നിഖില വിമൽ സ്റ്റൈലിഷാകുന്നു
ദിലീപ് നായകനായ ലൗവ് 24ഃ7 എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ നായികയാണ് നിഖില വിമൽ. ആദ്യ മലയാള ചിത്രത്തിനു ശേഷം പിന്നീട് ഈ നായികയെ നമ്മൾ കാണുന്നത് തമിഴ് സിനിമയിലാണ്. വെട്രിവേൽ, കിടാരി എന്ന ചിത്രങ്ങളിൽ തനി നാടൻ പെണ്‍കുട്ടിയായി അഭിനയിച്ച നിഖില തന്‍റെ പുതിയ ചിത്രത്തിൽ സ്റ്റൈലിഷ് കഥാപാത്രമായാണ് എത്തുന്നത്. സിബിരാജാണ് ചിത്രത്തിൽ നായകനാവുന്നത്. കാഷ്മീർ പ്രധാന ലൊക്കേഷനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നതു വിനോദാണ്.

ഐശ്വര്യ രാജേഷിന് വന്പൻ പ്രോജക്ടുകൾ

കാക്കമുട്ടൈയിലൂടെ ദേശീയ ശ്രദ്ധ നേടിയ നായികയാണ് ഐശ്വര്യ രാജേഷ്. മലയാളത്തിൽ അടുത്ത കാലത്ത് തിയറ്ററിലെത്തി വിജയം നേടിയ സത്യൻ അന്തിക്കാട്- ദുൽക്കർ സൽമാൻ ചിത്രത്തിനും ഈ നായിക ഉണ്ടായിരുന്നു. ഇപ്പോൾ വന്പൻ പ്രോജക്ടുകളാണ് ഐശ്വര്യയെ തേടിയെത്തുന്നത്. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് ഐശ്വര്യ. ചിത്രത്തിൽ ഋതു വർമ്മയാണ് മറ്റൊരു നായിക. പാർത്ഥിപനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ നായികയായ കോമഡി ചിത്രം കട്ടപ്പവ കാനോം ഉടൻ തിയറ്ററുകളിലെത്തും. സിബിരാജാണ് ചിത്രത്തിൽ നായകൻ


വിജയ് ആന്‍റണി വീണ്ടും ഇരട്ട വേഷത്തിൽ

തമിഴിലും തെലുങ്കിലും ഒരു പോലെ പ്രിയമുള്ള നടനാണ് വിജയ് ആന്‍റണി. സംഗീത സംവിധായകനായി എത്തി നടനായി തിളങ്ങുന്ന വിജയ് ആൻണി തുടർച്ചയായി ഇരട്ട വേഷത്തിലെത്തുന്ന മൂന്നാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അവസാനം തിയറ്ററിലെത്തിയ സെയ്ത്താൻ, യമൻ എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷത്തിലാണ് വിജയ് ആന്‍റണി എത്തിയത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സീനു വാസനാണ്. തിയറ്ററിലെത്തുന്ന എല്ലാ ചിത്രങ്ങളും വിജയ പട്ടികയിലിടം നേടുന്നത് പുത്തൻ നായക നിരയിൽ വിജയ് ആന്‍റണിക്കു മാറ്റുകൂട്ടുന്നു.