അഗ്രമെരിസ്റ്റത്തിൽ നിന്ന് ടിഷ്യൂ തൈകൾ
ടിഷ്യൂകൾച്ചർ യൂണിറ്റുകൾ കേരളത്തിൽ ധാരാളമുണ്ട്. എന്നാൽ ടിഷ്യുകൾച്ചർ യൂണിറ്റിൽ ഭൗമസൂചിക ലഭിച്ചിട്ടുള്ള ഏക നേന്ത്രൻ ഇനമായ ചെങ്ങാലിക്കോടൻ എന്ന നേന്ത്രരാജാവിന്‍റെ തൈകളുടെ ഉത്പാദനം സാധ്യമാക്കുകയാണ് ബിന്ധ്യ ബാലകൃഷ്ണൻ. സാധാരണ ടിഷ്യുകൾച്ചർ യൂണിറ്റുകളിൽ ടിഷ്യുകൾച്ചറിന് പ്രാഥമികമായി ഉപയോഗിക്കുന്നത് വാഴയുടെ മാണം അല്ലെങ്കിൽ കിഴങ്ങാണ്. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി വാഴയുടെ അഗ്രമെരിസ്റ്റത്തിൽ നിന്ന് തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു നൂതന സാങ്കേതികവിദ്യയാണ് പ്ലാന്‍റ്മിൽ എന്ന തന്‍റെ ടിഷ്യുകൾച്ചർ യൂണിറ്റിൽ ബിന്ധ്യ നടത്തുന്നത്. ചെടി രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന മാധ്യമങ്ങൾ വ്യത്യസ്തവുമാണ്.

2015 ഓഗസ്റ്റ് ഇരുപത്തെട്ടിനാണ് ടിഷ്യുകൾച്ചർ യൂണിറ്റിൽ പ്രജനന പ്രക്രിയ തുടങ്ങുന്നത്. ഇതിന് മുന്നോടിയായി 350 സ്ക്വയർഫീറ്റുള്ള പൂർണമായും ശീതീകരിച്ച കൾച്ചർമുറിയും അതിനാവശ്യമായ വിവിധ സാമഗ്രികളും സജ്ജീകരിച്ചു. ചെടികൾ സാധാരണ കാലാവസ്ഥയിൽ വളർത്തി വലുതാക്കുന്നതിനുള്ള 2000 സ്ക്വയർഫീറ്റ് ഹാർഡനിംഗ് യൂണിറ്റും സ്ഥാപിച്ചു. ഈ യൂണിറ്റിന് ധനസഹായം നൽകിയത് കേരള ഫിനാൻഷ്യൽ കോർപറേഷനാണ്.

യൂണിറ്റിന് മൊത്തം ഒന്പതു ലക്ഷം രൂപയാണ് വായ്പ നൽകിയത്. കേരളസ്റ്റേറ്റ് സംരംഭക വികസന മിഷൻ എന്ന പദ്ധതിയിലാണ് വായ്പ അനുവദിച്ചത്. വായ്പയിൽ ആദ്യത്തെ ഒരു വർഷം മുതൽ തിരിച്ചടയ്ക്കേണ്ട. അതിനുശേഷം നാലു വർഷം കൊണ്ട് ഗഡുക്കളായി അടയ്ക്കുകയും വേണം. മുതൽ മാത്രം തിരിച്ചടച്ചാൽ മതി. പലിശ അധികമില്ലാത്ത പദ്ധതിയിലാണ് ലോണ്‍ അനുവദിച്ചത്.
യൂണിറ്റ് തുടങ്ങുന്നതിനു മുന്പ് ചെങ്ങാലിക്കോടൻ ഇനങ്ങളുടെ എക്സ്പ്ലാന്‍റ് സംഭരിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. ഇതിനായി ഭൗമസൂചികയിൽ പ്രതിപാദിച്ചിട്ടുള്ള ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ ബ്ലോക്കുകളിലെ ചെങ്ങാലിക്കോടൻ നേന്ത്രവാഴ തോട്ടങ്ങൾ സന്ദർശിച്ചു. നല്ല നേന്ത്രവാഴ തോട്ടങ്ങൾ തെരഞ്ഞെടുത്തു. ഓഗസ്റ്റ് മാസമായതിനാൽ നേന്ത്രക്കുലകൾ വിളവെടുപ്പിനു തയാറായിരുന്നു. നേന്ത്രക്കുലകളുടെ ഏകദേശ തൂക്കവും, കായകളുടെ വലുപ്പവും, എണ്ണവും, വാഴകളുടെ ആരോഗ്യവും എല്ലാം വിശദമായി പരിശോധിച്ചു. എക്സ്പ്ലാന്‍റ് പരമാവധി സംഭരിച്ചു. ഇതിന് ചെങ്ങാലിക്കോടന്‍റെ ഉദ്ഭവസ്ഥാനമായ കരിയന്നൂർ ഗ്രാമത്തിലെ പ്രമുഖ വാഴക്കർഷകരായ കുമാരനും പ്രദീപും മുള്ളൂർക്കരയിലെ കർഷകരായ ബാലചന്ദ്രനും വിശ്വനാഥനും സഹായിച്ചു.

2015 ഓഗസ്റ്റ് മാസം ചെടികൾ പ്രജനനത്തിനായി തയാറാക്കി. 10 മാസത്തിനുശേഷമാണ് ആദ്യത്തെ ചെങ്ങാലിക്കോടന്‍റെ തൈകൾ മുളച്ചത്. ഒരു എക്സ്പ്ലാന്‍റിൽ നിന്നും ശരാശരി 200 മുതൽ 300 തൈകൾ വരെ ലഭിച്ചു. വളരെ ശ്രദ്ധയോടെ ഈ തൈകൾ പ്രാഥമിക ഹാർഡനിംഗിനായി മാറ്റി. സാധാരണ രീതിയിൽ വാഴമാണത്തിൽ നിന്നും ടിഷ്യുകൾച്ചർ മുഖേന പ്രജനനം നടത്തുന്പോൾ 500 മുതൽ 600 തൈകൾ ലഭിക്കുന്പോൾ, മേൽപറഞ്ഞ രീതിയിലുള്ള പ്രജനനത്തിൽ പരമാവധി 300 തൈകൾ മാത്രമേ ലഭിക്കുകയുള്ളൂ. രണ്ടാംഘട്ട ഹാർഡനിംഗ് ഒരു വെല്ലുവിളിയായിരുന്നു. നടവരന്പ് സീഡ് ഫാമിലെ അസിസ്റ്റന്‍റ് ഡയറക്ടർ ജെിയും ഞാനും സ്ഥലം സന്ദർശിച്ച് തൈകൾ വളർത്തിയെടുക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി. പല കർഷകർക്കും ഫീൽഡ് ട്രയലിന്‍റെ ഭാഗമായി ടിഷ്യൂ വാഴത്തൈകൾ നൽകി. മുള്ളൂർക്കരയിലുള്ള വിശ്വനാഥന്‍റെ കൃഷിസ്ഥലത്ത് ആദ്യത്തെ ചെങ്ങാലിക്കോടൻ കുലച്ചു. ചെങ്ങാലിക്കോടന്‍റെ എല്ലാ പ്രത്യേകതകളും ഈ കുലയിലുണ്ടായി. മൂന്നു മാസത്തിനുശേഷം ആദ്യകുല വിളവെടുത്തു. പഴുപ്പിച്ചു നോക്കിയപ്പോൾ ചെങ്ങാലിക്കോടന്‍റെ അസൽ രുചിയും മറ്റു ഗുണങ്ങളും. ഇത് തികച്ചും ആത്മവിശ്വാസം പകരുന്നതായിരുന്നു.


ഇതിനുശേഷം 500 ചെങ്ങാലിക്കോടൻ വാഴത്തൈകൾ കൃഷിചെയ്ത എരുമപ്പെട്ടിയിലുള്ള ബാബു എന്ന കർഷകന്‍റെ വാഴകൾ എല്ലാം കുലച്ചുതുടങ്ങി. സ്ഥലം സന്ദർശിച്ചപ്പോൾ വളരെ ആശാവഹമായ ഫലമാണ് കണ്ടത്. കൃത്യമായ പരിപാലനമുറകൾ സ്വീകരിച്ചതുകൊണ്ടും ജൈവവളങ്ങൾ ധാരാളം നൽകിയതുകൊണ്ടും കുലകളുടെ ശരാശരി തൂക്കം 15 മുതൽ 20 കിലോഗ്രാം. ഇതിനുശേഷവും വിവിധ സ്ഥലങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

ചെങ്ങാലിക്കോടൻ തൈ കൾക്കുപുറമേ നേന്ത്രവാഴയിനങ്ങളായ ക്വിന്‍റൽ, മഞ്ചേരി, മിന്‍റൽ എന്നിവയുടെയും നേദ്യ കദളിയുടെയും വാഴത്തൈകൾ കൂടി ഉത്പാദിപ്പിക്കുന്നുണ്ടിവിടെ. പ്രതിമാസം 2000 - 3000 തൈകളാണ് ഉത്പാദിപ്പിക്കുന്നത്. വിപണനം വളരെ പ്രയാസമേറിയതാണ്. കർഷകർ ആശയവിനിമയം നടത്തിയാണ് തൈകൾ കൊണ്ടുപോകുന്നത്. മിക്ക തൈകൾക്കും അഞ്ചിലകൾ ഉണ്ടായിരിക്കും. 15 സെന്‍റീമീറ്റർ ഉയരമുളളതും കരുത്തുളളതുമായ തൈകളാണ് കർഷകർക്ക് മിതമായ നിരക്കിൽ നൽകിവരുന്നത്.
വാഴയുടെ എക്സ്പ്ലാന്‍റ് സംഭരിക്കുന്നതുമുതൽ തൈകളുടെ ഉത്പാദനവും അവയുടെ പരിപാലനവും കൃത്യതയോടെയും ഗുണനിലവാരമാനദണ്ഡങ്ങൾ പാലിച്ചും നടത്തുന്നു. തികച്ചും ജൈവരീതിയിൽ തന്നെയാണ് ലബോറട്ടറിയിൽ നിന്നും പുറത്തുവരുന്ന തൈകളുടെ പരിചരണമുറകൾ നടത്തുന്നത്. ഇതു മൂലം തൈകൾക്ക് സ്വാഭാവിക രോഗപ്രതിരോധ ശക്തിയും കൂടുതലായി കാണുന്നുണ്ട്. പ്ലാന്‍റ്മില്ലിൽ നിന്നും പുറത്തിറങ്ങുന്ന ഓരോ ചെടിയുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആദ്യഘട്ടത്തിൽ തന്നെ വൈറസ് ഇന്‍റക്സിംഗ് ടെസ്റ്റുകൾ നടത്തിവരുന്നു. വാഴയെ പ്രധാനമായും ആക്രമിക്കുന്ന ബനാന ബഞ്ചി ടോപ്പ് വൈറസ്, കുക്കുംബർ മൊസൈക്ക് വൈറസ്, ബനാന ബ്രാക്റ്റ് മൊസൈക്ക് വൈറസ് എന്നിവയുടെ ടെസ്റ്റുകളാണ് ചെയ്യുന്നത്. വാഴത്തൈകൾ ആവശ്യമുള്ള കർഷകർക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. കോഗ്നിസെന്‍ററിൽ എൻജിനിയറായ ഭർത്താവ് വിജേഷിന്‍റെ പൂർണ പിന്തുണയും തിരുവനന്തപുരത്തുള്ള ഡോ.ഹേമന്ത്കുമാറിന്‍റെ സാങ്കേതിക സഹായവും ലക്ഷ്യത്തിലേക്കെത്താൻ ഈ യുവതിക്ക് പ്രചോദനമായി.ബിന്ധ്യ ബാലകൃഷ്ണൻ, പ്ലാന്‍റ്മിൽ- 9656045358
ജോസ് വർഗീസ്- 9846917592

ജോസ് വർഗീസ്
പ്രിൻസിപ്പൽ, കൃഷി ഓഫീസർ (റിട്ട)
Loading...