തൊണ്ടിമുതലിലെ യഥാർഥ പോലീസ്
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ എസ്ഐ സാജൻ മാത്യുവായി പ്രേക്ഷകരുടെ കൈയടി നേടിയ സിബി തോമസ് കാസർഗോഡ് ആദൂർ സ്റ്റേഷനിലെ സിഐ ആണ്. കുട്ടിക്കാലം മുതൽ സിനിമ മോഹവുമായി നടന്ന സിബി തോമസ് തെൻറ ആദ്യ സിനിമയിൽ എത്തുന്നതു പോലീസ് വേഷത്തിൽ തന്നെയാണ്. കാക്കിക്കുള്ളിലെ ഈ നടെൻറ വിശേഷങ്ങൾ വായിക്കാം...

നടനാകാൻ കൊതിച്ചു; പോലീസായി

കുട്ടിക്കാലം മുതൽ അഭിനയമോഹമുണ്ടായിരുന്നു. സ്കൂൾ-കോളജ് പഠനകാലത്ത് നാടകം, മിമിക്രി തുടങ്ങി എല്ലാ ഐറ്റത്തിലും ഞാൻ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. അതിനൊക്കെ പ്രചോദനമേകിയത് എെൻറ മാതാപിതാക്കൾ തന്നെയായിരുന്നു. അമ്മ ലീലാ മ്മനന്നായി കവിതയെഴുതുമായിരുന്നു. അച്ഛൻ തോമസ് അക്കാലത്ത് സമീപത്തെ യുവജനങ്ങൾ അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് കഥ തയാറാക്കിക്കൊടുക്കുമായിരുന്നു. ഇതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. പ്രീഡിഗ്രിക്കും ഡിഗ്രിക്കുമൊക്കെ പഠിക്കുന്പോൾ ഞാൻ മൂന്നു തവണ ബെസ്റ്റ് ആക്ടർ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ പഠനത്തോടൊപ്പം സിനിമ എന്ന മോഹവും മനസിൽ മുളപൊട്ടിയിരുന്നു.

സയൻസ് ബിരുദത്തിനുശേഷം അഭിനയം പഠിക്കാനായി ഞാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി. പക്ഷേ ഫൈനൽ പരീക്ഷ എന്നെ നിരാശനാക്കി. ആ മോഹം അങ്ങനെ മനസിൽ സൂക്ഷിച്ച് എസ്ഐ ടെസ്റ്റ് എഴുതി. അങ്ങനെ ഇരുപത്തൊം വയസിൽ പോലീസ് കുപ്പായമണിഞ്ഞു. 2003ൽ ട്രെയിനിംഗ് പൂർത്തിയായി. 2004ൽ എറണാകുളം പാലാരിവം സ്റ്റേഷനിൽ എസ്ഐയായി ചുമതലയേറ്റു.

തൊണ്ടിമുതലും ദൃക്സാക്ഷിയും

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് എന്നെ എത്തിച്ചത് സുഹൃത്ത് അനിലാണ്. എെൻറ സിനിമാമോഹത്തെക്കുറിച്ച് അനിലിന് നന്നായിട്ട് അറിയാം. ദിലീഷ് പോത്തെൻറ കാസ്റ്റിംഗ് കോൾ അദ്ദേഹമാണ് എനിക്ക് മെയിൽ ചെയ്തുതന്നത്. ഞാൻ ബയോഡാറ്റയും ഫോട്ടോയും അയച്ചുകൊടുത്തു. വിളിക്കുമെന്ന് തീരെ പ്രതീക്ഷയില്ലായിരുന്നു.

മെയിൽ അയച്ചതിനുശേഷം ഒരു കേസ് അന്വേഷണത്തിെൻറ ഭാഗമായി എനിക്ക് ഉത്തർപ്രദേശിലേക്ക് പോകേണ്ടിവന്നു. ഒന്പതു ദിവസത്തിനുശേഷം നാട്ടിലെത്തി മെയിൽ ചെക്ക് ചെയ്തപ്പോഴാണ് എെൻറ മൊബൈൽ നന്പർ ചോദിച്ചുകൊണ്ടുള്ള ദിലീഷിെൻറ മെയിൽ കണ്ടത്. മൊബൈൽ നന്പർ കൊടുത്തു.
കാസർഗോഡ് ഹൈവേ കാസിൽ ഹോലിലായിരുന്നു ഒഡീഷൻ. അരമണിക്കൂറിനുള്ളിൽ മൂന്നു നാലു സിറ്റ്വേഷനുകൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. പരാതിക്കാരൻ, പോലീസുകാരൻ, എസ്ഐ... അങ്ങനെ. അന്ന് ദിലീഷ് അവിടെ ഇല്ലായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ദിലീഷ് വന്ന സമയം എന്നോട് ഹോലിലേക്ക് വരാൻ ആവശ്യപ്പെട്ടു. ലീവിനുള്ള ആപ്ലിക്കേഷൻ കൊടുക്കാൻ ദിലീഷ് പറഞ്ഞു. അപ്പോഴും വേഷം ഏതാണെന്ന് പറഞ്ഞിരുന്നില്ല. സെറ്റിലെത്തിയപ്പോഴാണ് എസ്ഐ സാജൻ മാത്യു എന്ന കഥാപാത്രമാണ് എേൻറതെന്ന സർപ്രൈസ് അറിഞ്ഞത്.

ഫഹദിനെ ഇടിച്ച ഒന്നൊന്നര ഇടി

ഫഹദിനെ ഇടിക്കുന്നതായിരുന്നു ആദ്യ സീൻ. അദ്ദേഹത്തെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതുതന്നെ. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന ടെൻഷനും ഉണ്ടായിരുന്നു. ഞാൻ കാലുമടക്കി തൊഴിച്ചു. പക്ഷേ അത് ഒന്നാന്തരം പോലീസ് ഇടിയായിപ്പോയി. ശരിക്ക് ഇടികൊണ്ടു. അദ്ദേഹം കൈവച്ചു തടുത്തു. അദ്ദേഹത്തിെൻറ ഭാവം കണ്ടപ്പോൾ ഞാനാകെ പേടിച്ചുപോയി. അയ്യോ, കൊണ്ടോ, സോറി ഞാൻ പറഞ്ഞു. ഇല്ല കുഴപ്പമില്ല. ഇടിച്ചോ സാറെയെന്നു ഫഹദ് പറഞ്ഞു. പിന്നെ ആ ടെൻഷൻ കുറഞ്ഞു.
സെറ്റിൽ എല്ലാവരും നല്ല സഹകരണമായിരുന്നു. വർക്ക് ഷോപ്പിൽ ഓരോ സീനിെൻറയും റിഹേഴ്സൽ നടത്തുമായരുന്നു. കഥാപാത്രത്തെക്കുറിച്ചുള്ള ഐഡിയ കിട്ടാൻ ഇത് സഹായിച്ചു. പോലീസ് ഓഫീസർ എന്ന പരിഗണന സിനിമാടീം നൽകിയിരുന്നു.


പ്രേക്ഷക പ്രതികരണം

സിനിമ റിലീസ് ആയ ദിവസം ഞാനും വൈഫും, കൂടെ അഭിനയിച്ച കാസർഗോഡുനിന്നുള്ള പോലീസുകാരും കൂടിയാണ് സിനിമ കാണാൻ പോയത്. പുറകിലാണ് ഞങ്ങൾ ഇരുന്നത്. ഇൻറർവെൽ ആയപ്പോൾത്തന്നെ മുന്നിലിരിക്കുന്ന പയ്യ·ാർ തിരിഞ്ഞു നോക്കാൻ തുടങ്ങി. പടം തീർന്നപ്പോൾ എല്ലാവരും പോകട്ടെയെന്നു കരുതി ഞങ്ങൾ അവിടെത്തന്നെയിരുന്നു. അവരും പോയില്ല. അവസാനം ഞങ്ങൾ ഇറങ്ങി. അപ്പോൾ അവർ ചുറ്റും കൂടി. എല്ലാവരും സെൽഫി എടുത്താണ് പിരിഞ്ഞത്.

എബിവിപിയുടെ കളക്ടറേറ്റ് മാർച്ചിനിടെ ഒരു സംഭവം ഉണ്ടായി. ബാരിക്കേഡുകളൊക്കെ പിടിച്ചു കുലുക്കി സമരക്കാർ നിൽക്കുകയാണ്. ഞങ്ങളെല്ലാവരും ഹെൽമറ്റ് വച്ചിട്ടുണ്ട്. കുറേ കഴിഞ്ഞ് സമരം അവസാനിപ്പിച്ച് കുറച്ചു പേർ പിരിഞ്ഞുപോയി. കുറച്ചു പേർ അവിടെത്തന്നെ നിൽക്കുകയാണ്. അടുത്ത സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്നു തോന്നി. ഞാൻ ഹെൽമറ്റ് ഉൗരിയപ്പോൾ അവരെല്ലാം അടുത്തുവന്നു സെൽഫി എടുത്തു. ഒരു സെൽഫിക്കുവേണ്ടിയാണ് അവർ അവിടെത്തന്നെ നിന്നതെന്ന് പിന്നീടാണ് മനസിലായത്.

പോലീസ് സേനയിൽ നിന്നും അഭിനന്ദനം

പോലീസ് സേനയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി. എക്സൈസ് കീഷണർ ഋഷിരാജ് സിംഗിേൻറതായിരുന്നു അതിലൊന്ന്. അദ്ദേഹം സിനിമയെക്കുറിച്ച് മലയാളത്തിൽ എഴുതിയാണ് അയച്ചത്. എന്നെ വിളിച്ച് പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി.
ഐജി മഹിപാൽ യാദവ്, എസ്പിമാരായ തോംസണ്‍ ജോസ്, കെ.ജി സൈമണ്‍, ശ്രീനിവാസ്, ക്രൈംബ്രാഞ്ച് എസ്പി കെ.വി സന്തോഷ് തുടങ്ങി പല സീനിയേഴ്സും വിളിച്ച് അഭിനന്ദിച്ചു.

ജോലിയിൽ നോ കോംപ്രമൈസ്

ജോലിയിൽ താൻ കണിശക്കാരനായ ഉദ്യോഗസ്ഥൻ തന്നെയാണെന്ന് സിബി തോമസ് തറപ്പിച്ചു പറയുന്നു. സിനിമയിൽ വന്നശേഷം പ്രതികളുടെ മനോഭാവത്തിൽ അൽപം മാറ്റം വന്നിട്ടുണ്ടെന്ന് അനുഭവത്തിെൻറ വെളിച്ചത്തിൽ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എത്ര കയർത്തു സംസാരിച്ചാലും അതു നമ്മുടെ ആളല്ലേയെന്ന മനോഭാവം ചില പ്രതികൾ കാണിക്കാറുണ്ട് സിഐയുടെ ഗൗരവത്തോടെ സിബി തോമസ് പറഞ്ഞു.

നാട്ടിൻപുറത്താകുന്പോൾ ജനങ്ങൾക്ക് പേടിയുണ്ടെങ്കിലും പോലീസിനോട് അറ്റാച്ച്മെൻറുണ്ട്. സിനിമ ഇറങ്ങിയതിനുശേഷം പലരും മടിച്ചാണെങ്കിലും അടുത്തുവരും. സെൽഫി എടുക്കും. അഭിനന്ദിക്കും.
പോലീസിെൻറ പണി അത്ര സിംപിളല്ലേ. പാലാരിവട്ടത്ത് ജോലി ചെയ്യുന്പോൾ തമ്മനം ഷാജിയെ ഇടയ്ക്കിടയ്ക്ക് പൊക്കേണ്ടിവരുമായിരുന്നു . ആള് വല്യ ഗുണ്ടയായിരുന്നല്ലോ. പിന്നെ പാനൂർ, ചൊക്ലി, മഞ്ചേശ്വരം, കുന്പള തുടങ്ങി പല സ്ഥലത്തും ജോലി ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ആദൂർ സിഐ ആണ്.

പുതിയ പ്രോജക്ടുകൾ

പുതിയ ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്. പോലീസ് കഥാപാത്രങ്ങൾ ഒഴിവാക്കണമെന്നുണ്ട്. വ്യത്യസ്തനായ ഒരു വില്ലെൻറ വേഷം ചെയ്യണം. അതാണ് ഡ്രീം റോൾ.

കുടുംബവിശേഷങ്ങൾ

കാസർഗോഡ് അറയ്ക്കൽ എ.എം തോമസ് - ലീലാ ദന്പതികളുടെ മകനാണ്. ഭാര്യ എലിസബത്ത് ജേക്കബ്. മക്കളായ ഹെലൻ, കരോളിൻ, എഡ്വിൻ എന്നിവർ വിദ്യാർഥികളാണ്.

സീമ മോഹൻലാൽ