രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
Tuesday, September 5, 2017 2:53 AM IST
ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാണ് ഒൗഷധഗുണമുള്ള രക്തശാലി ഇനം നെല്ല് കൃഷി ചെയ്തത്. ഒരേക്കറിൽ ഉഴുന്നും അത്രതന്നെ സ്ഥലത്ത് മൂന്നുവർഷമായി മൾബറി കൃഷിയും ചെയ്യുന്നു. കൃഷിയിടത്തിനു സമീപം സജ്ജമാക്കിയ വീട്ടിൽ കൂണ്‍കൃഷിയും സൗജന്യകൂണ്‍കൃഷി പരിശീലനവും നടത്തുന്നു. പച്ചക്കറികൃഷിയിലും സുരേഷ് പിറകോട്ടല്ല. മത്സ്യം വളർത്തി ഒരു ടണ്‍ വിറ്റു.

രക്തശാലി നെൽകൃഷി

മൂവായിരം വർഷങ്ങൾക്കു മുന്പ് കൃഷിചെയ്തിരുന്ന രക്തശാലി നെല്ലിനെപ്പറ്റി പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ആയൂർവേദ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. വാത,പിത്ത, കഫ ദോഷങ്ങളെ ശമിപ്പിക്കാൻ ഇതിനുള്ള കഴിവ് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. കർക്കിടക കഞ്ഞിക്കൊപ്പം ഉപയോഗിച്ചിരുന്നത് രക്തശാലിയായിരുന്നു. എന്നാൽ ഇത് അന്യംനിന്നപ്പോഴാണ് നവര പകരക്കാരനായതെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. ആമാശയ അർബുദത്തെ പ്രതിരോധിക്കുന്നു, നാഡീവ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നു, പേശീതകരാറുകൾ പരിഹരിക്കുന്നു, ത്വക്ക് രോഗങ്ങളെ അകറ്റുന്നു, അസ്ഥി തേയ്മാനം കുറയ്ക്കുന്നു, ഹൃദ്രോഗത്തെ ചെറുക്കുന്നു തുടങ്ങി നിരവധി ഒൗഷധഗുണങ്ങൾ ഉള്ള നെൽവിത്തിനമാണ് രക്തശാലി. രക്തശാലിയിൽ അടങ്ങിയിട്ടുള്ള സെലിനിയം മയോളനോസിറ്റോൾ, ഐ.പി- ആറ് ഘടകങ്ങളാണ് അർബുദത്തെ ചെറുക്കുന്നത്. ഡിഎൻഎ തകരാറുകൾ വരെ പരിഹരിക്കാൻ കെൽപുള്ള രക്തശാലിയിൽ സെലിനിയം, ഹൈഡ്രേറ്റുകൾ, സോഡിയം, ജീവകങ്ങൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയുടെയെല്ലാം സന്പുഷ്ടതയുണ്ട്.

വയനാട്ടിൽ നിന്നു ലഭിച്ച 35 കിലോ നെൽവിത്തുപയോഗിച്ചാണ് സുരേഷ് രക്തശാലി നെൽകൃഷി ചെയ്തത്. ഒരേക്കറിൽ സാധാരണ നെല്ല് 2500 കിലോ വിളയുന്പോൾ രക്തശാലി 800 കിലോയാണ് ലഭിച്ചത്. എന്നാൽ ഇതിന് കിലോയ്ക്ക് 250 രൂപയാണ് വില. വീട്ടിൽ വിളിച്ച് ബുക്ക് ചെയ്ത് ആളുകൾ അരി വാങ്ങിച്ചതുകാരണം നെൽകൃഷി നഷ്ടമായില്ല. ആവശ്യമുള്ളവർക്ക് കൃഷിക്കു നൽകാൻ നെൽവിത്തും ശേഖരിച്ചു വച്ചിട്ടുണ്ട് സുരേഷ്. നെല്ലിനും വൈക്കോലിനും ചുവപ്പുകളറാണ്. തവിടിന് കടും ചുവപ്പും.

കർണാടകയിലെ നെല്ലിനമായ സോണാക്രോസ് ഒരേക്കറിൽ കൃഷിചെയ്ത് മൂന്നുടണ്‍ വിളയിച്ചു. 140 ദിവസം മൂപ്പുള്ള ഈ അരി സപ്ലൈക്കോ ഏറ്റെടുക്കില്ല. ചാക്കരിയായ ഇത് പൊടിച്ച് ഇടിയപ്പപ്പൊടിയാക്കി കടകളിൽ കൊടുത്തു. അരിയായും പൊടിയായും ഉപയോഗിക്കാൻ അത്യുത്തമവും അതീവ രുചികരവുമാണിതെന്ന് സുരേഷ് പറയുന്നു.


രക്തശാലി വൈക്കോലിൽ കൂണ്‍

രക്തശാലിയുടെ ഒൗഷധഗുണമുള്ള വൈക്കോൽ കളയാൻ സുരേഷ് തയാറായില്ല. തന്‍റെ കൂണ്‍ കൃഷി ഇതുപയോഗിച്ച് നടത്തി. ഒൗഷധഗുണമുള്ള വൈക്കോലിൽ വളരുന്ന കൂണിനും ഈ ഗുണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് സുരേഷ്.

കൃഷിരീതി

ഏക്കറിന് 35 കിലോ ഞാറ് പാകി ഞാറ്റടി തയാറാക്കി 21-ാം ദിനം പറിച്ചുവയ്ക്കുകയായിരുന്നു. അടിവളമായി ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉഴുതുചേർത്തു. പിന്നീട് പച്ചച്ചാണകം ഉരുളയായും വെള്ളത്തിൽ കലക്കിയും 15 ദിവസത്തിലൊരിക്കൽ നൽകി. വേപ്പെണ്ണ സ്്രപേ ചെയ്ത് കീടങ്ങളെ അകറ്റി. കടലപ്പിണ്ണാക്കും കുതിർത്ത് പാടത്തു തളിച്ചു.

മൾബറി നഴ്സറി

കാലിത്തീറ്റയ്ക്കും പട്ടുനൂൽപുഴു വളർത്തുന്നതിനും ഉപയോഗിക്കുന്ന വി വണ്‍ ഇനത്തിൽപ്പെടുന്ന മൾബറിയുടെ നഴ്സറി മൂന്നുവർഷമായി നടത്തുന്നുണ്ട് സുരേഷ്. ഒരു തൈയ്ക്ക് മൂന്നു രൂപ നിരക്കിലാണ് ഇതുവിൽക്കുന്നത്.

മത്സ്യക്കൃഷി

വീടിനു സമീപത്തുള്ള അടുക്കളക്കുളത്തിൽ അടുക്കളവേസ്റ്റും മൾബറി ഇലകളും ഉപയോഗിച്ച് മത്സ്യകൃഷിയും സുരേഷ് നടത്തുന്നു. റെഡ്ബില്ലി, ഗിഫ്റ്റ് തിലാപ്പിയ, ഗ്രാസ്കാർപ്പ് എന്നിവയൊക്കെയാണ് ഇവിടെ വളർത്തിയത്. മത്സ്യം വാങ്ങാനെത്തുന്നവർക്ക് ചൂണ്ടയിട്ട് പിടിക്കാൻ അവസരമൊരുക്കിയതിനാൽ മീൻ വാങ്ങാൻ വൻതിരക്കായിരുന്നു. ഒരുടണ്‍ മത്സ്യം വിറ്റു.

ഉദുമൽപേട്ടിലെ ഉഴുന്ന്

ഉദുമൽപേട്ടിൽ നിന്നും വാങ്ങിയ നാലു കിലോ ഉഴുന്നാണ് ഒരേക്കറിൽ സുരേഷ് വിതച്ചത്. 90 ദിവസം മൂപ്പുള്ള ഇത് ഏക്കറിൽ 700 കിലോ വിളഞ്ഞു. ചെറുപയർപോലെ കുറ്റിച്ചെടിയാണ് ഉഴുന്നും. മൂത്തുകഴിയുന്പോൾ തനിയെ പൊട്ടി പുറത്തുവരും. കറുത്തതൊലി കളയാൻ കേരളത്തിൽ സംവിധാനമില്ലാത്തതിനാൽ രണ്ടായി പിളർന്ന് പരിപ്പാക്കിയാണ് നൽകിയത്. ഇത് വെള്ളത്തിലിട്ട് തൊലികളഞ്ഞശേഷം ഉപയോഗിക്കാം. കിലോ നൂറുരൂപയ്ക്കാണ് നാടൻ ഉഴുന്നു വിറ്റത്. അടിവളം ഒന്നും നൽകാതെ 19-19-19 ഇലയിൽ സ്പ്രേചെയ്താണ് ഉഴുന്നു വളർത്തിയത്.

ഉഴുന്നും മൾബറിയും രക്തശാലി, സോണാക്രോസ് നെല്ലിനങ്ങളും പച്ചക്കറിയും കൂണും മീനുമെല്ലാം ചേർന്ന് സമ്മിശ്രകൃഷിയുടെ ഉത്തമ മാതൃകയാണ് സുരേഷിന്‍റെ കൃഷിയിടം.

ഫോണ്‍ സുരേഷ് : 99 61 36 06 53

ടോം ജോർജ്
ഫോണ്‍ : 93495 99023.