കെ പി ഹോർമിസ്: ഒറ്റമുറിയിൽനിന്നൊരു അഖിലേന്ത്യ ബാങ്ക് തീർത്തയാൾ
കെ പി ഹോർമിസ്: ഒറ്റമുറിയിൽനിന്നൊരു  അഖിലേന്ത്യ ബാങ്ക് തീർത്തയാൾ
Saturday, November 25, 2017 4:44 AM IST
""അദ്ദേഹം വിവാഹം ചെയ്തത് എന്നെയല്ല; ബാങ്കിനെയാണ്.’’ ഫെഡറൽ ബാങ്കിന്‍റെ സ്ഥാപകൻ കുളങ്ങര പൗലോ ഹോർമിസിന്‍റെ ഭാര്യ അമ്മിണി തന്‍റെ ഭർത്താവിനെക്കുറിച്ചു പറയുന്ന വാക്കുകളാണ്. ഈ വാക്കുകൾ നൂറല്ല, നൂറ്റന്പതു ശതമാനവും ശരിയാണെന്ന് അടിമുടി ബാങ്കറായ ഹോർമിസിനെ അറിയുന്നവർ പറയും.

ഇന്ത്യൻ ബാങ്കിംഗിലെ ഏറ്റവും വലിയ ക്രാന്തദർശിയായിരുന്ന ഹോർമിസിന്‍റെ ചരിത്രം തന്നെയാണ് ഫെഡറൽ ബാങ്കിന്‍റെ വളർച്ചയുടെ ചരിത്രവും.

മുപ്പത്തിനാലു വർഷം ബാങ്കിനെ നയിച്ചശേഷം 1979-ൽ ചെയർമാൻ സ്ഥാനത്തുനിന്നു വിരമിക്കുന്പോൾ രാജ്യത്തൊട്ടാകെ സാന്നിധ്യമുള്ള ബാങ്കായി ഫെഡറൽ ബാങ്ക് ഉയർന്നിരുന്നു. റിട്ടയർ ചെയ്ത ശേഷം രണ്ടുവർഷംകൂടി ഡയറക്ടർ ബോർഡിൽ തുടർന്നിരുന്നു. 1988-ലെ റിപ്പബ്ളിക് ദിനത്തിൽ ഹോർമിസിന്‍റെ സംഭവബഹുലമായ ജീവിതത്തിനു തിരിശീല വീണു.

തുടക്കം 1931-ൽ

തിരുവല്ലയ്ക്കടുത്ത് ചെറുഗ്രാമമായ നെടുന്പുറത്ത് 1931 ഏപ്രിൽ 23-ന് പ്രവർത്തനം തുടങ്ങിയ ട്രാവൻകൂർ ഫെഡറൽ ബാങ്കായിരുന്നു ഇപ്പോഴത്തെ ഫെഡറൽ ബാങ്കിന്‍റെ മുൻഗാമി. പ്രവർത്തനം മുടങ്ങിക്കിടന്നിരുന്ന ട്രാവൻകൂർ ഫെഡറൽ ബാങ്കിന്‍റെ ഓഹരികൾ ഏഴായിരം രൂപയ്ക്കു 1944-ൽ ഹോർമിസ് വാങ്ങി. ഇതിൽ ഹോർമിസിന്‍റെ പങ്ക് 2000 രൂപയായിരുന്നു. ശേഷിച്ച തുക കണ്ടെത്തിയത് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നുമായിരുന്നു. പിന്നീട് തന്‍റെ സർക്കിളിൽപ്പെട്ട വിശ്വാസ്യതയുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തി പുതിയ ഡയറക്ടർ ബോർഡ് രൂപീകരിച്ചു.

ഈ പ്രദേശത്തെ ആളുകൾ പണം സുരക്ഷിതമായി സൂക്ഷിക്കാൻ എന്നെയാണ് ഏൽപ്പിക്കുന്നത്. ഈ പുതിയ സ്ഥാപനം തുടങ്ങി എന്‍റെ വിശ്വാസ്യത കളയരുത്.... ’’ എന്നു പറഞ്ഞാണ് ഓഹരി വാങ്ങുവാനുള്ള പണം അദ്ദേഹത്തിന്‍റെ അപ്പൻ ഹോർമിസിന് നൽകിയത് എന്ന് കെ.പി ഹോർമിസിന്‍റെ ജീവചരിത്രകാരനായ കെ. പി ജോസഫ് പറയുന്നു. ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവന്നതിന്‍റെ ചിത്രവും പുസ്തകത്തിൽ ജോസഫ് സരസമായി വരച്ചു കാട്ടിയിട്ടുണ്ട്.

1945 മേയ് 18-ന് ബാങ്കിന്‍റെ ആസ്ഥാനം ആലുവയിലേയ്ക്ക് പറിച്ചു നട്ടു. ഹോർമിസിനെ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുത്തു. ആ വർഷം ഓഗസ്റ്റ് 18-ന് ആലുവ മാർക്കറ്റിലെ 400 ചതുരശ്രയടി മുറിയിൽ ആദ്യത്തെ ശാഖ തുറന്നു. കൂടെ ഒരു ജീവനക്കാരനും. ബാങ്കിന്‍റെ ജന്മദിനം ഈ തീയ്യതിയാണ്. ജന്മ നാടായ മൂക്കന്നൂരിനടുത്തുള്ള അങ്കമാലിയിൽ രണ്ടാമത്തെ ശാഖ തുറന്നു.

1947-ൽ ട്രാവൻകൂർ ഫെഡറൽ ബാങ്കിന്‍റെ പേര് ഫെഡറൽ ബാങ്ക് എന്നു പുനർ നാമകരണം ചെയ്തു. പുതിയ പേരു സ്വീകരിച്ചതോ രാജ്യം ചരിത്ര മുഹൂർത്തത്തിലൂടെ കടന്നുപോകുന്പോഴാണ്. 1947-ൽ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച അതേ വർഷത്തിൽ. തുടർന്ന് ബാങ്ക് ഇന്ത്യയുടെ ചരിത്രത്തോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്‍റെ വളർച്ചയിൽ കാറുംകോളുമുണ്ടാ യതുപോലെ തന്നെ ബാങ്കിന്‍റെ ചരിത്രത്തിലും നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കരുത്തു നേടുവാൻ ഹോർമിസിന്‍റെ നേതൃത്വത്തിനു കഴിഞ്ഞു.

പുതിയ പേര് സ്വീകരിച്ചതിനൊപ്പം താൻ അഭിഭാഷകനായി ജോലി ആരംഭിച്ച പെരുന്പാവൂരിൽ ബാങ്കിന്‍റെ മൂന്നാമത്തെ ശാഖയും തുടങ്ങി. പിന്നീട് ബാങ്കിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ബാങ്ക് ഇന്ന് ഏഴു ദശകം പൂർത്തിയാക്കുന്പോൾ വിവിധ മേഖലയിൽനിന്നുള്ള 80.12 ഇടപാടുകാരും 1252 ശാഖകളും 1681 എടിഎമ്മുകളുമുള്ള ബാങ്കായി വളർന്നിരിക്കുന്നു. 2017 സെപ്റ്റംബർ ക്വാർട്ടറിൽ ബാങ്കിലെ ഡിപ്പോസിറ്റ് 97000 കോടി രൂപയും വായ്പ 79000 കോടി രൂപയുമാണ്. ബാങ്കിന്‍റെ മൊത്തം ബിസിനസ് സെപ്റ്റംബർ 30-ന് 1.78 ലക്ഷം കോടി രൂപയാണ്.

ജനനവും വളർച്ചയും

റഷ്യയിൽ ഒക്ടോബർ വിപ്ലവം വിജയിച്ച വർഷത്തിൽ അതേ മാസത്തിലാണ് ബാങ്കിംഗിൽ വിപ്ലവം സൃഷ്ടിച്ച ഹോർമിസിന്‍റെ ജനനവും. 1917 ഒക്ടോബർ 18-ന് അങ്കമാലിക്കടുത്തുള്ള ചെറുഗ്രാമമായ മൂക്കന്നൂരിലായിരുന്നു ജനനം. കാർഷിക കുടുംബമായ കുളങ്ങര പൗലോ-മറിയാമ്മ ദന്പതികളുടെ രണ്ടാമത്തെ പുത്രനായി. മൂക്കന്നൂർ പ്രൈമറി സ്കൂളിൽ പഠനമാരംഭിച്ചു.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് തേവര എസ് എച്ച് സ്കൂളിൽനിന്നാണ്. തൃശൂർ സെന്‍റ് തോമസ് കോളജിൽനിന്നു ഇന്‍റർമീഡിയറ്റ് പാസായി തൃശിനാപ്പള്ളി സെന്‍റ് ജോസഫ്സ് കോളജിൽ ബിഎയ്ക്ക്( ഫിസിക്സും കെമിസ്ട്രിയും) ചേർന്നു.

1940-ൽ തിരുവനന്തപുരം ലോ കോളജിൽ നിയമബിരുദത്തിനു ചേർന്നത് പൊതുപ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും ആകർഷിക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിലും സിവിൽ സർവീസിലും പിന്നീട് തിളങ്ങിയ പലരും ഇവിടെ സമകാലികരായിരുന്നു. 1943-ൽ പെരുന്പാവൂൽ മുൻസിഫ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.

എന്നാൽ കോടതി പ്രാക്ടീസിന് ഹോർമിസിലെ സംരംഭകനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എപ്പോഴും അസ്വസ്ഥനായിരുന്ന ഹോർമിസ് അങ്ങനെ ബാങ്കിംഗിലേക്ക് ആകർഷിക്കപ്പെട്ടു.

1944-ൽ ബാങ്കിംഗ് തെരഞ്ഞെടുത്ത ഹോർമിസിന് രാഷ്ട്രീയവും പൊതുപ്രവർത്തനവും വിട്ടുകളയുവാൻ മനസുണ്ടായിരുന്നില്ല. അദ്ദേഹം രാഷ്ട്രീയത്തിൽ തുടർന്നു. 1954-ൽ തിരു-കൊച്ചി നിയമസഭയിലേക്ക് പെരുന്പാവൂരിൽനിന്നു ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തോൽപ്പിച്ചത് മറ്റാരേയുമല്ല, കമ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനേയും. പിന്നീട് രാമകൃഷ്ണൻ രാഷ്ട്രീയം ഉപേക്ഷിച്ച് സിവിൽ സർവീസിൽ ചേക്കേറി.

കേരള സംസ്ഥാനം രൂപീകരിച്ച ശേഷം 1957-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശക്തമായ സമ്മർദ്ദം ഹോർമിസിന്‍റെ മേൽ എത്തിയെങ്കിലും അദ്ദേഹം വഴിങ്ങിയില്ല. 1943-ൽ തൃശൂർ പുത്തൻവീട്ടിൽ കുടുംബാംഗമായ അമ്മിണിയെ വിവാഹം കഴിച്ചു. നാലു മക്കൾ.പോളി, രാജു, ഉഷ, ബോബി.

വികസനത്തിനു മാനുഷിക മുഖം വേണം

വികസനത്തിനും ബാങ്കിംഗിനും മാനുഷികമുഖം വേണമെന്നു വിശ്വസിച്ചിരുന്നയാളാണ് ഹോർമിസ്. അതുകൊണ്ടുതന്നെയാണ് നിക്ഷേപത്തിന്‍റെ വലുപ്പത്തേക്കാൾ നിക്ഷേപകരുടെ എണ്ണം പ്രധാനമാണെന്ന് അദ്ദേഹം കരുതിയത്. ചെറിയ മനുഷ്യർ ബാങ്കിനെ ഉപയോഗപ്പെടുത്തി അവരുടെ കുടുംബത്തിന് സാന്പത്തിക വളർച്ചയുണ്ടാകുകയെന്നത് അദ്ദേഹത്തിന്‍റെ മുഖ്യ ഉത്കണ്ഠകളിലൊന്നായിരുന്നു.

രാജ്യത്തെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനു വ്യവസായവത്കരണത്തിന്‍റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടിയാണ് 1954-ൽ അസംബ്ലിയിൽ ഹോർമിസ് തന്‍റെ കന്നി പ്രസംഗം നടത്തിയതുതന്നെ. സംരഭകത്വത്തോടുള്ള അഭിനിവേശമാണ് ഇതിൽ പ്രതിഫലിച്ചത്.

ചെറു സന്പാദ്യങ്ങൾ സമാഹരിച്ച് സരംഭങ്ങൾക്ക് വായ്പ നൽകി സംസ്ഥാനത്ത് നിരവധി സംരംഭകരെ സൃഷ്ടിക്കുന്നതിൽ ഹോർമിസും അദ്ദേഹത്തിന്‍റെ ഫെഡറൽ ബാങ്കും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഹോർമിസ് രാഷ്ട്രീയത്തിൽ തുടർന്നിരുന്നുവെങ്കിൽ അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രിയോ കേന്ദ്രത്തിൽ പ്രമുഖ മന്ത്രിയോ ആയിത്തീരുമെന്നാണ് അദ്ദേഹത്തിന്‍റെ ക്ലാസ്മേറ്റും മുൻ കേന്ദ്ര മന്ത്രിയുമായ ഹെൻട്രി ഓസ്റ്റിൻ ഒരിക്കൽ അഭിപ്രായപ്പെട്ടത്. ഇതു പക്ഷേ, ഇന്ത്യൻ ബാങ്കിംഗിന് നേട്ടവും രാഷ്ട്രീയത്തിനു നഷ്ടവുമായി എന്നു പറഞ്ഞാൽ അത് ചരിത്രം.

ലളിത ജീവിതം കർമനിരതൻ പിതാവിനെക്കുറിച്ചുള്ള ഓർമകളിൽ മകൻ രാജു ഹോർമിസ്

ഓർമ്മകളിലൂടെ ഞാൻ അന്പതുകളിലേക്ക് പിന്നോക്കം പോകുന്പോൾ, ഫെഡറൽ ബാങ്ക് സമീപ പ്രദേശങ്ങളിൽ പത്തോളം ബ്രാഞ്ചുകളുമായി ആലുവ ബാങ്ക് റോഡിൽ രജിസ്ട്രേഡ് ഓഫീസും എംഡിയുടെ താമസവുമൊക്കയായി ഒതുങ്ങി കഴിഞ്ഞിരുന്ന ഓടു മേഞ്ഞ ഒരു ചെറിയ വീടാണ്. ബാങ്കിന്‍റെ ബോർഡ് മീറ്റിംഗുകളെല്ലാം ഈ വീട്ടിൽ തന്നെയാണ് നടക്കാറ്. അക്കാലത്ത് ബാങ്കിന്‍റെ ഡയറക്ടർമാരിൽ മുൻ നിരയിലുണ്ടായിരുന്ന ഡോ.ഫ്രാൻസിസ് പാനിക്കുളങ്ങര, ഡോ.ഇ.കെ മാധവൻ, കെ.സി മേത്തർ, കുഞ്ഞിക്കുട്ടൻ തന്പുരാൻ തുടങ്ങിയ പ്രഗത്ഭരുടെ ഓർമ്മകളാണ് മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.

ഏകദേശം 16,000 രൂപയായിരുന്നു ആ വർഷങ്ങളിലെ അറ്റാദായമെന്ന് ഓർമിക്കുന്നു. കുറി, ചിട്ടി, സ്വർണപണയം എന്നീ മേഖലകളിലാണ് വാണിജ്യടിസ്ഥാനത്തിൽ ബാങ്ക് ശ്രദ്ധ പതിപ്പിച്ചിരുന്നത്. ആലുവ ഓഫീസിൽ അക്കാലത്ത് പത്തിൽ താഴെ ജീവനക്കാരാണ് ഉണ്ടായിരുന്നത്. തന്‍റെ കർമ്മപഥത്തിൽ രാപ്പകലുകൾ മുഴുകിയിരുന്ന പിതാവിനോടൊപ്പം കുടുംബാംഗങ്ങൾക്ക് ഒത്തുച്ചേരാനുള്ള അവസരങ്ങൾ വളരെ വിരളമായിരുന്നു.

അവധി ദിവസങ്ങൾക്കോ, ആർഭാടങ്ങൾക്കോ വേർതിരിവുകളുണ്ടായിരുന്നില്ല. കാരണം എല്ലാ ദിവസങ്ങളും ഞങ്ങൾക്ക് ഒരുപോലെയായിരുന്നു. സ്നേഹപൂർവ്വം അപ്പച്ചൻ എന്നു വിളിച്ചിരുന്ന പിതാവിന് വല്ലപ്പോഴും വീണു കിട്ടുന്ന ചില സായാഹ്നങ്ങളിൽ ഞങ്ങളുടെ ഏറ്റവും വലിയ വിനോദം ആലുവപ്പുഴയിലെ കൊട്ടാരക്കടവിൽ ഇറങ്ങി നീന്തുകയും കുളിക്കുകയുമായിരുന്നു. ഈ അപൂർവ്വ അവസരങ്ങൾ ഞങ്ങൾക്ക് അദ്ദേഹം അനാരോഗ്യത്തിലേക്ക് നീങ്ങുന്നതുവരെ ലഭിച്ചിരുന്നു.

പരിശ്രമത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും സംയുക്ത ഫലങ്ങളാണ് ഫെഡറൽ ബാങ്കിന്‍റെ വളർച്ചയ്ക്കു പിന്നൽ. ഈ നേതൃത്വത്തിന്‍റെ കൂടെ ആരംഭം മുതൽ അർപ്പണ ബോധത്തോടെ നിന്ന ഒരു കൂട്ടായ്മയാണ് ഇന്ന് നാം കാണുന്ന ഫെഡറൽ ബാങ്ക്. ദീർഘ വീക്ഷണത്തോടെയും ചുറ്റുപാടുകളെ വിലയിരുത്തിയും ലളിതമായ ജീവിതം നയിച്ചിരുന്ന ആ വ്യക്തിത്വത്തോട് താരതമ്യപ്പെടുത്തുവാൻ ഇന്നും ഞാൻ ആരെയും കണ്ടിട്ടില്ല.
(ബാങ്കിന്‍റെ സിഎസ്ആർ വിഭാഗം മേധാവിയാണ്)