ചെറുപ്പത്തിലെ ആസൂത്രണം ചെയ്യാം
അശോകിന് ജോലി കിട്ടി. നാട്ടിലെ പ്രധാന വാർത്തയായിരുന്നു അത്. കാരണം ചെറുപ്പം മുതൽതന്നെ ഉൽസാഹിയും നല്ല സ്വഭാവവുമുള്ള കുട്ടിയായിരുന്നു. സാന്പത്തികമായി അത്ര മെച്ചമല്ലാത്ത സാഹചര്യങ്ങളിൽനിന്നു വരുന്നവൻ. ഒരു സർക്കാർ ജോലിക്കായുള്ള തയ്യാറെടുപ്പുകൾ അയാൾ എട്ടാം ക്ലാസുമുതലേ തുടങ്ങിയിരുന്നു.

അന്നുമുതലേ ഒരു സിവിൽ സർവീസ് ട്രെയിനിംഗ് സ്ഥാപനത്തിൽ സ്ഥിരമായി പരിശീലനത്തിന് അശോക് പോവുമായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും ജോലിയായി. മൂന്നുജോലികൾ ഒന്നിച്ചാണ് ലഭിച്ചത്. അതിൽ വിദ്യാഭ്യാസവകുപ്പിലെ ജോലി തെരഞ്ഞെടുത്തു.

പക്ഷേ, പിന്നെയാണ് കാര്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് അശോകിന് മനസ്സിലായത്. ആദ്യത്തെ രണ്ടുമാസത്തെ ശന്പളം എതിലേ പോയെന്ന് മനസ്സിലായില്ല. കൂട്ടുകാർക്ക് ചെലവ് ചെയ്തും ബന്ധുക്കൾക്കു സമ്മാനങ്ങൾ നൽകിയും തീർന്നുപോയി. പക്ഷേ, ഇങ്ങനെ പോയാൽ ശരിയാവുകയില്ല എന്ന് അശോക് തിരിച്ചറിഞ്ഞു.

അതോടെ സാന്പത്തിക ആസൂത്രണത്തെക്കുറിച്ച് അശോക് ആലോചിച്ചു തുടങ്ങിയെന്നു മാത്രമല്ല, അതു ബോധപൂർവം നടപ്പാക്കാനും ശ്രമം തുടങ്ങി.

ആശയപരമായ തിരിച്ചറിവ്

പണമുണ്ടാക്കുന്നതും സന്പാദിക്കുന്നതും തെറ്റാണ് എന്നു ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അങ്ങനെ എല്ലാവരും ചിന്തിക്കാൻ തുടങ്ങിയാൽ ഇവിടെ തൊഴിലവസരങ്ങൾ ഉണ്ടാവുകയില്ല. ആരെങ്കിലുമൊക്കെ പ്രസ്ഥാനങ്ങൾ കെട്ടിപ്പെടുക്കുന്നതുകൊണ്ടാണ് ഇവിടെ സാന്പത്തികവ്യവസ്ഥിതി സുഗമമായി ഒഴുകുന്നത്. ഈ മേഖലയിൽ താത്വികമായി ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ആദ്യം ചിന്തിക്കാം.

1. ചെലവ് കഴിഞ്ഞ് മിച്ചം വരുന്നതല്ല സന്പാദ്യം. മറിച്ച് സന്പാദ്യം കഴിഞ്ഞ് മിച്ചംവരുന്നതാണ് ചെലവ്. അതുകൊണ്ട് സന്പാദ്യമെന്നത് സാന്പത്തികാസൂത്രണത്തിലെ പ്രധാന തലമാണ്.
2. നിങ്ങളുടെ വരുമാനം നിങ്ങളല്ല തീരുമാനിക്കുന്നത്. സേവന വേതന നിരക്കുകൾ നിശ്ചയിക്കുന്നത് നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനമോ സർക്കാരോ ആയിരിക്കും. എന്നാൽ ചെലവ് നിങ്ങളാണ് തീരുമാനിക്കുന്നത്.
3. അടിസ്ഥാന ആവശ്യങ്ങൾക്കായി കരുതുന്ന പണം വരുമാനത്തേക്കാൾ കുറവായിരിക്കണം. ചെലവ് വരുമാനത്തേക്കാളേറുന്പോഴാണ് കടമുണ്ടാവുന്നത്. ക്രെഡിറ്റ് കാർഡ് വിവേകത്തോടെ മാത്രം ഉപയോഗിക്കുക.
4. ചെറിയ ക്ലാസിലെ കണക്കുപുസ്തകത്തിൽ എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ പഠിപ്പിക്കുന്നതുപോലെ എളുപ്പവഴിയിൽ ജീവിക്കാൻ പ്രോൽസാഹിപ്പിക്കരുത്. അദ്ധ്വാനത്തിന്‍റെ മഹത്വം അറിഞ്ഞു. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിനേ നിലനിൽപും മൂല്യവുമുണ്ടാവുകയുള്ളു.
5. ചെലവ് വർദ്ധിക്കുന്നതനുസരിച്ച് വരുമാനവും വിവിധ മാർഗങ്ങളിലൂടെ ഉയർത്താൻ പരിശ്രമിക്കണം.
6. ആവശ്യമുള്ള സാധനങ്ങൾ മാത്രം മേടിക്കുകയും മേടിക്കുന്നവ കൂടുതലായ അളവിൽ മേടിക്കുകയും ചെയ്താൽ വിലപ്പെരുപ്പം സാരമായി ബാധിക്കാതിരിക്കും. വിലക്കുറഞ്ഞതുകൊണ്ട് മാത്രം കാണുന്നതെല്ലാം മേടിച്ചുകൂട്ടിയാൽ സന്പാദിക്കാനാവുകയില്ല.
yle="float:left;min-height:2px;width:100%;" data-slot="316856" data-position="1" data-section="0" data-ua="M" class="colombia">

7. സന്പാദ്യം പിന്നീടാവാം എന്നു ചിന്തിക്കരുത്. കുഞ്ഞുകുട്ടികൾക്ക് പോലും പോക്കറ്റ് മണിയിൽനിന്ന് സന്പാദിക്കാനാവും.

പ്രായോഗികപടവുകൾ

സന്പാദ്യത്തിന് പ്രായോഗികമായി എടുക്കേണ്ട വിവിധ മാർഗങ്ങൾ കണ്ടെത്തുന്നതും മനസ്സിലാക്കുന്നതും ഉചിതമായിരിക്കും. കൃത്യവും സുരക്ഷിതവുമായ സന്പാദ്യത്തിന് ഉതകുന്ന വിവിധ സംവിധാനങ്ങളുണ്ട്.

1. സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്മെന്‍റ് പ്ലാൻ: എസ്ഐപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്മെന്‍റ് പ്ലാൻ എന്നത് യുവതലമുറക്ക് പരിചയമുള്ള പദമാണ്. മ്യൂച്യൽ ഫണ്ട് പദ്ധതികളിൽ കൃത്യമായ നിക്ഷേപം സ്ഥിരതയോടെ നടത്തുക എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. ഈ നിക്ഷേപരീതിക്ക് റിസ്കും ലാഭവും ഉണ്ട്. റിസ്ക്ശേഷിക്കനുസരിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികൾ മുതൽ 100 ശതമാനം സുരക്ഷിതത്വമുള്ള ഗിൽറ്റ് ഫണ്ടുകൾ വരെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലുണ്ട്.

2. റെക്കറിംഗ് ഡെപ്പോസിറ്റ്: ബാങ്കിലോ പോസ്റ്റ് ഓഫീസുകളിലോ തുടങ്ങാവുന്ന സുരക്ഷിതത്വമുള്ള സന്പാദ്യരീതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. അന്പത് രൂപാ മുതൽ എത്ര വേണമങ്കിലും നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന തരത്തിൽ നിക്ഷേപം നടത്തി ആരംഭിക്കാവുന്നതും ആവശ്യാനുസരുണം നിയമവിധേയമായി പിൻവലിക്കാവുന്നതുമാണ്.
3. ചിട്ടികൾ: ചിട്ടികൾ ഏറെ അനുഗ്രഹപ്രദമാണ്. വിവാഹം പോലുള്ള ചടങ്ങുകൾ വരുന്പോൾ അത് ഉപയോഗിക്കാവുന്നതാണ്. കെ എസ് എഫ് ഇ ചിട്ടികളും സ്വകാര്യചിട്ടികളും പലതരത്തിലും രൂപത്തിലുമുണ്ട്.
4. ഇൻഷുറൻസ്: എൽഐസി പോലുള്ള സന്പാദ്യങ്ങൾ സുരക്ഷിതത്വം മാത്രമല്ല ഒരു നിർബന്ധിത സന്പാദ്യപദ്ധതിയായും പ്രവർത്തിക്കുന്നു. പോളിസിയുടെ അടിസ്ഥാനത്തിൽ ലോണ്‍ എടുക്കാനും സംവിധാനമുണ്ട്. ഇൻഷുറൻസും നിക്ഷേപവും നൽകുന്ന യുലിപ് പോലുള്ള സംവിധാനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
5. സ്ഥിര നിക്ഷേപങ്ങൾ: ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ സന്പാദ്യത്തിനു മാത്രമല്ല നികുതി കുറയ്ക്കാനും സഹായകരമാണ്.
6. ആരോഗ്യ ഇൻഷുറൻസ്: ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങൾ മാതാപിതാക്കളേയും കൂടി ഉൾപെടുത്തി ആരംഭിക്കാവുന്നതാണ്.
7. അടിയന്തര ഫണ്ടുകൾ: അടിയന്തര ഫണ്ടുകൾ ഉണ്ടാകുന്നത് പെട്ടെന്നുണ്ടാവുന്ന ആവശ്യങ്ങൾക്ക് കൈത്താങ്ങാവും.

തുറമുഖത്ത് കെട്ടിയിട്ടിരിക്കുന്ന കപ്പൽ സുരക്ഷിതമാണ് പക്ഷേ, കപ്പലുണ്ടാക്കിയിരിക്കുന്നത് അതിനല്ല. കടലിലെ യാത്രയ്ക്കാണ്. വ്യക്തമായ ബജറ്റിംഗ് പദ്ധതി ചെയ്യാത്തതുകൊണ്ടാണ് സന്പാദ്യത്തിന് വിമുഖതയുണ്ടാവുന്നത്. യഥാർത്ഥത്തിൽ ലോകത്തിനാവശ്യമായ പണം ഇവിടെ തന്നെ ഉണ്ട്. പോക്കറ്റുകൾ മാറുന്നു എന്നേയുള്ളു.

ബോധമുള്ളവർ മറ്റുള്ളവരുടെ അനുഭവം കണ്ടുപഠിക്കും അല്ലാത്തവർ കൊണ്ടുപഠിക്കും എന്നാണ് പറയുന്നത്.

ഡോ. കൊച്ചുറാണി ജോസഫ്
അസോസിയേറ്റ് പ്രഫസർ ആൻഡ് ഹെഡ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമിക്സ്, ഭാരത് മാതാ കോളജ്, തൃക്കാക്കര
Loading...