ഹലോ ദുബായ്ക്കാരൻ
പത്തു വയസുള്ളപ്പോൾതന്നെ മനസിൽ കടന്നുകൂടിയ ഒരു മോഹമാണ് ദുബായിയിൽ പോകണമെന്ന്. ഒരു ഗ്രാമീണ കർഷകന്റെ മകനായ പ്രകാശന് ഈ തീവ്രമായ ആഗ്രഹം എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ല. ഏതായാലും അന്നുമുതൽ പ്രകാശൻ എന്ന ചെറുപ്പക്കാരൻ ദുബായിക്കു പോകാനുള്ള കഠിനമായ ശ്രമത്തിലാണ്.

ഇപ്പോൾ വർഷങ്ങൾ കുറെയായി. ഓരോരോ കാരണങ്ങളാൽ പ്രകാശന്റെ യാത്രകൾക്ക് തടസമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പണിയുമില്ലാതെ ദുബായ് തന്നെ ശരണമെന്നു കരുതി അതിനായി ശ്രമിക്കുന്ന പ്രകാശനെ സഹായിക്കാൻ കൂട്ടുകാരൻ കേശുവും കാമുകിയായ ജ്യോതിയുമൊക്കെയുണ്ട്. എന്നാലും എപ്പോഴും തടസങ്ങളാണ് ഈ കാര്യത്തിൽ പ്രകാശനുള്ളത്.

അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഭാഗ്യം തെളിഞ്ഞത്. എല്ലാം ശരിയായി. നാട്ടിൽനിന്നും കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തി. ദുബായ് യാത്ര സഫലമാവുകയാണ്. ഏറെ സന്തോഷിക്കുന്ന ആ വേളയിലാണ് തന്റെ കൈയിലുണ്ടായിരുന്ന എല്ലാ രേഖകളും നഷ്ടപ്പെടുന്നത്. അങ്ങനെ ആ യാത്രയും മുടങ്ങി.

വീട്ടിലേക്കു തിരിച്ചുപോകാൻ മനസ് അനുവദിച്ചില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസ കഥാപാത്രമാകാൻ പ്രകാശൻ ആഗ്രഹിച്ചില്ല. ആദ്യം കണ്ട മിശിഹാ ലോഡ്ജിൽ മുറിയെടുത്തു. ഒറ്റപ്പെട്ടുപോയ പ്രകാശൻ മുറിയെടുത്തത് തന്റെ ജീവിതം അവസാനിപ്പി്കാനാണ്. അതിനുള്ള ശ്രമങ്ങൾ തുടങ്ങുമ്പോഴാണ് അവിടെ ഗുണ്ടകൾ വന്ന് ഏറ്റുമുട്ടുന്നത്. അതോടെ പ്രകാശന്റെ ജീവിതത്തിന് പുതിയൊരു വഴിത്തിരിവ് ഉണ്ടാകുകയായിരുന്നു. തുടർന്ന് പ്രകാശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളാണ് ഹലോ ദുബായ്ക്കാരൻ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.


നവാഗതരായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവർ ചേർന്നു സംവിധാനംചെയ്യുന്ന ഹലോ ദുബായ്ക്കാരൻ എന്ന ചിത്രത്തിൽ പ്രകാശനായി ആദിൽ ഇബ്രാഹിം അഭിനയിക്കുന്നു. ജ്യോതിയായി മാളവികാ മേനോനും ലോഡ്ജിലെ ജോലിക്കാരി നിർമലയായി നീരജയും നായികമാരായി പ്രത്യക്ഷപ്പെടുന്നു.
സലിംകുമാർ, സിദ്ധിഖ്, ധർമജൻ, സുനിൽ സുഖദ, മാമുക്കോയ, ഇന്ദ്രൻസ്, കോട്ടയം നസീർ, നോബി തുടങ്ങിയവർ അഭിനയിക്കുന്നു.

മഞ്ചാടി ക്രിയേഷൻസ്, ഹലീമാ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ അഷറഫ് പിലാക്കൽ, ഹസൻ മിയ ആലുവ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുരളി രാമൻ നിർവഹിക്കുന്നു.
എ.എസ്. ദിനേശ്