3 ചായയുടെ കാശും കോടിപതിയും
ലോകത്തിലെ രണ്ടാമത്തെ സന്പന്നനായ വാറൻ ബുഫെയുടേയും ഇന്ത്യയിലെ സന്പന്നരായ അസീം പ്രേംജിയുടെയും ലക്ഷ്മി മിത്തലിന്‍റെയുമൊക്കെ കഥ കേൾക്കുന്പോൾ പലരുടെയും മനസിലൂടെ കടന്നു പോകുന്ന ചിന്തയിതാണ്. ഇവരെപ്പോലെ കോടീശ്വരനാകാൻ എന്താണൊരു വഴി. ഇവരാരും പെട്ടന്നൊരു ദിവസം കോടീശ്വരൻമാരയവരല്ല എന്നുള്ള ചിന്തയൊന്നും ആരുടെ മനസിലും ഉണ്ടാകില്ല. എത്രയും പെട്ടന്ന് പണക്കാരനാകണം എന്നൊരു ചിന്തയെ ഉണ്ടാകൂ.

അവിടെ ഓർക്കേണ്ട ഒന്നുണ്ട്. കഠിനമായ പരിശ്രമങ്ങളിലൂടെ, അച്ചടക്കത്തോടെയും ക്ഷമയോടെയുമുള്ള നിക്ഷേപങ്ങളിലൂടെ സന്പന്നരായവരാണിവർ. വാറൻ ബുഫെ തന്‍റെ പതിനൊന്നാമത്തെ വയസിൽ നിക്ഷേപം ആരംഭിച്ചതാണ്. സന്പന്നനാകുക എന്നത് ഒരു രാത്രി പുലരുന്പോൾ സംഭവിക്കുന്ന അത്ഭുതമൊന്നുമല്ല. അതിന് ദീർഘ വീക്ഷണത്തോടെയുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പ് ആവശ്യമാണ്.

കൂട്ടുപലിശയെന്ന ശക്തി

ഈ കാത്തിരിപ്പിൽ നമ്മുടെ നിക്ഷേപത്തെ സന്പത്താക്കി മാറ്റാൻ സഹായിക്കുന്ന ഒരു ഘടകം കൂടിയുണ്ട്. കൂട്ടു പലിശ ( പവർ ഓഫ് കോന്പൗണ്ടിംഗ്) എന്ന രാസത്വരകം. നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തെ പിൻവലിക്കാതെ നിക്ഷേപത്തിൽ തന്നെ നില നിർത്തുന്പോൾ കൂട്ടു പലിശ പ്രവർത്തിച്ചു തുടങ്ങും. നിക്ഷേപത്തെ വലിയൊരു സന്പത്താക്കി മാറ്റും.

കൂട്ടു പലിശ കണക്കാക്കുന്നത് മാസത്തിലോ, ത്രൈമാസത്തിലോ, അർധവാർഷി കമായോ, വാർഷികമായോ ആണ്. പലിശയ്ക്കുമേൽ ലഭിക്കുന്ന പലിശയാണ് കൂട്ടു പലിശ.

ആദ്യത്തെ സന്പാദ്യത്തിൽ നിന്നും പിന്നെയും വരുമാനം

ആദ്യം നടത്തിയ നിക്ഷേപത്തിൽ നിന്നും വീണ്ടും സന്പാദിക്കുകയും അതു നിക്ഷേപത്തോടു കൂട്ടുകയും അതിനു പലിശ ലഭിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കൂട്ടു പലിശയിലൂടെ സംഭവിക്കുന്നത്.

ഉദാഹരണത്തിന് രാജീവ് 10000 രൂപ ഒരു നിക്ഷേപ ആസ്തിയിൽ നിക്ഷേപിച്ചു എന്നിരിക്കട്ടെ. ആദ്യത്തെ വർഷം 10 ശതമാനമാണ് ഓഹരിയിലുണ്ടായ വളർച്ച. ആ വർഷം രാജീവിന് ലഭിക്കുന്ന നേട്ടം 1000 രൂപയാണ്.അങ്ങനെ രാജീവിന്‍റെ നിക്ഷേപം 11,000 രൂപയായി.

നല്ല പ്രകടനം കാഴിച്ചവെയ്ക്കുന്നതു കൊണ്ട് ആ നിക്ഷേപം നിലനിർത്തി പോകാൻ തന്നെ രാജീവ് തീരുമാനിച്ചു. അങ്ങനെ രണ്ടാമത്തെ വർഷം നിക്ഷേപ തുക 12,100 രൂപയായി വളർന്നു. ആദ്യത്തെ വർഷത്തെ പലിശയായ 1000 രൂപയുടെ കൂടെ 1000 രൂപ കൂടിയായപ്പോൾ 12,000 രൂപ. അതോടൊപ്പം ആദ്യത്തെ വർഷത്തെ ആയിരം രൂപയ്ക്ക് 10 ശതമാനം പലിശ ലഭിച്ചപ്പോൾ അത് 100 രൂപ അങ്ങനെ 12,100 രൂപ.

അങ്ങനെ 25 വർഷത്തേക്ക് 10 ശതമാനം പലിശ നിരക്കിൽ ഈ 10,000 രൂപ നിക്ഷേപിച്ചുവെന്നു കരുതുക. 25 വർഷങ്ങൾക്കുശേഷം ഈ നിക്ഷേപം 108350 രൂപയായി വളരുന്നു.

നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തെ വീണ്ടും നിക്ഷേപത്തോടു ചേർക്കുന്പോഴാണ് ഈ നേട്ടമുണ്ടാകുന്നത്. നിക്ഷേപങ്ങൾക്ക് കൂടുതൽ സമയം നൽകുന്തോറും ഈ നേട്ടവും കൂടുതലാകും.

മുപ്പതു രൂപ കൊണ്ട് കോടിപതി

ഇപ്പോൾ ഇരുപതു വയസുള്ളൊരാൾ ദിവസവും മുപ്പതു രൂപ നിക്ഷേപത്തിനായി ( മൂന്നു ചായയുടെ കാശ്) നീക്കിവെച്ചാൽ അത് അടുത്ത 40 വർഷംകൊണ്ട് അയാളെ കോടീശ്വരനാക്കും.

ദിവസവും 30 രൂപ വീതം 12.5 ശതമാനം വാർഷിക റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപത്തിനായി നീക്കിവെയ്ക്കുന്നൊരാൾക്ക് ഒരു മാസം 900 രൂപ കണ്ടെത്താൻ സാധിക്കും. ഇങ്ങനെ മിച്ചം വെയ്ക്കുന്ന 900 രൂപ എല്ലാ മാസവും എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ)യിലൂടെ ഏതെങ്കിലും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാം. വരുന്ന 40 വർഷം കൃത്യമായി നിക്ഷേപം നടത്തുക. അവിടെ കൂട്ടു പലിശ എന്ന അത്ഭുത ശക്തി നിങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു കൊള്ളും.


ഉദാഹരണം: അരുണ്‍ തന്‍റെ ഇരുപതാം വയസുമുതൽ ദിവസവും 30 രൂപ നീക്കിയിരിപ്പു നടത്തി 40 വർഷം നിക്ഷേപിച്ചു. മ്യൂച്ചൽ ഫണ്ടിൽ നിന്ന് 12.5 ശതമാനം എന്ന നിരക്കിൽ വാർഷിക റിട്ടേണും ലഭിച്ചുവെന്നു കരുതുക ( ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ 20 വർഷത്തെ ശരാശരി റിട്ടേണ്‍ 13-14 ശതമാനമാണ്). നാല്പതു വർഷത്തെ നിക്ഷേപം കഴിയുന്പോൾ അരുണിന്‍റെ നിക്ഷേപം 10,811,422 രൂപയായി വളർന്നിരിക്കും. ഈ കാലയളവിലെ അരുണിന്‍റെ ആകെ നിക്ഷേപം 432,000 രൂപയും. പലിശയിനത്തിൽ അരുണിന് ലഭിച്ചത് 10,279,343 രൂപയുമാണ്. അരുണിനെ കോടിപതിയാക്കിയത് കൂട്ടു പലിശയുടെ ശക്തിയാണ്.
ഈ രീതി 20 വയസായവർക്കു മാത്രമല്ല 30 വയസായവർക്കും ചെയ്യാവുന്നതാണ്. മുപ്പതു വയസുള്ളവർ നിക്ഷേപ തുക അൽപ്പമൊന്ന് കൂട്ടണം എന്നു മാത്രം. ദിവസവും 95 രൂപ വീതം നീക്കി വെയ്ക്കാം. അങ്ങനെ മാസം 2850 രൂപ വീതം എസ്ഐപി വഴി മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നു. മുപ്പതു വർഷം കഴിഞ്ഞ് അതായത് നിക്ഷേപകന് 60 വയസാകുന്പോൾ ലഭിക്കുന്നത് 10,232,289 രൂപയാണ്.

കാലാവധി കുറയ്ക്കാം

പലർക്കും ഇത്രയും കാലം കാത്തിരിക്കാനുള്ള ക്ഷമയുണ്ടാകില്ല. നാൽപ്പതു വർഷം എന്നു പറയുന്നത് വലിയൊരു കാലയളവല്ലേ എന്നായിരിക്കും പലരും ചിന്തിക്കുന്നത്.
അതിനു രണ്ടു വഴികളുണ്ട്. ആദ്യത്തേത് റിട്ടേണ്‍ 15 ശതമാനത്തിലേക്ക് ഉയർത്തുവാൻ സാധിക്കുമോയെന്നതാണ്. നിക്ഷേപ കാലാവധി അഞ്ചു വർഷം കുറച്ച് 35 വർഷമാക്കാം. മാസം 900 രൂപ തന്നെ 15 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന ആസ്തിയിൽ നിക്ഷേപിച്ചാൽ 35 വർഷം കൊണ്ട് ലഭിക്കുന്നത് 10,944,133 രൂപയാണ്. മറ്റൊരു വഴി നിക്ഷേപത്തുക ഇപ്പോഴത്തെ 900 രൂപയിൽനിന്ന് ഉയർത്തുകയെന്നതാണ്. അപ്പോഴും കുറഞ്ഞ കാലയളവിൽ ലക്ഷ്യം നേടാം.

നേരത്തെ തുടങ്ങാം സന്പത്തു വളർത്താം

കിരണും അരുണും സുഹൃത്തുക്കളാണ്. രണ്ടു പേർക്കും ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു.

രണ്ടു വർഷം അടിച്ചു പൊളിച്ചു നടന്ന കിരണ്‍ തന്‍റെ ഇരുപത്തിയഞ്ചാം വയസിൽ 5,000 രൂപ വീതം നിക്ഷേപം തുടങ്ങി. പന്ത്രണ്ടു ശതമാനം പലിശ ലഭിക്കുന്ന ആസ്തിയിലായിരുന്നു നിക്ഷേപം. പതിനൊന്നു വർഷം നിക്ഷേപം നടത്തി. പിന്നീട് മറ്റു പ്രാരാബ്ധങ്ങൾ മൂലം നിക്ഷേപം വേണ്ടെന്നു വച്ചു. പക്ഷേ നിക്ഷേപം നടത്തിയതല്ലേ അതവിടെ കിടക്കട്ടെയെന്നു കിരണ്‍ കരുതി.

അതേസമയം അരുണിന്‍റെ അടിച്ചുപൊളി കുറെ നാൾ നീണ്ടു. കാലം കഴിഞ്ഞപ്പോഴാണ് കൈവശമൊന്നുമില്ലല്ലോയെന്നു ചിന്ത അരുണിന്‍റെ മനസിൽ കയറിക്കൂടിയത്.
സുഹൃത്തു കിരണ്‍ നിർത്തിയിടത്തുനിന്നു അരുണ്‍ തുടങ്ങി. തന്‍റെ മുപ്പത്തിയാറാമത്തെ വയസിൽ നിക്ഷേപം തുടങ്ങി. പോയ കാലങ്ങൾ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ മാസംതോറും 15,000 രൂപ വീതം നിക്ഷേപിച്ചു തുടങ്ങി. കൂട്ടുകാരന്‍റെ നിക്ഷേപത്തിന്‍റെ മൂന്നിരട്ടി. അത് റിട്ടയർ ചെയ്യുന്ന തലേമാസം വരെ നടത്തി. നീണ്ട് 21 വർഷം.
രണ്ടു പേരും റിട്ടയർമെന്‍റിന്‍റെ ദിവസം നിക്ഷേപം പിൻവലിക്കാൻ തീരുമാനിച്ചു.
വെറും 6.6 ലക്ഷം രൂപ നിക്ഷേപിച്ച കിരണിന് റിട്ടയർമെന്‍റ് ദിവസം ലഭിച്ചത് 1.48 കോടി രൂപയാണ്.

അതേ സമയം 25.2 ലക്ഷം രൂപയുടെ ( കരിണിന്‍റെ നിക്ഷേപത്തിന്‍റെ നാലിരട്ടി) നിക്ഷേപം നടത്തിയ അരുണിന് ലഭിച്ചതോ 1.14 കോടി രൂപയും. അരുണിന്‍റെ പകുതി തുക, പകുതി കാലയളവിൽ നിക്ഷേപം നടത്തിയ കിരണിന് ലഭിച്ചത് അരുണിനേക്കാൾ ഒന്നേകാൽ ഇരട്ടിയിലധികം.
പവർ ഓഫ് കോന്പൗണ്ടിന്‍റെ ശക്തി!
കാലത്തിന്‍റേയും!