ഉദാഹരണം അനശ്വര
ഉദാഹരണം സുജാത എന്ന സിനിമ കണ്ടിറങ്ങുന്പോൾ കൈയടിക്കുകയും കണ്ണ് തുടയ്ക്കുകയും ചെയ്യാത്തവരുണ്ടാവില്ല. അത്രമാത്രം നമ്മൾ സുജാതയേയും ആതിരയേയും ഇഷ്ടപ്പെട്ടുപോകും. സുജാത എന്ന അമ്മയുടെ വേദനകളും ആവലാതികളും മഞ്ജു വാര്യർ എന്ന മലയാളത്തിെൻറ എക്കാലത്തേയും മികച്ച നടി ഭംഗിയാക്കിയപ്പോൾ ആതിര എന്ന മകളും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം പുറത്തെടുത്തു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ആദ്യം അന്വേഷിച്ചത് ആതിരയെ കുറിച്ചായിരുന്നു. ഇതുവരെ കാണാത്ത ഒരു മുഖം. എന്നാൽ, ഏറെ അനായാസമായുള്ള അഭിനയം. കണ്ണൂർ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ സ്വദേശിനിയും പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർഥിനിയുമായ അനശ്വര രാജൻ എന്ന മിടുക്കിയായിരുന്നു ആതിര കൃഷ്ണൻ എന്ന കുറുന്പിക്കുട്ടിയായത്. സിനിമ പുറത്തിറങ്ങി ഒരു മാസം കഴിയുന്പോഴും അനശ്വരയ്ക്ക് അഭിനന്ദനങ്ങൾക്ക് കുറവുവന്നിട്ടില്ല. മലയാള സിനിമയിലെ പുതിയ താരോദയം ആദ്യസിനിമാനുഭവം പറയുന്നു....

മഞ്ജുവാര്യർ ശരിക്കും പോസിറ്റീവാണ്

സിനിമയിലേക്ക് സിലക്ട് ചെയ്തു എന്ന് സംവിധായകൻ ഫാൻറം പ്രവീണ്‍ ചേട്ടൻ വിളിച്ചു പറഞ്ഞതു മുതൽ ടെൻഷനായിരുന്നു. മഞ്ജുവാര്യരുടെ മകളുടെ വേഷമാണെന്നു കൂടി അറിഞ്ഞപ്പോൾ ടെൻഷൻ കൂടി. മഞ്ജുച്ചേച്ചി ഭയങ്കര ജാഡയായിരിക്കുമെന്നൊക്കെയാണ് കരുതിയത്. എനിക്കും മഞ്ജു ച്ചേച്ചിക്കും ഒന്നിച്ചാണ് സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിച്ചത്. എന്നെ കണ്ടതു മുതൽ മഞ്ജുച്ചേച്ചി എനിക്ക് നല്ല സപ്പോർട്ട് തന്നിരുന്നു. ഷൂിംഗ് ആരംഭിച്ചപ്പോൾ ചേച്ചി ഇടയ്ക്കിടെ പറയും ഒന്നും പേടിക്കേണ്ട. ആത്മവിശ്വാസത്തോടെ വേണം അഭിനയിക്കാൻ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കണം എന്നൊക്കെ. ചില സീനിലൊക്കെ അഭിനയിക്കേണ്ടതന്നു ചോദിക്കാതെ പോലും പറഞ്ഞുതരും. മഞ്ജുച്ചേച്ചിയുടെ കൂടെ നിൽക്കുന്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും. എപ്പോഴും ചിരിച്ചുകൊണ്ടാണ് സെറ്റിലുണ്ടാവുക. എല്ലാവരോടും ചിരിച്ചുകൊണ്ടു തന്നെ പെരുമാറും.

കൂട്ടുകാർ ഇഷ്ടംപോലെ

എനിക്ക് കൂട്ടുകാർക്ക് കുറവൊന്നുമില്ല. സ്കൂളിലും നാട്ടിലും കൂട്ടുകാർ ഒരുപാടുണ്ട്. സിനിമയിൽ എെൻറ ക്ലാസിലെ കൂട്ടുകാരായി അഭിനയിച്ചത് കണ്ണൂർ സ്വദേശി അഭിനന്ദ്, എറണാകുളത്തെ അജ്മിന, തിരുവനന്തപുരത്തെ സ്വരാജ് എന്നിവരാണ്. ഷൂട്ടിംഗ് തുടങ്ങും മുന്പേ ഞങ്ങളെ തമ്മിൽതമ്മിൽ പരിചയപ്പെടുത്താനും കന്പനിയാക്കാനും സംവിധായകൻ ഒരുക്കം നടത്തിയിരുന്നു. അട്ടക്കുളങ്ങര സ്കൂളിലും ശംഖുമുഖം ബീച്ചിലുമൊക്കെ ഞങ്ങളെ ഒന്നിച്ച് കൊണ്ടുപോയി. ആ യാത്രയൊക്കെ ഞങ്ങളെ നല്ല ചങ്ങാതിമാരാക്കി. അതിനാൽ ഷൂട്ടിംഗ് നടക്കുന്പോൾ ഒരകൽച്ചയും തോന്നിയില്ല. ശരിക്കും കൂട്ടുകാർ തമ്മിലുള്ള സംസാരവും പെരുമാറ്റവും ഞങ്ങളിൽ നിന്നും വന്നു.

സ്കൂളിൽ അത്ര കുറുന്പിയല്ല

സിനിമയിൽ കാണുംപോലെ പഠിക്കാൻ തീരെ താത്പര്യമില്ലാത്ത ആളൊന്നുമല്ല ഞാൻ. എന്നാൽ ഭയങ്കര പഠിപ്പിസ്റ്റുമല്ല. ആവറേജ് പഠിത്തം. പിന്നെ അത്യാവശ്യം മോണോആക്ടും കളിക്കും. അതിനായി കഥയും കഥാസന്ദർഭങ്ങളും സ്വന്തമായി ഉണ്ടാക്കും. ആലക്കാട് വീവണ്‍ ക്ലബിലൂടെയാണ് കലാ രംഗത്തെത്തിയത്. കരിവെള്ളൂരിലെ യുവപ്രതിഭ എന്ന ക്ലബിെൻറ വീടുകെണി എന്ന നാടകത്തിലും രതീഷ് പയ്യന്നൂരിെൻറ ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ ഇത്ര മാത്രമേ മുൻപരിചയമുണ്ടായിരുന്നുള്ളു.

അഭിനയം അമ്മയെ മനസിൽ കണ്ട്

മഞ്ജുച്ചേച്ചിയെ ദേഷ്യത്തോടെ നോക്കുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ടെൻഷനോടെയാണ് ചെയ്തത്. കഴിഞ്ഞപ്പോൾ എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. എന്നാലും ടെൻഷൻ പോയിരുന്നില്ല. അപ്പോൾ അമ്മയാണ് പുതിയൊരു ഉപായം പറഞ്ഞുതന്നത്. സിനിമയിൽ മഞ്ജു വാര്യർ എെൻറ അമ്മയായിാണല്ലോ അഭിനയിക്കുന്നത്. അപ്പോൾ അമ്മയോട് വീട്ടിൽ നിന്ന് പെരുമാറുന്നതു പോലെ ചെയ്താൽ മതി എന്നു പറഞ്ഞു. ഏത് സീനായാലും അമ്മയെന്ന മഞ്ജുച്ചേച്ചിയുടെ കഥാപത്രത്തിെൻറ സ്ഥാനത്ത് എന്നെ കണ്ടാൽ മതിയെന്ന് അമ്മ ഇടയ്ക്കിടെ ഓർപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ടെൻഷൻ പകുതിയും കുറഞ്ഞു.


ശരിക്കും സങ്കടം വന്നു

സിനിമയിൽ അവസാനം അപകടംപറ്റി ആശുപത്രിയിൽ ഐസിയുവിൽ കിടക്കുന്ന മഞ്ജുച്ചേച്ചിയെ കാണാൻ ഞാൻ പോകുന്ന സീനുണ്ട്. ഓക്സിജൻ മാസ്ക്കൊക്കെ ധരിച്ചാണ് മഞ്ജുച്ചേച്ചി അവിടെ ഗുരുതരാവസ്ഥയിൽ കിടക്കുന്നത്. ചേച്ചിയുടെ മേയ്ക്കപ്പൊക്കെ കഴിഞ്ഞ ശേഷം സംവിധായകൻ പ്രവീണ്‍ ചേട്ടൻ എന്നോട് മഞ്ജുച്ചേച്ചിയെ കണ്ടോളൂ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട ഷൂട്ടിംഗ് തുടങ്ങിയാൽ കാണാമെന്ന്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് മഞ്ജുച്ചേച്ചിയുടെ ആ രൂപം കാണുന്നത്. എനിക്ക് ശരിക്കും സങ്കടം വന്നു. ആ സീനിലെ കരച്ചിലൊക്കെ ശരിക്കുമുള്ള കരിച്ചിലാണ്. അഭിനയിച്ച് കഴിഞ്ഞപ്പോൾ മഞ്ജുച്ചേച്ചി എെൻറ കൈ മുറുകെ പിടിച്ചിട്ട് നന്നായിചെയ്തു മോളെ എന്നു പറഞ്ഞു. ഇങ്ങനെ സങ്കടം വരുന്ന സീനിലൊക്കെ സംവിധായകൻ സന്ദർഭം പറഞ്ഞുതന്ന ശേഷം ഒറ്റയ്ക്കിരിക്കാൻ പറയും. ഉച്ചയ്ക്കാണ് ഷൂട്ടിംഗ് എങ്കിൽ രാവിലെ മുതൽ ഞാൻ ആ സന്ദർഭവും മനസിലിട്ട് ഒറ്റയ്ക്കങ്ങനെ ഇരി ക്കും. അപ്പോൾ ഷൂട്ടിംഗ് തുടങ്ങുന്പോൾ സങ്കടവും കരച്ചിലുമൊ ക്കെ ശരിക്കും വരും. സിനിമ പൂർത്തിയായ ശേഷം ആദ്യ അവതരണം ഞാനും മഞ്ജുച്ചേച്ചിയും ഒന്നിച്ചാണ് കണ്ടത്. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചിട്ട് മഞ്ജുച്ചേച്ചി പറഞ്ഞു കരയിപ്പിച്ചല്ലോ മോളെ എന്ന്.

പ്രശംസ കമലിൽ നിന്നും

സിനിമ കണ്ട ശേഷം പലരും നേരിൽകണ്ടും വിളിച്ചും അഭിനന്ദിച്ചിട്ടുണ്ട്. സ്കൂളിൽ നിന്ന് ടീച്ചർമാരടക്കം എല്ലാവരും സിനിമ കണ്ടു. നാട്ടിലും അങ്ങനെ തന്നെ. അഭിനയം നന്നായിട്ടുണ്ട്, ഇനിയും അഭിനയിക്കണം എന്നൊക്കെ പറഞ്ഞു. സംവിധായകൻ കമൽ സാർ, നടി പാർവതി, റിമാ കല്ലിങ്കൽ തുടങ്ങി പലരും സിനിമ കണ്ട് അഭിനന്ദിച്ചിരുന്നു. ഫേസ് ബുക്കിലും വാട്സ് ആപ്പിലും അഭിനന്ദനങ്ങൾ വരുന്നുണ്ട്.

സെറ്റ് ഒരു കുടുംബം

സത്യത്തിൽ പേടിയോടെയാണ് അഭിനയിച്ച് തുടങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളായി മാറി. പേടിയില്ലാതെ അഭിനയിക്കാൻ കാരണമായതും അവരുടെയൊക്കെ സ്നേഹമാണ്. സംവിധായകനടക്കം എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. ഷൂട്ടിംഗ് മുഴുവനും കഴിഞ്ഞ് പോരുന്പോൾ ശരിക്കും സങ്കടം വന്നു.

വിലപ്പെട്ട ആ സമ്മാനം

ജീവിതത്തിൽ പല സാനങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനെക്കാളൊക്കെ വിലപ്പെട്ട സമ്മാനമാണ് ഉദാഹരണം സുജാത എന്ന സിനിമയിൽ അഭിനയിക്കുന്പോൾ ലഭിച്ചത്. മഞ്ജുച്ചേച്ചിയാണ് ആ സമ്മാനം തന്നത്. ഷൂട്ടിംഗ് ഏതാണ്ട് പകുതിയായപ്പോഴാണത്. പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ നീർമാതളം പൂത്ത കാലം എന്ന പുസ്തകമായിരുന്നു സമ്മാനം. അനശ്വരയ്ക്ക് ആമിയുടെ ആശംസകൾ എന്നെഴുതിയ പുസ്തകത്തിെൻറ അകംപേജിൽ മഞ്ജു വാര്യർ എന്നെഴുതി ഒപ്പുമിട്ടിട്ടുണ്ട്. എെൻറ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം തന്നെയാണത്.

കുടുംബം ഫുൾ സപ്പോർട്ട്

അച്ഛൻ രാജൻ കഐസ്ഇബി വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനാണ്. അമ്മ ഉഷ ആലക്കാട് നെല്ല്യാട്ട് ആംഗൻവാടി അധ്യാപികയാണ്. ചേച്ചി ഐശ്വര്യ പയ്യന്നൂർ കോളജിലെ അവസാന വർഷ വിദ്യാർഥിനിയാണ്. ഇവരുടെ ഫുൾ സപ്പോർട്ടുകൊണ്ട് മാത്രമാണ് എനിക്ക് ഉദാഹരണം സുജാത എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത്. ഷൂട്ടിംഗിെൻറ ആദ്യ ദിവസങ്ങളിൽ എല്ലാവരും ലൊക്കേഷനിൽ വന്നിരുന്നു.

തുടർന്നുള്ള അഭിനയം

പഠനം ഒഴിവാക്കിയുള്ള അഭിനയമില്ല. എന്നാൽ നല്ല വേഷങ്ങൾ കിട്ടിയാൽ പഠനത്തെ ബാധിക്കാതെ അഭിനയിക്കും.

ഷിജു ചെറുതാഴം