ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം
ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങളിലും ഇവ സുലഭമായി വളരുന്നു. ഡസേർട്ട് റോസ്, ഇംപാലലില്ലി, കുടുമോക്ക് അസാലി, സബിസ്റ്റർ എന്നീ വിവിധ പേരുകളിൽ ഈ ചെടി അറിയപ്പെടുന്നു. സാധാരണഗതിയിൽ പ ത്തു മുതൽ പതിനഞ്ച് അടിവരെ വളരുന്ന ഈ ചെടി മനോഹരമായി വെട്ടിയൊരുക്കി ചുരുങ്ങിയകാലം കൊണ്ട് ഇവയെ ബോണ്‍ സായി ആക്കി മാറ്റിയെടുക്കാവുന്നതാണ്. തടിച്ചതണ്ടും പ്രത്യേകിച്ച് അടിഭാഗത്ത് മാംസളമായകൊന്പുകളും വിവിധ നിറത്തിലുള്ള പൂക്കളും ഇവയുടെ പ്ര ത്യേകതകളാണ്. ഇൻഡോർ ചെ ടികളായി കുറച്ചു ദിവസം ഇവയെ വെക്കാവുന്നതാണ്. ഇലകൾ അണ്ഡാകൃതിയിൽ വളരുന്നു. രണ്ടു മുതൽ ഏഴിഞ്ചുവരെ ഇലകൾക്ക് നീളം കാണും. അഡീനിയം കുടുംബത്തിൽ ഏകദേശം പന്ത്രണ്ട് അംഗങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ടവ അഞ്ചെണ്ണമാണ്. അവയുടെ പേരുകൾ താഴെ ചേർക്കുന്നു.

1. അഡീനിയം അറബിക്കം
2. അഡീനിയം ബോമിയാനം
3. അഡീനിയം മൾട്ടിഫോറം
4. അഡീനിയം ഒബിസം
5. അഡീനിയം ഓലിഫോലിയം

ഇവയ്ക്കു പുറമെ നിരവധി ഹൈബ്രിഡുകളും വിവിധതരത്തിൽ ഗ്രാഫ്റ്റു ചെയ്ത ചെടികളും ഇന്നു വിപണിയിൽ ലഭ്യമാണ്.

എങ്ങനെ വളർത്താം

1. പോട്ടിംഗ് മിക്സ്ചർ

വേരുകൾക്ക് എളുപ്പത്തിൽ ആ ഴ്ന്നിറങ്ങാനും, വായൂസഞ്ചാരം ലഭിക്കാനും സാധ്യമായതായിരിക്കണം ചട്ടികളിൽ നിറയ്ക്കാനുള്ള മിശ്രിതം. ഈ ലേഖകൻ ഉപയോഗിക്കുന്നതും ഫലം കണ്ടതുമായ പോട്ടിംഗ്മിശ്രിതത്തിന്‍റെ ചേരുവകൾ താഴെ ചേർക്കുന്നു.

ചുവന്ന മണ്ണ്- രണ്ടുഭാഗം
കോക്കോപീറ്റ്- ഒരു ഭാഗം
ആറ്റു മണൽ (തരിയുള്ളത്)- ഒരു ഭാഗം
ഇതിന്‍റെ കൂടെ 12 ഇഞ്ച് ചട്ടിക്ക് 10 ഗ്രാം ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം കൂടി ചേർക്കാവുന്നതാണ്.

ചട്ടികൾ

ചട്ടികളുടെ വ്യാസം ചെടിയുടെ തടിച്ച ഭാഗത്തിന്‍റെ ഇരട്ടിയായിരിക്കണം. വെള്ളം എളുപ്പത്തിൽ വാർന്നുപോകാൻ ചട്ടിയുടെ അടിഭാഗത്ത് രണ്ടോ മൂന്നോ ദ്വാരങ്ങൾ അത്യാവശ്യമാണ്. കള്ളിച്ചെടികളുടെ വർഗത്തിൽ പ്പെട്ടതായതുകൊണ്ട് വെള്ളം കെട്ടി നിന്നാൽ ചെടി എളുപ്പത്തിൽ ചീഞ്ഞുപോകും.

വെള്ളവും വെളിച്ചവും

നല്ല സൂര്യപ്രകാശവും കുറച്ചുവെള്ളവും മതി ഇവ നന്നായി വളരാൻ. സൂര്യപ്രകാശം നേരിട്ട് തണ്ടിൽ അടിച്ചാൽ അവിടെ സൂര്യതാപം ഏൽക്കാനും നിറം മാറാനും ഇടയുള്ളതുകൊണ്ട് ചെറിയ തോ തിൽ ഷേഡ് കൊടുക്കുന്നത് നല്ലതാണ്. ഒരു പ്രാവശ്യം വെള്ളമൊഴിച്ചതിനു ശേഷം പോട്ടിംഗ് മിക്സച്ചർ ഉണങ്ങിയതിനുശേഷം മാത്രമേ അടുത്ത ജലപ്രയോഗം പാടുള്ളൂ.

വളപ്രയോഗം

ഉണക്കിപ്പൊടിച്ച ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ്, അരിച്ചെടുത്ത എല്ലുപൊടി, കോഴിക്കാഷ്ഠം എന്നിവ അഡീനിയത്തിന് പറ്റിയ വളങ്ങളാണ്. രണ്ടോ മൂന്നോ ആഴ്ചകൂടുന്പോൾ ഇവയിൽ ഏതെങ്കിലുമൊന്ന് ചട്ടിയിലെ മണ്ണിൽ കലർത്തി ഇളക്കി വെള്ളമൊഴിച്ചുകൊടുക്കണം.

പാക്യജനകം(നൈട്രജൻ) കുറവുള്ള വളങ്ങളാണ് ഈ ചെടികൾക്ക് പഥ്യം. വളർച്ചയുടെ ആദ്യഘട്ടത്തിൽ എൻപികെ (10-15-15) കൂട്ടുവളം അഞ്ചുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്തുകൊടുക്കണം. പുഷ്പിയ്ക്കാൻ തുടങ്ങിയാൽ 19:19:19 മിശ്രിതം അഞ്ചുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മൂന്നാഴ്ചയിലൊരിക്കൽ മിസ്റ്റ് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പച്ചചാണകം ഒരു കിലോ പതിനഞ്ച് ലിറ്റർ വെള്ളത്തിൽ നല്ലവണ്ണം ലയിപ്പിച്ച് പതിനഞ്ച് ദിവസത്തോളം സൂക്ഷിച്ച് ഒരു ലിറ്റർ പതിനഞ്ചു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.


ശിഖരം കോതൽ

ഓരോ കൊല്ലവും മഞ്ഞുകാലത്തിനു മുന്പായി നീണ്ടുമെലിഞ്ഞു വരുന്ന ശിഖരങ്ങൾ മൂർച്ചയുള്ള ബ്ലേഡുകൊണ്ടോ കത്തികൊണ്ടോ മുറിച്ചുമാറ്റി മുറിപ്പാടിൽ ഫംഗസുകളെ നേരിടാൻ ഇൻഡോഫിൽ പേസ്റ്റ് പുരട്ടിക്കൊടുക്കാം. പ്രൂണിംഗ് നടത്തുന്നത് പുതിയ ശാഖകൾ വളരാനും കൂടുതൽ പുഷ്പങ്ങൾ ഉണ്ടാകാനും സഹായിക്കും.

ചട്ടി മാറ്റിവയ്ക്കൽ

ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരിക്കൽ അല്ലെങ്കിൽ ചട്ടികളിൽ വേരു നിറഞ്ഞ് കഴിയുന്പോൾ ചെടി മാറ്റി നടണം. ചെടികൾ ചട്ടിയിൽ നിന്ന് പറിച്ച് നല്ലവണ്ണം കഴുകി ആവശ്യമില്ലാത്ത വേരുകൾ മുറിച്ച് മാറ്റണം. ചെടി ഏതെങ്കിലും ആന്‍റി ഫംഗൽ ലായനിയിൽ മുക്കി പത്ത് ദിവസത്തോളം വെയിലത്തുവയ്ക്കണം. ചട്ടിയും നല്ലവണ്ണം കഴുകി വൃത്തിയാക്കണം. രണ്ടാമത് നടുന്പോൾ തടിച്ച ഭാഗം ചട്ടിയിലെ മണ്ണിന്‍റെ നിരപ്പിൽ നിന്ന് ഒന്നോ രണ്ടോ ഇഞ്ച് പൊക്കിവെച്ചാൽ തടിച്ചുവരും.

രോഗങ്ങൾ

രോഗങ്ങൾ താരതമ്യേന കുറവാണ് ഈ ചെടിക്ക്. അഫിഡ,് മീലിബഗ്, സ്പൈഡർ മൈറ്റ്സ് പച്ചത്തുള്ളൻ തുടങ്ങിയ അപൂർവ പരാദങ്ങളെ കാണാവുന്നതാണ്. ഇവയെ പെറുക്കിക്കളയുകയോ അല്ലെങ്കിൽ റോജർ-ഇ എന്ന കീടനാശിനി അഞ്ച് മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേചെയ്തോ കൊടുക്കാവുന്നതാണ്.

മറ്റൊരു പ്രധാന രോഗം റൂട്ട് റോട്ട് എന്നതാണ്. ഞെക്കി നോക്കിയാൽ ചീഞ്ഞഭാഗം ഞെങ്ങുന്നത് ശ്രദ്ധയിൽപ്പെടും. ഉടനെതന്നെ അവയെ ചട്ടിയിൽ നിന്ന് മാറ്റി ചീഞ്ഞ ഭാഗം നല്ല മൂർച്ചയുള്ള കത്തികൊണ്ട് ഹൈഡ്രജൻ പെറോക്സെഡിൽ മുക്കി മുറിച്ചുകളയുക. മുറിവായിൽ ഇൻഡോ പേസ്റ്റോ ബാവിസ്റ്റിൻ പേസ്റ്റോ പുരട്ടി വെയിലത്ത് ഒരാഴ്ചയോളം വയ്ക്കുക. അതിനു ശേഷം മാത്രമെ ചട്ടിയിൽ നടാവൂ.

കൊന്പുണക്കം

അപൂർവമായി കൊന്പുകൾ ഉണങ്ങിപ്പോകാം. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉണങ്ങിയ ഭാഗം മുഴുവൻ മുറിച്ചുകളഞ്ഞ് മേൽപറഞ്ഞ പേസ്റ്റുകളിലൊന്നിൽ മുറിവായിൽ പുരട്ടി ചട്ടി വെയിലത്ത് വയ്ക്കുക.

പ്രജനനം

വിത്തുപാകിയും കൊന്പുകൾ മുറിച്ചുനട്ടും, വിവിധ തരത്തിലുള്ള ഗ്രാഫ്റ്റിംഗ് വഴിയായും പ്രജനനം നടത്താവുന്നതാണ്.

വിത്തുകൾ

ചെടികൾ മൂപ്പെത്തുന്പോൾ പൂക്കൾ കൊഴിഞ്ഞു വീണതിന് ശേഷം അവയുടെ സ്ഥാനത്ത് പോത്തിൻ കൊന്പുകൾ പോലെ വിത്തു സഞ്ചികൾ (ടലലറ റീറെ) കാണാം. ഇവ മൂപ്പെത്തുന്പോൾ പൊട്ടി വിത്തുകൾ പുറത്തുവരും. ഓരോ വിത്തിന്‍റെയും രണ്ടറ്റത്തും അപ്പൂപ്പൻതാടിപോലെയുള്ള നാരുകൾ കാണാം.

വിത്തുകൾ പൊട്ടി രക്ഷപ്പെടാതിരിക്കാൻ, മൂപ്പെത്തുന്പോൾ ഈ പ്രാഡുകൾ ഒന്നോ രണ്ടോ ചതഞ്ഞനാരുകൊണ്ട് കെട്ടിയിടുകയോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ബാഗു കൊണ്ട് മുടിക്കെട്ടുകയോ ചെയ്യാം. അല്ലെങ്കിൽ വിത്തുകൾ പൊട്ടി പറന്നുപോകും. വിത്തുകൾ ശേഖരിച്ച് ഒരു പരന്ന ചട്ടിയിൽ ഉണങ്ങിയ ചാണകപ്പൊടിയും ആറ്റു മണലും വിരിച്ച് അവയ്ക്കു മീതെ വിത്തുകൾ പരത്തിയിടുക. അവയ്ക്കുമീതെ നേരിയ കനത്തിൽ മണൽ വിതറുന്നത് നന്നായിരിക്കും. നേരിയ തോതിൽ വെള്ളം സ്പ്രേ ചെയ്തുകൊടുക്കണം രണ്ടുനാലു ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.

ഒരു മാസം കഴിഞ്ഞാൽ ചെറുചെടികൾ, ചെടിയുടെ വലുപ്പമനുസരിച്ചുള്ള ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്. കൊന്പു മുറിച്ചും നടാം. വിവിധതരത്തിലുള്ള ഗ്രാഫ്റ്റിംഗ് പുതിയ തൈകൾ ഉത്പാദിപ്പിക്കാം. ഏതൊരു ഉദ്യാനപ്രേമികൾക്കും ഇഷ്ടപ്പെട്ട ഈ ചെടികളുടെ ശത്രു മഴയും അധിക ജലസേചനവുമാണെന്ന കാര്യം മറക്കാതിരിക്കുക.

ഡോ. പോൾ വാഴപ്പിള്ളി
മുൻ പ്രഫസർ, മെഡിക്കൽ കോളജ്, പരിയാരം

ഡോ. പോൾ
94473 05 004, 0460 2230311.