ഇന്ത്യൻ വാഹനപ്രേമികളുടെ ബജറ്റിനിണങ്ങുന്ന വാഹനങ്ങൾ നല്കാൻ മത്സരിക്കുന്ന കന്പനിയാണ് ഹ്യുണ്ടായ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കന്പനിയായി മാറാനും ഹ്യുണ്ടായിക്കു കഴിഞ്ഞു. സെഡാൻ വിഭാഗത്തിൽ അടുത്തിടെ ഹ്യുണ്ടായ് അവതരിപ്പിച്ച അഞ്ചാം തലമുറ വെർണ അടിമുടി മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മറ്റു വാഹനങ്ങൾക്കൊന്നും ഇല്ലാത്ത നിരവധി പ്രത്യേകതകളും വെർണയിൽ ഹ്യുണ്ടായ് കരുതിയിട്ടുണ്ട്.
പുതിയ രൂപകല്പന
ഉള്ളിലും പുറത്തും നിരവധി പ്രത്യേകതകൾ. ആദ്യതലമുറയിൽനിന്നു മാറി അഞ്ചാം തലമുറയിൽലെത്തുന്പോൾ പരിചയമുള്ള മുഖമാണെങ്കിലും പുതുമ നല്കാൻ കന്പനിക്കു കഴിഞ്ഞിട്ടുണ്ട്. ഡേ ടൈം റണ്ണിംഗ് എൽഇഡിയുള്ള പ്രൊജക്ടർ ഹെഡ് ലാന്പുകൾ, പ്രൊജക്ടർ ഫോഗ് ലാന്പുകൾ, വലുപ്പമേറിയ പുതിയ ഗ്രില്ല്, എലാൻട്രയെ അനുസ്മരിപ്പിക്കുമെന്നോണം വിൻഡോകളുടെ താഴെക്കൂടിയുള്ള ഷോൾഡർ ലൈൻ തുടങ്ങിയവ പ്രത്യേകതയാണ്. എലാൻട്രയുടെ കെ2 പ്ലാറ്റ്ഫോമിൽ തന്നെയാണ് വെർണയുടെയും പിറവി. മൂന്നു യൂണിറ്റ് ഡിസൈനുള്ള ടെയ്ൽ ലാന്പിൽ അർധവൃത്താകൃതിയിലുള്ള എൽഇഡികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വലുപ്പം കൂടി
നീളം 65 എംഎം ഉയർത്തി 4,440 എംഎമ്മും, വീതി 29 എംഎം ഉയർത്തി 1,729 എംഎമ്മും വീൽബേസ് 30 എംഎം ഉയർത്തി 2,600 എംഎമ്മും ആക്കിയിട്ടുണ്ട്. റൂഫിന്റെ ഉയരം 1,475ൽനിന്ന് മാറ്റിയിട്ടില്ല.
ആഢ്യത്വമാർന്ന അകം കാഴ്ച
ഹ്യുണ്ടായിയുടെ പുതിയ വാഹനങ്ങളിൽ കാണാറുള്ള തരം ഡിസൈനാണ് വെർണയിലുമുള്ളത്. വെർണയുടെ പഴയ മോഡലുകളുമായി താരതമ്യപ്പെടുത്തിയാൽ പുതിയ ഡിസൈനിംഗ് വളരെ മികച്ചത്. ഏഴ് ഇഞ്ച് ടച്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം മാന്വൽ കീകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എയർകൂൾഡ് സീറ്റുകൾ
ഈ വിഭാഗത്തിൽ ആദ്യമായി എത്തുന്ന ഫീച്ചറാണിത്. തണുത്ത വായു സീറ്റിനുള്ളിലേക്കു കടക്കുന്നതിനാൽ ദീർഘദൂര യാത്രകൾ ആസ്വാദ്യകരമാകും. കൂടാതെ, പിന്നിൽ എസി വെന്റുകളും യുഎസ്ബി ചാർജർ പോർട്ടും.
ഇനിയുമുണ്ട് പുതുമകൾ
റൂഫിൽ തുറക്കാവുന്ന ഇലക്ട്രിക് സണ് റൂഫ്, ഹാൻഡ്സ്-ഫ്രീ ഡിക്കി (വാഹനത്തിന്റെ താക്കോൽ പോക്കറ്റിലിട്ട് ഡിക്കി സമീപത്ത് മൂന്ന് അടി പരിധിക്കുള്ളിൽ നിന്നാൽ ഡിക്കി തനിയെ തുറക്കും).
മികച്ച സാങ്കേതികവിദ്യയും സുരക്ഷയും
ടോപ് എൻഡ് മോഡലുകൾക്ക് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർ ലിങ്ക് എന്നീ നാവിഗേഷൻ സംവിധാനം സ്മാർട്ട്ഫോണ് കണക്ട് ചെയ്ത് ഉപയോഗിക്കാം. ടോപ് എൻഡ് വേരിയന്റുകളിൽ ആറ് എയർബാഗുകൾ. മറ്റു മോഡലുകളിൽ എബിഎസിനൊപ്പം രണ്ട് എയർബാഗുകൾ. ഒപ്പം ഇബിഡി, ട്രാക്ഷൻ കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ എന്നിവയുമുണ്ട്.
വീണ്ടും ഞെട്ടിക്കുന്ന ഹ്യുണ്ടായ് ഓട്ടോ ലിങ്ക്
കാറുമായി ഹ്യുണ്ടായിയുടെ ഹൈദരാബാദ് ആർ ആൻഡ് ഡി സെന്റർ വികസിപ്പിച്ച ഹ്യുണ്ടായ് ഓട്ടോ ലിങ്ക് ആപ് കണക്ട് ചെയ്താൽ വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും ലഭിക്കും. എൻജിൻ സ്പീഡ്, എൻജിൻ ലോഡ്, ബ്രേക്കിംഗ് സ്വഭാവം തുടങ്ങിയവയ്ക്കൊപ്പം സർവീസ് ബുക്കിംഗ്, ഡ്രൈവിംഗ് ഹിസ്റ്ററി, അവസാന പാർക്കിംഗ് സ്ഥലം തുടങ്ങിയവയൊക്കെ ആപ് ലഭ്യമാക്കും.
കരുത്തുറ്റ എൻജിൻ
1.6 ലിറ്ററിലുള്ള ഡീസൽ, പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് വെർണയ്ക്കുള്ളത്. വിടിവിടി പെട്രോൾ എൻജിൻ 123 പിഎസ് പവറിൽ 151 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ സിആർഡിഐ ഡീസൽ എൻജിൻ 128 പിഎസ് പവറിൽ 260 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. രണ്ട് എൻജിനുകൾക്കും 6 സ്പീഡ് യൂണിറ്റാണ്.
ഓട്ടോസ്പോട്ട് / ഐബി