വരുമാനം സന്പത്താക്കാൻ ഇക്വിറ്റി എസ്ഐപി
പ്രതിമാസ വരുമാനത്തിലെ ഒരു ഭാഗത്തെ ബിസനസ് മൂലധനമാക്കി മാറ്റുന്ന അതിശയ നിക്ഷേപ വാഹനമാണ് ക്രമ നിക്ഷേപ പദ്ധതി അഥവാ എസ്ഐപി.

പ്രശസ്ത അമേരിക്കൻ ഇൻവെസ്റ്ററായ ജോണ്‍ ബോഗ്ലേ ഒരിക്കൽ പറയുകയുണ്ടായി. മൂലധന വിപണിയില്ലാതെ മറ്റൊരു വിധത്തിലും വരുമാനത്തെ സന്പത്താക്കി മാറ്റുവാൻ സാധിക്കുകയില്ല; അല്ലെങ്കിൽ മൂലധനത്തെ വരുമാനമാക്കി മാറ്റുവാൻ സാധിക്കുകയില്ല.’
ബോഗ്ലേയുടെ ഈ വാക്കുകൾ തികച്ചും ശരിയാണെന്നു നമുക്കു ചുറ്റും നോക്കിയാൽതന്നെ മനസിലാക്കും. രാജ്യത്തെ സന്പന്നരുടെ പട്ടിക പരിശോധിച്ചാൽ അവരുടെ സന്പത്തിന്‍റെ നല്ലൊരു പങ്കും ഓഹരിയിലും ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലുമാണെന്നു കാണാം. മറ്റേതൊരു നിക്ഷേപ ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുന്പോഴും ഓഹരിയും ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളും വളരെ വ്യത്യസ്തമായാണ് നിക്ഷേപ മേഖലയിൽനിലനിൽക്കുന്നതെന്നു കാണാം.

നിക്ഷേപ മേഖലയിൽ രണ്ടു സാധ്യതകളാണു നിലനിൽക്കുന്നത്. ഒന്നുകിൽ ബിസിനസിൽ പണം മുടക്കാം. അല്ലെങ്കിൽ ബിസിനസ് നടത്തുന്നവർക്കും പണം വായ്പ നൽകാം. സന്പാദിക്കുവാൻ കൂടുതൽ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർ നല്ലൊരു പങ്കും വായ്പ നൽകുന്ന നിക്ഷേപ രീതിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഒരു ഓഹരി വാങ്ങുകയെന്നു പറഞ്ഞാൽ ആ ബിസിനസിന്‍റെ ഒരു ഭാഗം വാങ്ങുകയെന്നാണ്. അതായത് ആ ബിസിനസിന്‍റെ ഉടമകളിലൊരാളാവുക എന്നാണ്.

ബിസിനസ് തുടങ്ങുകയും നടത്തുകയും ചെയ്യുകയെന്നത് എല്ലാവരേയുംസംബന്ധിച്ചിടത്തോളം സാധിക്കുകയില്ല. എന്നാൽ ബിസിനസിൽ നിശബ്ദ പങ്കാളിയാകുവാൻ സാധിക്കും. ഓഹരയിലെ നിക്ഷേപം അതാണ്. ബിസനസിൽ ലാഭമുണ്ടാകുന്പോഴും നഷ്ടമുണ്ടാകുന്പോഴും അതു പങ്കു വയ്ക്കപ്പെടുന്നു.

ബിസിനസിൽ പങ്കാളിയാകാം

ഓഹരിയായി നൽകിയാലും ബാങ്ക് ഡിപ്പോസിറ്റ് ആയി നൽകിയാലും ആത്യന്തികമായി ആ പണം ചെന്നെത്തുന്നത് സാന്പത്തിക പ്രവർത്തനങ്ങളിലാണ്. അതുകൊണ്ടുതന്നെ ബാങ്ക് ഡിപ്പോസിറ്റ് വഴി ബിസിനസിനു വായ്പ നൽകുന്നതിനു പകരം നേരിട്ടു ബിസിനസിൽ പങ്കാളിയാകുന്നതു മെച്ചപ്പെട്ട റിട്ടേണിനു വഴിയൊരുക്കും.

ഓഹരി വിപണിയിൽ ഓഹരികളുടെ വില ഭാവി സാധ്യതയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആ നിക്ഷേപങ്ങൾക്കു ഭാവിയിൽ മൂല്യമുണ്ടാകാൻ സാധ്യതയേറെയാണ്.


ചെറിയ തുകയോ വലിയ തുകയോ ഉപയോഗിച്ച് ബിസിനസ് ഉടമസ്ഥത വാങ്ങാൻ സാധിക്കും. ഇത്തരത്തിൽ ബിസിനസ് ഉടമസ്ഥത വാങ്ങാനുള്ള സംവിധാനമാണ് ക്രമ നിക്ഷേപ പദ്ധതി അഥവാ എസ്ഐപി.

മിക്ക ആളുകളും വരുമാനം നേടുകയും ചെലവഴിക്കുകയും ചെയ്യുന്നത് മാസാടിസ്ഥാനത്തിലാണ്. ഇങ്ങനെ മാസംതോറും ലഭിക്കുന്ന വരുമാനത്തിൽനിന്നു ക്രമമായി എല്ലാ മാസവും ചെറിയൊരു തുക ബിസിനസിനായി മാറ്റി വയ്ക്കുവാൻ സഹായിക്കുന്ന രീതിയാണ് എസ്ഐപി. അതായത് മാസവരുമാനത്തിൽനിന്നുള്ള ഒരു ഭാഗം ബിസിനസിന്‍റെ മൂലധനമായി മാറുന്നു.

ഇത്തരത്തിൽ വരുമാനം ബിസിനസിലേക്കു മാറ്റുന്നതിനെ എളുപ്പമാക്കുന്നതാണ് എസ്ഐപി.

എസ്ഐപിയുടെ വരവ് സന്പാദ്യത്തിന്‍റെയും നിക്ഷേപത്തിന്‍റെയും രീതികൾ തന്നെ മാറ്റി മറിച്ചുവെന്നു പറയാം. പഴയ തലമുറയിൽ ഇത്തരത്തിലുള്ള നിക്ഷേപത്തിന് അവസരമില്ലായിരുന്നു. ഇന്നിപ്പോൾ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലൂടെ ഏതൊരു സമയത്തും നിക്ഷേപം നടത്താൻ സാധിക്കുന്നു.

സന്പാദ്യവും നിക്ഷേപവും ശീലമാക്കുവാൻ

മാസ വരുമാനത്തിൽനിന്നു ഒരുഭാഗം സന്പാദ്യമാക്കുവാനും അതു നിക്ഷേപമാക്കി മാറ്റുവാനും എസ്ഐപി സഹായിക്കുന്നു. അതിൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ നേടിത്തരുന്നതാണ് ഓഹരിയധിഷ്ഠിതി മ്യൂച്വൽ ഫണ്ട് പദ്ധതികൾ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ 20 വർഷത്തെ ശരാശരി വാർഷിക റിട്ടേണ്‍ 13-14 ശതമാനമാണ്.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ ദീർഘകാല നിക്ഷേപം നഷ്ടത്തിൽ കലാശിക്കുവാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് അടുത്ത കാലത്തു നടത്തിയ പഠനം വ്യക്തമാക്കുന്നത്. മാത്രവുമല്ല, രണ്ടു വർഷക്കാലത്തെ നിക്ഷേപം പോലും 84 ശതമാനം ഫണ്ടുകളിലും പോസീറ്റീവ് റിട്ടേണ്‍ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

റിസ്ക്ശേഷി അനുസരിച്ച് വൈവിധ്യമാർന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ( ലാർജ് കാപ്, മിഡ് കാപ്, സ്മോൾകാപ്, ഡൈവേഴ്സിഫൈഡ്, സെക്ടർ ഫണ്ട് തുടങ്ങിയ) നിക്ഷേപത്തിനു ലഭ്യമാണ്. ( നിക്ഷേപത്തിനു ഡിബിഎഫ്എസ് ശിപാർശ ചെയ്തിട്ടുള്ള ഫണ്ടുകൾ കാണുക).