ലിഖിത ഭാനു : കർഷക കൂട്ടായ്മയിലൂടെ വിജയത്തിലേക്ക്
ലിഖിത ഭാനു. കണ്ടു പഠിക്കാനേറെയുണ്ട് ഈ പെണ്‍കുട്ടിയിൽ നിന്ന്.
ബയോടെക്നോളജി എൻജിനിയറിംഗ് ബിരുദം നേടിയ ഒരു പെണ്‍കുട്ടി സാധാരണഗതിയിൽ കോർപറേറ്റ് മേഖലയിൽ ഏതെങ്കിലുമൊരു ജോലി തേടുകയേയുള്ളു. അല്ലാതെ സ്വയമൊരു സംരംഭം കെട്ടിപ്പടുക്കുകയെന്നത് ചിന്തിക്കുക പോലുമില്ല. ഏതെങ്കിലുമൊരു സ്ഥാപനത്തിൽ മാനേജർമാർ പറയുന്നത് കേട്ടുജോലി ചെയ്താൽ മാസം മുപ്പതിനായിരം രൂപയോളം കിട്ടും. തൊന്തരവില്ല. പക്ഷേ, ലിഖിത അതല്ല ചെയ്തത്. ഇരുപത്തിരണ്ടാം വയസിൽ അവൾ സ്വന്തം സ്ഥാപനത്തിനു രൂപം നൽകി. അതും ദേശവ്യാപകമായി ധാരാളം പേരുടെ സഹായം ആവശ്യമുള്ള ഒരു സംരംഭം. ടെറാഗ്രീൻ ഓർഗാനിക്.

ലിഖിത ഭാനു ഇന്ന് ടെറാഗ്രീൻ ഓർഗാനിക് എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. എല്ലാത്തിനും തുണയും മാർഗദർശനവുമായി അമ്മ പദ്മജ ഒപ്പമുള്ളത് അവൾക്ക് ധൈര്യം നൽകുന്നു.

ഓർഗാനിക് ഫുഡിനുവേണ്ടി

ജൈവഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും വിതരണവും നടത്തുന്ന ഒരു ഓർഗാനിക് ഫുഡ് കന്പനിയാണ് ഹൈദരാബാദിലെ ബീഗംപെട് ആസ്ഥാനമായ ടെറാഗ്രീൻ ഓർഗാനിക്. പദ്മജ ഭാനുവാണ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ. ലിഖിത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും. ഹൈദരാബാദിൽ തന്നെയുള്ള ടെറാഫേമാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോർട്ടി കൾച്ചറൽ-റിയൽ എസ്റ്റേറ്റ് കന്പനിയുടെ ഭാഗമായാണ് ടെറാഗ്രീൻ ഓർഗാനിക് പ്രവർത്തിക്കുന്നത്.

ടെറാഗ്രീൻ തുടക്കം മുതൽക്കേ വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ലാഭത്തിനുവേണ്ടി രാസവസ്തുക്കളും കീടനാശിനികളും ക്രമാതീതമായി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ധാന്യവിളകൾക്ക് ബദലായി ജൈവകൃഷിരീതിയിലൂടെ കാർഷികോൽപാദനം നടത്തുന്ന കർഷകരിൽ നിന്നു ശേഖരിക്കുന്ന നല്ല ധാന്യങ്ങളാണ് ടെറാഗ്രീൻ ഓർഗാനിക് വിവിധ ഒൗട്ട് ലെറ്റുകളിലൂടെ രാജ്യമെന്പാടുമെത്തിക്കുന്നത്. ഡ്രൈഫ്രൂട്ട്സ്, കശുവണ്ടി, അരി, സുഗന്ധവ്യജ്ഞനങ്ങൾ, ധാന്യവിളകൾ, പച്ചക്കറി, ഫലവർഗങ്ങൾ, തേൻ മുതലായ വിഭാഗങ്ങളിലായി ഇപ്പോൾ തൊണ്ണൂറിലധികം ഉൽപന്നങ്ങൾ കന്പനി മാർക്കറ്റിലെത്തിക്കുന്നുണ്ട്.

ചെറുപ്പത്തിൽ കൊണ്ടു നടന്ന മോഹം

ഹൈദരാബാദിലാണ് ലിഖിത ജനിച്ചത്. പക്ഷേ, വളർന്നത് അസമിൽ. കൃഷിയിൽ വളരെ താൽപരയായിരുന്നു ലിഖിതയുടെ അമ്മ പദ്മജ. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം അവർ വീട്ടുവളപ്പിൽത്തന്നെ കൃഷി ചെയ്തിരുന്നു. മാത്രമല്ല തെലങ്കാനയിലെ ശങ്കരപ്പള്ളിയിൽ കുടുംബത്തിന് ചെറിയൊരു ഫാമുമുണ്ടായിരുന്നു. പിന്നീട് ഭർത്താവിന്‍റെ ഉദ്യോഗസംബന്ധമായി കുടുബം അസമിലെത്തി. അന്ന്, ലിഖിതയെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം തെലുങ്കാനയിൽ വളരുന്ന പല കൃഷിവിളകളും ഭൂപ്രകൃതിയിലും കാലാവസ്ഥയിലും വളരെ വ്യത്യസ്തമായ അസമിൽ കൊണ്ടു വന്ന് നട്ട് വളർത്താൻ അവളുടെ അമ്മയ്ക്ക് കഴിയുന്നുണ്ട് എന്നതാണ്.

പ്ളസ് ടൂവിനു ശേഷം ലിഖിത വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോടെക്നോളജി എൻജിനിയറിംഗിനു ചേർന്നു. വളപ്രയോഗം. കീടനാശിനപ്രയോഗം മുതലായി ക്ലാസിൽ കേൾക്കുന്ന മിക്ക കാര്യങ്ങളെയും അവൾ തന്‍റെ അമ്മയുടെ കൃഷിരീതികളുമായി താരതമ്യപ്പെടുത്തിയാണ് സ്വീകരിച്ചത്. എൻജിനിയറിംഗ് ബിരുദം നേടിയ ശേഷമാണ് ലിഖിത സംരംഭകയാകുന്നത്.

വലുതാകുന്ന ഉത്പാദനശൃംഖല

ഒരു സീസണിൽ സ്വന്തം ഫാമിൽ വിളഞ്ഞ മാങ്ങ കുടുംബത്തിലും സുഹൃത്തുക്കൾക്കുമെല്ലാം നൽകിയ ശേഷവും കുറേയധികം മിച്ചം വന്നു. അത് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുകയാണ് പദ്മജയും ലിഖിതയും ചെയ്തത്. വിഷരഹിതമായ കാർഷികവിളകളുടെ ഉൽപാദനവും വിതരണവും നടത്താൻ സ്വന്തമായി ഒരു സ്ഥാപനം’ എന്ന ആശയത്തെ പ്രചോദിപ്പിച്ചത് ആ സംഭവമാണെന്ന് പിന്നീട് ലിഖിത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആവശ്യമായ മൂലധനം ബാങ്കിൽ നിന്ന് വായ്പയായെടുത്തു. കൃഷിക്കാരുടെ വലിയൊരു ശൃംഖല കെട്ടിപ്പടുക്കുക ശ്രമകരമായിരുന്നു. പക്ഷേ, നിരന്തരമായ പരിശ്രമത്തിലൂടെ അതും സാദ്ധ്യമായി. 2013ൽ മുന്നൂറിലധികം കൃഷിക്കാരുമായി ആശയവിനിമയം നടത്തി അവരുടെ സഹകരണം ഉറപ്പാക്കി. ഏതാണ്ട് 800 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യാനുള്ള ഏർപ്പാടും പൂർത്തിയാക്കി.


കർഷകർക്ക് ജൈവക്കൃഷിക്കുള്ളപരിശീലനമാണ് ആദ്യം തുടങ്ങിയത്. ജൈവ കൃഷികൊണ്ട് മണ്ണിനും കൃഷിവിളകൾക്കും ജനതയ്ക്കുമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കൃഷിക്കാരെ ബോധവാന്മാരാക്കുക എത്ര എളുപ്പമുള്ള പണിയായിരുന്നില്ല ലിഖിതയ്ക്ക്. ഒന്നാമത് കോളേജിൽ നിന്നു പുറത്തു വന്ന, വളരെ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി. കാർഷികമേഖലയിൽ ദീർഘകാലം ജോലിചെയ്യുന്ന പരന്പരാഗതകർഷകരെ ഒരു കൊച്ചു പെണ്‍കുട്ടി എന്തു പഠിപ്പിക്കാൻ എന്ന മനോഭാവമായിരുന്നു മിക്കവർക്കും. പക്ഷേ, ലിഖിത തളർന്നില്ല.

രാസവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതിയിൽ നിന്ന് ഓർഗാനിക് ഫാംമിംഗിലേക്ക് കൃഷി സന്പ്രദായം മാറ്റിയെടുക്കാൻ അൽപം സമയമെടുത്തെങ്കിലും 2015-ലാണ് പൂർണമായ തോതിൽ കന്പനിക്ക് വിളകൾ ലഭിച്ചു തുടങ്ങിയത്.

പുതിയ അറിവുകൾ പകർന്ന്

ബയോടെക്നോളജി രംഗത്തുണ്ടാകുന്ന ഏറ്റവും പുതിയ അറിവുകൾ തേടുകയും അത് തനിക്ക് ആവശ്യമായ പച്ചക്കറി വിളകൾ നൽകുന്നവരിലേക്ക് പകരുകയും ചെയ്യാൻ മടിയില്ല ലിഖിതയ്ക്ക്. കർഷകരുടെ ലാഭം കൂട്ടാൻ ജൈവകൃഷിസന്പ്രദായത്തിലെ പുതിയ അറിവുകൾ ആവശ്യമാണെന്നാണ് ലിഖിതയുടെ പക്ഷം. ടെറാഗ്രീനിന്‍റെ സർട്ടിഫൈഡ് കർഷകരാകണമെങ്കിൽ കുറഞ്ഞത് മൂന്നു വർഷമെങ്കിലും രാസവള-കീടനാശിനി പ്രയോഗം നടത്താതെ കൃഷി ചെയ്യുന്ന ഇടങ്ങളിൽ പുതിയ വിളവിറക്കുന്നവരായിരിക്കണം.

അക്കാര്യത്തിൽ ലിഖിതയും പദ്മജയും ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. ഉപയോഗയോഗ്യമല്ലാത്ത ഉത്പന്നങ്ങൾ തിരിച്ചെടുത്തുകൊള്ളാമെന്ന കരാറാണ് കന്പനി കർഷകരുമായി വച്ചിട്ടുള്ളത്.

ഇരുപത്തഞ്ചോളം സ്ഥിരം ജീവനക്കാരും 150 ദിവസക്കൂലിക്കാരും നാലായിരത്തിലേറെ കർഷകരും ഇപ്പോൾ ടെറാഗ്രീനിന്‍റെ ശ്രംഖലയിൽ പ്രവർത്തിക്കുന്നു.

ഉൽപന്നങ്ങളുടെ സമാഹരണവും വിതരണവും

സ്വന്തമായ ഫാമുകൾ, വിവിധ സംസ്ഥാനങ്ങളിലുള്ള ഓർഗാനിക് ഫാമിംഗ് ഗ്രൂപ്പുകൾ, ഓർഗാനിക് കമ്യൂണിറ്റി നെറ്റ് വർക്കുകൾ എന്നിങ്ങനെ മൂന്ന് രീതികളിലാണ് ടെറാഗ്രീൻ ഉൽപന്നങ്ങൾ സമാഹരിക്കുന്നത്. ഉയർന്ന ഗുണനിലവാരം മൂലം എല്ലായിടത്തും വളരെപ്പെട്ടെന്നാണ് ടെറാഗ്രീൻ സ്വീകാര്യമായത്. ഇപ്പോൾ മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, കർണാടക മുതലായ സംസ്ഥാനങ്ങളിലായി നാലായിരത്തിലധികം കൃഷിക്കാർ തങ്ങളുടെ ഉൽപന്നം ടെറാഗ്രീനിലൂടെ വിൽക്കുന്നുണ്ട്.

നേരിട്ട് വിൽപന നടത്തുന്നതിനെക്കാളുപരി സ്പെൻസേഴ്സ്, ഹൈപ്പർസിറ്റി, ഹെറിറ്റേജ്, ഫുഡ്ആൾ, മെട്രോ കാഷ്, ബിഗ് ബാസ്കറ്റ് തുടങ്ങിയ റീട്ടെയിൽ കന്പനികളുടെ അഞ്ഞൂറിലധികം ഒൗട്ട് ലെറ്റുകളിലൂടെയാണ് ടെറാഗ്രീൻ പ്രധാനമായും ഉത്പന്നങ്ങൾ ഉപഭോക്തക്കളിലെത്തിക്കുന്നത്.

അംഗീകാരത്തിന്‍റെ ആനന്ദം

ലിഖിതയുടെ പരിശ്രമങ്ങൾക്ക് അർഹമായ അംഗീകാരം വിവിധ മേഖലകളിൽ നിന്നു ലഭിക്കുന്നുണ്ട്. അത് സ്വാഭാവികമാണല്ലോ. ഇന്‍റർനാഷണ്‍ അച്ചീവേഴ്സ് കോണ്‍ഫറൻസിൽ ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് കന്പനി ഇൻ ദി സസ്റ്റെയ്നബിലിറ്റി സെക്ടർ’ പുരസ്കാരം ലഭിച്ചു. അതുപോലെ കോണ്‍ഫെഡറേഷൻ ഓഫ് വിമണ്‍ എന്‍റർപ്രണേഴ്സിന്‍റെ യംഗ് എന്‍റർപ്രണർ ഓഫ് ദി ഇയർ’ അവാർഡും ലിഖിതയ്ക്ക് ലഭിച്ചിട്ടുണ്ട്.
അംഗീകാരങ്ങൾ സന്തോഷപ്രദം തന്നെ. പക്ഷേ, മനസിൽ സ്വപ്നം കാണുന്നതുപോലെ സ്വന്തം സ്ഥാപനം വളർന്നു വലുതാകുന്നതിനോളം സന്തോഷം ഒരു സംരംഭകന് മറ്റെന്തുകൊണ്ടുണ്ടാകാൻ? ലിഖിത എല്ലാ രീതിയിലും സന്തുഷ്ടയാണ്.

രാജൻ പെരുന്ന
Loading...