വരയുടെ വൃന്ദാവനം
വരയുടെ വൃന്ദാവനം
Thursday, July 27, 2017 2:43 AM IST
വരകളുടേയും വർണങ്ങളുടേയും ലോകത്താണ് ബിന്ദു പി. നന്പ്യാരുടെ ജീവിതം. നിറങ്ങളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം ഇന്ന് ബിന്ദുവിന് ജീവിതവഴി കൂടിയാണ്. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുതിയാപ്പറന്പിലെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ ചെന്നാൽ കാണാം ബിന്ദുവിെൻറ ജീവിതചിത്രം. തഞ്ചാവൂർമ്യൂറൽ ശൈലികളിൽ ബിന്ദു വരച്ച നിരവധി ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ ഇടംപിടിച്ചിരിക്കുന്നത്. അവിടെ വീട്ടമ്മമാരും ഡോക്ടർമാരുമടക്കം 35 സ്ത്രീകൾക്ക് ചിത്രകലയുടെ പാഠങ്ങൾ പകർന്നു നൽകുന്ന ബിന്ദുവിനെയും കാണാം.

അൽപ്പം ഫ്ളാഷ്ബാക്ക്

ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപികയായ ലീലാവതി ടീച്ചർ വൈകുന്നേരം തിരികെ വീട്ടിലെത്താൻ നാലു വയസുകാരി മകൾ ബിന്ദു കാത്തിരിക്കും . ആ കാത്തിരിപ്പിെൻറ പ്രധാന കാരണം അമ്മ പറയുന്ന ചില വാക്കുകളാണ്. രാവിലെ സ്കൂളിൽ പോകുന്പോൾ ബിന്ദു വരച്ച ചിത്രങ്ങളുമെടുക്കും ലീലാവതി ടീച്ചർ. എന്നിട്ട് അവ സ്കൂളിലെ ചിത്രകലാ അധ്യാപികയായ ചന്ദ്രിക ടീച്ചറെ കാണിക്കും. ടീച്ചർ അവ വിശദമായി നോക്കി ചില അഭിപ്രായങ്ങൾ പറയും. വൈകുന്നേരം തിരികെ വീട്ടിലെത്തുന്പോൾ ആ അഭിപ്രായങ്ങളാണ് ലീലാവതി ടീച്ചർ മകളോട് പറയുക.

ആ നാലുവയസുകാരിയുടെ ചിത്രങ്ങൾ നോക്കി അന്ന് ചന്ദ്രിക ടീച്ചർ പറഞ്ഞതിലെല്ലാം ഒരേ ഒരു അർഥമേ ഉണ്ടായിരുന്നുള്ളുഅവൾ മിടുക്കിയാണ്. ടീച്ചറുടെ ആ നിഗമനം തെറ്റിയില്ല. അവൾ മിടുമിടുക്കിയായി. ഇന്ന് വൃന്ദാവൻ ആർട്ട് ഗാലറിയെന്ന സ്ഥാപനം നടത്തി മറ്റുള്ളവർക്ക് ചിത്രകലയെക്കുറിച്ച് അറിവു പകരുന്ന ബിന്ദുവിെൻറ ചിത്രങ്ങൾ സ്വദേശത്തും വിദേശത്തും നല്ല രീതിയിൽ വിറ്റഴിക്കപ്പെടുന്നുമുണ്ട്.

പ്രഫഷണലിസം വരുന്നു

തലശേരി ബ്രണ്ണൻ കോളജിൽ നിന്നാണ് ബിന്ദു പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. പിന്നീട് കണ്ണൂർ ബ്രഷ്മാൻ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമാ കോഴ്സ് നേടി. അതുവരെ നേരിൽ കണ്ടതും കേട്ടറിഞ്ഞതുമായ ദൃശ്യങ്ങൾ തനിക്കുതോന്നുംപോലെ ചിത്രങ്ങളാക്കുകയാണ് ബിന്ദു ചെയ്തിരുന്നത്. എന്നാൽ പഠനശേഷം ചിത്രരചന എന്നത് ഏറെ ഗൗരവമുള്ള വിഷയമായി മാറി. വരയ്ക്കുന്നതിലും നിറം കൊടുക്കുന്നതിലും പ്രഫഷണൽ ടച്ച് വന്നുതുടങ്ങി. പിന്നീട് പോണ്ടിച്ചേരി ഗോകുലം തഞ്ചാവൂർ സ്കൂളിൽ നിന്നും തഞ്ചാവൂർ ചിത്ര കലയെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ഏറെ ചെലവും അധ്വാനവും ക്ഷമയും ആവശ്യമായ തഞ്ചാവൂർ ചിത്രകലയിൽ ഇന്ന് അറിയ പ്പെടുന്ന ചിത്രകാരിയാണ് ബിന്ദു. ഒരു തഞ്ചാവൂർ പെയിൻറിംഗ് പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. കൃഷ്ണൻ, ഗണപതി തുടങ്ങിയ ഹിന്ദു ദൈവങ്ങളാണ് തഞ്ചാവൂർ പെയിൻറിംഗിലെ പ്രധാന കഥാപാത്രങ്ങൾ.

വൃന്ദാവനത്തിലേക്ക്


കണ്ണൂർ തളാപ്പ് ചിൻമയ സ്കൂളിലെ ചിത്രകലാ അധ്യാപികയായ ബിന്ദു പിന്നീട് ആ ജോലി ഉപേക്ഷിച്ചാണ് 2015 ഒക്ടോബർ 22ന് പുതിയാപ്പറന്പിലെ വീടിനു മുകളിലായി വൃന്ദാവൻ ആർട്ട് ഗാലറി തുടങ്ങിയത്. ജൻമസിദ്ധമായി ലഭിച്ച കഴിവുകൾ തേച്ചുമിനുക്കാനും ചിത്രകല പഠിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു വൃന്ദാവൻ ആർട്ട് ഗാലറി തുടങ്ങിയത്. ആദ്യം പത്തു പേരാണ് ചിത്രകല പഠിക്കാൻ വന്നത്. ഇന്ന് 35 പേരുണ്ട്. വീട്ടമ്മമാർ മുതൽ വിദ്യാർഥിനികളും ഡോക്ടർമാരും ഉൾപ്പെടുന്ന ശിഷ്യസമൂഹം. ചിലർ ചിത്രകലയെക്കുറിച്ച് ഏകദേശ ധാരണയുള്ളവർ, മറ്റു ചിലർ ചിത്രകലയോടുള്ള താത്പര്യത്താൽ വരുന്നവർ, ചിലരാകട്ടെ മ്യൂറലും തഞ്ചാവൂർ ശൈലിയും മാത്രമായി പഠിക്കാൻ വരുന്നവർ... ഇങ്ങനെ ശിഷ്യസമൂഹത്തിെൻറ ലക്ഷ്യം പലതാണ്. അവർക്കൊക്കെ ബിന്ദു ഉത്തമഗുരുനാഥയായി കൂടെയുണ്ടാകും. നിറങ്ങളുടെ ചേർച്ചയും വരയുടെ കൃത്യതയും പറഞ്ഞുകൊടുത്ത് അവരിലൊരാളാകും. ഇടവേളകളിൽ വീണുകിട്ടുന്ന സമയത്താണ് ബിന്ദു തേൻറതായ ചിത്രലോകത്ത് മുഴുകുക.

പ്രദർശനങ്ങൾ

കണ്ണൂർ ബ്രഷ്മാൻ സ്കൂൾ ആർട്ട് ഗാലറിയിലാണ് ബിന്ദുവിെൻറ ചിത്രങ്ങളുടെ ആദ്യപ്രദർശനം നടന്നത്. തഞ്ചാവൂർ, മ്യൂറൽ പെയിൻറിംഗുകളാണ് അവിടെ പ്രദർശിപ്പിച്ചത്. പിന്നീട് തലശേരി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശനം ഒരുക്കി. പോണ്ടിച്ചേരിയിലെ ആരോവില്ലയിൽ വിദേശികളടക്കം 30 പേർ നടത്തിയ ചിത്രപ്രദർശനത്തിൽ ബിന്ദുവുമുണ്ടായിരുന്നു. തെയ്യം എന്ന കലയുടെ മൂർത്തഭാവങ്ങൾ ചുവപ്പിലും കറുപ്പിലും ആവാഹിച്ച അഞ്ച് ചിത്രങ്ങളാണ് ബിന്ദു അവിടെ പ്രദർശിപ്പിച്ചത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു അത്. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സിൽ ബിന്ദുവും ശിഷ്യരും വരച്ച ചുമർചിത്രങ്ങളുടെ പ്രദർശനവും നടന്നു.

ശ്രീകൃഷ്ണെൻറ വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള ചിത്രങ്ങൾ വരച്ച് പ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബിന്ദു.

എല്ലാത്തിലും ഒരുകൈ

വരയുടെ ലോകത്ത് ബിന്ദുവിന് ഏറെയിഷ്ടം മ്യൂറൽ ശൈലിയാണ്. ഏറെ പ്രയാസമുള്ള തഞ്ചാവൂർ ശൈലിയും ബിന്ദുവിെൻറ കൈകളിൽ ഭദ്രം. ഇവ കൂടാതെ കളർപെൻസിൽ ഉപയോഗിച്ച് സുഗതകുമാരിയുടേതടക്കം പോർട്രെയ്റ്റുകളും ബിന്ദു വരച്ചിട്ടുണ്ട്. മുളകൾ, കുപ്പികൾ, മണ്‍കലങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി വിവിധ മാധ്യമങ്ങളിൽ വരകളും വർണങ്ങളും കോർത്തിണക്കി ബിന്ദു നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.

റിട്ട. അധ്യാപികയായ ലീലാവതിയുടേയും റിട്ട. മിലിറി ഉദ്യോഗസ്ഥനായ ചന്ദ്രെൻറയും മകളാണ് ബിന്ദു. മക്കൾ: മാളവിക, ആദിത്യ.

ഷിജു ചെറുതാഴം