മലബാറിന്‍റെ ഐടി സ്വപ്നങ്ങൾക്ക് ചിറകു നൽകി യുഎൽ സൈബർ പാർക്ക്
മലബാറിന്‍റെ ഐടി ഹബ്ബാകാൻ ഒരുങ്ങുകയാണ് കോഴിക്കോട്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലുളള യുഎൽ സൈബർ പാർക്കാണ് മലബാറിന്‍റെ ഐടി സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നത്. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഐടി പാർക്കുകളുള്ളത്.

ഒരു നാടിന്‍റെ മാറ്റത്തിന് കാരണമായി....

കോഴിക്കോടു ജില്ലയിലെ നെല്ലിക്കോട് എന്ന ഗ്രാമത്തിലാണ് മലബാറിലെ ആദ്യത്തെ സൈബർ പാർക്ക് ആരംഭിച്ചിരിക്കുന്നത്. അതും കേരളത്തിലെ ആദ്യത്തെ ഐടി അധിഷ്ടിത പ്രത്യേക സാന്പത്തിക മേഖലയിൽ. ആഗോള നിലവാരം പുലർത്തുന്ന പാർക്കിന് ലീഡ് ഗോൾഡ് സ്റ്റാൻഡേർഡ് അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. സൈബർ പാർക്കിന്‍റെ വരവോടെ തൊഴിൽ സൃഷ്ടിക്കപ്പുറം ഒരു പ്രദേശത്തിന്‍റെ സമഗ്രമായ മാറ്റമാണ് സാധ്യമായിരിക്കുന്നതെന്ന് സൈബർ പാർക്കിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ റിട്ട.ലഫ്.കമാൻഡന്‍റ് എസ്. അരുണ്‍ പറയുന്നു. സൈബർ പാർക്ക് വന്നതോടെ ചുറ്റുപാടുകളും വികസിച്ചു. താമസ സൗകര്യങ്ങൾ, പുതിയ ജോലികൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ അങ്ങനെയങ്ങനെ നെല്ലിക്കോട് മാറുകയാണ്.. കോഴിക്കോടും ....
2016 ഫെബ്രുവരിയിൽ അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖർജിയാണ് സൈബർ പാർക്ക് ഉദ്ഘാടനം ചെയ്തത്. സോഫ്റ്റ് വേർ വികസനം ലക്ഷ്യമിട്ടുള്ള ആദ്യത്തെ കെട്ടിടമാണ് നിലവിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. ഗ്രൗണ്ട്, മൂന്ന് ബേസ്മെന്‍റുകൾ, ആറു നിലകൾ എന്നിങ്ങനെ 4.85 ലക്ഷം ചതുരശ്രയടിയിലാണ് ആദ്യത്തെ കെട്ടിടമുള്ളത്.
പതിനഞ്ചുമാസം കൊണ്ട് 270 കോടി രൂപ ചെലവിലാണ് പാർക്കിന്‍റെ ആദ്യ ഘട്ടം പൂർത്തിയായിട്ടുള്ളത്. നിലവിൽ 25 കന്പനികൾ ഇവിടെ പ്രവർത്തുക്കുന്നുണ്ട്. കൊച്ചിയും തിരുവനന്തപുരവും വ്യവസ്ഥാപിതമായ ഐടി കേന്ദ്രങ്ങളാണ്. അതുപോലൊരു കേന്ദ്രമായിട്ടു കോഴിക്കോടിനെയും മാറ്റണം. അതിനു കൂടുതൽ ഐടി കന്പനികൾ വരണം: അരുണ്‍ അഭിപ്രായപ്പെടുന്നു. നാലായിരത്തി അഞ്ഞൂറു പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യമാണ് ആദ്യത്തെ കെട്ടിടത്തിലുള്ളത്.

കോഴിക്കോടിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണം

കോഴിക്കോടിനെ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണം. അതിനായുള്ള ആദ്യത്തെ ചവിട്ടുപടിയാണ് ഈ സൈബർ പാർക്ക്. നിലവിൽ 25 കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതുപോര, മൾട്ടിനാഷണൽ കന്പനികൾ വേണം. കാരണം അവർക്ക് കൂടുതൽ തൊഴിലാളികളുണ്ടാകും. കൂടുതൽ പ്രവർത്തനങ്ങളുണ്ടാകും: അരുണ്‍ പറയുന്നു.
കേരള സർക്കാരും കോഴിക്കോട്ടെ മുതിർന്ന പൗരൻമാരുമൊക്കെ സൈബർ പാർക്കിന് പൂർണ പിന്തുണയുമായി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നു.

കോഴിക്കോടിനെ കേരളത്തിലെ അടുത്ത ഐടി ഡെസ്റ്റിനേഷനാക്കാനാണ് ഞങ്ങൾ ഉദേശിക്കുന്നത്. അതിനാവശ്യമായ ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ കോഴിക്കോടിനുണ്ട്. അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല ആതിഥ്യ മര്യാദ, ഭക്ഷണം, നല്ല ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, ഐഐഎം, എൻഐടി എന്നിങ്ങനെ കോഴിക്കോടിനെ സംബന്ധിച്ച് നിരവധി സവിശേഷതകളാണുള്ളത്. അതുകൊണ്ടു തന്നെ കോഴിക്കോടിനെ എല്ലാവരുടെയും മനസിലേക്ക് എത്തിക്കണം. മൾട്ടി നാഷണൽ കന്പനികൾ കോഴിക്കോടിനെ തേടി വരണം. അതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അരുണ്‍ പറഞ്ഞു.

ബംഗളുരുവിൽ നിന്നും ചെന്നൈയിൽ നിന്നുമൊക്കെ കന്പനികൾ കൊണ്ടു വരാൻ ഉദേശിക്കുന്നുണ്ട്. ബംഗളുരൂവിലും മറ്റും ട്രാഫിക് ബ്ലോക്ക് തുടങ്ങിയ പ്രശ്നങ്ങളുണ്ട്. എന്നാൽ കോഴിക്കോട് അങ്ങനെയൊരു പ്രശ്നം ഉയർന്നു വരുന്നില്ല. കാരണം സൈബർ പാർക്കിനു സമീപം തന്നെ താമസ സൗകര്യങ്ങൾ ഒരുക്കിയട്ടുണ്ട്. നടന്നു വരാനുള്ള ദൂരത്തിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്.


സർക്കാർ തലത്തിലുള്ള നയങ്ങളും വളരെ അനുഗ്രഹ പ്രദമാണ്. പല മൾട്ടി നാഷണൽ കന്പനികളും അതുകൊണ്ടു തന്നെ ഇങ്ങോട്ടു വരാൻ ആഗ്രഹിക്കുന്നുണ്ട്. പല കന്പനികളുടെയും പുതിയ ഓഫീസ് ഇവിടെ തുറപ്പിക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യം.
പൊതുവേ കോഴിക്കോട്ട്് പ്രവർത്തനചെലവു കുറവാണ്. അതേപോല ജീവിതച്ചെലവും കുറവാണ്. ഇതും കോഴിക്കോടിനെ ആകർഷകമാക്കുന്ന കാര്യമാണ്.

ബംഗളുരുവിലും മറ്റും ഒരുപാട് മലയാളികളുണ്ട്. അവർക്ക് തങ്ങളുടെ സ്വന്തം നാട്ടിൽ തൊഴിൽ ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അതുവഴി ഉത്പാദനക്ഷമത വർധിക്കും. കോഴിക്കോടിനെ അപ്കമിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം.

മിഡിൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനികളെ ഇങ്ങോട്ട് എത്തിക്കണം. കന്പനികൾക്ക് പ്രവർത്തിക്കാനാവശ്യമായ വിഭവങ്ങൾ ഇവിടെയുണ്ട്. സ്പെഷ്യൽ ഇക്കണോമിക് സോണിലാണ് സൈബർ പാർക്ക് പ്രവർത്തിക്കുന്നത്. അതിന്‍റെ നേട്ടങ്ങളും കന്പനികൾക്ക് ലഭിക്കും.

ക്യു ബസ്റ്റ് ടെക്നോളജീസ് ലിമിറ്റഡ്, നോർജീം പ്രൈവറ്റ് ലിമിറ്റഡ്, കേരള സ്റ്റാർട്ടപ് മിഷൻ, കെഎസ്ഡിസി തുടങ്ങിയവരാണ് നിലവിൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്നത്.

വെല്ലുവിളികൾ

മോശമായ ആഭ്യന്തര യാത്രസൗകര്യമാണ് ഏറ്റവും വലിയ വെല്ലുവിളി. ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ഇവിടേയ്ക്കുള്ള വിമാന സർവീസുകളുടെ കുറവ് വലിയൊരു ബുദ്ധിമുട്ടാണ്. കാരണം ബംഗളുരുവും ചെന്നൈയുമാണ് ഇന്ത്യയുടെ ഐടി കേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ അവിടെ നി്ന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും അവിടേയ്ക്കുമാണ് ഏറ്റവും കൂടുതൽ യാത്രകൾ നടത്തേണ്ടി വരിക.

കരിപ്പൂർ വിമാനത്താവളം ഉണ്ടെങ്കിലും ദിവസേന ഇവിടേയ്ക്കുള്ള വിമാന സർവീസുകൾ വളരെ കുറവാണ്. ഈ സർവീസുകൾ വർധിപ്പിച്ചെങ്കിലെ കാര്യമുള്ളു. അതുപോലെ തന്നെ തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളുമായുള്ള കണക്ടിവിറ്റിയും വർധിപ്പിക്കണം. ആർക്കും അധികം സമയം വെറുതെ കളയാനില്ല. രാവിലെ വന്നു വൈകിട്ട് തിരിച്ചു പോകത്തക്കവിധത്തിൽ വിമാന സർവീസുകൾ കേരളത്തിനുള്ളിൽ തന്നെ വേണം. ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ് എന്നിവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അരുണ്‍ പറഞ്ഞു.

ഐടി മേഖലയിൽ നിലനിൽക്കാൻ തുടർച്ചയായ പഠനം വേണം

ഇന്ന് ജോലി അന്വേഷിച്ചു നടക്കുക എന്ന രീതിക്കപ്പുറത്ത് കന്പനികൾ ആളുകളെ അന്വേഷിച്ചു പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഐടി മേഖല മാന്ദ്യത്തിലൂടെ നീങ്ങികൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയിൽ വളരെ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയവയൊക്കെയാണ് ഇന്ന് ജോലിയിൽ താരങ്ങൾ.

സാങ്കേതിക വിദ്യ, തൊഴിലിന്‍റെ എണ്ണത്തിൽ കുറവുവരുത്തിയിട്ടുണ്ട്. പക്ഷേ, പുതിയ പുതിയജോലികൾ ഉയർന്നു വരാൻ ഇതു കാരണവുമായിട്ടുണ്ട്. സ്കിൽ ഡെവലപ്മെന്‍റാണ് ആവശ്യം. പുതിയ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുക എന്നുള്ളത് അത്യാവശ്യമാണ്. പുതിയ പുതിയ തൊഴിൽ മേഖലകൾ ധാരാളം തൊഴിലുകൾ കൊണ്ടു വരുന്നുണ്ട്. തുടർച്ചയായ പഠനവും സാങ്കേതിക വിദ്യയിലുള്ള നവീകരണവുമാണ് ആവശ്യം. അതുള്ളവർക്കുമാത്രമേ ഇനി ഐടി മേഖലയിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ.
Loading...