പ്രസക്തിയില്ലാത്ത എൻഎവി
പ്രസക്തിയില്ലാത്ത എൻഎവി
Thursday, November 9, 2017 1:22 AM IST
കുറഞ്ഞ എൻഎവിയുള്ള ഫണ്ടുകൾ കൂടിയ എൻഎവിയുള്ളതിനേക്കാൾ കുറഞ്ഞ വിലയിലുള്ളതാണെന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നല്ലൊരു പങ്കും ചിന്തിക്കുന്നത്. ഓഹരിയുടെ കാര്യത്തിൽ ഇതു ചിലപ്പോൾ ശരിയാകാം. കാരണം പത്തു രൂപ വിലയുള്ള ഓഹരി, പതിനായിരം രൂപ വിലയുള്ളതിനേക്കാൾ വേഗം ഉയർന്നേക്കാം.

എന്നാൽ മ്യൂച്വൽ ഫണ്ടിന്‍റെ കാര്യത്തിൽ ഇത് ശരിയല്ല. എൻഎവിക്ക് വലിയ പ്രസക്തിയില്ല എന്നതാണ് വസ്തുത. അതിനു കാരണമുണ്ട്. എൻഎവി മൂല്യം വർധിക്കുന്നത് ശതമാനക്കണക്കിലാണ്. അതിന്‍റെ വിലയിലല്ല. ഉദാഹരണത്തിന് പത്തു രൂപ എൻഎവിയുള്ള മ്യൂച്വൽ ഫണ്ട് അടുത്ത അഞ്ചുവർഷക്കാലത്ത് ഇരട്ടിയായെന്നു കരുതുക. അതായത് 20 രൂപയായി. നിക്ഷേപത്തിന്‍റെ മൂല്യം പത്തു ലക്ഷത്തിൽനിന്നും 20 ലക്ഷം ആകുന്നുവെന്നും കരുതുക.

എൻഎവി 10000 രൂപയുള്ള ഒരു യൂണിറ്റ് അഞ്ചുവർഷംകൊണ്ട് ഇരട്ടിയായാലും മുകളിൽ പറഞ്ഞ അതേ സ്ഥിതിതന്നെയാണ് സംഭവിക്കുക. നിക്ഷേപത്തിന്‍റെ മൂല്യം 20 ലക്ഷമാകും. ഇവ തമ്മിൽ വ്യത്യാസമില്ല.

എൻഎവി കുറഞ്ഞതുകൊണ്ടു ആ ഫണ്ട് നല്ലതാകണമെന്നില്ല. ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിന്‍റെ കരുത്താണ് അതിന്‍റെ ശക്തി. എൻഎവിയുടെമൂല്യമല്ല.

ഡിവിഡൻഡോ ഗ്രോത്ത് ഓപ്ഷനോ

ചില നിക്ഷേപകരെങ്കിലും ചിന്തിക്കുന്നത് ഡിവിഡൻഡ് ഓപ്ഷനിൽ ലഭിക്കുന്നത് അധിക വരുമാനമാണെന്നാണ്. എന്നാൽ അതൊരു തെറ്റിദ്ധാരണയാണ്. ലഭിക്കുന്ന ഡിവിഡൻഡ് അധികമായി കിട്ടുന്നതല്ല.

ഡിവിഡൻഡ് നൽകിക്കഴിഞ്ഞാൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിന്‍റെ എൻവിയിൽ ആനുപാതികമായി കുറവുണ്ടാകുന്നു. ഇക്വിറ്റി മ്യച്വൽ ഫണ്ടല്ലെങ്കിൽ എഎംസി ആദ്യം ലാഭവിതരണ നികുതി നൽകണം. അതിനുശേഷമാണ് ലാഭവീതം നൽകുക. ഇതു നിക്ഷേപകന്‍റെ റിട്ടേണ്‍ കുറയ്ക്കും. ഗ്രോത്ത് ഓപ്ഷനിൽ ഈ തുക ഫണ്ടിൽതന്നെ കിടക്കും.
നമുക്ക് ഒരു ഉദാഹരണം നോക്കാം. എ എന്ന ഫണ്ടിന്‍റെ എൻഎവി 100 രൂപയാണെന്നു കരുതുക. പത്തു രൂപ ഡിവിഡൻഡ് പ്രഖ്യാപിച്ചുവെന്നു കരുതുക. ഡിവിഡൻഡ് ഓപ്ഷനിൽ എൻഎവി 90 രൂപയായി താഴുന്നു. ഗ്രോത്ത് ഓപ്ഷനിൽ ഇത് 100 രൂപയായിതന്നെ തുടരുന്നു.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ വൻ തുക വേണം

പലരും മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിൽനിന്നു മാറി നിൽക്കുവാൻ കാരണം മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിനു വൻതുക വേണമെന്ന മിഥ്യാധാരണയിലാണ്. പണക്കാർക്കുള്ളതാണ് മ്യൂച്വൽ ഫണ്ടെന്നും അവർ കരുതുന്നു.

എന്നാൽ വസ്തുത എന്താണ്. വെറും 500 രൂപ മാസം എടുക്കാനുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം. ഒരുമിച്ച് നിക്ഷേപം നടത്തണമെങ്കിൽ 5000 രൂപ വേണം.
പതിനായിരം രൂപ വരുമാനമുള്ളയാൾക്ക് അഞ്ചു ശതമാനം നൽകി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപം ആരംഭിക്കാം.

മ്യൂച്വൽ ഫണ്ട് ഗാരന്‍റീഡ് റിട്ടേണ്‍ നൽകും

സ്ഥിരനിക്ഷേപങ്ങളിലേപോലെ ഒരിക്കലും മ്യൂച്വൽ ഫണ്ടുകൾ റിട്ടേണ്‍ ഗാരന്‍റി നൽകുന്നില്ല. ഈ ഗാരന്‍റിയില്ലായ്മയാണ് പലരേയും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ മാറ്റി നിർത്തുന്നത്.

എന്നാൽ പലതരം മ്യൂച്വൽ ഫണ്ടുകൾ ഉണ്ടെന്നും അതു വ്യത്യസ്ത റേഞ്ചിലുള്ള റിട്ടേണ്‍ നൽകുന്നുവെന്നും മനസിലാക്കിയാൽ ഗാരന്‍റീ മനോഭാവത്തിനു പുറത്തുവരുവാൻ നിക്ഷേപകനു സാധിക്കും. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ റിട്ടേണ്‍ ഒരു വർഷത്തിൽ -50 ശതമാനം മുതൽ 100 ശതമാനം വരെയാണ് റിട്ടേണ്‍. ഡെറ്റ് ഫണ്ടുകളിലിത് 5-15 ശതമാനമാണ്. ലിക്വിഡ് ഫണ്ടുകളിൽ ലഭിക്കുന്ന റിട്ടേണ്‍ റേഞ്ച് 6-8 ശതമാനമാണ്.


മ്യൂച്വൽ ഫണ്ട് കന്പനി പാപ്പരായാൽ പണം നഷ്ടമാകും

ഇതു പൊതുവേയുള്ള ഒരു ചിന്തയാണ്. ചിട്ടിക്കന്പനിയിലോ ബ്ലേഡ് കന്പനിയിലോ ഒക്കെ പണം നിക്ഷേപിച്ച് കൈപൊള്ളിയ അനുഭവത്തിൽനിന്നുള്ള ചിന്ത എന്നു വേണമെങ്കിലും പറയാം.

മ്യൂച്വൽ ഫണ്ടിന്‍റെ ഘടന ഏറ്റവും സുരക്ഷിതത്വത്തോടെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( സെബി) ആണ് ഇവയെ നിയന്ത്രിക്കുന്നത്. മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്‍റ് കന്പനി പൊളിഞ്ഞുപോയതുകൊണ്ട് ഫണ്ട് പദ്ധതികളിൽ നിക്ഷേപിച്ച പണം നിക്ഷേപകർക്കു നഷ്ടമാകുകയില്ല. കാരണം നിക്ഷേപകന്‍റെ നിക്ഷേപത്തുക ഇത്തരം അസറ്റ് മാനേജ്മെന്‍റ് കന്പനികളുടെ പക്കലല്ല. യൂണിറ്റുകളും പണവുമെല്ലാം വളരെ സുരക്ഷിതമായി കസ്റ്റോഡിയന്‍റെ കൈവശമാണ്.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ട് വേണം

വലിയൊരു പങ്ക് ആളുകളുടെ വിചാരം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ ഡീമാറ്റ് അക്കൗണ്ട് വേണമെന്നാണ്. എന്നാൽ ഡീമാറ്റ് അക്കൗണ്ട് വേണമെന്നില്ല. ഡീമാറ്റ് അക്കൗണ്ടിലും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സൂക്ഷിക്കാം എന്നേയുള്ളു. ഫണ്ട് ഹൗസ് വഴി നിക്ഷേപകന് നേരിട്ടു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം.

80 സിയിൽ മ്യൂച്വൽ ഫണ്ട് വഴി നികുതി ലാഭിക്കുവാൻ സാധിക്കുകയില്ല

നികുതി ലാഭിക്കുവാൻ ധനകാര്യ വർഷത്തിന്‍റെ അവസാനം ലൈഫ് ഇൻഷുറൻസോ പിപിഎഫോ ഒക്കെ വാങ്ങുന്നവരാണ് നല്ലൊരു പങ്ക് ആളുകളും. എന്നാൽ 80 സി ആനുകൂല്യം ലഭിക്കുവാൻ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ കഴിയുമെന്ന അറിയുന്നവർ കുറവാണ്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീം ( ഇഎൽഎസ്എസ്0 എന്ന പദ്ധതിയാണ് ഗവണ്‍മെന്‍റ് ഇതിനായി നിക്ഷേപകരുടെ മുന്നിൽ വച്ചിട്ടുള്ളത്. പ്രതിവർഷം 1.5 ലക്ഷം രൂപവരെ ഇഎൽഎസ്എസിൽ നിക്ഷേപിച്ച് നികുതിയിളവും നേടാം.

ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ഉള്ള നികുതി ലാഭ ഉപകരണം കൂടിയാണിത്. മൂന്നുവർഷമാണ് ഇതിന്‍റെ ലോക്ക് ഇൻ പീരിയഡ്. മാത്രവുമല്ല, ഇതിൽനിന്നു ലഭിക്കുന്ന വരുമാനത്തിന് നികുതിയും നൽകേണ്ടതില്ല.

റിട്ടയർ ചെയ്തവർക്കു മ്യൂച്വൽ ഫണ്ട് നിക്ഷേപം പറ്റിയതല്ല

ഏറ്റവും തെറ്റിദ്ധാരണ വച്ചുപുലർത്തുന്ന ഒരു സംഗതിയാണിത്. കാരണം ഇക്വിറ്റി മുതൽ ഗിൽറ്റ് ഫണ്ട് വരെ വൈവിധ്യമാർന്ന ഫണ്ടുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപശ്രേണിയിലുണ്ട്. ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാൻ റിട്ടയർ ചെയ്തവർ തയാറല്ലെങ്കിൽ വളരെ സുരക്ഷയോടെ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാം. മോശമല്ലാത്ത റിട്ടേണ്‍ ഇതു നൽകുന്നു. പ്രതിമാസ ഡിവിഡൻഡ് വേണമെങ്കിൽ ഓപ്ഷൻ നടത്താം. ഇതുവഴി പ്രതിമാസവരുമാനം നേടാം.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ വഴി എല്ലാമാസവും നിക്ഷേപത്തിൽനിന്നു തുക പിൻവലിക്കാം. ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിക്കാം; ഡെറ്റ് ഒറിയന്‍റഡ് ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിക്കാം; ഇതുവഴി റിട്ടേണിൽ ചെറിയൊരു വർധന മധ്യ, ദീർഘകാലത്തിൽ നേടാനാകും.