ചർമസംരക്ഷണം ആയുർവേദത്തിൽ
ചർമസംരക്ഷണം ആയുർവേദത്തിൽ
Monday, August 14, 2017 4:04 AM IST
ശരീരത്തിലെ ഏറ്റവും വലിയ അവയവമായി കരുതപ്പെടുന്ന ചർമം ഒരു വ്യക്തിയുടെ ആത്യന്തികമായ ആരോഗ്യത്തിെൻറ പ്രതിഫലനംകൂടിയാണ്. അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിനും ചർമപോഷണത്തിനും ആയുർവേദം ഏറെ പ്രാധാന്യം കൽപിക്കുന്നു. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു പോഷകങ്ങളും വിഷാംശങ്ങളും ശരീരത്തിനു ലഭിക്കുകയും അവയെല്ലാം രക്തത്തിലൂടെ സഞ്ചരിച്ച് ശരീരത്തിൽ മുഴുവനായി എത്തിച്ചേരുകയും ചെയ്യുന്നു. ഇവ ശരീരത്തിൽ തല മുതൽ കാൽവരെ നീണ്ടുകിടക്കുന്ന ചർമം എന്ന അവയവത്തിലൂടെ കോശങ്ങളെ പോഷിപ്പിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്നു.

ആഹാരത്തിന്‍റെ പ്രാധാന്യം

ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പോഷണം ആഹാരത്തിലൂടെയും ജലപാനത്തിലൂടെയും ചർമത്തിന് നൽകുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടതെന്നാണ് ആയുർവേദം വിശ്വസിക്കുന്നത്. പാകംചെയ്ത് സൂക്ഷിച്ചിരിക്കുന്ന ആഹാരങ്ങളെക്കാൾ പുതിയതും ആരോഗ്യകരവുമായ ആഹാരങ്ങളാണ് ഇതിന് കൂടുതലായി ഉപയോഗിക്കേണ്ടത്. ഇവ ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളുടെ അളവിനെ കുറയ്ക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും നഷ്ടപ്പെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുതിയ ചർമകോശങ്ങളെ ഉൽപാദിപ്പിക്കുകവഴി ചർമത്തിലുണ്ടാകുന്ന രോഗങ്ങളെ ചെറുത്തുനിൽക്കുകയും തിളക്കവും മൃദുത്വവുമുണ്ടാക്കിത്തീർക്കുകയും ചെയ്യുന്നു.

തൈല സ്നാനം

ചർമത്തിലെ സുഷിരങ്ങളെല്ലാം എല്ലായ്പോഴും തുറന്നിരിക്കുന്നതും ശരിയായ രീതിയിലുള്ള ശുദ്ധവായു സാമീപ്യം ചർമത്തിന് ഉണ്ടായിരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ആയുർവേദ ഒൗഷധങ്ങൾചേർത്ത് ഉണ്ടാക്കിയ തൈലം ശരീരത്തിലും തലയിലും പുരി എല്ലാദിവസവും കുളിക്കാൻ സാധിക്കുകയാണെങ്കിൽ അത് ചർമപോഷണത്തിന് ഏറ്റവും നല്ലതാണ്. രക്തസഞ്ചാരം വർധിപ്പിക്കുകവഴി ചർമത്തിന് ബലവും ഓക്സിജനും നൽകി പരിപാലിക്കുന്നതിനും ചർമത്തിലെ ജലാംശം നിലനിർത്തുന്നതിനും ഇത്തരം തൈലങ്ങൾക്ക് കഴിവു കൂടുതലാണ്. ഇവ ചർമത്തിലെ ഏറ്റവും ആഴത്തിലുള്ള പാളികളിൽവരെ ഈർപ്പത്തെ നിലനിർത്തുന്നതിനൊപ്പംതന്നെ ചർമത്തെ മൃദുവും തിളക്കമാർന്നതും യുവത്വത്തോടുകൂടിയതുമായി നിലനിർത്തുന്നതുമാണ്.

ഉറക്കത്തിന്‍റെ പ്രസക്തി

ചർമത്തിെൻറ സൗന്ദര്യവും ദൃഢതയും നിലനിർത്തുന്നതിന് നല്ലരീതിയിലുള്ള ഉറക്കം ഒരു അനിവാര്യഘടകമാണ്. ദിവസവും രാത്രി കിടക്കുന്നതിനുമുന്പ് ഒരു ഗ്ലാസ് ചൂടുപാൽ കുടിക്കുന്നതും കുറഞ്ഞത് ആറു മുതൽ എട്ടു മണിക്കൂർ വരെയെങ്കിലും ഉറങ്ങുന്നതും ശരീരത്തിനും ചർമത്തിനും ദീർഘകാലം യുവത്വം നിലനിർത്തുന്നതിന് വളരെയധികം സഹായകമാണ്.

ചർമ സൗന്ദര്യം കൂട്ടാം

കൂടുതൽ ആളുകളും സൗന്ദര്യവർധക വസ്തുക്കളുടെയും രാസപദാർഥങ്ങളുടെയും ഉപയോഗമാണ് ചർമസൗന്ദര്യത്തിനായി മിക്കപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഈ കാര്യത്തിൽ ആയുർവേദത്തിെൻറ സമീപനം ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ബാഹ്യവസ്തുക്കളുടെ ഉപയോഗം കൊണ്ടല്ലാതെ ശരീരത്തിെൻറ ഉള്ളിൽനിന്നുതന്നെ സൗന്ദര്യത്തെ വർധിപ്പിക്കാനുള്ള മാർഗങ്ങൾക്കാണ് ആയുർവേദം പ്രാധാന്യം നൽകുന്നത്. പല പല രോഗാവസ്ഥകൾ കാരണമോ ജീവിതത്തിലെ തിരക്കുകൾമൂലമോ അലസമായ ജീവിതശൈലികൾകൊണ്ടോ ചർമത്തിനു വേണ്ടുന്ന പോഷണം പലപ്പോഴും ലഭിക്കാറില്ല. എന്നാൽ ഇത്തരം അവസ്ഥകളിൽ ആഹാരത്തോ ടൊപ്പംതന്നെ സേവിക്കാവുന്ന ച്യവനപ്രാശം, നരസിംഹ രസായനം, ഖദിരാരിഷ്ടം തുടങ്ങി പല ഒൗഷധക്കൂുകളും ശരീരത്തിനും ചർമത്തിനും നഷ്ടമായ പോഷണങ്ങളെ പ്രദാനംചെയ്യുന്നതിന് വളരെയോറെ ഉപകരിക്കും. ഇത്തരം ഒൗഷധക്കൂട്ടുകൾ ശരീരത്തിലെ പോഷകങ്ങളെ സന്തുലിതാവസ്ഥയിൽ ആക്കുന്നതിനും ശരീരത്തെ ബലപ്പെടുത്തുന്നതിനും കോശങ്ങളെയും നാഡീവ്യൂഹത്തെയും ഉത്തേജിപ്പിക്കുകവഴി ആരോഗ്യത്തെ വർധിപ്പിക്കുകയും ശരീരത്തിനും ചർമത്തിനും നല്ല രൂപഭംഗി ഉണ്ടാക്കുകയും ചെയ്യുന്നു.

വ്യായാമത്തിന്‍റെ പങ്ക്

ആരോഗ്യകരവും തിളക്കമാർന്നതുമായ ചർമത്തെ പ്രദാനംചെയ്യുന്നതിനും നിലനിർത്തുന്നതിനും കായിക വ്യായാമത്തിനും ശ്വസനവ്യായാമത്തിനും നിർണായകമായ പങ്കുണ്ട്. ഇത്തരം വ്യായാമങ്ങൾ ശരീരത്തിന് ഉൗർജത്തെ പ്രദാനം ചെയ്യും. പേശികളെയും സന്ധികളെയും ദൃഢമാക്കുകയും രക്തസഞ്ചാരം വർധിപ്പിക്കുകയും ശരീര വഴക്കം ഉണ്ടാക്കുകയും ചെയ്യും. ശരീരത്തിൽനിന്നും മാലിന്യങ്ങളെയും വിഷാംശങ്ങളെയും പുറന്തള്ളാൻ സഹായിക്കും. ദഹനപ്രശ്നങ്ങളെ പരിഹരിക്കുകയും പല രോഗങ്ങളെയും ശമിപ്പിക്കുകവഴി മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതെല്ലാം ചർമത്തെ ജ്വലിപ്പിക്കും.

ടെൻഷൻ വേണ്ട

തിരക്കുപിടിച്ച ജീവിതത്തിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ സമ്മർദങ്ങളെല്ലാംതന്നെ ചർമത്തിെൻറ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിെൻറ ഫലമായി യൗവനത്തിൽതന്നെ ചർമത്തിെൻറ നിറം മങ്ങുകയും ചർമം അയഞ്ഞുതൂങ്ങുകയും പ്രായമേറിയവരുടേതുപോലെ ഞൊറിവുകൾ വീഴുകയും ചെയ്യും. യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നത് ഇത്തരം പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്യുന്നതിനും അമിതമായ ആകാംക്ഷയെ ഒഴിവാക്കുന്നതിനും സഹായിക്കും. അതിനാൽ നിത്യവും ഇവ ശീലിക്കുന്നത് ചർമത്തിെൻറ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കും.


പോഷണം നിറഞ്ഞ ഭക്ഷണം

ഇലക്കറികൾ, പനീർ, പാൽ, സൂര്യകാന്തി എണ്ണ, സിങ്ക് കൂടുതലായി അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ ബീറ്റാകരോട്ടിനുകൾ കൂടുതലായി അടങ്ങിയിരിക്കുന്ന കാരറ്റ്പോലുള്ളവ, പ്രോട്ടീൻ കൂടുതൽ അടങ്ങിയിരിക്കുന്ന ബദാം എന്നിവയെല്ലാം ചർമത്തിന് പരിരക്ഷയും സൗന്ദര്യവും നൽകുന്നവയാണ്. മഞ്ഞൾ, ജീരകം, കുരുമുളക്, പെരുംജീരകം എന്നിവയെല്ലാം ചർമത്തിലെ വിഷാംശങ്ങളെ പുറത്തുകളഞ്ഞ് ചർമത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാക്കും. ധാരാളം ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്ന മാതളനാരങ്ങ, ആപ്പിൾ, കയ്പുള്ള പച്ചക്കറികൾ, ഇലക്കറികൾ എന്നിവയും ചർമത്തിെൻറ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായികളാണ്. ഇത്തരം പഴങ്ങളും പച്ചക്കറികളും പുതുമയോടുകൂടി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും. പാകം ചെയ്തതും ടിന്നിലടച്ചതും ശീതീകരിച്ചതുമായ ആഹാരങ്ങൾ നന്നല്ല.

മാനസിക സംഘർഷം കുറയ്ക്കാം

മാനസികസംഘർഷം പലതരത്തിലുള്ള പ്രതിപ്രവർത്തനങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്. തൽഫലമായി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ചർമം വരണ്ടതും തീരെ കട്ടികുറഞ്ഞതും ചുളിവുകളും കറുത്ത വരകളോടു കൂടിയവയുമായിത്തീരുന്നു. വൈകാരിക സർദങ്ങൾ ചർമത്തിന് ചുവന്ന നിറത്തേയും മുഖക്കുരു, ശരീരത്തിൽ കുരുക്കൾ, സൂര്യപ്രകാശത്തോട് അലർജി മുതലായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

കായികമായ സമ്മർദങ്ങളും ചർമത്തിെൻറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ വ്യായാമം ചെയ്യുക, കഠിനാധ്വാനം ചെയ്യുക, കൂടുതൽകാലം ശാരീരികക്ലേശം അനുഭവിക്കുക എന്നിവമൂലം ചർമത്തിലെ ജലാംശം കുറഞ്ഞ് വരണ്ടുപോകുന്നതിനും ചർമം പരുപരുത്തതും പ്രായമേറിയതുമായി തോന്നിക്കുകയും ചെയ്യുന്നു.

കരൾ രോഗം

കരൾരോഗങ്ങൾ ചർമത്തിെൻറ ആരോഗ്യത്തയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. കരൾരോഗങ്ങൾ മൂലം കരളിൽ വിഷാംശങ്ങൾ അടിഞ്ഞുകൂടുകയും തൽഫലമായി ആന്തരികമായുണ്ടാകുന്ന മാലിന്യങ്ങൾ ചർമരോഗത്തിനു കാരണമാവുകയും ചെയ്യുന്നുവെന്നതിനാലാണ് കരൾരോഗങ്ങളെയും ചർമത്തിെൻറ ആരോഗ്യം നശിപ്പിക്കുന്ന ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നത്.

ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുന്നത് ശരീരത്തിലും ത്വക്കിലും ഉണ്ടാകുന്ന ജലാംശം നിലനിർത്തുന്നതിന് സഹായിക്കും. മാത്രമല്ല രക്തത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ധാരാളം വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറംതള്ളാൻ സഹായിക്കുകയും ചർമത്തിലെ കോശങ്ങൾ അവയുടെ പ്രവർത്തനങ്ങൾ പരമാവധി നിർവഹിക്കാൻ കഴിവുള്ളതായിത്തീരുകയും ചെയ്യും.

കൃത്യമായ മലശോധന

ഓരോ വ്യക്തിക്കും കൃത്യമായ മലശോധന ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മലശോധന കുറവുള്ളവരിൽ ഒരു കപ്പ് ചൂടുവെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് മലശോധന കൃത്യമാക്കാൻ സഹായിക്കും. ഇതുകൊണ്ട് സാധിക്കുന്നില്ലായെങ്കിൽ ത്രിഫല മുതലായ ഒൗഷധയോഗങ്ങളെ ആശ്രയിക്കുന്നതായിരിക്കും നല്ലത്.

ആര്യവേപ്പ്, പച്ചമഞ്ഞൾ, മഞ്ചി മുതലായ ഒൗഷധ സസ്യങ്ങൾ ചർമത്തെയും രക്തത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തശുദ്ധീകരമായ മിക്ക ഒൗഷധങ്ങളിലും ഇവയുടെ ചേരുവ കാണാം.

ചർമസൗന്ദര്യത്തിനു പൊടിക്കൈകൾ

ചന്ദനം

ചന്ദനവും മഞ്ഞളുംകൂടി അരച്ച് രാത്രി മുഖക്കുരുവിൽ പുരുക.

ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലിന് ചന്ദനവും മഞ്ഞളുംകൂടി അരച്ച് അതിൽ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് ചേർത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

ചന്ദനത്തിെൻറ പൊടി ബദാം ഓയിലും വെളിച്ചെണ്ണയുംകൂടി കുഴച്ച് പുറമെ പുരട്ടുന്നത് ചർമത്തിെൻറ നിറം വർധിപ്പിക്കും.

മഞ്ഞൾ

ചർമത്തിന് തിളക്കം വർധിപ്പിക്കാൻ മഞ്ഞൾപ്പൊടിയും അരിപ്പൊടിയും തിളപ്പിക്കാത്ത പാലും തക്കാളിനീരും ചേർത്ത് പുറമെ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുക.

മഞ്ഞൾ പാലോ, തൈരോ ചേർത്ത് അരച്ച് രാത്രി മുഖത്ത് പുരി രാവിലെ കഴുകിക്കളയുന്നത് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും.

മഞ്ഞൾപ്പൊടി ചെറുനാരങ്ങാനീരു ചേർത്ത് പുറമെ പുരട്ടുന്നത് ചർമത്തിലെ കറുത്ത നിറം കുറയ്ക്കാൻ സഹായിക്കും.

കറ്റാർവാഴ

സൗന്ദര്യവർധക വസ്തുക്കളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് കറ്റാർവാഴ. ഫംഗസ് രോഗങ്ങളെ നശിപ്പിക്കുന്നതും നീരിനെ കുറയ്ക്കുന്നതും ശരീരം തണുപ്പിക്കുന്നതുമാണ്. മുഖക്കുരു, കാര, പൊള്ളലുകൾ, അലർജികൾ, ചർമത്തിലെ കുമിളകൾ, വരണ്ട ചർമം എന്നിവയെ നശിപ്പിക്കാൻ പുറമെ ഉപയോഗിക്കാറുള്ളതാണ്. ഇതിെൻറ നീര് ചർമത്തെ സംരക്ഷിക്കുന്നതും തണുപ്പ് പ്രദാനം ചെയ്യുന്നതുമാണ്. മൂക്കിനുചുറ്റും ഉണ്ടാകുന്ന ചുവപ്പുനിറത്തെ ശമിപ്പിക്കാൻ ഇത് ഉത്തമമാണ്.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി. സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്സിഎംഎസ് കോളജ് റോഡ്, കോട്ടയം.