കാപ്പി നിങ്ങൾക്കും എനിക്കും
കാപ്പി  നിങ്ങൾക്കും എനിക്കും
Thursday, October 26, 2017 4:36 AM IST
കഴിഞ്ഞ മൂന്ന് വർഷക്കാലമായി ആഗോളതലത്തിൽ ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിച്ചുവരികയാണ്. ഇന്‍റർനാഷണൽ കോഫി ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിലാണ് കാപ്പിദിനം ആഘോഷിക്കുുന്നത്. 2015 മുതൽ ഏകീകൃത സ്വഭാവത്തോട് കൂടി ദിനാചരണ പരിപാടികൾ നടക്കുന്നുണ്ടൈങ്കിലും ഇന്ത്യയിൽ ഈ ദിനത്തിന് വേണ്ടത്ര പ്രചാരണം ഇനിയും ലഭിച്ചിട്ടില്ല. രാജ്യത്തെ കാപ്പിയുടെ നാടെന്നറിയപ്പെടുന്ന കർണ്ണാടകയിലെ ചിക്കമംഗ്ലൂരിലും കുടകിലും കഴിഞ്ഞ വർഷം കാപ്പിദിനം ആചരിച്ചിരുന്നു. കേരളത്തിൽ ഈ വർഷം വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ് ആദ്യമായി കാപ്പിദിന പരിപാടികൾ ആചരിക്കുകയാണ്. വയനാട് ജില്ലയിലെ കാർഷിക ചരിത്രത്തിൽ ഇതൊരു പുതിയ അദ്ധ്യായമാണ്.

കാപ്പി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനും കാപ്പിക്ക് ലോകശ്രദ്ധ നേടുന്നതിനും വേണ്ടിയാണ് കാപ്പിദിനം പ്രഖ്യാപിക്കപ്പെട്ടത്. കാപ്പി നിങ്ങൾക്കും എനിക്കും എന്നുള്ളതാണ് ഈ വർഷത്തെ ചർച്ചാവിഷയം. ഇതോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ചരിത്രം

ജപ്പാൻ കോഫി അസോസിയേഷന്‍റെ നേതൃത്വത്തിൽ 1983 ൽ ആദ്യമായി ജപ്പാനിൽ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ശ്രദ്ധ ലഭിച്ചത്. 1997 ൽ ചൈനയിൽ അന്തർദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബർ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജർമ്മനിയിൽ എല്ലാ വർഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാൽ കോസ്റ്റാറിക്കയിൽ സെപ്റ്റംബർ മാസത്തിൽ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം.

അയർലന്‍റിൽ സെപ്റ്റംബർ 18, മംഗോളിയ സെപ്റ്റംബർ 20, സ്വിറ്റ്സർലൻഡ് സെപ്റ്റംബർ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. ഓസ്ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളിൽ സെപ്റ്റംബർ 24 നാണ് ദേശീയ കാപ്പിദിനം. ജപ്പാനിലും ശ്രീലങ്കയിലും ഒക്ടോബർ 1 ന് ദേശീയതലത്തിൽ കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു. 2014 മാർച്ച് 3 മുതൽ 7 വരെ മിലാനിൽ ചേർന്ന ഇന്‍റർനാഷണൽ കോഫി ഓർഗനൈസേഷന്‍റെ യോഗത്തിലാണ് 2015 മുതൽ ഒക്ടോബർ ഒന്നിന് ആഗോളതലത്തിൽ കാപ്പിദിനം ആചരിക്കാൻ തീരുമാനം എടുത്തത്.
ഈ വർഷം നടക്കുന്ന മൂന്നാമത്തെ ആഗോള കാപ്പിദിനാചരണ പരിപാടിയിൽ ഓർഗനൈസേഷന്‍റെ 77 അംഗ രാജ്യങ്ങളും ഡസൻ കണക്കിന് കോഫി അസോസിയേഷനും പങ്കാളികളാകുന്നുണ്ട്.

2011 മുതൽ ന്യൂ ഇംഗ്ലണ്ട് കോഫി ലവേഴ്സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. യു.എസ് നാഷണൽ കോഫി അസോസിയേഷന്‍റെ നേതൃത്വത്തിൽ ദേശീയ കാപ്പി ദിനാചരണ പരിപാടികൾ നടന്നുവരുന്നു.

ഇന്ത്യയിലെ കാപ്പി ഉത്പാദനം

ഇന്ത്യയിലെ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കർണ്ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും കർണ്ണാടകയാണ്. ഒരു ഹെക്ടറിൽ 1000 കിലോഗ്രാം കാപ്പി ഉത്പാദിപ്പിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വർഷം 2.33 ലക്ഷം ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. റോബസ്റ്റയാണ് കൃഷിയിലെ പ്രധാന ഇനം.
കർണ്ണാടക കഴിഞ്ഞാൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. വയനാടും തിരുവിതാംകൂറുമാണ് പ്രധാന ഉത്പാദകർ. കോരളത്തിലെ 95 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നത് വയനാടാണ്. ഒരു ഹെക്ടറിലെ വിളവ് 790 കിലോ ഗ്രാമാണ്. കേരളം ഒരു വർഷം 67700 ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നു. കേരളത്തിലേയും പ്രധാന കൃഷിയിനം റോബസ്റ്റ തന്നെയാണ്.
കാപ്പി ഉത്പാദനത്തിൽ മൂന്നാം സ്ഥാനം തമിഴ്നാടിനാണ്. അറബിക്ക റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പികൾ കൃഷിചെയ്യുന്ന തമിഴ്നാട്ടിൽ ഒരു വർഷം 17875 ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നു.


മൂല്യവർധന സാധ്യതകൾ

കാപ്പിക്കുരു വിറ്റ് പണം നേടുക എന്നതിനുപരിയായി കാപ്പിയിൽ നിന്നും കാപ്പിപ്പൊടി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക, റോസ്റ്റ് ചെയ്ത കാപ്പിക്കുരു വിൽക്കുക, റബ്ബറിൽ ഇടവിളയായി കാപ്പി കൃഷി ചെയ്യുക തുടങ്ങിയ പരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ തലമുറയിലെ കർഷകർ മുന്നോട്ടു പോകുന്നത്.
ഗുണമേൻമയിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തയ്യാറാക്കുന്ന കാപ്പിക്കുരുവിനും പൊടിക്കും ആഭ്യന്തരവിപണിയിലെന്നപോലെ വിദേശ വിപണിയിലും വൻ ഡിമാൻഡാണുള്ളത്. ഇതു തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച ഇനം കാപ്പി വിപണിയിൽ ലഭ്യമാക്കാൻ മിക്ക കർഷകരും തന്നെ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ കാപ്പി ഉത്പാദനത്തിൽ മുന്നിലുള്ള വയനാട് വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണെന്നതും കാപ്പിയുടെ വിപണന സാധ്യത കൂട്ടുന്നുണ്ട്.

കാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലാത്ത നിരവധി കർഷകരുണ്ട്. അവർക്കൊരു മുതൽക്കൂട്ടുകൂടിയാണ് കോഫി ഡേ ദിനാചരണം.

കോഫി ഡേ ഇന്ത്യയിൽ

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാപ്പി കർഷകരുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ കാപ്പി പ്രോത്സാഹനത്തിന് വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കി വരുന്നുണ്ട്. സെമിനാർ, ചർച്ച, ബിസിനസ്സ് മീറ്റ്, കാപ്പി സത്ക്കാരം എന്നിവയും നടക്കുന്നു. ഈ വർഷം കേരളത്തിൽ കൽപ്പറ്റ വൈൻഡ് വാലി റിസോർട്ടിൽ ഒക്ടോബർ ഒന്നിന് സംഘടിപ്പിച്ചിരിക്കുന്ന അന്തർദ്ദേശീയ കാപ്പി ദിനാചരണ പരിപാടികൾക്ക് ഇതിനോടകം തന്നെ ആഗോളശ്രദ്ധ ലഭിച്ചുകഴിഞ്ഞു.

1963 ൽ സ്ഥാപിതമായ ഇന്‍റർനാഷണൽ കോഫി കരാറിന്‍റെ ഭാഗമായി രൂപീകരിക്കപ്പെട്ട ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ കോഫി ഓർഗനൈസേഷന്‍റെ ഇന്ത്യയിലെ ഈ വർഷത്തെ അംഗീകൃത പരിപാടിയാണ് കൽപ്പറ്റയിലേത്.

നബാർഡിന് കീഴിലുള്ള ഉത്പ്പാദക കന്പനിയായ വേവിൻ പ്രൊഡ്യൂസർ കന്പനിയാണ് ഇതിനു നായകത്വം വഹിക്കുന്നത്. നബാർഡിനെ കൂടാതെ കോഫി ബോർഡ് ഓഫ് ഇന്ത്യ, വികാസ്പീഡിയ, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, അഗ്രികൾച്ചർ വേൾഡ്, ബിസിനസ് ദീപിക തുടങ്ങിയവർ ഇതിൽ സഹപങ്കാളിത്തം വഹിക്കുന്നു. ദേശീയ കാപ്പികർഷക സെമിനാർ , കാപ്പി സൽക്കാരം, പൊതു സമ്മേളനം, കലാപരിപാടികൾ എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്തമണി, അന്പലവയൽ റീജിയണൽ അഗ്രികൾച്ചറൽ റിസേർച്ച് സ്റ്റേഷൻ ഡയറക്ടർ ഡോ. പി.രാജേന്ദ്രൻ, വയാനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ജോണി പാറ്റാനി, കോഫീ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് പ്രശാന്ത് രാജേഷ്, വികാസ് പീഡിയ സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി ഷിബു തുടങ്ങിയവരാണ് സെമിനാറിന് നേതൃത്വം കൊടുക്കുന്നത്.

കോഫി ബോർഡ്

കോഫി ബോർഡും കർഷകർക്ക് നല്ല രീതിയിൽ പിന്തുണ നൽകുന്നുണ്ട്. മികച്ച രീതിയിലും നൂതനമായ രീതിയിലംു കൃഷി ചെയ്യുന്ന കർഷകരുടെ തോട്ടങ്ങൾ സന്ദർശിക്കാൻ കർഷകർക്ക് അവസരം നൽകുക, കാപ്പിക്കൃഷിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകുക, മറ്റു കർഷകരുമായി സംസാരിക്കാനും വിവരങ്ങൾ തോടാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ സൗകര്യങ്ങൾ കോഫി ബോർഡ് കർഷകർക്കായി നൽകുന്നുണ്ട്.

ഇതിനു പുറമേ ഓരോ മാസവും കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കർഷകരെ അറിയിക്കാറുണ്ട്. കോഫി ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കൃഷിക്കാവശ്യമായ വിത്ത് നൽകി വരുന്നു. ഗുണനിലവാര പരിശോധന, മൂല്യ വർധിത ഉത്പന്നങ്ങൾ തയ്യാറാക്കാനാഗ്രഹിക്കുന്നവർക്ക് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങൾ മുതലായവയും നൽകുന്നു.

സി.വി ഷിബു