മഞ്ഞൾ മാഹാത്മ്യം അറിഞ്ഞ ജൈവ കർഷകൻ
സലീമിന് മഞ്ഞൾ, കറിക്കൂട്ടല്ല. മറിച്ച് ജീവൻ തിരിച്ചു നൽകിയ മരുന്നാണ്. തൃശൂർ വള്ളിവട്ടം സ്വദേശി കാട്ടകത്ത് മുഹമ്മദ് സലിം എന്ന കർഷകന് ജീവിതം തിരിച്ചു ലഭിച്ചതോടെ തുടങ്ങിയതാണ് മഞ്ഞളിനോടുള്ള പ്രേമം.

ഇപ്പോൾ സ്വന്തമായുള്ള കൃഷിയിടത്തിലെല്ലാം മഞ്ഞൾ വിളയുകയാണ്. കൃഷിക്കൊപ്പം മഞ്ഞളിന്‍റെ പ്രചാരകനുമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ മരണത്തിൽനിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഈ സസ്യവർഗത്തോടുള്ള നിസീമമായ കടപ്പാടാണ് സലീമിനുള്ളത്. അഞ്ചുവർഷം മുന്പാണു സലിമിന്‍റെ ജീവിതത്തിൽ വിധിയുടെ വിളയാട്ടമുണ്ടാകുന്നത്. ജീവിതശൈലി രോഗങ്ങൾക്കൊപ്പം ഹെർപിസ് എന്ന വൈറസ് പരത്തുന്ന രോഗവും ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ കയറിപ്പറ്റി. ഒരിക്കൽ വസൂരി രോഗം വന്നാൽ വർഷങ്ങൾക്കുശേഷം അനുബന്ധമായി അപൂർവം ചിലർക്ക് തൊലിപ്പുറത്ത് സംഭവിക്കുന്ന മാരകമായ ഒരു രോഗമാണിത്.

ശരീരത്തിന്‍റെ ഒരു ഭാഗം മുഴുവൻ കുമിളകൾ വന്ന് പഴുത്ത് വ്രണമായി. ബോധമറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷനുശേഷം ഗാർഹികാന്തരീക്ഷത്തിലെ പരിചരണത്തിലും ദീർഘനാൾ കിടന്നു. എന്നിട്ടും രോഗശമനമുണ്ടായില്ല. ശരീരപീഢയും മാനസിക സംഘർഷവുമായി. പരിഹാരം തേടിയുള്ള യാത്ര അവസാനിച്ചത് സുഹൃത്തായ ഒരു ആയുർവേദ ഡോക്ടറിൽ. ഈ രോഗത്തിനുള്ള മരുന്ന് നിങ്ങളുടെ കൈവശം തന്നെയുണ്ടെന്നായിരുന്നു സലിമിനു ഡോക്ടറിൽനിന്നും ലഭിച്ച മറുപടി.
മഞ്ഞൾ കഴിക്കുക എന്നതായിരുന്നു നിർദിഷ്ട ചികിത്സ. അഞ്ചു ഗ്രാം മഞ്ഞൾപ്പൊടി കുരുകളഞ്ഞ അഞ്ചു ഗ്രാം നെല്ലിക്കയുടെ ചാറിൽ കുഴച്ച് കഴിക്കുക. ഇതായിരുന്നു നിർദേശം. പിന്നീടുള്ള അനുഭവം ഒരു മാന്ത്രിക സ്പർശംപോലെയായി. മൂന്നുമാസം പിന്നിട്ടപ്പോൾ ശരീരത്തിലെ വടുക്കളും സർജറിയുടെ അവശേഷിപ്പുകളും മാറി ജീവിതത്തിന് പുതിയ ഒരു ഉണർവും ഉേ·ഷവും കൈവന്നു.

വീണ്ടും ആശുപത്രിയിലെത്തി പരിശോധിക്കുന്പോൾ പ്രമേഹത്തിൽ അൽപം കുറവുള്ളതായി കണ്ടു. മാത്രവുമല്ല, സലിമിന് അതുവരെയുണ്ടായിരുന്ന എല്ലാ രോഗങ്ങളും മഞ്ഞൾ ചികിത്സയിലൂടെ കുറഞ്ഞതായി കണ്ടെത്തി. കൊളസ്ട്രോൾ, കാലുവേദന തുടങ്ങിയ അസുഖങ്ങൾ ഒരു പരിധിവരെ അദ്ദേഹത്തെ ശല്യപ്പെടുത്തിയതേയില്ല. മഞ്ഞൾ ചികിത്സ ഫലിച്ചതോടെ ഈ കാർഷികവിളയോട് സലിമിന് ഇഷ്ടം കൂടിവന്നു. അസുഖം മാറിയെങ്കിലും മഞ്ഞളിനെയോ ഒൗഷധസേവയോ ഉപേക്ഷിക്കാൻ സ ലിം തയാറായില്ല. ഇന്നും ദിനചര്യയുടെ ഭാഗമാണിത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്‍റെ രോഗപ്രതിരോധശേഷി കൂടുതൽ ആൾക്കാരിലേക്ക് പ്രചരിപ്പിച്ചു. മഞ്ഞൾ കൃഷിവ്യാപകമാക്കിയാൽ രോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിന് സാധിക്കും. കുർക്കുമിൻ ശരീരത്തിലേക്ക് എത്തുകയാണ് അതിനുവേണ്ടത്, മുഹമ്മദ് സലിം പറയുന്നു. സ്വന്തമായുള്ള അഞ്ചേക്കർ പുരയിടത്തിൽ രാസവളമോ കടനാശിനിയോ ഉപയോഗിക്കാതെ ചാണകവും ഗോമൂത്രവും പച്ചിലയും കന്പോസ്റ്റുമെല്ലാം ചേർത്ത് നടത്തുന്ന ജൈവകൃഷിയെ അദ്ദേഹം നെഞ്ചോടു ചേർത്തുപിടിക്കുന്നു. മികച്ച വിളവു നൽകുമെന്ന് അവകാശപ്പെടുന്ന പുതിയ ഇനങ്ങളെ ഉപയോഗിക്കാതെ, നാടൻ മഞ്ഞൾ ഇനങ്ങൾക്ക് മാത്രം തന്‍റെ കൃഷിയിടത്തിൽ സ്ഥാനം നൽകി. പ്രദീപ എന്ന ഇനം മഞ്ഞളാണ് സലിം ഉത്പാദിപ്പിക്കുന്നതിൽ അധികവും. ഏഴു വർഷമായി കാർഷികരംഗത്തു സജീവമായ സലിം, മഞ്ഞൾകൃഷി കൂടുതൽ വ്യാപകമാക്കുന്നത് മുന്നു വർഷം മുന്പാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇവിടത്തെ മഞ്ഞളിനെ ആശ്രയിക്കുന്ന ആൾക്കാരുണ്ട്. മാത്രവുമല്ല, മഞ്ഞൾ വിത്ത് അന്വേഷിച്ചെത്തുന്നവരുടെ എണ്ണവും ചില്ലറയല്ല.


കേരളത്തിൽ ഒരു വ്യക്തിക്ക് രണ്ടുകിലോഗ്രാമിൽ കൂടുതൽ മഞ്ഞൾ സലിം നൽകാറില്ല. അഞ്ചു കിലോഗ്രാംവരെ ഗൾഫ് രാജ്യങ്ങളിലേക്കു നൽകാറുണ്ട്. ലാഭം നോക്കിയുള്ള കച്ചവടം ഒരിക്കലും സലിമിന്‍റെ മനസിലില്ല. കാരണം ഒന്നുമാത്രം, അദ്ദേഹത്തിന് മഞ്ഞൾകൃഷി ഒരു ബിസിനസല്ല. കൂടുതൽ ആൾക്കാരിലേക്ക് ഈ കാർഷികവിളയെ എത്തിക്കുകയും അതുവഴി ജനങ്ങളെ ആരോഗ്യവാ·ാരാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ.

മഞ്ഞൾകൃഷിയെ ഒരു കച്ചവട സാധ്യതയായല്ല അദ്ദേഹം കാണുന്നത്. മറിച്ച് ആരോഗ്യദായകമായ ഒരു കർമപദ്ധതിയായാണ്. വിഷരഹിതമായ കാർഷിക സംസ്കാരം ആരോഗ്യപ്രദമായ ജീവിതം സമ്മാനിക്കുമെന്ന് ഉറപ്പിച്ചു പറയാൻ സലീമിന് കഴിയുന്നു. ആവിയിൽ പുഴുങ്ങിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനേക്കാൾ ഗുണമേ·യുള്ളത് വെയിലത്ത് ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനാണെന്ന് സലിം അഭിപ്രായപ്പെടുന്നു.
കൃഷിയെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനുമായി പല സ്ഥലത്തുനിന്നും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ ഇവിടേക്കെത്തുന്നവരെ എണ്ണിയാലൊടുങ്ങില്ല. ശ്രീനിവാസൻ, അനൂപ് ചന്ദ്രൻ, സലിംകുമാർ തുടങ്ങിയ താരനിര മഞ്ഞൾ വ്യാപകമാക്കുന്നതിനുവേണ്ടിയുള്ള സലിമിന്‍റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നു. ശ്രീനിവാസന്‍റെ തൃപ്പൂണിത്തുറയിലുള്ള കൃഷിയിടത്തിൽ മഞ്ഞൾകൃഷി നടത്താൻ ആവശ്യമായ വിത്തുകൾ നൽകാനുള്ള ഭാഗ്യം തനിക്കാണുണ്ടായതെന്ന് അഭിമാനപൂർവം സലിം കാട്ടകത്ത് പറയുന്നു.

ജൈവകൃഷിയിൽ തനതുശൈലി വികസിപ്പിച്ചെടുത്ത സലിമിനെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധി. ആത്മമിത്ര പുരസ്കാരം, പഞ്ചായത്തിലെ മികച്ച കർഷകൻ, ജൈവ കർഷകൻ, വനമിത്ര അവാർഡ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ഷോബി പോൾ
ഇരിങ്ങാലക്കുട, ഫോണ്‍: 9447320780.