ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ ചെലവിലുള്ള വർധനവും പരുഷാഹാരത്തിന്‍റെ ലഭ്യതക്കുറവും കേരളത്തിലെ പാൽ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു.

ഗുണമേ·യുള്ള കാലിത്തീറ്റ ഉത്പാദനം നടത്തുകവഴി ക്ഷീരോത്പാദനം മെച്ചപ്പെടുത്താനും കന്നുകാലികളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സാധിക്കുന്നു. പാലുത്പാദനത്തിൽ 75 ശതമാനവും തീറ്റച്ചെലവാണ് . ഇതു കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാർഗം മെച്ചപ്പെട്ട പരുഷാഹാരം കൂടുതൽ നൽകുക എന്നതാണ്. പരുഷാഹാരമായ പച്ചപ്പുല്ല്, പയർവിളകൾ, വൃക്ഷഇലകൾ എന്നിവ വേണ്ടവിധം നൽകിയാൽ പിണ്ണാ ക്ക്, കാലിത്തീറ്റ എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കാം. മഴക്കാലത്ത് തീറ്റപ്പുല്ല് വളരെയധികം ലഭ്യമാണ്. വേനൽക്കാലത്ത് ഇവയുടെ ലഭ്യതക്കുറവുമൂലം പാലിന്‍റെ ഉത്പാദനം വളരെ കുറയുന്നു. കാലിത്തീറ്റയ്ക്ക് അനുയോജ്യമായ വൃക്ഷവിളകൾ നട്ടുവളർത്തുക വഴി വേനൽക്കാലത്ത് അവയുടെ ഇലവെട്ടിയെടുത്ത് കാലികൾക്ക് നൽകാനാകും. കൂടാതെ നല്ലയിനം തീറ്റപ്പുല്ലിൽ ഉള്ളതിനേക്കാൾ ഇരട്ടിയോളം മാംസ്യവും അമിനോ അമ്ലങ്ങളും ജീവകങ്ങളും, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ത·ൂലം കൂടുതൽ പാലുത്പാദനത്തിനു പുറമേ കാലികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ഇവ ഏറെ സഹായകമായിത്തീരുന്നു. അതോടൊപ്പം തന്നെ മാംസ്യപ്രാധാന്യമുള്ള ഇലകൾ നൽകുക വഴി കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ ചെലവ് 50 ശതമാനം വരെ കുറയ്ക്കാനും കൂടുതൽ ലാഭകരമായി പാലുത്പാദിപ്പിക്കാനും സാധിക്കും.

നാട്ടിൻപുറങ്ങളിൽ അനായാസേന നട്ടുവളർത്താൻ സാധിക്കുന്ന ധാരാളം കാലിത്തീറ്റ വൃക്ഷങ്ങളുണ്ട്. മൾബറി ഇതിനൊരുദാഹരണമാണ്. പട്ടുനൂൽപ്പുഴുവിന്‍റെ ആഹാരമായ മൾബറി ഇല ഒരു നല്ലകാലിത്തീറ്റ കൂടിയാണ്. മൾബറി ഇലയിൽ അസംസ്കൃത മാംസ്യം (15-35 ശതമാനം) കാത്സ്യം, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 4-5 കിലോഗ്രാം വരെ മൾബറി ഇല പശുക്കൾക്ക് നൽകാവുന്നതാണ്. ഇപ്രകാരം മൾബറി കൃഷി ചെയ്യുക വഴി പാലുത്പാദനം വർധിപ്പിക്കാം. കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താം. തുടർച്ചയായ കന്പുവെട്ടൽ അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. വെട്ടിയാൽ ധാരാളം ശിഖരങ്ങൾ പൊട്ടിമുളച്ച് തുടർച്ചയായി വിളവ് തരികയും ചെയ്യും. വരൾച്ച, തണൽ ഇവയൊക്കെ ഒരു പരിധിവരെ അതിജീവിക്കാൻ ശേഷിയുണ്ട്.

കാലിത്തീറ്റ വൃക്ഷങ്ങൾ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാം. ഇങ്ങനെ ചെയ്യുന്പോൾ വൃക്ഷവിളകൾ, വേലിച്ചെടിനിരയായാണ് നിർത്തുന്നത്. ഇതുമൂലം ചെടികൾ തമ്മിലുള്ള മത്സരങ്ങൾ ഒഴിവാക്കാനും വിളവെടുക്കൽ എളുപ്പമാക്കാനും സാധിക്കുന്നു.

തെങ്ങിൻതോപ്പിൽ തീറ്റ വൃക്ഷങ്ങൾ വേലിച്ചെടിനിരയായി കൃഷിചെയ്യുന്പോൾ ചെടികളുടെ സാന്ദ്രത, വെട്ടുന്നതിന്‍റെ ആവൃത്തി എന്നിവയെല്ലാം തന്നെ അവയുടെ വിളവിനെയും കാലിത്തീറ്റ ഉത്പാദനത്തിനെയും ചെടികളുടെ നിലനിൽപ്പിനെയും കാര്യമായി സ്വാധീ നിക്കുന്നു.

മഴക്കാലം അനുയോജ്യം

മഴക്കാലമാണ് കൃഷിക്ക് അനുയോജ്യം. അത്യുത്പാദനശേഷിയുള്ള സങ്കരയിനം മൾബറിയായ വി വണ്‍ ഇനം ഇന്ന് കേരളത്തിൽ വളരെയധികം പ്രചാരം നേിയിട്ടുണ്ട്. കന്പാണ് നടീൽ വസ്തു. 6-10 മാസം മൂപ്പുള്ള, തവിട്ടുനിറത്തോടുകൂടിയ കന്പുകൾ 18-20 സെന്‍റീ മീറ്റർ നീളത്തിൽ മുറിച്ചു നടാം. തവാരണയിൽ കന്പുകൾ നാട്ടി വേരുപിടിപ്പിച്ചശേഷം നടാവുന്നതാണ്. അതുമല്ലെങ്കിൽ ഈ കന്പുകളെ പോളിബാഗിലേക്ക് മാറ്റി നടാവുന്നതാണ്.


കാലവർഷത്തോടുകൂടി തൈകൾ മാറ്റി നടാം. തെങ്ങിൻ തടങ്ങളുടെ രണ്ടുമീറ്റർ ചുറ്റളവ് ഒഴിവാക്കിവേണം വൃക്ഷത്തൈകൾ നടാൻ. നടുന്നതിനു മുന്പ,് മണ്ണ് നന്നായി ഉഴുത് കളകൾ നീക്കം ചെയ്യണം. വരികൾ തമ്മിലും വരികളിലെ ചെടികൾ തമ്മിലും 45ഃ45 സെന്‍റീമീറ്റർ അകലത്തിൽ കന്പുകൾ നാട്ടാം. നടുന്നതിനു മുന്പായി കുഴിയൊന്നിന് ഒരു കിലോഗ്രാം ജൈവവളം ഇട്ടശേഷം തൈകൾ വച്ച് മണ്ണിട്ട് വളങ്ങൾ നൽകണം. മൾബറി പോലുള്ള നൈട്രജൻ ആഗീരണ ശേഷി ഇല്ലാത്ത വൃക്ഷങ്ങൾക്ക് 600 കിലോഗ്രാം വീതം യൂറിയയും മസൂറിഫോസും 200 കിലോഗ്രാം പൊട്ടാഷും പ്രതിവർഷം ഹെക്ടറൊന്നിന് അഞ്ചു തവണകളായി നൽകേണ്ടതാണ്.

മരങ്ങൾ നട്ട് ആറുമാസം കഴിഞ്ഞ് ആദ്യവിളവെടുപ്പ് നടത്താം. എന്നാൽ ഒന്പതു മാസം മുതൽ ഒരു വർഷം വരെ ആദ്യ വിളവെടുപ്പ് ദീർഘിപ്പിച്ചാൽ ചെടികൾക്ക് ശക്തമായ വേരുപടലം ഉണ്ടാവുകയും കൂടുതൽ ആരോഗ്യത്തോടെ ദീർഘകാലം നിലനിൽക്കുകയും ചെയ്യും. വിളവെടുപ്പ് സമയത്ത് ചുവട്ടിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ മുറിച്ചു നൽകാം. മുറിച്ച ശിഖരത്തിൽ നിന്നും ധാരാളം ചിനപ്പുകൾ പൊട്ടി മുളയ്ക്കും. തുടർന്ന് രണ്ടുമൂന്നു മാസം കൂടുന്പോൾ വിളവെടുക്കാവുന്നതാണ്. ഇക്കാലയളവിൽ ഉണ്ടാകുന്ന ശിഖരങ്ങളിൽ ഇലയുടെ അളവ് കൂടുതലായിരിക്കും. തണ്ടുകൾ മൃദുലമായതിനാൽ അൽപം പോലും നഷ്ടപ്പെടുത്താതെ പശുക്കൾക്ക് തിന്നാനാകും. മാത്രവുമല്ല, കൂടുതൽ പോഷകസന്പന്നവുമായിരിക്കും.കേരളത്തിൽ അധികം പ്രചാരം നേടിയിട്ടില്ലാത്ത ഇടകൃഷി രീതി, ക്ഷീരോത്പാദന മേഖല നേരിടുന്ന കാലിത്തീറ്റ ദൗർലഭ്യത്തിനുള്ള ഉത്തമ പരിഹാരമാണ്. വേനലിൽ ജലസേചനം നൽകിയില്ലെങ്കിൽ ഉത്പാദനം ഗണ്യമായി കുറയും. ആഴ്ചയിലൊരിക്കൽ നന കൊടുക്കാൻ ശ്രദ്ധിക്കണം.

കേരളത്തിലധികം പ്രചാരത്തിലില്ലാത്ത ഈ കൃഷിരീതി പാലുത്പാദനത്തിന്‍റെ ഗണ്യമായ വർധനവിന് ഏറെ സഹായകമാണ്. വേനലിൽ കാലിത്തീറ്റയ്ക്കുപയോഗിക്കുന്ന വൃക്ഷത്തിന്‍റെ ശിഖരങ്ങളും ഇലകളും വർഷകാലത്ത് തെങ്ങിന് പുതയിട്ടു കൊടുക്കാൻ ഉപയോഗിക്കുന്നതു വഴി തെങ്ങി ന്‍റെ വളർച്ച ദ്രുതഗതിയിലാവുകയും ചെയ്യുന്നു. കൂടാതെ നാളികേരത്തിന് വിലയിടിവ് സംഭവിക്കുന്ന സന്ദർഭത്തിൽ കർഷകരെ താങ്ങി നിർത്താൻ ക്ഷീരോത്പാദനത്തിൽ നിന്നുള്ള അധിക വരുമാനം സഹായിക്കും. ഇപ്രകാരം കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ ഇടവിളകളായി കാലിത്തീറ്റ വൃക്ഷങ്ങൾ നടുന്നതുവഴി കുറഞ്ഞ സ്ഥലത്തു നിന്നും ഉത്പാദനം വർധിപ്പിച്ച്, സാന്ദ്രീകൃത തീറ്റയുടെ അളവ് ഗണ്യമായി കുറച്ച്, തീറ്റച്ചെലവ് ചുരുക്കി, ക്ഷീരോത്പാദനത്തെ മുന്നോട്ടു നയിക്കാൻ കർഷകർക്ക് സാധിക്കും. ഈ നൂതന കൃഷിരീതി കേരള കർഷകർക്ക് ഒട്ടനവധി തൊഴിൽ അവസരങ്ങളും പ്രതീക്ഷകളുമാണ് പ്രദാനം ചെയ്യുന്നത്.

രേഷ്മ എം. രാജ്
ഡോ. ആശ കെ. രാജ്

കോളജ് ഓഫ് ഫോറസ്ട്രി, കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ