ആധാർ നിർബന്ധമാകുന്പോൾ
ആധാർ ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ഇടയ്ക്കിടെ കോടതി ചില തടസങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും ദിവസം ചെല്ലുന്തോറും ആധാർ കൂടുതൽ കൂടുതൽ വ്യാപകമാക്കുകയാണ്. റേഷൻ ലഭിക്കുന്നതു മുതൽ മൊബൈൽ ഫോണ്‍ കണക്ഷൻ എടുക്കുന്നതുവരെ വൈവിധ്യമാർന്ന മേഖലയിൽ ആധാർ നിർബന്ധമാകുകയാണ്.
ബാങ്കുകൾ, മൊബൈൽ ഓപ്പറേറ്റർമാർ, ആദായനികുതി ഓഫീസ്, എന്തിന് സ്വർണക്കച്ചവടക്കാർ വരെ ആധാർ ആവശ്യപ്പെടുകയാണ്. വിദേശത്തേക്കു യാത്ര ചെയ്യുന്നതിനും ഡ്രൈവിംഗ് ലൈസൻസിനും ആധാർ നിർബന്ധമാക്കുമെന്ന സുചന ഗവണ്‍മെന്‍റിൽനിന്നു പുറത്തുവന്നു കഴിഞ്ഞു.

ആധാർ ലിങ്കു ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് ബാങ്കുകളിൽനിന്നും മൊബൈൽ ഓപ്പറേറ്റർമാരിൽനിന്നും ഇടപാടുകാർക്ക് സന്ദേശം കിട്ടിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ച ഹർജിയിൽ സുപ്രിം കോടതി നവംബറിൽ വാദം കേൾക്കുന്നുണ്ട്.

ആധാർ നേട്ടം

ആധാർ നടപ്പാക്കിയതു വഴി കേന്ദ്ര സർക്കാരിന് ഇതുവരെ 58000 കോടി രൂപ ലഭിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ആധാറിന് രൂപം കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ) മുൻ ചെയർമാനും ഇൻഫോസിസിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേക്കാനി അടുത്തയിടെ പറഞ്ഞത്. ഗവണ്‍മെന്‍റിന്‍റെ ക്ഷേമ പദ്ധതികളിൽനിന്നു ഡ്യൂപ്ലിക്കേറ്റ് ഉപഭോക്താക്കളെ ഒഴിവാക്കിയതു വഴി സബ്സിഡിയിനത്തിലും പദ്ധതിയിനത്തിലും മറ്റുമാണ് ഗവണ്‍മെന്‍റ് ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ആധാർ നിർബന്ധമായിരിക്കുന്ന 10 സംഗതികൾ

1. ആദായനികുതി റിട്ടേണ്‍: ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാൻ പാൻ കാർഡുമായി ആധാർ കാർഡ് ലിങ്ക് ചെയ്യണം. നേരത്തെ ജൂലൈ 31 ആയിരുന്നു ഇതിനായി നിശ്ചയിച്ചിരുന്നത്. തുടർന്നു സമയം നീട്ടുകയായിരുന്നു.
അവസാന തീയതി: 2017 ഡിസംബർ 31.

2. ബാങ്ക് അക്കൗണ്ട് തുറക്കാൻ: ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ഇപ്പോൾ നിർബന്ധമാണ്. നിലവിലുള്ള അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ഗവണ്‍മെന്‍റ് നിർദ്ദേശിച്ചിട്ടുള്ളത്. ആധാർ കാർഡ് ഐഡന്‍റിറ്റി തെളിവായി സ്വീകരിക്കും. അതുകൊണ്ടുതന്നെ അക്കൗണ്ട് തുറക്കുക എളുപ്പമായി.

അവസാന തീയതി: 2017 ഡിസംബർ 31.

3. അന്പതിനായിരം രൂപയ്ക്കു മുകളിലുള്ള ബാങ്ക് ഇടപാടുകൾ: അന്പതിനായിരം രൂപയ്ക്കു മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് ആധാർ നിർബന്ധമാണ്. 2017 ജൂണ്‍ ഒന്നു മുതലാണ് ഇതു നിലവിൽ വന്നത്.

4. മ്യൂച്വൽ ഫണ്ട് അക്കൗണ്ട്: മ്യൂച്വൽ ഫണ്ട് അക്കൗണ്ടുമായി ആധാർ നന്പർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. അതിൽ പരാജയപ്പെട്ടാൽ മ്യൂച്വൽ ഫണ്ട് അക്കൗണ്ട് പ്രവർത്തനരഹിതമാകും. അവസാന തീയതി: 2017 ഡിസംബർ 31.

5. ഡിജിറ്റൽ ലോക്കർ: വ്യക്തിഗത ഡോക്കുമെന്‍റുകൾ ഗവണ്‍മെന്‍റ് സെർവറിൽ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിറ്റൽ ലോക്കർ. വ്യക്തികൾ ആധാർ കാർഡ് നൽകിയാൽ മാത്രമേ ഇനി മുതൽ ഡിജിറ്റൽ ലോക്കർ തുറക്കാൻ സാധിക്കുകയുള്ളു.

6. സ്കോളർഷിപ്: ഗവണ്‍മെന്‍റ് സ്കോളർഷിപ്പുകൾ ലഭിക്കുവാൻ വിദ്യാർത്ഥികൾ ആധാർ നന്പർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചരിക്കണം.

7. പ്രൊവിഡന്‍റ് ഫണ്ട്: എംപ്ലോയി പ്രൊവിഡന്‍റ് ഫണ്ടിൽനിന്നു തുക പിൻവലിക്കുന്നതിന് ഇപിഎഫ് അക്കൗണ്ടുമായി ആധാർ നന്പർ ബന്ധിപ്പിച്ചിരിക്കണം.

8. ഇപിഎഫ് പ്രതിമാസ പെൻഷൻ: ഇപിഎഫിൽനിന്നു പണം പിൻവലിക്കുന്നതുപോലെ തന്നെ ഇപിഎഫ് പെൻഷൻ കിട്ടാനും ആധാർ നന്പർ നൽകണം.

9. മൊബൈൽ നന്പറിനുള്ള ഇ- കെവൈസി : മൊബൈൽ നന്പറുകൾ ആധാർ നന്പറുമായി ബന്ധിപ്പിക്കുവാൻ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ടെലികോം സേവനദാതാക്കൾ ആധാർ നന്പർ ഉപയോഗിച്ച് ഇ- വെരിഫിക്കേഷൻ നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അവസാന തീയതി: 2018 ഫെബ്രുവരി 5.

10. പാചകവാതക സബ്സിഡി: ഡയറക്ട് ബെനിഫിറ്റ്ട്രാൻസ്ഫർ ഫോർ എൽപിജി പദ്ധതിയനുസരിച്ച് സബ്സിഡി ബാങ്കിലേക്കാണ് അയച്ചു നൽകുന്നത്. അതിനായി ഗ്യാസ് കണക്ഷനുമായി ആധാർ ബന്ധിപ്പിക്കണം.