നേരത്തെ തുടങ്ങാം; സന്പത്തു നേടാം
"നേരത്തെ ഉണരുന്ന പക്ഷി ഇര പിടിക്കും.’ എന്നൊരു ചൊല്ലുണ്ട്. ഇതു നിക്ഷേപത്തിന്‍റെ കാര്യത്തിൽ നൂറു ശതമാനവും ശരിയാണ്. നേരത്തെ നിക്ഷേപം തുടങ്ങിയാൽ വലിയ തോതിൽ സന്പത്ത് നേടാനുള്ള സാധ്യത വളരെ വലുതാണ്. നിക്ഷേപത്തിൽനിന്നു കൂടുതൽ റിട്ടേണ്‍ ലഭിക്കുവാൻ കൂടുതൽ സമയം ലഭിക്കുന്നു.

നിക്ഷേപം നേരത്തെ ആരംഭിക്കുന്നത് പ്രയാസമില്ലാതെ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ ഒരാളെ സഹായിക്കും. എന്നാലും മിക്ക വ്യക്തികളും നിക്ഷേപം ആരംഭിക്കുന്നത് വിവാഹത്തിനുശേഷമോ അല്ലെങ്കിൽ കുട്ടികൾ ഉണ്ടായതിനു ശേഷമോ ഒക്കെ ആയിരിക്കും. നിക്ഷേപം തുടങ്ങുവാൻ തങ്ങൾ താമസിച്ചുവെന്നു മനസിലാക്കാതെയാണ് അവർ നിക്ഷേപലോകത്തേക്കു കടന്നുവരുന്നത്.

യുവാക്കൾ ഇക്കാര്യം ഓർമിക്കുക. സമയമാണ് അവരുടെ ഏറ്റവും വലിയ കൂട്ടുകാരൻ! ജോലി തുടങ്ങുന്പോൾ യുവാക്കളുടെ നിക്ഷേപിക്കുവാനുള്ള ശേഷി കുറവായിരിക്കും. എന്നാൽ, ഇത് നേരത്തെ നിക്ഷേപം തുടങ്ങുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കരുത്. കാരണം അവരുടെ ജോലിയുടെ ആദ്യ ഏതാനും വർഷങ്ങളിലെ നിക്ഷേപം ഭാവിയെ സന്പത്തു സൃഷ്ടിയിൽ വലിയ തോതിലുള്ള സ്വാധീനമാണ് ഉണ്ടാക്കുന്നത്.

ചെറിയ ശന്പളവും കോളജ് പഠന വായ്പ തുടങ്ങിയവ കണക്കിലെടുക്കുന്പോഴും നിക്ഷേപലോകത്തു പ്രവേശിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇരുപത് പ്ലസ് വയസ് എന്നത്.

ജീവിതത്തിലെ അനിശ്ചിതാവസ്ഥയാണ് സുനിശ്ചിതമായിട്ടുള്ള ഏക കാര്യം. അത് ജോലിയായാലും അല്ലെങ്കിൽ വ്യക്തിഗത ജീവിതത്തിലെ സംഭവ വികാസങ്ങളായാലും അവിടെ പണം വേണ്ടിവരുന്ന സമയമാണ്.

തൊണ്ണൂറുകളിൽ ജനിച്ച യുവാക്കൾ ഒരു കാര്യം മനസിലാക്കണം. ആഗോള സന്പദ്ഘടന ഇപ്പോൾ വളരെ സജീവവും മറ്റു സമയത്തേക്കാൾ കൂടുതലായി പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതുമാണ്; ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന പ്രതിസന്ധികൾ ലോകത്തെന്പാടുമുള്ള മറ്റു രാജ്യങ്ങളിലും വിപണികളിലും വലിയ ഫലങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള അപ്രതീക്ഷിത തകർച്ചകളെ നേരിടാൻ നിക്ഷേപമെന്ന ശീലം യുവാക്കളിൽ വളർത്തിയെടുക്കുന്നതു സഹായിക്കും.

ഒരു വ്യക്തി കരിയർ തുടങ്ങുന്പോൾതന്നെ ധനകാര്യ ആസൂത്രണവും തുടങ്ങണം. ഇത് കരുതൽ നിധി സൃഷ്ടിച്ചെടുക്കുവാൻ സഹായിക്കും. ഇത്തരത്തിലുള്ള നിക്ഷേപത്തിന് മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ്. ഇത് നിക്ഷേപം അച്ചടക്കം ആർജിക്കുവാനും ധനകാര്യ ആസൂത്രണം ജീവിതത്തിൽ കൊണ്ടുവരുവാനും സഹായിക്കും.

മ്യൂച്വൽ ഫണ്ടുകൾ സ്വീകാര്യം

തൊണ്ണൂറിനുശേഷം ജനിച്ച യുവതലമുറയുടെ യോജിച്ച നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള അന്വേഷണവും വളരെ ആസൂത്രിതമായി നിക്ഷേപിക്കുവാനുള്ള അവരുടെ പ്രവണതയും രാജ്യത്തൊട്ടാകെ കണ്ടുവരികയാണ്. ഇതു വളരെ പ്രോത്സാഹജനമായ സംഗതിയാണ്. ഇന്നത്തെ യുവ നിക്ഷേപകർ അവരുടെ കരിയർ ആരംഭിക്കുന്നത് ആകർഷകമായ വരുമാനത്തോടെയാണ്. ജോലിയായാലും ബിസിനസ് ആയാലും ഇതുന്നെയാണ് സ്ഥിതി. അവർക്ക് വളരെ ഉയർന്ന ആഗ്രഹങ്ങളാണ് ഉള്ളത്. അവരുടെ ഇപ്പോഴത്തേയും ഭാവിയിലേയും ജീവിതശൈലി മെച്ചപ്പെടുത്താൻ അവർ എപ്പോഴും ആഗ്രഹിക്കുകയും അതിനായി തുടർച്ചയായി പരിശ്രമിക്കുകയും ചെയ്തുപോരുന്നു.

"ചെറുപ്പത്തിലെ പിടികൂടുക, അവ വളരുന്നതു കാണുക.’ ചെറുപ്പത്തിലെ ആരംഭിക്കുകയാണെങ്കിൽ അവരുടെ നിക്ഷേപശേഖരത്തിൽ 80 ശതമാനവും ഇക്വിറ്റി ഫണ്ടുകളായിരിക്കണം. ദീർഘകാലത്തിൽ പണം വളർത്തുവാനുള്ള ഏറ്റവും മികച്ച "വാതു പറയലാണ്’ഈ ആസ്തി വിഭാഗം. ഇക്വിറ്റി ഫണ്ടുകൾ ഇതിനകം തന്നെ തെളിയിച്ചു തന്നിട്ടുള്ളതാണ്.

ഏറ്റവും നേരത്തെ ഇതിൽ പ്രവേശിക്കുന്നുവോ അത്രയും കൂടുതൽ റിട്ടേണ്‍ ലഭിക്കുന്നതിനു സാക്ഷിയാകാൻ നിക്ഷേപകനു സാധ്യത കൂടുന്നു. ഈ ആസ്തിയിൽ പ്രവേശിക്കുന്നതിനുള്ള ഏറ്റവും മികച്ച രീതിയാണ് മ്യൂച്വൽ ഫണ്ടുകൾ.

മറ്റ് ആസ്തികളേക്കാൾ തങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ യുവതലമുറ മ്യൂച്വൽ ഫണ്ടുകളെ പരിഗണിക്കുന്നത് എന്തുകൊണ്ടാണ്? നിക്ഷേപകർക്ക് അവരുടെ പണം ഒരുമിച്ചു കൂട്ടി വൈവിധ്യമേഖലകളിൽനിന്നുള്ള ഓഹരികളും സെക്യൂരിറ്റികളും വാങ്ങുവാൻ മ്യൂച്വൽ ഫണ്ടുകൾ അനുവദിക്കുന്നു. അനുഭപരിചയവുമുള്ള പ്രഫഷണൽ ഫണ്ട് മാനേജർമാർ മാനേജ് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളാണ് അവർ വാങ്ങുന്നത്. അതുവഴി ഒരു പരിധി വരെ നിക്ഷേപത്തിലെ നഷ്ടസാധ്യത ഗണ്യമായി കുറയ്ക്കുവാൻ സഹായിക്കുന്നു. നഷ്ടസാധ്യത വൈവിധ്യമാർന്ന ആസ്തികളിൽ വിതരണം ചെയ്യുന്നതുവഴിയാണ് ഇതു സാധിക്കുന്നത്. കൂടുതൽ സമയവും ഉൗർജവും ചെലവഴിക്കാതെ പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട റിട്ടേണ്‍ നേടുവാൻ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരെ സഹായിക്കുന്നു.

ദീർഘകാലത്തിൽ സ്ഥിരതയുള്ളതും മെച്ചപ്പെട്ടതുമായ റിട്ടേണ്‍ നൽകുന്നു. വളരെ നികുതിക്ഷമമായ നിക്ഷേപവും കൂടിയാണിത്.

ഓഹരികൾ: മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആസ്തി

ദീർഘകാലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തിയാണോ ഓഹരി? നമുക്ക അല്പം ചരിത്രം പരിശോധിക്കാം.

1979-80 കാലയളവിൽ സ്ഥിര നിക്ഷേപം, സ്വർണം, സെൻസെക്സ് (ഓഹിരകളുടെ ബെഞ്ചുമാർക്കായ സെൻസെക്സ് ഈ വർഷമാണ് നിലവിൽ വന്നത്. ബേസ് 100 ആയി എടുക്കുന്നു) എന്നിവയിൽ ഒരു ലക്ഷം രൂപവീതം നിക്ഷേപിച്ചുവെന്നു കരുതുക. ഈ നിക്ഷേപം 2017 വരെ തുടരുകയായിരുന്നുവെങ്കിൽ ഈ 37 വർഷക്കാലത്ത് ഓരോ ആസ്തിയും എങ്ങനെ വളർന്നുവെന്നു നോക്കാം. സ്ഥിരനിക്ഷേപത്തിലെ നിക്ഷേപം 22 ഇരട്ടിയായപ്പോൾ സ്വർണത്തിലെ നിക്ഷേപം 32 ഇരട്ടിയായി. എന്നാൽ സെൻസെക്സിലെ നിക്ഷേപം 320 ഇരിട്ടയായി വളർന്നു!

നിക്ഷേപം ആരംഭിക്കുന്നത് ഒരിക്കലും താമസിച്ചുവെന്നു കരുതാനാവില്ല; എന്നാൽ താമസിച്ചു നിക്ഷേപം ആരംഭിക്കുന്നത് വലിയ സന്പത്ത് ഉണ്ടാക്കാനുള്ള ശേഷിയെ വല്ലാതെ കുറയ്ക്കും!

ഒരു ഉദാഹരണത്തിലൂടെ ഇതു നമുക്കു പരിശോധിക്കാം. നാല്പതു വയസ് പ്രായമുള്ള മൂന്നു സ്നേഹിത·ാരെ എടുക്കുക. വിവിധ കന്പനികളിൽ ജോലി ചെയ്യുന്ന അവരുടെ വരുമാനം ഏറെക്കുറെ തുല്യമാണ്. ഇതിൽ ആദ്യത്തെ ആൾ ജോലി കിട്ടിയ അന്നു മുതൽ പ്രതിമാസം 5000 രൂപ വീതം മ്യൂച്വൽ ഫണ്ടിൽ എസ്ഐപി രീതിയിൽ പതിനഞ്ചുവർഷമായി നിക്ഷേപം നടത്തിപ്പോരുന്നു. രണ്ടാമത്തെയാൾ കഴിഞ്ഞ ഏഴു വർഷമായി പ്രതിമാസം 5000 രൂപ വീതം എസ്ഐപി രീതിയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചുവരുന്നു. മൂന്നാമത്തെയാളകട്ടെ മൂന്നുവർഷം മുന്പാണ് എസ്ഐപി നിക്ഷേപം തുടങ്ങിയത്. ഇവർക്ക് 16 ശതമാനം വീതം വാർഷിക റിട്ടേണ്‍ ലഭിച്ചുവെന്നു കരുതുക.

ആദ്യത്തെയാളുടെ നിക്ഷേപം ഈ കാലയളവിൽ 36.5 ലക്ഷം രൂപയായി വളർന്നിരിക്കും. പതിനഞ്ചുവർഷം മുന്പ് നിക്ഷേപം ആരംഭിച്ചതുതന്നെ കാരണം. രണ്ടാമത്തെ ആളുടെ നിക്ഷേപം ഏഴു വർഷക്കാലത്ത് 8.5 ലക്ഷം രൂപയായും മൂന്നാമത്തെ ആളുടെ നിക്ഷേപം മൂന്നു ലക്ഷം രൂപയായും വളർന്നു. ഇതാണ് പവർ ഓഫ് കോന്പൗണ്ടിംഗിന്‍റെ ശക്തി!
ഒരു കാലയളവിൽ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാനുള്ള ഏറ്റവും മികച്ച വഴിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ( എസ്ഐപി) അഥവാ ക്രമനിക്ഷേപ പദ്ധതി വഴി മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ നിക്ഷേപിക്കുകയെന്നത്. കാരണമുണ്ട്. ഒരു നിക്ഷേപകൻ വിപണിയിൽ പ്രവേശിക്കുവാനുള്ള തക്ക സമയം നോക്കുന്പോൾ സംഭവിക്കുക മറ്റൊന്നാണ്. സാധാരണ അയാൾക്കു ആ റാലി നഷ്ടമാകുകയോ അല്ലെങ്കിൽ തെറ്റായ സമയത്തു നിക്ഷേപം നടത്തുകയോ ആയിരിക്കും ചെയ്യുക. അതായത് വിപണി അതിന്‍റെ ഏറ്റവും ഉയർത്തിൽ നിൽക്കുകയോ അല്ലെങ്കിൽ താഴ്ചയുടെ ആരംഭത്തിൽ നിൽക്കുകയോ ചെയ്യുന്പോഴായിരിക്കും വിപണിയിൽ പ്രവേശിക്കുക. എന്നാൽ എല്ലാ മാസവും നിക്ഷേപം നടത്തുന്നതുവഴി ഒരു നിക്ഷേപകന് ഉയർച്ചയിലും താഴ്ചയിലും നിക്ഷേപം നടത്തുന്നുവെന്നു ഉറപ്പാക്കാൻ സാധിക്കുന്നു.

ചെറിയ തുക നിക്ഷേപിച്ച് ഒരു കാലയളവുകൊണ്ട് വൻതോതിലുള്ള സന്പത്തു സമാഹരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ( ക്രമ നിക്ഷേപ പദ്ധതി) നിക്ഷേപകനെ പ്രാപ്തനാക്കുന്നു. മാത്രവുമല്ല, അച്ചടക്കത്തോടെ നിക്ഷേപം നടത്താനും നല്ല നിക്ഷേപശീലം വളർത്താനും നിക്ഷേപകനെ നിർബന്ധിതനുമാക്കുന്നു.

ഒരാൾ നിക്ഷേപം നേരത്തെ ആരംഭിക്കുകയും ദീർഘകാലം അതു തുടരുകയും ചെയ്യുന്പോഴാണ് സന്പത്ത് സൃഷ്ടിക്കപ്പെടുന്നത്. നേരത്തെ നിക്ഷേപം നടത്തുന്നതിന്‍റെ ഏറ്റവും നല്ല ഗുണവശം കോന്പൗണ്ടിംഗ് വരുമാനമാണ്. അതായത് നിക്ഷേപത്തിൽനിന്നുള്ള വരുമാനം വീണ്ടും നിക്ഷേപം നടത്തി അതിലും വരുമാനമുണ്ടാക്കുന്ന രീതിയാണിത്.
വിശ്രുത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈൻ കൂട്ടുപലിശയെ വിശേഷിപ്പിച്ചത് ന്ധഎട്ടാമത്തെ ലോകാത്ഭുത’മെന്നാണ്. കൂട്ടുപലിശയുടെ മാജിക് നിക്ഷേപകരെ ഒരു കാലയളവിൽ സന്പത്തു സൃഷ്ടിക്കുവാൻ സഹായിക്കുന്നു. ഇതിനു രണ്ടു കാര്യങ്ങളാണ് വേണ്ടത്. ഒന്ന്, വരുമാനം പുനർനിക്ഷേപിക്കാനുള്ള സൗകര്യവും, രണ്ടാമത് സമയവും. അതുകൊണ്ടുതന്നെ നിക്ഷേപ ലക്ഷ്യങ്ങൾ നേടുവാനുദ്ദേശിക്കുന്ന യുവതലമുറ മ്യൂച്വൽ ഫണ്ടുകളെ തീർച്ചയായും പരിഗണിക്കണം. അതേപോലെ ഏറ്റവും നേരത്തെ നിക്ഷേപം ആരംഭിക്കുകയും വേണം.

ഡി പി സിംഗ്
എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഎംഒ
എസ്ബിഐ മ്യൂച്വൽ ഫണ്ട്
Loading...