യുവ കർഷകരുടെ ഹരിതഗാഥ
തരിശായി കിടന്ന കുന്നിൻ മുകളിൽ ജൈവകൃഷിയിലൂടെ ഹരിതവിപ്ലവം തീർക്കുകയാണ് യുവകർഷകനും സുഹൃത്തുക്കളും. കോവൂർ സ്വദേശികളായ കെ.പി.രാജേഷ്, പി.സന്തോഷ്, കെ.ഇ.ജനാർദ്ദനൻ എന്നിവർ ചേർന്നാണ് 13 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കി മാതൃകയായിരിക്കുന്നത്. കൂടാളി പഞ്ചായത്തിലെ കോവൂരിൽ വർഷങ്ങളോളം ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് മൂവർസംഘം ചേർന്നു പച്ചക്കറിയിൽ നൂറുമേനി വിളയിച്ചിരിക്കുന്നത്. തരിശുനിലത്തെ കൃഷി ആരെയും വിസ്മയിപ്പിക്കുകയാണ്. പച്ചമുളക് മുതൽ വെളളരി വരെയുളള കൃഷികൾ ഇവരുടെ തോട്ടത്തെ ഹരിതാഭമാക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ കൂടുതലായി വിളയുന്ന പച്ചക്കറികളെല്ലാം തരിശുഭൂമിയിൽ പരീക്ഷിച്ച് വിജയം കണ്ടിരിക്കുകയാണിവർ. മത്തൻ കുന്പളം, നരയൻ കുന്പളം, പയർ, കയ്പ, വെണ്ട, കക്കിരി, ചീര, പടവലം, പൊട്ടിക്ക തുടങ്ങിയ ഓട്ടേറെ ഇനം പച്ചക്കറികൾ യുവകർഷകരുടെ തോട്ടത്തിലുണ്ട്.

തോട്ടത്തിലെ പച്ചക്കറികൾ ആരെയും ആകർഷിക്കുന്ന രീതിയിലാണ് വളരുന്നത്. പഞ്ചായത്തിലെ യുവകർഷകനായി തെരഞ്ഞെടുത്ത രാജേഷിന്‍റെ നിർദ്ദേശവും സുഹൃത്തുക്കളുടെ സഹായവുമാണ് തരിശുഭൂമിയിൽ പച്ചക്കറിയിൽ നൂറുമേനി വിളയിക്കാൻ സഹായകമായത്. വിദ്യാർഥിയായിരുന്നപ്പോൾ കൃഷിസ്നേഹമുണ്ടായിരുന്ന രാജേഷ് പിന്നീട് കർഷകനായി മാറുകയായിരുന്നു. 12 വർഷമായി കൃഷിയിൽ സജീവമായിട്ട്. കർഷകനായിരുന്ന അച്ഛൻ കാരക്കണ്ടി കുമാരന്‍റെ പാത പിന്തുടർന്നാണ് രാജേഷ് കൃഷിയിടത്തിലേക്കിറങ്ങിയത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് രാജേഷിന്‍റെ നേതൃത്വത്തിലുളള സംഘം കൃഷിയിറക്കുന്നത്. മുന്പൊക്കെ കുറച്ചുസ്ഥലത്തായിരുന്നു പാട്ടക്കൃഷി. ഇത്തവണയാണ് കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചതെന്ന് രാജേഷ് പറയുന്നു. ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ പന്നി ശല്യമുണ്ട്. ഇതൊഴിവാക്കാൻ തോട്ടത്തിൽ ശബ്ദമുണ്ടാക്കുന്നതിനു കുപ്പിയും മറ്റും കെട്ടിയിട്ടിരിക്കുകയാണ്. പച്ചക്കറികൾക്കു പുറമെ കരനെൽകൃഷിയും രാജേഷ് ചെയുന്നുണ്ട്. തോട്ടത്തിൽ നിന്നു വിളവെടുക്കുന്ന ജൈവപച്ചക്കറികൾ നായാട്ടുപാറയിലും കൃഷിയിടത്തിലുമാണ് വിൽപന.

രാസവളം പുരളാത്ത രാജേഷിന്‍റെ കാർഷികോത്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ്. ജൈവ കൃഷിരീതിയിലുള്ള പച്ചക്കറിക്ക് ഉത്പാദനച്ചെലവ് അൽപ്പം കൂടുതലാണെങ്കിലും അതിനനുസരിച്ച് ആവശ്യക്കാരുമുണ്ടെന്ന് യുവകർഷകൻ പറയുന്നു. കൂടാളി കൃഷി ഭവനിൽ നിന്നു ജൈവവളം സബ്സിഡിയായി നൽകുന്നുണ്ട.് കൃഷി വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങളും ഇവർക്കുണ്ടായതോടെ പച്ചക്കറി കൃഷിയിൽ വൻ വിജയം കൊയ്യുകയായിരുന്നു ഈ യുവകർഷകർ.ഫോണ്‍: ജിജേഷ് 9446004054

ജിജേഷ് ചാവശേരി


ഒരുക്കാം, സ്കൂളിൽ പച്ചക്കറിത്തോട്ടം

||

വളർന്നുവരുന്ന തലമുറയിൽ കൃഷിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കു ക, വിഷവിമുക്തമായ നാടൻ പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിക്കക എന്നീ ലക്ഷ്യങ്ങളുമായി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം എന്ന ആശയം മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.

സ്കൂൾ പഠനത്തിന് കോട്ടം തട്ടാതെ വിശ്രമസമയം ഉപയോഗിച്ചുകൊണ്ട് സ്കൂൾ പച്ചക്കറിത്തോട്ടം നിർമിക്കുന്നത് മാനസിക ഉല്ലാസവും പ്രദാനം ചെയ്യും.

എന്നാൽ വ്യക്തമായ ആസൂത്രണമില്ലാതെയാണ് പലപ്പോഴും പച്ചക്കറിത്തോട്ടങ്ങൾ ആരംഭിക്കുന്നത്. ഒരു വീടോ, കെട്ടിടമോ നിർമിക്കുന്പോൾ നാം പ്ലാൻ തയാറാക്കുന്ന സൂക്ഷ്മതയോടെ പച്ചക്കറിത്തോട്ടത്തിനും പ്ലാൻ തയാറാക്കണം.

അത് ഭൂമിയുടെ മികച്ച ഉപയോഗത്തിനും പരമാവധി സൂര്യപ്രകാശം വിളകൾക്ക് ലഭ്യമാക്കുന്നതിനും നമ്മെ സഹായിക്കും. സ്കൂളുകളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 10 സെന്‍റ് (400 ചതുരശ്രമീറ്റർ) സ്ഥലത്തേക്കുള്ള ഒരു പ്ലാനാണ് ഇവിടെ അവതരിപ്പിക്കുന്നത്.

10 സെന്‍റ് സ്ഥലത്തെ എട്ടു പ്ലോട്ടുകളായി തിരിക്കുക. വിവിധയിനം പച്ചക്കറികൾ വർഷം മുഴുവൻ കൃഷിചെയ്യുന്ന വിധത്തിലാണ് ഇവ ക്രമീകരിക്കേണ്ടത്.


ദീർഘകാലവിളകളായ മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയെ തോട്ടത്തിന്‍റെ ഒരു ഭാഗത്തു ക്രമീകരിക്കാം. സ്ഥലത്തിന്‍റെ ഘടനയനുസരിച്ച് 20 ഃ 20 മീറ്റർ എന്ന അളവ് മാറ്റാമെങ്കിലും അടിസ്ഥാന ആശയത്തിൽ മാറ്റം വരുത്തരുത്.

പച്ചക്കറിത്തോട്ടത്തിലേക്ക് വിളകൾ തെരഞ്ഞെടുക്കുന്പോൾ അവയുടെ സ്ഥാനം വളരെ പ്രാധാ ന്യം അർഹിക്കുന്ന ഒന്നാണ്. തോട്ടത്തിന്‍റെ ഒരുവശത്തായി ദീർഘകാലവിളകൾ ക്രമീകരിച്ചാൽ മറ്റുവിളകൾക്ക് തണൽ ഒഴിവായിക്കിട്ടും. മാത്രമല്ല ശക്തിയായ കാറ്റ്, മഴ എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിർത്തും. തണ ൽ ആവശ്യമുള്ള വിളകളെ ഇത്തരം ദീർഘകാല വിളകൾക്കിടയിൽ കൃഷിചെയ്യാം. ഉദാ: സാന്പാർചീര, കാന്താരിമുളക്, ചേന്പ്, ചേന തുടങ്ങിയവ. പച്ചക്കറിത്തോട്ടത്തിന്‍റെ നടവഴികൾക്കിരുവശവും ചീര നടുന്നത് സ്ഥലം ലാഭിക്കുന്നതിനും, തോട്ടത്തിന് മനോഹാരിത കൈവരിക്കുന്നതിനും സഹായകരമാകും. വളം ചെയ്യുന്നതിനും കീടരോഗ നിയന്ത്രണങ്ങൾക്കും നടവഴികൾ പ്രധാനമാണ്.

പച്ചക്കറിത്തോട്ടത്തിന്‍റെ നാലു വശങ്ങളിലായി അമര, നിത്യവഴുതിന, ഇറച്ചിപ്പയർ, കോവൽ എന്നിവ പടർത്തുന്നതുകൊണ്ട് തോട്ടത്തിന് ഒരു സംരക്ഷണവും, സ്ഥലം പരമാവധി ഉപയുക്തമാക്കുന്നതിനും സഹായിക്കുന്നു. പച്ചക്കറിത്തോട്ടത്തിന്‍റെ ഒരു ഭാഗത്തായി കന്പോസ്റ്റ് കുഴിയോ, മണ്ണിര കന്പോസ്റ്റ് യൂണിറ്റോ നിർമിക്കുന്നത് നല്ലതാണ്. അതിലൂടെ സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളും, ദൈനംദിനനമാലിന്യങ്ങളും നല്ല ജൈവവളമാക്കി മാറ്റാം. ദീർഘകാലവിളകൾ, നടവഴി, കന്പോസ്റ്റ്കുഴി എന്നിവ കഴിച്ചുള്ള സ്ഥലം തുല്യവലുപ്പമുള്ള പ്ലോട്ടുകളായി തിരിച്ച് അവയിൽ പച്ചക്കറി വർഷം മുഴുവനും കൃഷിചെയ്യാം. പ്ലാനിൽ കാണിച്ചരീതിയിൽ വിളക്രമീകരണം നടത്തുന്നതുവഴി ഒരേ കുടുംബത്തിൽപ്പെട്ട പച്ചക്കറിവിളകൾ ഒരേഭാഗത്ത് കൃഷിചെയ്യുന്നത് ഒഴിവാക്കാം. അതിർ ത്തികൾ തിരിക്കുന്നതിന് മധുരച്ചീര അനുയോജ്യമാണ്.

പച്ചക്കറിത്തോട്ടത്തിലേക്ക് നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുന്പോഴും ശ്രദ്ധിക്കണം. ചില പച്ചക്കറിവിളകൾ മാറ്റി നടേണ്ടവയാണ്. അത്തരം പച്ചക്കറികളുടെ വിത്തുകൾ മുളപ്പിച്ച് 20-25 ദിവസം പ്രായമാകുന്പോൾ പ്രധാന കൃഷിസ്ഥലത്തേക്കോ ചട്ടികളിലേക്കോ മാറ്റി നടണം. ഉദാ: തക്കാളി, മുളക്, വഴുതിന. ചിലത് വിത്തിട്ട് മുളപ്പിച്ചെടുക്കേണ്ടവയാണ്. ഉദാ. പയർ, പാവൽ, പടവലം. ചിലയിനം പച്ചക്കറിക്ക് തണ്ടുകളാണ് നടീൽവസ്തു. ഉദാ: കോവൽ. ചേന, ചേന്പ് എന്നിവയുടെ കീഴങ്ങുകളാമ് നടുന്നതിനായി ഉപയോഗിച്ചുവരുന്നത്. ഇവയിൽ ഏതു നടീൽരീതിയാണ് നമ്മുടെ സ്കൂൾ പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമെന്ന് നാം തന്നെ മനസ്സിലാക്കണം.

തീരെ സ്ഥലം കുറവുള്ള സ്കൂളുകളിൽ പച്ചക്കറികൾ ഗ്രോബാഗിലോ, ചട്ടികളിലോ കൃഷിചെയ്യുവാൻ അവസരമുണ്ട്. 80 മുതൽ 100 വരെ ഗ്രോബാഗുകൾ ഉപയോഗിക്കുന്നതിന് 2000 സ്ക്വയർഫീറ്റ് സ്ഥലം മതിയാകും. കൂടാതെ സ്കൂൾ പച്ചക്കറിത്തോട്ടങ്ങൾ ജൈവവളം, ജൈവകീട-രോഗനാശിനികൾ എന്നിവ ഉപയോഗിക്കുന്നത് നാം പ്രോൽസാഹിപ്പിക്കേണ്ടതാണ്. പച്ചക്കറിചെടികളുടെ നടീലും സംരംക്ഷണവും കുട്ടികളുടെ അദ്ധ്യായനത്തെ ബാധിക്കാത്ത രീതിയിലാകണം പ്ലാൻ ചെയ്യേണ്ടത്. കൃഷിക്കാര്യങ്ങൾ നടത്തുന്നതിനായി ഒരു കാർഷിക ക്ലബോ, ഇക്കോക്ലബോ രൂപീകരിക്കുന്നത് നല്ലതാണ്. അതിലൂടെ കാർഷികാവൃത്തിയും ചുതലകൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള കഴിവും സ്വായത്തമാക്കുന്നതിന് അവസരവും സൃഷ്ടിക്കപ്പെടുകയാമ്. ഈ വലിയ കാർഷീകവിപ്ലവത്തിൽ പങ്കുകാരാകുന്നതിന് ഓരോ വിദ്യാർത്ഥി വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും കൃഷിവകുപ്പ് ക്ഷണിക്കുകയാണ്. കേരളത്തെ പച്ചക്കറിമിക്ക സംസ്ഥാനമാക്കുന്നതിനുള്ള പ്രയാണത്തിൽ നമുക്കും പങ്കാളികളാകാം. നാടൻ പച്ചക്കറി നാടിന്‍റെ ന·യ്ക്ക് എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

ജോസഫ് ജോണ്‍ തേറാട്ടിൽ
കൃഷി ഓഫീസർ, പഴയന്നൂർ, തൃശൂർ