വളരെ കൂടുന്പോൾ വാങ്ങരുത് വളരെ കുറയുന്പോൾ വിൽക്കരുത്
ഓഹരി വിപണി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ ഇപ്പോൾ. രണ്ടു മൂന്നു വർഷംകൊണ്ട് 18,000 പോയിന്‍റിൽനിന്ന് 32,000 ത്തിലേക്ക് സെൻസെക്സ് എത്തിയിരിക്കുന്നു. നിഫ്റ്റി പതിനായിരത്തിനു മുകളിലുമെത്തിയിരിക്കുന്നു.
ഓഹരികളുടെ വില വളരെയധികം ഉയർന്നു നിൽക്കുന്പോഴാണ് പൊതുജനത്തിന്‍റെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നതും പെട്ടെന്ന് ലാഭമുണ്ടാക്കാമെന്നു ചിന്തിച്ചു പണം നിക്ഷേപിക്കുന്നതും. ഈ പ്രവണത നല്ലതല്ല. ചാക്രികമായി നീങ്ങുന്ന വിപണി കൂപ്പുകുത്തി താഴേക്ക് പതിച്ചാൽ ഈ നിക്ഷേപകർക്കെല്ലാം നഷ്ടംവരും. അതു ചിലപ്പോൾ വലിയ പ്രശ്നങ്ങൾ വരുത്തിവച്ചേക്കും.

അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിക്കുന്നതിനു മുൻപ് ഓഹരി വിപണിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. വലിയ കയറ്റം കഴിഞ്ഞ് ഇറങ്ങാനുള്ള സാധ്യത ആർക്കും തള്ളിക്കളയാനാകില്ല. ഇപ്പോൾ നിക്ഷേപിച്ച് കഴിഞ്ഞു വിലയിടിഞ്ഞാൽ നഷ്ടം വരും. അതുകൊണ്ട് എടുത്തുചാടി നീങ്ങാതെ പഠിച്ച് മനസിലാക്കി സാവകാശം ചുവടുവയ്ക്കാം. വിപണിയെ അടുത്തറിയാൻ ശ്രമിക്കാം.

ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് കോടികൾ നേടിയവരുണ്ട്. ധാരാളം പണം നഷ്ടപ്പെട്ടവരും കുറവല്ല. കൈയിലുള്ളതും കിടപ്പാടവും ഭാര്യയുടെ ആഭരണങ്ങളും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവരും കാണാതിരിക്കില്ല. ആലോചിച്ച് പ്രവർത്തിക്കേണ്ട ഒരു മേഖലയാണിത്. നഷ്ടം വന്നാൽ അതു തിരിച്ചുപിടിക്കുക എളുപ്പമാകില്ല. നഷ്ടം വരാതെ നോക്കുകയാണ് ആദ്യം വേണ്ടത്.

ഓഹരിയിലൂടെ അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ധാരാളം പേരുണ്ട്. 2003-ൽ ഇൻഫോസിസിൽ വെറും 20,000 രൂപ നിക്ഷേപിച്ചവർക്ക് 2016 ആയപ്പോഴേക്കും കോടികൾ തിരികെ ലഭിച്ചിട്ടുണ്ട്. അഞ്ചാറുവർഷം മുൻപ് കിറ്റെക്സിന്‍റെ വില രണ്ടു രൂപയായിരുന്നു. അന്ന് ഒരു ലക്ഷം രൂപ മുടക്കി 50,000 ഷെയറുകൾ വാങ്ങിച്ചു എന്നു കരുതുക. ഷെയറിന്‍റെ വില 446 രൂപയായപ്പോൾ കൊടുത്തിരുന്നെങ്കിൽ രണ്ടുകോടി 23 ലക്ഷം രൂപ ലഭിക്കുമായിരുന്നു. ഇപ്പോൾ കൊടുത്താൽ ഏകദേശം ഒരു കോടി 36 ലക്ഷം കിട്ടും.
ഒരു ലക്ഷം രൂപ ചെറിയ കാലയളവിൽ കോടികളാകുന്ന മാജിക് ഓഹരി വിപണിക്ക് മാത്രം സ്വന്തമാണ്. ഈ രണ്ടു ഉദാഹരണങ്ങളിലും ഓഹരി ഏറ്റവും താഴ്ന്നിരിക്കുന്പോഴാണ് വാങ്ങിയത് എന്നോർക്കണം. വില ഏറ്റവും താഴ്ന്നിരിക്കുന്പോൾ വാങ്ങുവാനും ഏറ്റവും ഉയർന്നിരിക്കുന്പോൾ വിൽക്കുവാനും എളുപ്പമല്ല എന്ന വസ്തുത വിസ്മരിക്കുന്നില്ല.
ഓഹരിയിലൂടെ ലാഭം കൊയ്യുന്നതിനുള്ള ചില നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

നല്ല കന്പനികൾ തെരഞ്ഞെടുക്കുക

നല്ല മാനേജ്മെന്‍റ്, ഉയർന്ന പ്രഫഷണലിസം, തുടർച്ചയായ ലാഭം, വളർച്ചാസാധ്യത, ഇക്കാര്യങ്ങളിലെല്ലാം മുൻനിരയിൽ നിൽക്കുന്ന കന്പനികളെ വേണം തെരഞ്ഞെടുക്കുവാൻ. ബിസിനസ് ഇടപാടുകളിൽ സത്യസന്ധത പുലർത്തുന്നവൻ ആയിരിക്കുകയും വേണം. പരസ്പരം പോരടിക്കുന്ന കുടുംബ മാനേജ്മെന്‍റുള്ള, നിയമപ്രശ്നങ്ങളോ കടമോ ഉള്ള കന്പനികളെ തെരഞ്ഞെടുക്കരുത്. നിക്ഷേപയോഗ്യമായ കന്പനികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക.

ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ലുപിൻ, സണ്‍ഫാർമ, ബിപിസിഎൽ, മാരുതി, ഒഎൻജിസി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്‍റ്സ്, ഇൻഫോസിസ്, ടിസിഎസ് ഇങ്ങനെ ഓരോ സെക്ടറിലേയും മുൻനിര കന്പനികൾ പരിഗണനാർഹമാണ്. ഈ തെരഞ്ഞെടുപ്പ് പരമപ്രധാനമാണ്, സമയമെടുത്ത് ചെയ്യേണ്ടതും.

വിലകുറഞ്ഞിരിക്കുന്പോൾ നിക്ഷേപിക്കുക

നല്ല ഓഹരികളുടെ പോർട്ട്ഫോളിയോ (ലിസ്റ്റ്) ഉണ്ടാക്കിയാൽ മാത്രം പോരാ, എപ്പോൾ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുകയും വേണം. എടുത്തുചാടാതെ വില താഴുന്നതിനായി കാത്തിരിക്കുക. വില മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്പോൾ (ബുൾ മാർക്കറ്റിൽ) നിക്ഷേപിക്കരുത്. വില കയറിയിരിക്കുന്പോൾ വാങ്ങുന്നതും താഴെവരുന്പോൾ വിൽക്കുന്നതുമാണ് നഷ്ടം കൊണ്ടുവരുന്ന പ്രധാന ഘടകം. നിക്ഷേപിച്ചിരിക്കുന്ന ഓഹരി നല്ലതാണെങ്കിൽ വില കുറഞ്ഞുവന്നാലും പരിഭ്രമിക്കേണ്ട കാര്യമില്ല. അതു കയറിവരും.
ഈ ബുൾ കയറ്റത്തിന് മുൻപ് 2007-2008 കാലഘട്ടത്തിലാണ് ഓഹരിവില ഏറ്റവും ഉയർന്നത്. അപ്പോഴാണ് ഓഹരി വിപണിയിലേക്ക് ഏറ്റവും അധികം പണം ഒഴുകിയത്. പിന്നീട് വിപണി താഴേക്ക് നീങ്ങിയപ്പോൾ നിക്ഷേപകരുടെ കൈപൊള്ളി. 21,000 വരെ കയറി സെൻസെക്സ് 8400 പോയിന്‍റിലേക്ക് കൂപ്പുകുത്തി. അതൊരു നല്ല നിക്ഷേപാവസരമായിരുന്നു. പിന്നീട് കയറിക്കയറി ഇന്നത്തെ നിലയിലെത്തിയിരിക്കുന്നു.

സെൻസെക്സ് ഇപ്പോൾ 32,000 ത്തിനോട് അടുത്താണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി 9900 പോയിന്‍റിനടുത്തും. ഇതു വളരെ ഉയർന്ന നിലകളാണ്. ഈ നില നിക്ഷേപത്തിന് അനുയോജ്യമായി പലരും കാണുന്നില്ല.

ചില ഫണ്ട് മാനേജർമാർ പറയുന്നത് ഓഹരി സൂചികകളെ നോക്കേണ്ടെന്നാണ്. നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്ന ഓഹരികളെ മാത്രം ശ്രദ്ധിച്ചാൽ മതിയത്രേ.അതിന്‍റെ വളർച്ചാ സാധ്യതകൾ പരിശോധിക്കുക, ഭാവി പഠിക്കുക, മാനേജ്മെന്‍റ് വൈദഗ്ധ്യം മനസിലാക്കുക. ഇതെല്ലാം അനുകൂലമാണെങ്കിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ലത്രേ.
രാജ്യത്ത് തൊഴിലില്ലായ്മ പെരുകാൻ സാധ്യതയുണ്ട്. മണ്‍സൂണ്‍ പ്രതീക്ഷിച്ചത്ര നന്നാകുന്നില്ല. ഒരു കറക്ഷന് സാധ്യത തള്ളിക്കളയാനാവില്ല. ബുൾഫേസ് തുടരാൻ സാധ്യതയുണ്ട്. എന്ന് ചിന്തിക്കുന്നവരുമുണ്ട്. സന്പദ് വ്യവസ്ഥ മെച്ചപ്പെടുകയാണ്. അഴിമതി കുറയുന്നു. ഘടനാപരമായ മാറ്റങ്ങൾ വരുന്നു. ഇതൊക്കെയാണ് അവരുടെ വാദങ്ങൾ. എന്തായാലും കുറച്ച കാത്തിരിക്കാം എന്നാണ് ഈ ലേഖകന്‍റെ അഭിപ്രായം.


കന്പനി മോശമാണെന്ന് കണ്ടാൽ വിറ്റ് മാറുക

മികച്ചതാണെന്ന് കരുതി ഓഹരി വാങ്ങുന്നു. പക്ഷേ ഫലം വന്നപ്പോൾ വളരെ മോശം. മാനേജ്മെന്‍റ് മോശമാണെന്ന് വിദഗ്ധാഭിപ്രായം. പിന്നെ ആ ഓഹരി വച്ചുകൊണ്ടിരിക്കരുത്. അതു കുറച്ച് നഷ്ടം വരുത്തിയിട്ടുണ്ടെങ്കിൽ തന്നെ വിറ്റുമാറുക, നല്ല ഓഹരിയിൽ നിക്ഷേപിക്കുക.

ഓഹരി വിപണിയെ പഠിക്കുക

ഓഹരി വിപണിയെ പഠിക്കുക, അതിനെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ വരുന്ന മാറ്റങ്ങൾ അറിയുക.

ഓഹരി വിപണി അനേകം സംഗതികളെ ആശ്രയിച്ചാണിരിക്കുന്നത്. അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ വിപണികൾ അതിനെ സ്വാധീനിക്കുന്നുണ്ട്. റിസർവ് ബാങ്കുകളുടെ പലിശ നയങ്ങളും (പലിശ കുറച്ചാൽ വിപണി ഉയരും, കൂടിയാൽ താഴും) ഭാരതത്തിലെ രാഷ്ട്രീയാന്തരീക്ഷവും പാർലമെന്‍റ് പാസാക്കുന്ന ബില്ലുകളും നിയമങ്ങളും അതിനെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. കന്പനികളുടെ വാർഷിക റിപ്പോർട്ടും ഫലങ്ങളും വിപണിയിൽ പ്രതിഫലിക്കും. രാജ്യത്തിന്‍റെ സാന്പത്തിക നിലയും വിക്കയറ്റവും ഭരണ സ്ഥിരതയും (ധനസ്ഥിരതയും) അതിനെ സ്വാധീനിക്കാതിരിക്കില്ല. ഇതെല്ലാം സൂക്ഷ്മമായി പഠിച്ച് ശരിയായ തീരുമാനങ്ങളിൽ എത്തേണ്ടിയിരിക്കുന്നു.

ശരിയായ സമയം, ശരിയായ വില

എല്ലാത്തിനും ഒരു സമയമുണ്ട്. വാങ്ങാനും വിൽക്കാനും ശരിയായ വിലകളുമുണ്ട്. വിപണി ഇപ്പോഴത്തെപോലെ കൊടുമുടിയിലെത്തി നിൽക്കുകയാണെങ്കിൽ തെല്ലൊന്ന് കാത്തുനിൽക്കുന്നത് നല്ലതായിരിക്കും. പിഇ (വിപണി വില / ഇപിഎസ്) കൂടിയിരിക്കുന്ന ഇപ്പോൾ ഓഹരികളുടെ വില കൂടുതലായിരിക്കും.

ബുക്ക് വാല്യു (ഓഹരിയുടമകളുടെ ഫണ്ട് / ഓഹരികളുടെ എണ്ണം) ചില പരിതസ്ഥിതികളിൽ ഓഹരിയെ വിലയിരുത്താൻ സഹായിക്കും. പുതിയ കന്പനികളുടെ വിപണി വിലയും ബുക്ക് വാല്യുവും തമ്മിൽ വലിയ വ്യത്യാസം കാണില്ല. ഇത്തരം കന്പനികളുടെ ഓഹരി വില കൂടുതലോ കുറവോ എന്ന് നിശ്ചയിക്കാൻ ബുക്ക് വാല്യു സഹായിക്കാതിരിക്കില്ല. പഴയ കന്പനികളുടെ കാര്യത്തിൽ അതത്ര ആശ്രയിക്കാവുന്നതല്ല. ഈ കന്പനികളുടെ ബുക്ക് വാല്യുവിന്‍റെ മൂന്നോ നാലോ ഇരട്ടി മുകളിൽ വിപണിവില എത്തിയാൽ അതിന്‍റെ വില പൊതുവായി കൂടുതലാണെന്ന് പറയാം.

ഓഹരി വിപണിയിലെ ബുൾ മുന്നേറ്റവും കരടിവലയും (ബുൾ മാർക്കറ്റും ബയർ മാർക്കറ്റും) ചാക്രിക പ്രതിഭാസങ്ങളാണ്. ഇപ്പോഴൊരു ബുൾ മാർക്കറ്റാണ്. കാര്യങ്ങൾ മോശമാകുന്പോൾ കരടികൾ പിടിമുറുക്കും. കാര്യങ്ങൾ മെച്ചമാകുന്പോൾ മാന്ദ്യത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കും. ചുരുക്കിപ്പറഞ്ഞാൽ ഒരു കയറ്റത്തിന് ഒരിറക്കമുണ്ട്. കുതിച്ചുയരുന്പോൾ മിക്ക ഓഹരികളും അതിന്‍റെ മൂല്യത്തിനും മുകളിലായിരിക്കും. വില അപകടകരമാംവിധത്തിൽ.

പബ്ലിക് ഇഷ്യുവിൽ ഓഹരികൾ വാങ്ങാമോ?

പഴയതും പുതിയതുമായ കന്പനികൾക്ക് വിപണിയിൽ ഓഹരികൾ വിറ്റ് പണം സ്വരൂപിക്കാം. പുതിയ കന്പനികൾ ഓഹരി വിൽക്കുന്നതിനെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് ( ഐപിഒ) എന്നു വിളിക്കുന്നു. മൂന്നു നാലു വർഷമായി ലാഭവീതം നൽകിവരുന്ന പുതിയ കന്പനികൾക്കും ഐപിഒ നടത്താം. ഇനീഷ്യൽ പബ്ലിക് ഇഷ്യുവിൽ ഓഹരികൾ വാങ്ങണമോ എന്നുള്ളത് കന്പനിയെ പഠിച്ചതിനുശേഷമേ ആകാവൂ. ആർഭാടമായും വലിയ പത്രസമ്മേളനത്തോടും വാദ്യമേളങ്ങളോടുകൂടി ഐപിഒ നടത്തിയിട്ടുള്ള പല കന്പനികളും പൊട്ടിപ്പോയിട്ടുണ്ട്. മാനേജ്മെന്‍റിനെ പഠിക്കുക, വളർച്ചാ സാധ്യത തിരക്കുക, കന്പനിയുടെ കാര്യക്ഷമതയും ലാഭവും കണക്കിലെടുക്കുക. വേറെ മാർഗമില്ല.

പെനി സ്റ്റോക്കുകൾ വേണ്ട

ചില ചറിയ ഓഹരികളുടെ വില വളരെ കുറവായതുകൊണ്ട് വാങ്ങുന്നവരുണ്ട്. നിസാരവിലയുള്ള സ്റ്റോക്കുകൾ വാങ്ങാതിരിക്കുന്നതാണ് നന്ന്. നല്ല ഇടത്തരം കന്പനികളിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. (പത്തുരൂപ പോലും വിലയില്ലാത്തതുകൊണ്ടു മാത്രം ഓഹരി തെരഞ്ഞെടുക്കേണ്ട എന്നാണ് വിവക്ഷ). വെറും രണ്ട് രൂപ മാത്രം വിലയുണ്ടായിരുന്ന കിറ്റെക്സ് പിന്നീട് 400 രൂപയോളമായി വർധിച്ചു എന്ന കാര്യം വിസ്മരിക്കുന്നില്ല. അതു കന്പനിയുടെ നല്ല മാനേജ്മെന്‍റും സ്ഥിരമായ ലാഭവുമൊക്കെയാണ് യാഥാർഥ്യമാക്കിയത്. അതിനെ ഒരു അപവാദമായി കണ്ടാൽ മതി.

ലാഭമെടുക്കാൻ ധൃതിവേണ്ട

ചെറിയൊരു ലാഭം കണ്ടാൽ ക്ലോസ് ചെയ്യാനാണ് പലരും തിടുക്കം കാണിക്കുക. നഷ്ടം വന്നാൽ വച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇതു ശരിയല്ലെന്ന് പറയേണ്ടതില്ലല്ലോ. ഓഹരി വാങ്ങുന്പോൾ എത്ര രൂപവരെ വന്നാൽ കൊടുക്കാമെന്നൊരു മുൻധാരണ നല്ലതാണ്. 35-50 ശതമാനം ലാഭമൊക്കെ കുഴപ്പമില്ലാത്ത നേട്ടമല്ലേ? കുറച്ചുസമയംകൊണ്ട് അത്രയൊക്കെ ലഭിച്ചാൽ ലാഭമെടുത്തു മാറാം.

ഓഹരി വിറ്റശേഷം വില ഉയർന്നാൽ ദുഖിക്കേണ്ട കാര്യമില്ല. കൊടുത്ത വിലയുടെ താഴെ വന്നാൽ പിന്നെ അതു വാങ്ങുക. നല്ല നേട്ടം വന്നാൽ വിറ്റ് വീണ്ടും ഇറങ്ങുന്പോൾ വാങ്ങുന്നത് നല്ല രീതിയാണെന്ന് പറയേണ്ടതില്ലല്ലോ. ഓഹരി മികച്ചതാണെങ്കിൽ സ്ഥിരമായി കൈവശം വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല; അഭിലഷണീയമാണുതാനും.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
Email:professorpavargheese@yahoo.co.uk
Mobile: 989547­1704