പോപ്പീസ് ബേബികെയർ പ്രോഡക്ട്സ്
കേരളത്തിൽനിന്നൊരു രാജ്യാന്തര ബ്രാൻഡ്, 2020-ഓടെ മലപ്പുറത്തുനിന്നൊരു ലിസ്റ്റഡ് കന്പനി, രാജ്യമൊട്ടാകെ റീട്ടെയിൽ സ്റ്റോറുകൾ...പോപ്പീസ് ബേബികെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷാജു തോമസ് സ്വപ്നം കാണുകയാണ്. സ്വപ്നങ്ങൾ ചിന്തകളാക്കി മാറ്റുകയാണ്. ചിന്തകൾ പ്രവൃത്തിയിലേക്കും.
തിരുപ്പൂരിലെ തുണി കന്പനികളേക്കുറിച്ചു ഫീച്ചർ തയാറാക്കനെത്തിയ ഷാജു തോമസിന്‍റെ മനസിലേക്ക് തുണി വ്യവസായത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല തുണി വ്യവസായംതന്നെ കുടിയേറി. ബിസിനസുകാരനായ പിതാവിന്‍റെ ഉപദേശവും കൂടിയായപ്പോൾ തന്‍റെ വഴി ബിസനസ് എന്നുതന്നെ ഉറപ്പിച്ചു. വസ്ത്രവ്യാപാരം എന്തുകൊണ്ടും യോജിച്ചതായിരിക്കുമെന്നു കരുതി. അതിൽ സ്വന്തം ബ്രാൻഡ് എന്ന മോഹം ഇതോടെ ഷാജുവിന്‍റെ മനസിൽ ചേക്കേറി.

വസ്ത്രവ്യാപാരത്തെക്കുറിച്ചുള്ള അന്വേഷണത്തിലായി ഷാജു. തിരുപ്പൂരിലും അഹമ്മദാബാദ് ഉൾപ്പെടെയുള്ള വടക്കേന്ത്യയിലേയും പ്രധാനപ്പെട്ട വസ്ത്രനിർമാണ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. അവിടെ പലതരം വസ്ത്രങ്ങൾ നിർമിക്കുന്നതു കണ്ടു. ഈ പഠനയാത്രയ്ക്കിടയിലാണ് ഒരു വസ്തുത ഷാജുവിന്‍റെ മനസിൽ പതിഞ്ഞത്. ചെറിയ കുഞ്ഞുങ്ങൾക്കാവശ്യമായ നല്ല ഗുണമേന്മയുള്ള വസ്ത്രങ്ങൾ വിപണിയിലില്ലെന്ന കാര്യം. ഇതേക്കുറിച്ച് വിപലുമായൊരു പഠനം തന്നെ നടത്തി ഷാജു. മുതിർന്നവർക്കു നിരവധി ബ്രാൻഡുകളിൽ വസ്ത്രങ്ങൾ ലഭ്യമാണെങ്കിലും കുഞ്ഞുങ്ങൾക്ക്, പ്രത്യേകിച്ചു നവജാത ശിശുക്കൾക്ക്, നല്ല നിലവാരത്തിലുള്ള വസ്ത്രങ്ങൾ ഇല്ലെന്നു കണ്ടെത്തി. മാത്രവുമല്ല കുഞ്ഞുടുപ്പുകളുടെ നിർമാണത്തിനു ഒരു ശ്രദ്ധയും നൽകുന്നില്ലെന്നും കണ്ടു. നല്ല അന്തരീക്ഷത്തിലല്ലെന്നു മാത്രമല്ല വൃത്തിഹീനമായ സാഹചര്യത്തിലാണ് കുഞ്ഞുടുപ്പുകൾ പലപ്പോഴും നിർമിക്കുന്നതെന്നു മനസിലായി.

വൃത്തിഹീനമായ അന്തരീക്ഷത്തിലുണ്ടാക്കുന്ന വസ്ത്രങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെത്തന്നെ ബാധിക്കാനിടയുണ്ട്. ഇതിനെ ഒരു ബിസിനസ് അവസരമായി ഷാജു കാണുകയായിരുന്നു. ഗുണമേന്മയുള്ള കുഞ്ഞുടുപ്പുകൾക്കും അനുബന്ധ വസ്തുക്കൾക്കും തീർച്ചയായും ഡിമാണ്ട് ഉണ്ടാകുമെന്നു ഷാജു കണക്കാക്കി. വിലയേറിയാലും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങൾ നൽകുവാൻ മാതാപിതാക്കൾ തയാറാകുമെന്ന സാധാരണ മനശാസ്ത്രംതന്നെ ഷാജുവിന്‍റെ ബിസിനസിന്‍റെ അടിത്തറയായി.

വിപണിയിൽ അന്വേഷണം നടത്തിയതോടെ ഗുണമേന്മയുള്ള കുഞ്ഞുടുപ്പുകളുടെ നിർമാണമാകട്ടെ തന്‍റെ ബിസിനസെന്ന് ഷാജു ഉറപ്പിച്ചു. കാരണം കുഞ്ഞുടുപ്പു വിപണിയിൽ നല്ല ബ്രാൻഡ് ഉത്പന്നങ്ങൾ കണ്ടെത്താനേ കഴിഞ്ഞില്ല!

കുഞ്ഞുങ്ങൾക്കായി എങ്ങനെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമിക്കാം എന്നതായി അടുത്ത അന്വേഷണം. നിരവധി യാത്രകൾ ചെയ്തു. അതിനൊടുവിലാണ് പോപ്പീസ് ബേബികെയർ പ്രോഡക്ട്സ് പിറന്നുവീഴുന്നത്.

2005-ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തിരുവാലിയിൽ പത്തു ജോലിക്കാരുമായി പോപ്പീസ് ആരംഭിച്ചു. ഇന്ന് 1300 ജോലിക്കാരുള്ള സ്ഥാപനമായി അതു വളർന്നിരിക്കുന്നു. പ്രതിമാസം മൂന്നര ലക്ഷം യൂണിറ്റുകളാണ് കന്പനി ഇപ്പോൾ നിർമിക്കുന്നത്. നവജാത ശിശുക്കൾ മുതൽ ആറു വയസു വരെയുള്ള കുട്ടികൾക്കുള്ള ഉടുപ്പുകളുടെ ശ്രേണിയാണ് കന്പനി വിപണിയിൽ എത്തിച്ചിട്ടുള്ളത്. കേരളത്തിലും തിരുപ്പൂരിലും ബംഗളരൂവിലും ഓരോ യൂണിറ്റുകളുണ്ട്. മലപ്പുറത്തെ തിരുവാലിയിൽ ഒരു യൂണിറ്റുകൂടി സ്ഥാപിച്ചുവരികയാണ്.
നവജാതശിശുക്കൾ, ആണ്‍കുട്ടികൾ, പെണ്‍കുട്ടികൾ, ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കന്പനി നിർമിക്കുന്നു. രണ്ട്- എട്ട് വയസ് പ്രായത്തിലുള്ള കുട്ടികൾക്കുള്ള ജൂണിയർ പോപ്പീസ് അടിവസ്ത്രങ്ങൾ, ടി-ഷർട്ടുകൾ, സ്ത്രീകൾക്കുള്ള ലെഗ്ഗിംഗ്സ്, നൈറ്റ് ഡ്രസ് (പോമീസ്), പുരുഷന്മാർക്കുള്ള ടി- ഷർട്ടുകൾ എന്നിവയും കന്പനി ഇപ്പോൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

ഏതാണ്ട് ഇരുന്നൂറിലധികം പാറ്റേണുകളാണ് കുഞ്ഞുങ്ങളുടെ ഈ വസ്ത്ര ശേഖരത്തിൽ പോപ്പീസ് ലഭ്യമാക്കിയിട്ടുള്ളതെന്ന് ഷാജു തോമസ് ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം പാറ്റേണുകൾ കുട്ടികൾക്കായി ലോകത്തിലെ ഒരു ബ്രാൻഡും പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഗുണമേന്മ കരുത്തായി

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കുട്ടികളുടെ വസ്ത്രശ്രേണിയിൽ അറിയപ്പെടുന്ന ബ്രാൻഡായി മാറുവാൻ സാധിച്ചത് അതിന്‍റെ ഗുണമേന്മ ഒന്നുകൊണ്ടു മാത്രമാണെന്നു ഷാജു തോമസ് ചൂണ്ടിക്കാട്ടുന്നു. ഉത്പന്നം നിർമിക്കന്നതിനാവശ്യമായ പഞ്ഞി തെരഞ്ഞെടുക്കുന്നതു മുതൽ ഉത്പന്നം ഉപഭോക്താവിന്‍റെ കൈവശം എത്തുന്നതുവരെ എല്ലാ തലങ്ങളിലും ഗുണമേന്മ നിലനിർത്താൻ തങ്ങൾ ശ്രമിക്കുന്നു. ഒരു കുഞ്ഞിനെ പരിചരിക്കുന്നതുപോലെ അത്ര സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ഉത്പന്നങ്ങൾ നിർമിക്കുന്നത്.’ ഷാജു പറയുന്നു.


പഞ്ഞിയിൽനിന്നു നൂൽ നൂൽക്കുന്നതിനു മുന്പേ പ്രത്യേക പ്രോസസിംഗിനു വിധേയമാക്കുന്നു. വളരെ മൃദുലായ നൂലുകളാണ് കുഞ്ഞുടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ചർമത്തിനു ദോഷമുണ്ടാകാത്ത പ്രകൃതിദത്ത നിറങ്ങളാണ് തുണികൾക്കു നിറംകൊടുക്കുവാൻ ഉപയോഗിക്കുന്നത്.
ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന പഞ്ഞിയാണ് നൂലുണ്ടാക്കാനായി ലഭ്യമാക്കുന്നത്. വളരെ പരിസ്ഥിതി സൗഹൃദമായിട്ടാണ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. മാലിന്യം റീസൈക്കിളിംഗിന് ഉപയോഗിക്കുന്നു. റീസൈക്കിളിംഗ് ഇല്ലാത്ത ഒരു ഉത്പന്നവും കന്പനി നിർമാണത്തിൽ ഉപയോഗിക്കുന്നില്ലെന്നും ഷാജി പറഞ്ഞു. നിറ്റിംഗ്, വീവിംഗ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത് കനേഡിയൻ സാങ്കേതികവിദ്യയും ജാപ്പനീസ് മെഷനറികളുമാണ് ഉപയോഗിക്കുന്നത്.

ടെക്സറ്റൈൽ പ്രഫഷണലും ഫാഷൻ ഡിസൈനർമാരും വിപണി വിദഗ്ധരും സ്കിൻ സ്പെഷലിസ്റ്റും നൈപുണ്യമുള്ള തൊഴിലാളികളും ഉൾപ്പെട്ടതാണ് പോപ്പീസ് ടീം. മികച്ച ഗവേഷണ വിഭാഗമാണ് കന്പനിയുടെ മറ്റൊരു കരുത്ത്. വിവിധ തരത്തിലുള്ള തുണിത്തരങ്ങൾ മുതൽ ഏറ്റവും പുതിയ ട്രെൻഡ് വരെയുള്ള കാര്യങ്ങൾ ഗവേഷണ വിഭാഗം വിശകലനം ചെയ്യുന്നു.

സുഖം, സുരക്ഷിതത്വം, സ്റ്റൈൽ എന്നിവയാണ് പോപ്പീസ് വാഗ്ദാനം ചെയ്യുന്നത്.

ശക്തമായ വിപണന ശൃംഖല

മികച്ച വിപണന ശൃംഖലയാണ് കന്പനിയുടെ മറ്റൊരു കരുത്ത്. കേരളത്തിലെ പ്രമുഖ ടെക്സറ്റൈൽ ഷോപ്പുകളിലെല്ലാം പോപ്പീസ് ലഭ്യമാണ്. കേരളത്തിനു പുറമേ കർണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിൽ ഇപ്പോൾ സ്പ്ലൈ ചെയ്തുവരുന്നു. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വിപണനം വ്യാപിപ്പിച്ചുവരികയാണ്. കുട്ടികളുടെ ഉടുപ്പു വിപണിയിൽ ഈ വർഷം രാജ്യത്തെ ഒന്നാം നന്പർ ബ്രാൻഡാവുകയെന്ന ലക്ഷ്യം.

ഇപ്പോൾ ഒന്പതു രാജ്യങ്ങളിൽ സ്വന്തം ബ്രാൻഡിൽ ഉത്പന്നം വിൽക്കുന്നതിനുള്ള കാർ നൽകിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽ ഇതിനകം ഉത്പന്നം വിൽക്കുന്നു. കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുഎസ്, തായ്ലൻഡ് എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്. ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പുവർഷം ഉത്പന്നം വിൽക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
2018 ഓടെ 40 രാജ്യങ്ങളിൽ പോപ്പീസ് ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. 2020-ഓടെ ലോകമൊട്ടാകെ പോപ്പീസ് ബ്രാൻഡിൽ തന്നെ ഉത്പന്നങ്ങൾ എത്തിക്കുവാൻ ഉദ്ദേശിക്കുന്നതായും ഷാജു പറഞ്ഞു. ഓണ്‍ലൈൻ വഴി പോപ്പീസ് ഉത്പന്നങ്ങൾ ലഭ്യമാണ്. ഇതു കൂടുതൽ വിപുലമാക്കും.

പുതിയ ഉത്പന്നങ്ങൾ

പുരുഷന്മാർക്കുള്ള ലിനൻഷർട്ടുകളാണ് കന്പനി ലക്ഷ്യമിട്ടിരിക്കുന്ന മറ്റൊരു ഉത്പന്നം. ഇപ്പോൾ പ്രതിദിനം 200 ഷർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ ഷർട്ടിനും പ്രത്യേകത ഉണ്ടായിരിക്കും. പെർഫ്യൂംഡ് ഷർട്ടാണ്് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു ഉത്പന്നം.

കുട്ടികൾക്കുള്ള ഡെനിം ഉത്പാദനവും താമസിയാതെ കേരളത്തിൽ തുടങ്ങുനുദ്ദേശിക്കുന്നുണ്ട്. അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബാഗുകളും പാദരക്ഷകളും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കന്പനിയിപ്പോൾ. കുറഞ്ഞ ഭാരമുള്ള ബാക്ക് പാക്കുകൾ പുറത്തിറക്കും. നിലവിൽ ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത ബാക്ക് പാക്കുകളിൽനിന്നു കുട്ടികൾക്കുള്ള മോചനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാക്ക് പാക്കുകൾക്കുൾക്കു ഗാരന്‍റിയുണ്ടാകും. പരാതിയുണ്ടെങ്കിൽ ഈ ഉത്പന്നങ്ങൾ മാറ്റിക്കൊടുക്കും. ഇതിനായി ജില്ലതോറും സർവീസ് സെന്‍ററുകൾ തുറക്കാനും ഉദ്ദേശിക്കുന്നു.

പോപ്പീസ് റീട്ടെയിൽ സ്റ്റോറുകളാണ് കന്പനി ലക്ഷ്യമിട്ടിരിക്കുന്ന മറ്റൊരു പദ്ധതി. മൾട്ടി ബ്രാൻഡ് സ്റ്റോറുകളായിരിക്കും ഇത്. ലോകത്തുനിന്നുള്ള മറ്റു ഉത്പന്നങ്ങളും ഈ സ്റ്റോറുകളിലുണ്ടായിരിക്കും. അടുത്ത ജനുവരിയോടെ പത്തു മൾട്ടി ബ്രാൻഡ് സ്റ്റോറുകൾ തുറക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷാജു തോമസ് അറിയിച്ചു.

2020-ഓടെ കന്നി പബ്ളിക് ഇഷ്യുമായി എത്തുവാനുള്ള സ്വപ്നവും ഷാജു തോമസ് മറച്ചുവച്ചില്ല. അതിനുള്ള കഠിനശ്രമത്തിലാണ് പോപ്പീസ് ടീമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തുനിന്നുള്ള ആദ്യത്തെ ലിസ്റ്റഡ് കന്പനിയാകുമിതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നിലന്പൂർ തുരുത്തേത്ത് ടി ജി തോമസും അന്നമ്മയുമാണ് ഷാജുവിന്‍റെ മാതാപിതാക്കൾ. തിരുവാന്പാടി പുരയിടത്തിൽ ലിന്‍റയാണ് ഷാജുവിന്‍റെ ഭാര്യ. ലിന്‍റയും സംരംഭകയാണ്.ഏബൽ അപ്പാരൽസ് എന്ന പേരിൽ സ്ഥാപനം നടത്തി വരുന്നു. ഏബൽ, അന്ന, എസ്തേർ എന്നിവർ മക്കളാണ്.
Loading...