നട്ടിട്ട് ഒന്നര വർഷം, വിളവ് നൂറുമേനി
നട്ട് ഒന്നരവർഷമായ റംബൂട്ടാനിൽ കൃഷിരീതിയുടെ പ്രത്യേകതമൂലം നൂറുമേനി വിളയിച്ചിരിക്കുകയാണ് കോതമംഗലം പള്ളിവാതുക്കൽ ജോയ് ജോസഫ്. റംബൂട്ടാന് ഇടവിളയായി ആദ്യവർഷം ചേന, പാഷൻ ഫ്രൂട്ട്, ഏത്തവാഴ, മത്തൻ, വെള്ളരി എന്നിവയെല്ലാം നട്ടു. ഇവയും നൂറുമേനി വിളവുകൊടുത്തു. ജോയിയുടെ തൊടുപുഴ മുട്ടത്തുള്ള മൂന്നേക്കറിൽ രണ്ടേക്കറിലാണ് എൻ-18 റംബൂട്ടാൻ കൃഷിചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോണ്‍ നഴ്സറിയിൽ നിന്നു വാങ്ങിയ 150 മരങ്ങളാണ് നട്ടിരിക്കുന്നത്. ഇവ എല്ലാം പൂത്തെങ്കിലും 70 എണ്ണം മാത്രമാണ് ആദ്യപൂവിടലിൽ തന്നെ കായാകാൻ സമ്മതിച്ചത്. മറ്റുള്ളവയുടെ പൂവ് പരീക്ഷണാർഥം നുള്ളിക്കളയുകയായിരുന്നു. ഒരു ചെടിയിൽ നിന്ന് ആദ്യ വിളവെടുപ്പിൽ 10 കിലോ വച്ച് പഴം ലഭിക്കുന്നുണ്ട്.

കൃഷിരീതി

ജോയിയുടെ കൃഷിയിടം ഒരു മൊട്ടക്കുന്നാണ്. റംബൂട്ടാൻ കായകൾ കൊണ്ടു നിറഞ്ഞ് ചുവപ്പുപുതപ്പിച്ചിരിക്കുകയാണിവിടം. ഒരു മീറ്റർ നീളത്തിലും വീതിയിലും മണ്ണുമാറ്റി രണ്ടടി താഴ്ചയിൽ കുഴിയെടുത്തായിരുന്നു റംബൂട്ടാൻ നട്ടത്. ജെസിബി ഉപയോഗിച്ചായിരുന്നു കുഴിയെടുക്കൽ. കുഴിയിൽ ആദ്യം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ഉണക്കച്ചാണകം, അഞ്ചുതരം പിണ്ണാക്കുകൾ കലർത്തിയ മിത്രയുടെ വളം എന്നിവ ലയറായിട്ടു. ഇവയ്ക്കുമുകളിൽ അരയടി കനത്തിൽ മണ്ണിട്ടു. ഇങ്ങനെ മണ്ണും വളവും ഇടകലർത്തി അഞ്ചു ലയറുകൾ കുഴിയിൽതീർത്ത് കുഴി മൂടി. ഇതിനുമുകളിൽ ചെറുകുഴികളെടുത്താണ് തൈ നട്ടത്. ഇതിനുചുറ്റും പിണ്ണാക്ക് മിക്ചർ വീണ്ടുമിട്ടു. ഇതിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കൃത്യമായ വളപ്രയോഗം. നാടൻപശുവിന്‍റെ ചാണകം, മൂത്രം, മുതിര, ശർക്കര എന്നിവചേർത്തു തയാറാക്കുന്ന ജീവാമൃതം, പുളിപ്പിച്ച പിണ്ണാക്കു മിശ്രിതം എന്നിവ മാറിമാറി രണ്ടാഴ്ചയിലൊരിക്കൽ ചുവട്ടിൽ നൽുന്നു. മരം നാലടി പൊക്കമായപ്പോൾ കന്പുമുറിച്ച് പടർത്തിയതിനാൽ വിളവെടുപ്പ് ആയാസരഹിതമായി. താഴെ നിന്നും ഇടയ്ക്കു നിന്നും അധികമുള്ള ചെറുചില്ലകളും മുറിച്ചുനീക്കി. ചെടിയുടെ ഇടയിൽ വായൂസഞ്ചാരം കൂടി കായ് കൂടുതൽ പിടിക്കുന്നതിനായിരുന്നു ഇത്. വേനൽക്കു നനച്ചാൽ റംബൂട്ടാൻ പൂക്കില്ലെന്നു പറയാറുണ്ടെങ്കിലും ജോയിയുടെ അനുഭവം മറിച്ചായിരുന്നു. ജനുവരിമാസത്തിൽ തന്നെ ജോയിയുടെ റംബൂട്ടാൻ പൂത്തു.


വിപണി ഇതര സംസ്ഥാനങ്ങളിൽ

തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ജോയിയുടെ റംബൂട്ടാൻ വാങ്ങുന്നത്. കിലോ 185 രൂപയ്ക്കാണ് വിൽപന. മഞ്ഞക്കളറുള്ള റംബൂട്ടാന് വില കൂടുതൽ ലഭിക്കും. ഇതര സംസ്ഥാനങ്ങളിൽ വൻഡിമാൻഡാണ് റംബൂട്ടാനുള്ളത്. റബർ വെട്ടിമാറ്റിയ സ്ഥലത്താണ് ജോയ് റംബൂട്ടാൻ കൃഷി ചെയ്തത്. ബന്ധു അനീഷ് പള്ളിവാതുക്കലിന്‍റെയും പൈനാപ്പിൾ കർഷകനായ സോണി തകിടിയലിന്‍റെയും നിർദേശപ്രകാരമാണ് റംബൂട്ടാൻ കൃഷി തുടങ്ങിയത്. ആദ്യം കായപൊഴിച്ചിലുണ്ടായിരുന്നെങ്കിലും സൾഫർ സ്പ്രേചെയ്തും ചുവട്ടിൽ പൊട്ടാഷ് നൽകിയും ഇതു നിയന്ത്രിച്ചു. ഇപ്പോൾ തമിഴ്നാട് ലോബിയാണ് റംബൂട്ടാന്‍റെ വില തീരുമാനിക്കുന്നത്. സ്വന്തം ഉത്പന്നത്തിന് കർഷകർക്ക് വില നിശ്ചയിക്കത്തക്കവിധം വിൽപനയ്ക്ക് ഏകീകൃത സംവിധാനം ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഇൻഫാം എറണാകുളം ജില്ലാ പ്രസിഡന്‍റു കൂടിയായ ജോയ്. ജോയിയുടെ കൃഷിക്ക് സഹായമായി സാജു ചുണ്ടിയാനിക്കലും ഒപ്പമുണ്ട്.

ഫോണ്‍: ജോയ്- 94470 577 38.
ലേഖകന്‍റെ ഫോണ്‍: 93495 99 023.

ടോം ജോർജ്