ഓൾ റൗണ്ടർ ദിവ്യ
ദിവ്യ ഒരു ഓൾ റൗണ്ടറാണ്. നല്ലൊരു അഭിനേത്രി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ആങ്കർ ഒക്കെയായി ആളാകെ ബിസിയാണ്. സീരിയലിെൻറ ഷൂട്ടിനിടെ തൊടുപുഴയിൽ വച്ചാണ് എറണാകുളം പള്ളുരുത്തി സ്വദേശിയായ ദിവ്യയെ കണ്ടത്. ദിവ്യയുടെ വിശേഷങ്ങളിലേക്ക്...

വിവാഹശേഷം സജീവമായി

വിവാഹചടങ്ങുകൾ ആങ്കർ ചെയ്യാൻ പോകുമായിരുന്നു. ബെൻ സിനിമ സംവിധാനം ചെയ്ത വിപിൻ ആറ്റ്ലിയുടെ ഒരു പ്രോഗ്രാം ആങ്കർ ചെയ്യാൻ പോയപ്പോഴാണ് ഞാൻ എെൻറ ജീവിതപങ്കാളിയെ പരിചയപ്പെടുന്നത്. എനിക്ക് അന്ന് 18 വയസെ ഉണ്ടായിരുന്നുള്ളൂ. എന്നെ ഇഷ്ടപ്പെട്ട അദ്ദേഹം കല്യാണം ആലോചിക്കാനായി അളിയനെ വീട്ടിൽ അയച്ചു. 19 വയസിൽ തന്നെ വിവാഹം കഴിഞ്ഞു.

വിവാഹശേഷമാണ് വളരെ ഇൻടെപ്ത്ത് ആയിട്ട് ആങ്കറിങ്ങ് ചെയ്തു തുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ്, സൂര്യ തുടങ്ങി എല്ലാ ചാനലുകളിലും വളരെ സജീവമായിരുന്നു. അതിനിടെയാണ് അമൃത ടിവിയിൽ രണ്ടു പ്രോഗ്രാം ആങ്കർ ചെയ്യാൻ അവസരം ലഭിക്കുന്നത്. അന്നത്തെ കാലത്ത് ഒരേ സമയത്ത് രണ്ടു പ്രോഗ്രാം ചെയ്യുക എന്നൊക്കെ പറഞ്ഞാൽ വലിയ സംഭവമായിരുന്നു. ഗുഡ് ഹെൽത്ത്, ഗൃഹപ്രവേശം ഇവയാണ് ചെയ്തത്. ഗൃഹപ്രവേശത്തിനു നല്ല റേറ്റിംഗ് ഉണ്ടായിരുന്നു. ഇതോടുകൂടിയാണ് എെൻറ ജീവിതം മറ്റൊരു വഴിത്തിരിവിൽ എത്തുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനൊക്കെ പഠിച്ചു. ആൾക്കാരെ കണ്ട് സംസാരിക്കാനും മറ്റും ഒരു ധൈര്യം കിട്ടി.

പിന്നീട് ആറു വർഷം റേഡിയോ ജോക്കിയായി ജോലി ചെയ്തു. പിന്നെ അതു മടുത്തു.

ഡബ്ബിംഗിന്‍റെ ലോകം

ഡബ്ബിംഗിലേക്ക് വഴി തിരിച്ചുവിട്ടതും ഭർത്താവ് തന്നെയായിരുന്നു. എെൻറ ഈ ശബ്ദം കൊണ്ടു തന്നെയാണ് ഫീൽഡിൽ പിടിച്ചുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പരസ്യത്തിനു വേണ്ടിയാണ് ആദ്യം ഡബ്ബ് ചെയ്തത്. രണ്ടാമത്തെ ടേക്കിൽത്തന്നെ ഒകെ ആയപ്പോൾ ഒരു ധൈര്യമൊക്കെ കിട്ടി. ആകെ ഒന്നോ രണ്ടോ ഡയലോഗു മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സിനിമകൾക്കുവേണ്ടി ഡബ്ബ് ചെയ്യാൻ അവസരങ്ങൾ ലഭിച്ചു. ആദ്യം ചെറിയ താരങ്ങൾക്കു വേണ്ടിയായിരുന്നുവെങ്കിൽ പിന്നീട് ഗീത, ശോഭന, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്കുവേണ്ടി അവസരം ലഭിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചേച്ചി വളരെ ബിസിയാകുന്പോൾ പലരും തേടി വന്നത് എന്നെയായിരുന്നു. അങ്ങനെ മുൻനിര നായികമാരിൽ പലർക്കു വേണ്ടിയും ശബ്ദം ഡബ്ബ് ചെയ്തിട്ടുണ്ട്. ഏകദേശം 250ഓളം സിനിമകൾക്കു വേണ്ടി ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചു. അതിനിടെ വയോധ ഹെയർ ഓയിലിെൻറ പരസ്യത്തിനുവേണ്ടി മോഡൽ ആയി. ഒരു സ്കൂൾ അധ്യാപികയുടെ വേഷമായിരുന്നു. അഭിനയിക്കാൻ കഴിയുമെന്ന് ഇതിലൂടെ മനസിലായി. ഇങ്ങനെ കുറെ പരസ്യങ്ങളിലും അഭിനയിച്ചു.

നോർത്ത് 24 കാതം

അനിൽ രാധാകൃഷ്ണൻ ചേട്ടെൻറ നോർത്ത് 24 കാതം സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്തു. അടുത്ത സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്ന് അനിലേട്ടൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പരസ്യത്തിൽ കട്ട് ചെയ്തു കൊണ്ടാണല്ലോ ഡയലോഗ് പറയുന്നത്. സിനിമയിൽ വലിയ ഡയലോഗുകൾ തുടർച്ചയായി പറയാനൊന്നും എനിക്കറിയില്ലെന്നു പറഞ്ഞ് പി·ാറാൻ ശ്രമിച്ചുവെങ്കിലും അനിലേട്ടൻ നല്ല കോണ്‍ഫിഡൻസ് തന്നു. അതു പോലെ മാർട്ടിൻ പ്രക്കാട്ട് സാറിെൻറ എബിസിഡി ഡബ്ബ് ചെയ്യാൻ പോയപ്പോഴും അവസരം തരാമെന്നു പറഞ്ഞു. ഏതായാലും അവസരമൊന്നും ലഭിച്ചില്ലെങ്കിലും ഇതൊരു വഴിത്തിരിവായി.

ദുഷ്ടയായ രണ്ടാനമ്മ

എെൻറ സുഹൃത്ത് ജിസ്മോെൻറ ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ ആസിഫ് അലിയുടെ ദുഷ്ടയായ രണ്ടാനമ്മയുടെ വേഷത്തിൽ അഭിനയിച്ചു. ഇതാണ് ആദ്യത്തെ സിനിമ. സിനിമ മനസിൽ ഉണ്ടായിരുന്നില്ല. ധാരാളം പരസ്യങ്ങളിലും കുറെ സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചു.

ഈശ്വരൻ സാക്ഷി

കെ. കെ. രാജീവിെൻറ ഈശ്വരൻ സാക്ഷിയെന്ന സീരിയലിലെ അഭിരാമി എന്ന അഡ്വക്കേറ്റിെൻറ വേഷം ഭയങ്കര ഹിറ്റായി. ഞാൻ അഭിനയം പഠിച്ചത് സിബിമലയിൽ സാറിൽ നിന്നും കെ. കെ. രാജീവ് സാറിൽ നിന്നുമാണ്.

ആങ്കറിംഗും സിനിമകളും ഉണ്ടായിട്ടും ആളുകൾ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ ഈശ്വരൻ സാക്ഷി എന്ന ഒരു സീരിയൽ ചെയ്തപ്പോഴേയ്ക്കും ശരിക്കും ഒരു താരമായി. പ്രേക്ഷകരുടെ പ്രതികരണം വളരെ നല്ല രീതിയിലായിരുന്നു.

ഇപ്പോഴത്തെ പ്രതിഭ

ഈശ്വരൻ സാക്ഷിക്കു ശേഷം ഫ്ളവേഴ് സിൽതന്നെ ഈറൻ നിലാവ് എന്ന സീരിയൽ ചെയ്തു. പ്രതിഭ എന്ന കഥാപാത്രമാണ്. എെൻറ ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല പ്രചോദനം ഈ രണ്ടു സീരിയലുകൾ ചെയ്തപ്പോഴാണ്. എന്നെ ഒരു താരമാക്കി മാറ്റിയതും ഇവ രണ്ടും തന്നെ.

15 വയസ്സു മുതൽ കാമറയുടെ മുന്നിൽ നിൽക്കാൻ തുടങ്ങിയ ആളാണ് ഞാൻ. പക്ഷെ ഒരു താരമായിട്ട് ഒരു വർഷമേ ആയിട്ടള്ളൂ. ഞാൻ സെലക്ടീവാണ്. നല്ല കഥാപാത്രങ്ങളാണെങ്കിൽ തീർച്ചയായും ചെയ്യും. ശ്രീ പദം എന്ന സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.


ഫുഡിയാണ്

ഞാനൊരു ഫുഡിയാണ് കേട്ടോ.. എന്നു പറഞ്ഞാൽ പുതിയ പുതിയ ഡിഷുകൾ ശ്രമിച്ചു നോക്കാൻ ഭയങ്കര ഇഷ്ടമാണ്. പക്ഷെ കുക്ക് ചെയ്യാറില്ല. കുക്കിങ്ങിനേക്കാൾ എനിക്കിഷ്ടം ക്ലീനിങ്ങാണ്. വൃത്തിയുടെ കാര്യത്തിൽ എനിക്ക് ഭയങ്കര നിർബന്ധമാണ്. മറ്റു സ്ഥലങ്ങളിൽ പോയാലും അവിടത്തെ ഭക്ഷണം കഴിച്ച് പരീക്ഷിക്കാനാണ് ഇഷ്ടം. നോർത്ത് ഇന്ത്യൻ ഡിഷ്, ചൈനീസ് ഇവയൊക്കെ ഇഷ്ടമാണ്. കോഴിക്കോടൻ രുചിയോട് ഒരു പ്രത്യേക മമതയുണ്ട്. വണ്ണം കൂടിയപ്പോൾ ഭക്ഷണമൊക്കെ ശരിക്കും നിയന്ത്രിച്ചു കഴി ക്കാൻ ഇപ്പോൾ ശീലിച്ചു. ചായ, കാപ്പി, പാൽ, ജങ്ക് ഫുഡ്സ് ഇവയൊന്നും കഴിക്കാറില്ല. ഏറ്റവും ഇഷ്ടം ഐസ്ക്രീം, പേസ്ട്രീസ്, ചോക്കളേറ്റുകളൊക്കെയാണ്. കേക്ക് ഏതു രൂപത്തിൽ കിട്ടിയാലും കഴിക്കും.

സാരിയും മുണ്ടും നേര്യതും

സാരിയാണ് ഇഷ്ട വേഷം. മുണ്ടും നേര്യതിനോടും ഒരു ഇഷ്ടമുണ്ട്. ജീൻസ് ഇഷ്ടമല്ല. ഇറുകിപ്പിടിച്ചിരിക്കുന്ന വേഷങ്ങൾ ഒഴിവാക്കും. കുർത്താസ്, സൽവാർ, പാൻറ്സ് എന്നിവ ഉപയോഗിക്കും. മോഡേണ്‍ വസ്ത്രങ്ങളിൽ സ്കർട്ട് ആണ് ഏറെ ഇഷ്ടം. അത്യാവശ്യം ഡ്രസ്സ് സെൻസ് ഉള്ള ആളാണ് ഞാൻ. അതുകൊണ്ട് ഡ്രസ്സിനനുസരിച്ചുള്ള ഹെയർ സ്റ്റൈലും അക്സസറീസും മാറ്റാറുണ്ട്.

കുടുംബം... പിന്തുണ

അച്ഛൻ മരിച്ചെങ്കിലും അദ്ദേഹം നൽകിയ പ്രചോദനവും പിന്തുണയുമാണ് എെൻറ എക്കാലത്തെയും ശക്തി. ഇപ്പോൾ എനിക്കുവേണ്ടി എല്ലാം ചെയ്യുന്നത് അമ്മയാണ്. എങ്കിലും അമ്മയുടെ ഒരു കാര്യവും മുടക്കാൻ ഞാൻ സതിക്കാറില്ല. സഹോദരൻ ദുബായിലാണ്. ഇടയ്ക്ക് അമ്മ ദുബായിലേയ്ക്ക് പോകും. ജോലി കുറയുന്ന സമയത്ത് അമ്മ യാത്ര തിരിക്കും. അതല്ലെങ്കിൽ അമ്മ പോകുന്ന സമയത്ത് ഞാൻ കൂടുതൽ ജോലികളൊന്നും കമിറ്റ് ചെയ്യാതെ നോക്കും. ഭർത്താവ് വളരെ അഡ്ജസ്റ്റബിളാണ്. സൗപർണിക, ഋഷികേശ് എന്നിവരാണ് മക്കൾ.

ആങ്കറാകാൻ കൊതിച്ചു

ഹൈസ്കൂൾ പഠനകാലത്ത് ചാനലിലെ ഫോണ്‍ ഇൻ പ്രോഗ്രാമൊക്കെ കാണുന്പോൾ ആങ്കറാകാൻ കൊതിച്ചിരുന്നു. പക്ഷെ കുടുംബത്തിൽ സിനിമാബന്ധമൊന്നുമുണ്ടായിരുന്നില്ല. അച്ഛന് ബാങ്കിലായിരുന്നു ജോലി. ഹരിശ്രീ അശോകൻ ചേട്ടനെയൊക്കെ അറിയാം. വിനയേട്ടനൊക്കെ വീട്ടിൽ വന്നിട്ടുണ്ട്. അവർ പറയുമായിരുന്നു, സിനിമയിൽ അഭിനയിച്ചു കൂടെയെന്നൊക്കെ. എങ്കിലും ആങ്കറിങ്ങിൽ ഒരു നോട്ടമുണ്ടായിരുന്നു. ഒരു ലോക്കൽ ചാനലിലാണ് അവസരം ലഭിച്ചത്. കാമറ ടെസ്റ്റൊക്കെ നടത്തി. നല്ലതാണെന്ന് അഭിപ്രായം കിട്ടി. പിന്നീട് സിറ്റി കേബിൾ, എസിവി, സൂര്യ ടിവിയിലൊക്കെ അവസരം ലഭിച്ചു. അന്ന്, ജയസൂര്യ, ജിസ്മോൻ ഇവരൊക്കെ ആങ്കറിങ്ങ് ചെയ്യുന്ന സമയമായിരുന്നു. പക്ഷെ അന്നൊന്നും ഇത് ഒരു പ്രഫഷനാവുമെന്ന് കരുതിയതല്ല.

ഈശ്വര ഭക്തയാണ്

കുടുംബത്തേക്കാൾ വലുതാണ് എനിക്ക് ഈശ്വരവിശ്വാസവും ചിട്ടകളും. എന്നും രാവിലെ കുളിച്ച് വിളക്കുകൊളുത്തി പ്രാർത്ഥിച്ച ശേഷം മാത്രമാണ് മറ്റെന്തും. ഗണപതിയും ഗുരുവായൂരപ്പനുമാണ് ഇഷ്ട ദൈവങ്ങൾ. പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ദേഷ്യം വന്നാൽ എന്തൊക്കെയാണ് വിളിച്ചു പറയുന്നതെന്ന് എനിക്കുപോലും അറിയില്ല. അമ്മയാണെന്നോ ഭർത്താവാണെന്നോ ഒന്നും ഞാൻ നോക്കില്ല. ഇതുമൂലം ശത്രുക്കളെ കുറെ സന്പാദിച്ചിുമുണ്ട്. ഒരു മുഖം വച്ച്, മറ്റൊരു മുഖം പ്രകടിപ്പിക്കാൻ എനി ക്കറിയില്ല. അതുകൊണ്ടുതന്നെ ഇതൊരു മോശം സ്വഭാവമായി ഞാൻ കാണുന്നില്ല. സങ്കടം വന്നാലും സന്തോഷം വന്നാലും എക്സ്പ്രസ്സീവ് പ്രകൃതമാണ്.

എന്നും എപ്പോഴും

സത്യൻ അന്തിക്കാട് സാറിെൻറ എന്നും എപ്പോഴും എന്ന സിനിമയിൽ നല്ലൊരു വേഷം ലാലേട്ടനൊപ്പം ചെയ്തത് ഒരിക്കലും മറക്കാനാവില്ല. പിന്നീട് സിബി മലയിൽ സാറിെൻറ സൈഗാൾ പാടുകയാണ് എന്ന സിനിമയിലേക്ക് വിളിച്ചു. ലാലേട്ടൻ തകർത്ത് അഭിനയിച്ച കിരീടം സിനിമയാണ് മനസിൽ ഓടിയെത്തിയത്. രമ്യാ നന്പീശെൻറ ചേച്ചിയുടെ വേഷമായിരുന്നു. അഭിനയസാധ്യതയുള്ള റോളായിരുന്നു. ഒരു ആസ്ത്മാ രോഗി. ഭർത്താവിെൻറ മർദനത്തിന് ഇരയാവുന്ന ഒരു കുടുംബിനി വേഷം. ടെൻഷനായിരുന്നു. പക്ഷെ അഭിനയിച്ചു കഴിഞ്ഞപ്പോൾ സിബി സാർ ചോദിച്ചു... എവിടെയായിരുന്നു ഇത്രയും നാൾ? വലിയൊരു സംവിധായകനാണല്ലോ ഇങ്ങനെ പ്രതികരിച്ചത്. ദിവ്യ നേരത്തേ ഫീൽഡിൽ വരേണ്ടതായിരുന്നു എന്ന് പറഞ്ഞപ്പോൾ സന്തോഷവും ആവിശ്വാസവും ലഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കിയില്ല. നല്ല വേഷവും സിനിമയുമാണെങ്കിൽ സ്വീകരിക്കുമായിരുന്നു. ആൻ മേരി കലിപ്പിലാണ് എന്ന ചിത്രത്തിൽ ഒരു വക്കീൽ വേഷമായിരുന്നു. ഒരു സീൻ മാത്രമാണ് ഉള്ളതെങ്കിലും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയ്ക്ക് പല ചാനലുകളിലും താരങ്ങളെ ഇൻറർവ്യൂ ചെയ്യാനും തുടങ്ങി. ഇപ്പോഴും ചെയ്യുന്നുണ്ട്.

സുനിൽ വല്ലത്ത്