പലിശ നിരക്ക് കുറച്ച് ആർബിഐ
നരേന്ദ്ര മോദി സർക്കാർ ആഗ്രഹിച്ചിരുന്ന അര ശതമാനം വെട്ടിക്കുറവു വരുത്തിയില്ലെങ്കിലും റിസർവ് ബാങ്ക് പണനയ കമ്മിറ്റി നയ പലിശനിരക്ക് കാൽ ശതമാനം കുറച്ചിരിക്കുകയാണ്.

റീപോ നിരക്ക് ( ബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു എടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) ഇനി ആറു ശതമാനമാണ്. 2010 നവംബറിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. ഏതാനും മാസങ്ങളായി 6.25 ശതമാനത്തിൽ തുടരുകയായിരുന്നു ഇത്. റിവേഴ്സ് റീപോ ( ബാങ്കുകൾ മിച്ചപണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്പോൾ നൽകുന്ന പലിശ) 5.75 ശതമാനമായിട്ടുണ്ട്.

ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ അഞ്ചുവർഷത്തെ ഏറ്റവും താഴ്ചയായ 1.54 ശതമാനത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലും മികച്ച മണ്‍സൂണിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യവില കുറയാനുള്ള സാഹചര്യവും കണക്കിലെടുത്താണ് റിസർവ് ബാങ്ക് പലിശ നിരക്കിൽ കുറവു വരുത്തിയത്.

അതേപോലെ തന്നെ വ്യവസായിക മേഖലയിലേയും വായ്പാവളർച്ചയിലെ മുരടിപ്പും പലിശ നിരക്കു സംബന്ധിച്ച ഒരു പുനരവലോകനത്തിനു റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചുവെന്നു പറയുന്നതിൽ തെറ്റില്ല.

ചില കാര്യങ്ങൾ പറയാതെ പറഞ്ഞ്

2014 ജനുവരിയിലെ എട്ടു ശതമാനത്തിൽനിന്ന് മൂന്നര വർഷംകൊണ്ട് റീപോ നിരക്ക് ആറു ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നു. അതായത് രണ്ടു ശതമാനം കുറവ്. പക്ഷേ ഇതൊന്നും സാന്പത്തിക വളർച്ചയ്ക്കോ വ്യവസായമേഖലയുടെ വളർച്ചയ്ക്കോ നിക്ഷേപ വളർച്ചയ്ക്കോ വഴി വച്ചിട്ടില്ല. പലിശ നിരക്കിന്‍റെ പൂർണ ഗുണഫലം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാൻ വാണിജ്യ ബാങ്കുകൾ തയാറാവുകയും ചെയ്തിട്ടില്ല.

പലിശനിരക്ക് കുറയ്ക്കാത്തതുകൊണ്ടാണ് നിക്ഷേപം ഉണ്ടാവാത്തതെന്ന കേന്ദ്രസർക്കാരിന്‍റെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്നതാണ് മൂന്നര വർഷത്തെ റിസർവ് ബാങ്കിന്‍റെ നടപടികൾ. അക്കാര്യം പല പ്രാവശ്യം ഗവണ്‍മെന്‍റിനോട് നേരിട്ടും അല്ലാതെയും പറഞ്ഞിട്ടുമുണ്ട്.

വായ്പാ വളർച്ചയും നിക്ഷേപവും വർധിപ്പിക്കുവാൻ പലിശ നിരക്കിനേക്കാൾ ഗവണ്‍മെന്‍റ് നടപടികൾ എടുക്കുകയാണ് വേണ്ടതെന്ന് മുൻ ഗവർണർ രഘുറാം രാജൻ ഓരോ പണനയ പ്രഖ്യാപനത്തിലും പറഞ്ഞുവരികയായിരുന്നു. നയപലിശ നിരക്കുകൾ കുറയ്ക്കാതെ തന്നെ വാണിജ്യ ബാങ്കുകൾക്കു പലിശ നിരക്കു താഴ്ത്താനുള്ള ഇടമുണ്ടെന്നും രാജൻ പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രഘുറാം രാജന്‍റെ നിർദ്ദേശങ്ങൾ ഇഷ്ടപ്പെടാത്ത ഗവണ്‍മെന്‍റ് പണനയകമ്മിറ്റിയെ നിയോഗിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തില്ല.
ഉർജിത് പട്ടേൽ പുതിയ ഗവർണറായി വന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ഗവണ്‍മെന്‍റ് പ്രതീക്ഷിച്ചിരുന്നത്. പലിശ നിരക്കു കുറയ്ക്കണമെന്ന സമ്മർദ്ദം ഗവണ്‍മെന്‍റ ് എപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ പണനയകമ്മിറ്റി (എംപിസി) നിലവിൽവന്നശേഷമുള്ള ആദ്യയോഗം അടിസ്ഥാനപലിശ കാൽശതമാനം കുറച്ചിരുന്നു. പിന്നീടു നാലുതവണ എംപിസി കൂടി. പലിശ കുറച്ചില്ല. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് രണ്ടിന് കമ്മിറ്റി കാൽ ശതമാനം നിരക്ക് കുറച്ചു. ഇതോടെ റീപോ ആറര വർഷത്തെ ഏറ്റവും താണ നിരക്കിലായി.

പലിശയല്ല കാരണം

പലിശ കുറച്ചാൽ വായ്പയെടുക്കലും മൂലധന നിക്ഷേപവും വ്യവസായ വളർച്ചയും കൂടുമെന്നാണു ഗവണ്‍മെൻറിന്‍റെ വാദം.


നിക്ഷേപം കൂടാത്തതും ഇനിയും കൂടാതിരിക്കുന്നതും വേറേ കാരണംകൊണ്ടാണെന്നു റിസർവ് ബാങ്കും അതിന്‍റെ ഗവർണറും ചൂണ്ടിക്കാട്ടി. ബാങ്കുകൾ കിട്ടാക്കടംകൊണ്ടും കന്പനികൾ കടഭാരംകൊണ്ടും വലയുന്നു. ഇതാണ് ബാങ്ക് വായ്പയും നിക്ഷേപവും കൂടാത്തതിനു കാരണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി രൂപീകരണം ആ മേഖലയും അനുബന്ധ മേഖലകളും മാന്ദ്യത്തിലാക്കും. ചില സംസ്ഥാനങ്ങൾ കാർഷികകടം എഴുതിത്തള്ളുന്നത് കമ്മിയും ഗവണ്‍മെൻറിൻറെ കടമെടുപ്പും കൂട്ടും. സർവോപരി വ്യവസായമേഖലയിലെ ആത്മവിശ്വാസം കുറവുമാണ്. കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു.
സ്വകാര്യമൂലധനനിക്ഷേപം കൂട്ടിയും അടിസ്ഥാനമേഖലകളിൽ തടസങ്ങൾ നീക്കിയും മാത്രമേ വളർച്ച കൂട്ടാനാവൂ എന്നും ബാങ്ക് പറയുന്നു.

കിട്ടാക്കടം പ്രശ്നം

കിട്ടാക്കടങ്ങളിൽനിന്നു ബാങ്കുകളെ രക്ഷിക്കുക, കടഭാരംമൂലം തകർച്ചയിലായ അടിസ്ഥാനമേഖലാ വ്യവസായങ്ങൾ പുനരുജ്ജീവിപ്പിക്കുക, ഇവ രണ്ടുമാണ് വളർച്ച കൂടാൻ വേണ്ടത്. അതു ചെയ്യേണ്ടത് ഗവണ്‍മെൻറ് ആണ്. ഈ പണനയത്തിലും റിസർവ് ബാങ്ക് അതു വ്യക്തമാക്കി.

നല്ല കാലവർഷവും വലിയ കോലാഹലമില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമാണ് അനുകൂല ഘടകങ്ങളായി ബാങ്ക് കാണുന്നത്.

വിലത്താഴ്ച ഉറപ്പില്ല

വിലക്കയറ്റ നിരക്ക് കുറവാണ്. പക്ഷേ അത് ഭക്ഷണം, ഇന്ധനം എന്നിവയിലെ ഇടിവും കഴിഞ്ഞവർഷത്തെ ഉയർന്ന നിരക്കും മൂലമാണ്. അവയല്ലാത്ത വിഭാഗങ്ങളിൽ മൂന്നു മാസമായി കാണുന്ന കുറവ് തുടരണമെന്നില്ല എന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. ഓഗസ്റ്റ് മുതൽ വിലകൾ കൂടാൻ സാധ്യതയുണ്ട്.

പണനയ കമ്മിറ്റിയിൽ നാലുപേർ നിരക്ക് കാൽശതമാനം കുറയ്ക്കുന്നതിനെ അനുകൂലിച്ചു. ഒരാൾ അരശതമാനം കുറയ്ക്കണമെന്നു വാദിച്ചു. ഒരാൾ മാറ്റം വേണ്ടെന്നും.

ചട്ടുകമല്ല

പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന വാദത്തോടു പണനയ കമ്മിറ്റിക്കും യോജിപ്പില്ലാത്തത് ഗവർണർ ഡോ.ഉർജിത് പട്ടേലിനു സഹായകമായി. എംപിസി ഒരു വർഷം പൂർത്തിയാക്കുകയാണ്. ആറു തവണ പണനയ അവലോകനം നടത്തി. ഒരിക്കൽപോലും ഗവർണർ ന്യൂനപക്ഷത്തായില്ല, കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടിയും വന്നില്ല. ധനമന്ത്രാലയത്തിന്‍റെ ചട്ടുകമായല്ലാതെ പ്രവർത്തിക്കുമെന്നു പണനയ കാര്യത്തിൽ പട്ടേലിനും എംപിസിക്കും തെളിയിക്കാനായി.

ഡോ. ഉർജിത് പട്ടേലിന് അതൃപ്തി

നയ പലിശ നിരക്കുകൾ കുറയ്ക്കുന്പോഴും അത് പൂർണമായി ഉപഭോക്താക്കൾക്കു നൽകാത്തതിൽ റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ തന്‍റെ മുൻഗാമികളെപ്പോലെതന്നെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
നയ പലിശ നിരക്കുകൾ കുറച്ചില്ലെങ്കിൽപ്പോലും വായ്പാ പലിശയിൽ ഇളവു വരുത്തുവാൻ ബാങ്കുകൾക്കു കഴിയുമെന്ന് ഉർജിത് പട്ടേലും ഇതിനു മുന്പുണ്ടായിരുന്ന ഗവർണമാരും പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ബാങ്കുകൾ വായ്പാ പലിശ നിശ്ചയിക്കുന്ന രീതി പുനപ്പരിശോധിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. അതനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് സെപ്റ്റംബർ 24-ന് നൽകണം.
ബാങ്കുകൾ ഇപ്പോൾ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് പ്രഖ്യാപിച്ച് അതിലാണ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്. അടുത്ത പണനയം ഒക്ടോബർ നാലിനാണ് പ്രഖ്യാപിക്കുന്നത്.