാത്രകള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കു ഒറ്റ ചാര്‍ജില്‍ രണ്ടു ദിവസം സുഖമായി കറങ്ങാനാകും.


സ്മാര്‍ട്ട്എക്സ് ഹോം മൊബൈല്‍ ആപ്പിലൂടെ ചാര്‍ജിംഗിന്റെ വിശദാംശങ്ങള്‍ മൊബൈലില്‍ അറിയാനും ഉപയോക്താക്കള്‍ക്കു സാധിക്കും. ഐക്യൂബ് സ്‌കൂട്ടര്‍ മാത്രമേ ഇതുപയോഗിച്ചു ചാര്‍ജു ചെയ്യാനാകു. വോള്‍ട്ടേജ് വ്യതിയാനങ്ങളിലും സ്‌കൂട്ടറിനു സുരക്ഷ നല്‍കുന്നതാണ് സ്മാര്‍ട്ട് എക്സ് ഹോം ചാര്‍ജിംഗ്.

ടിവിഎസ് സ്മാര്‍ട്ട് എക്സ് കണക്ട്

ടിവിഎസ് സ്മാര്‍ട്ട് എക്സ് കണക്ട് ഫീച്ചര്‍ ഉപയോഗിച്ചു സ്‌കൂട്ടര്‍ ഉപയോക്താവിന്റെ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാം. ഇന്‍കമിംഗ് ഫോണ്‍ കോള്‍ അലേര്‍ട്ട് അടക്കമുള്ളവ അറിയാനും ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ നോക്കി ഡ്രൈവ് ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കുന്നു.

നെക്സ്റ്റ് ജനറേഷന്‍ ടിഎഫ്ടി ഡാഷ്ബോര്‍ഡ്

ഒരു പരിധി വരെ ആഡംബര കാറുകളില്‍ മാത്രം കണ്ടുശീലിച്ചിട്ടുള്ള നെക്സ്റ്റ് ജനറേഷന്‍ ടിഎഫ്ടി ഡാഷ്ബോര്‍ഡ് ആണ് സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്സ്, ജിയോഫെന്‍സിംഗ്, റിമോട്ട് ചാര്‍ജിംഗ് സ്റ്റാറ്റസ്, നാവിഗേഷന്‍ അസിസ്റ്റ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഡാഷ് ബോര്‍ഡ്.ഡാഷ് ബോര്‍ഡിലുളള സ്മാര്‍ട്ട് അനാലിറ്റിക്സ് ഫീച്ചര്‍ എത്ര മാത്രം ബാറ്ററി ചാര്‍ജ്, സഞ്ചരിക്കാന്‍ സാധിക്കുന്ന ദൂരം അഥവാ റേഞ്ച്, സഞ്ചരിച്ച ദൂരം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ നല്‍കുന്നു. വാഹനത്തിന്റെ വേഗതയ്ക്കൊപ്പം ഏറ്റവും കൂടിയ വേഗത, ശരാശരി വേഗത എന്നിവയുടെ വിശദാംശങ്ങളും ഡാഷ് ബോര്‍ഡ് നല്‍കുന്നുണ്ട്.

എത്ര മാത്രം കാര്‍ബണ്‍ ഡയോക്സൈഡ് സേവ് ചെയ്തുവെന്നും പ്രകൃതിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ വിശദാംശങ്ങളാണ് ഡാഷ്ബോര്‍ഡിലുള്ള മറ്റൊരു ആകര്‍ഷണം.

വില

മറ്റു സ്‌കൂട്ടറുകളെ അപേക്ഷിച്ച് വില അല്‍പം കൂടുതലാണ്. 115,000 രൂപയാണ് ഷോറൂം വില. ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 5000 രൂപ നല്‍കി ബുക്കു ചെയ്യാം. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

ചെലവ് വളരെ കുറവ്

പെട്രോള്‍ വില അനുദിനം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രാധാന്യവും ഏറിവരുകയാണ്. തികച്ചും യാത്രാചെലവു കുറവാണെന്നതാണ് ഇത്തരം സ്‌കൂട്ടറുകളുടെ മുഖ്യ ആകര്‍ഷണം.

ശരാശരി 30 കിലോമീറ്റര്‍ ദിവസം ഓടിക്കുന്ന ഒരാള്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് ആകെ ചെലവു വരുക 9000 രൂപ മാത്രമാകും. പെട്രോള്‍ വാഹനങ്ങള്‍ക്ക് ചുരുങ്ങിയത് 70,000 രൂപയോളം ചെലവു വരുമ്പോഴാണ് ആശ്വാസം പകരുന്ന ഈ കണക്ക്. ചുരുക്കത്തില്‍ ദിവസം 50, 60 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന തുക തിരിച്ചുപിടിക്കാം.

കാര്യം ഇങ്ങനെയാണെങ്കിലും കേരളത്തില്‍ എന്ന് ഈ സ്‌കൂട്ടര്‍ എത്തുമെന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ആറേഴു മാസത്തിനുളളില്‍ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.

മാക്‌സിന്‍ ഫ്രാന്‍സിസ്‌