2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റി ന്‍റെ കൃഷി വികസന ഏജൻസികളും ബാങ്കുകളും കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിക്കുന്നത്. പഞ്ചവത്സരപദ്ധതികൾക്കുപകരമായി നിതി ആയോഗ് അടുത്ത മൂന്നു വർഷത്തേക്ക് നടപ്പാക്കാൻ പോകുന്ന വികസന അജണ്ടയിലെ മുഖ്യ കാർഷിക പരിപാടിയും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കലാണ്. 2016 ൽ ഉത്തർപ്രദേശിൽ ഒരു കർഷകറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ചർച്ചയ്ക്കു തുടക്കമിട്ടത്. 2022 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കേന്ദ്രഗവണ്‍മെന്‍റ് നടപടി സ്വീകരിക്കുമെന്ന് ആ റാലിയിൽ വച്ച് അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച 2016-17 ലെ കേന്ദ്ര ബജറ്റിലും ഇത് പ്രധാന കൃഷിവികസന തന്ത്രമായി ഉൾപ്പെടുത്തി. രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022 ഓടെ കാർഷിക പ്രതിസന്ധി പരിഹരിച്ച് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് കേന്ദ്രഗവണ്‍മെന്‍റിന്‍റെ വാഗ്ദാനം.

കാർഷിക വിപണിയിലെ സമഗ്രമായ പരിഷ്കാരം, കൂടുതൽ ഉൗർജിതമായ ജലസേചനത്തിലൂടെയും മെച്ചപ്പെട്ട വിത്തുകളുടെ വിതരണത്തിലൂടെയും ഉത്പാദനക്ഷമത വർധിപ്പിക്കുക, കൃത്യതാ കൃഷി നടപ്പാക്കുക, പഴം- പച്ചക്കറി തുടങ്ങിയ ഉദ്യാനവിളകളിലേക്ക് കർഷകരെ കൊണ്ടുവരിക തുടങ്ങിയവയാണ് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കേന്ദ്ര ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്ന പദ്ധതികൾ. മൃഗസംരക്ഷണം, മത്സ്യം വളർത്തൽ തുടങ്ങിയവയെ വിളപരിപാലനവുമായി സംയോജിപ്പിക്കും. നേരിട്ടു പറയുന്നില്ലെങ്കിലും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട-നാമമാത്ര കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരിൽ ഒരു ശതമാനത്തെ കർഷികേതര വൃത്തികളിലേക്ക് വഴിമാറ്റി വിടാനും കേന്ദ്ര ഗവണ്‍മെന്‍റിന് പദ്ധതിയുണ്ട്. കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനത്തിൽ കുറവുവരുത്തുന്നതു കാർഷിക മേഖലയിൽ നിന്നുമുള്ള കർഷകരുടെ ശരാശരി വരുമാനം കൂട്ടിക്കാണിക്കാൻ സഹായകമാകുമെന്നാണ് കേന്ദ്രഗവണ്‍മെന്‍റിന്‍റെ കണക്കുകൂട്ടൽ.

കാർഷിക വിപണിയുടെ പരിഷ്കാരവുമായി ബന്ധപ്പെട്ട് നിരവധി മാർഗങ്ങളാണ് കഴിഞ്ഞ മൂന്നുവർഷങ്ങളായി കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പാക്കുന്നത്. ഇടത്തട്ടുകാർ, കമ്മീഷൻ ഏജന്‍റുമാർ തുടങ്ങിയവരെ ഒഴിവാക്കി കർഷകരെ വിപണിയുമായി നേരിട്ടു ബന്ധിപ്പിക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം. 2016 ഏപ്രിലിൽ നടപ്പാക്കിയ ദേശീയ കാർഷിക വിപണി (ഇ-നാം) എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോമുമായി ഇതിനകം 13 സംസ്ഥാനങ്ങളിലെ 417 നിയന്ത്രിത കാർഷിക വിപണികളെബന്ധിപ്പിച്ചുകഴിഞ്ഞു. 2018 മാർച്ച് 31 നകം രാജ്യത്തെ 585 വലിയ നിയന്ത്രിത കാർഷിക വിപണികളും ദേശീയ കാർഷിക വിപണിയുമായി ബന്ധിക്കപ്പെട്ടുകഴിയും. കാർഷിക വിപണനം കൂടുതൽ സുതാര്യമാക്കാൻ എപിഎംസി (അഗ്രികൾച്ചറൽ പ്രൊഡ്യൂ സ് മാർക്കറ്റിംഗ് കമ്മിറ്റി ആക്ട്) നിയമത്തിൽ സമഗ്രമായ അഴിച്ചുപണി നിർദ്ദേശിക്കുന്ന പുതിയ, മാതൃകാഎപിഎംസി ആക്ട്- 2017, ഈ വർഷം കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റ് നിയന്ത്രിത കാർ ഷിക വിപണികൾക്കു പുറമെ സ്വകാര്യ വ്യക്തികൾ നടത്തുന്ന കാർഷിക വ്യാപാര മൊത്ത വിപണി, ഫാർമർ-കണ്‍സ്യൂമർ മാർക്കറ്റ്, നേരിട്ടുള്ള മാർക്കറ്റിംഗ് രീതികൾ, കാർഷികോത്പന്നങ്ങളുടെ ഇലക്ട്രോണിക് വിപണനം എന്നിവയ്ക്കെല്ലാം 2017 മാതൃകാ നിയമം വ്യവസ്ഥ ചെയ്യുന്നു. തരിശിടുന്ന ഭൂമിയിലും ഉത്പാദനം നടത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി ഭൂമി പാട്ടത്തിനു നൽകുന്നതിനുള്ള ഒരു മാതൃകാ നിയമത്തിനു കഴിഞ്ഞ വർഷം കേന്ദ്ര ഗവണ്‍മെന്‍റ് രൂപം നൽകിയിരുന്നു. കന്പനികൾ, സംസ്കരണ ശാലകൾ, കയറ്റുമതിക്കാർ എന്നിവർക്കെല്ലാം കർഷകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള മാതൃകാ കരാർ കൃഷി നിയമവും ഈ വർഷം കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കും.

ശാസ്ത്രീയമായ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കൃത്യമായ രാസവള പ്രയോഗം നടത്തുന്നതിന് സോയിൽ ഹെൽത്ത്് കാർഡുകൾ നൽകുന്ന പദ്ധതി കേന്ദ്രഗവണ്‍മെന്‍റ് നടപ്പാക്കി വരുന്നുണ്ട്. ജലസേചന സൗകര്യം വർധിപ്പിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കുകയാണ് വരുമാനം കൂട്ടാനുള്ള മറ്റൊരു മാർഗം. പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന ഉൾപ്പെടെ ഓരോ കൃഷിയിടത്തിലും വെള്ളമെത്തിച്ച് ഓരോ തുള്ളിയിൽ നിന്നും കൂടുതൽ ഉത്പാദനം വർധിപ്പിക്കാനുള്ള ജനസേചന പദ്ധതികൾ ഈ ദിശയിലാണ് നടപ്പാക്കുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പരന്പരാഗത കൃഷി വികാസ് യോജനയും കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നുമുള്ള നഷ്ടം നികത്താൻ വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും നടപ്പാക്കുന്നു. പഴം-പച്ചക്കറികൾ, പൂക്കൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ കൃഷി നടത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ വരുമാനം വർധിപ്പിക്കും. ഉത്പാദന ശേഷി കൂടിയ വിത്ത് കൂടുതലായി വിതരണം ചെയ്യുകയാണ് കർഷകരടെ വരുമാനം വർധിപ്പിക്കാൻ നിതി ആയോഗ് നിർദേശിച്ചിരിക്കുന്ന മറ്റൊരു മാർഗം.


നിതി ആയോഗും കേന്ദ്ര ഗവണ്‍മെന്‍റും ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പരിപാടികൾ കൊണ്ടു മാത്രം കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 2011 - 12 നും 2015-16 നും ഇടയിൽ കർഷകരുടെ വരുമാനം യഥാർഥത്തിൽ ഇടിയുകയാണുണ്ടായത്. ഇന്ത്യയിലെ കർഷകരുടെ 90 ശതമാനം ചെറുകിട-നാമമാത്ര കർഷകരാണ്. അരശതമാനം മാത്രമാണ്10 ഹെക്ടറിൽ കൂടുതൽ ഭൂവിസ്തൃതിയുള്ള വൻകിട കർഷകർ. കൃഷിച്ചെലവിനും ജീവിതച്ചെലവിനും ആനുപാതികമായി കൃഷിയിൽ നിന്നുമുള്ള വരുമാനം വർധിക്കുന്നില്ല. ഉയർന്ന ഉത്പാദനച്ചെലവ്, ഉത്പന്നങ്ങളുടെ സ്ഥിരം വിലയിടിവ്, വിപണിയിലെ വില ചാഞ്ചാട്ടം, ആഗോള-പ്രാദേശിക വാണിജ്യ ഉടന്പടികളെ തുടർന്നുള്ള അനിയന്ത്രിതമായ ഇറക്കുമതി, തൊഴിലാളി ക്ഷാമം എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കർഷകർക്ക് കൃഷിയിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ഉത്പന്നങ്ങൾക്ക് സ്ഥിരമായി ഉയർന്ന വില ലഭിക്കുന്ന സാഹചര്യം വർഷങ്ങളായി കാർഷിക മേഖലയിൽ ഇല്ല. ഡോ. എസ.് സ്വാമിനാഥന്‍റെ അധ്യക്ഷതയിലുള്ള ദേശീയ കർഷക കമ്മീഷന്‍റെ ശിപാർശ കൃഷിച്ചെലവും അതിന്‍റെ 50 ശതമാനവും കൂടെ കൂട്ടിയാൽ ലഭിക്കുന്ന വില കർഷകരുടെ കുറഞ്ഞ വരുമാനമായി നിശ്ചയിക്കണമെന്നായിരുന്നു. ഭരണ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇതെങ്കിലും നടപ്പാക്കാൻ ശ്രമമൊന്നുമുണ്ടായില്ല. കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്ന പല വിളകളുടെയും കാര്യത്തിൽ കൃത്യമായ നയം പോലുമില്ലാത്ത സ്ഥിതിയാണിപ്പോൾ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും മറ്റും പശ്ചാത്തലത്തിൽ വിളനാശമുണ്ടായാൽ കർഷകർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകാനായി കൊണ്ടുവന്ന പ്രധാന മന്ത്രി ഫസൽ ബീമായോജന എന്ന വിള ഇൻഷ്വറൻസ് പദ്ധതിക്കു പോലും പ്രതീക്ഷിച്ച പലം ചെയ്യാനായില്ല. കർഷകരെക്കാൾ കൂടുതൽ വൻകിട സ്വകാര്യ ഇൻഷ്വറൻസ് കന്പനികൾക്കാണ് പദ്ധതിയും പ്രയോജനവും കൂടുതലായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ മിക്ക കാർഷിക വിളകളുടെയും ഉത്പാദനക്ഷമത ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ഹരിത വിപ്ലവകാലഘട്ടത്തിലേതുപോലെ കുതിച്ചുചാട്ടമുണ്ടാക്കിയേക്കാവുന്ന പുതിയ സാങ്കേതിക വിദ്യകളൊന്നും അധികമായി കാർഷിക മേഖലയിലേക്ക് എത്തുന്നില്ല. കാർഷിക ഗവേഷണം, വിദ്യാഭ്യാസം, വിജ്ഞാനവ്യാപനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കുവേണ്ടി നടത്തുന്ന പൊതുമേഖല മൂലധന നിക്ഷേപത്തിലും കാര്യമായ പുരോഗതിയില്ല. കടക്കെണിയിൽ അകപ്പെടുന്ന കർഷകരെ രക്ഷപ്പെടുത്താനും വ്യക്തമായ നയപരിപാടികളില്ല. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുടുംബങ്ങളും കടക്കെണിയിലാണ്. 40 ശതമാനം കർഷകരും ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ കാർഡ് കൈവശമുള്ളവരാണെന്ന് ദേശീയ സാന്പിൾ സർവേ ഓഫീസിന്‍റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം കർഷകരും എങ്ങനെയാണ് ഉപജീവനം നടത്തുന്നത് എന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.

ദേശീയ സാന്പിൾ സർവേ ഓഫീസിന്‍റെ 70-ാം പട്ടത്തിലെ കണക്കുകൾ പ്രകാരം 2012-13 ൽ ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിന്‍റെ വാർഷിക വരുമാനം 77112 രൂപയായിരുന്നു. പ്രതിമാസം 6426 രൂപ കൃഷി, മൃഗസംരക്ഷണം, കാർഷികേതര വരുമാനം, കൂലി എന്നിങ്ങനെ എല്ലാ സ്രോതസുകളിൽ നിന്നുമുള്ള ആകെ വരുമാനമാണിത്. കേരളത്തിൽ ഇത് പ്രതിവർഷം 145296 രൂപയാണ്. അതേ സമയം കേരളത്തിൽ ഒരു കുടുംബത്തിന്‍റെ ശരാശരി കടബാധ്യത 213600 രൂപയാണ്. ഇതിനൊരു മാറ്റം വരുത്തി കടബാധ്യത തീർത്ത് 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കേണ്ടിവരും. വിലക്കയറ്റും ഒഴിച്ച് യഥാർഥമൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകണമെങ്കിൽ പ്രതിവർഷം 10.41 ശതമാനം എന്ന നിരക്കിൽ കാർഷി ക മേഖല വളരേണ്ടിവരും. ഗുണമേ·യുള്ള വിത്തിന്‍റെ വിതരണം 12.8 ശതമാനവും രാസവള പ്രയോഗം പ്രതിവർഷം 4.4 ശതമാനവും വളരണമെന്ന് നിതിആയോഗിന്‍റെ ഒരു റിപ്പോർട്ടിൽ പറയുന്നു. 1078 ദശലക്ഷം ഹെക്ടർ സ്ഥലത്ത് അധികമായി ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തണം. പഴം-പച്ചക്കറികൾ തുടങ്ങിയ വിളകൾ കൃഷിചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തൃതി പ്രതിവർഷം അഞ്ചുശതമാനം വർധിക്കണം. ഇതിനെല്ലാം പുറമെ ഗവേഷണകേന്ദ്രങ്ങൾ കർഷകരുടെ വരുമാന വർധനവിന് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കണം. ഇന്ത്യൻ ഭരണഘടനയനുസരിച്ച് കൃഷി ഒരു സംസ്ഥാന വിഷയമായതിനാൽ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണത്തോടുകൂടി മാത്രമെ ഈ ലക്ഷ്യം കൈവരിക്കാനാകൂ. രാജ്യത്തെ കാർഷിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ അത്യധ്വാനം ചെയ്തെങ്കിൽ മാത്രമെ 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം പൂവണിയാൻ സാധ്യതയുള്ളൂ.

ഡോ. ജോസ് ജോസഫ്
Loading...