സന്പാദ്യം സന്പത്താക്കി മാറ്റാൻ
ജോലിയിൽ പ്രവേശിച്ച് പ്രമോഷനിലൂടെ കരിയർ പുരോഗമിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാത്തവർ ചുരുക്കം ചിലരേ കാണുകയുള്ളു. ഇതോടൊപ്പം തങ്ങളുടെ സന്പാദ്യത്തെക്കുറിച്ചു പ്ലാൻ ചെയ്താൽ അതും ഇതേ രീതിയിൽ അസാധാരണ വളർച്ച കൈവരിക്കുമെന്നതിനെക്കുറിച്ച് നല്ലൊരു പങ്കും ചിന്തിക്കുന്നതേയില്ല. പ്രത്യേകിച്ചും ചെറുപ്പത്തിലെ തുടങ്ങിയാൽ.

ചെറുപ്പത്തിലെയുള്ള കഠിനപ്രയത്നം പ്രഫഷണൽ ഉയർച്ച ഉണ്ടാക്കുന്നതിനൊപ്പം അത് സന്പാദ്യത്തിലും നിക്ഷേപത്തിലും കൂടി പ്രതിഫലിക്കണം. ഇതിനു വേണ്ടത് ശരിയായ സന്പാദ്യവും നിക്ഷേപ ശീലങ്ങളുമാണ്.

പക്ഷേ ഇതു സാധിക്കുമോ?

സാധിക്കുമെന്നു തന്നെയാണ് ഉത്തരം.
അതിനു ലളിതമായ ഒറ്റ വഴിയേയുള്ളു. സന്പാദ്യം നേരത്തെ തുടങ്ങുക. നിക്ഷേപവും നേരത്തെ തുടങ്ങുക.

നിക്ഷേപകർ മറ്റുള്ളവരുടെ തെറ്റുകളിൽനിന്നാണ് പഠിക്കേണ്ടത്. കാരണം അവനവന്‍റെ തെറ്റുകളിൽനിന്നു പഠിക്കാമെന്നു വച്ചാൽ അതിനുള്ള സമയം പിന്നീട് ബാക്കിയുണ്ടാകില്ല. അതായത് വരുമാനത്തിന്‍റെ, നിക്ഷേപത്തിന്‍റെ നല്ല നാളുകളിൽ ഒരു ഭാഗം ഈ പരീക്ഷണത്തിൽ നഷ്ടപ്പെടുകയായിരിക്കും ഫലം.

പ്രഫഷണൽ ലൈഫ് വളരുന്നതുപോലെതന്നെ ദുർലഭമായ പണവും വളരണം. അതിനായി പ്രയത്നിക്കാം.

1. സന്പാദ്യം പോരാ, നിക്ഷേപം വേണം

മിക്കയാളുകളും അവരുടെ ശന്പളത്തിൽനിന്നു സന്പാദിക്കുന്നതിൽ മിടുക്കരാണ്. സന്പാദ്യംകൊണ്ടു മാത്രം ഒരിടത്തും ചെന്നെത്തുകയില്ല.
നാം സന്പാദിച്ച പണം നാം ഉറങ്ങുന്പോഴും ഉണർന്നിരിക്കുന്പോഴും നമുക്കു വേണ്ടി പരമാവധി പണമുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കണം.

മറ്റു വാക്കിൽ പറഞ്ഞാൽ നാലു ശതമാനം പലിശ ലഭിക്കുന്ന സേവിംഗ്സ് ബാങ്കിൽനിന്നു ഉയർന്ന വരുമാനം ലഭിക്കുന്ന ആസ്തികളിലേക്ക് നിക്ഷേപം മാറ്റണം. അതിനായി യോജിച്ച ധനകാര്യ ആസ്തി തെരഞ്ഞെടുക്കണം. സ്ഥിരനിക്ഷേപം മുതൽ ഉയർന്നു റിട്ടേണ്‍ നൽകുന്ന ഓഹരി വരെയുണ്ട് ആസ്തികളുടെ ഗണത്തിൽ.

ദീർഘകാലത്തിൽ വളർച്ച നൽകാത്ത ധനകാര്യ ഉപകരണങ്ങളിലെ നിക്ഷേപം സന്പത്തുണ്ടാക്കി നൽകുകയില്ലെന്നു മാത്രമല്ല, നിക്ഷേപത്തിന്‍റെ മൂല്യം ചോർത്തിക്കളയുകയും ചെയ്യുമെന്നും ഓർമിക്കുക.

അതായത് പണപ്പെരുപ്പത്തേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ നൽകുന്ന ആസ്തികളിൽ നിക്ഷേപം നടത്തണം. ഇരുപതുകളിൽ റിസ്ക് എടുക്കുവാനും എന്തിനേയും നേരിടാനുള്ള ചങ്കൂറ്റവുമുണ്ട്. നാമമാത്ര റിട്ടേണ്‍ നൽകുന്ന ബാങ്ക് ഡെപ്പോസിറ്റിലും മറ്റും നിക്ഷേപിച്ച് മികച്ച റിട്ടേണിനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

ചെറുപ്പത്തിൽ ഓഹരിയിൽ നിക്ഷേപിക്കാൻ ആവേശം തോന്നും. നേരിട്ട് ഓഹരികൾ വാങ്ങും. മിക്കവാറും ഓഹരിയിൽ നിക്ഷേപിക്കുന്ന സുഹൃത്തിന്‍റെ വാക്കു കേട്ടായിരിക്കും നിക്ഷേപം തുടങ്ങുക. തുടക്കം സാധാരണ ഗതിയിൽ ബുൾ മാർക്കറ്റിന്‍റെ സമയത്തായിരിക്കുകയും ചെയ്യും. വിപണിയിൽ സംഭവിക്കുന്ന അസ്ഥിരതയിൽ പണം നഷ്ടപ്പെട്ടു കഴിയുന്പോൾ ഓഹരിയോടുതന്നെ മടുപ്പാകുന്നു.

നിരവധി നിക്ഷേപകർ അവരുടെ ഇരുപതുകളിൽതന്നെ ഓഹരിയിലെ നിക്ഷേപം അവസാനിപ്പിക്കുന്നു.

പകരം ദീർഘകാല വളർച്ചാ നിക്ഷേപങ്ങൾ ഓഹരിയിൽ കണ്ടെത്തുക. നിക്ഷേപത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളേയും ഉപയോഗിക്കുക.

ഓഹരി നിക്ഷേപം ആരംഭിക്കുന്നതിന് ഏറ്റവും യോജിച്ച ഉപകരണമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട്.

2. തുടക്കവർഷങ്ങളിൽ "ഗാരന്‍റി’യെ മറക്കാം

ഗാരന്‍റി റിട്ടേണ്‍ നൽകുന്ന നിക്ഷേപങ്ങൾ നല്ലതുതന്നെ. പക്ഷേ, ചെറുപ്പമാണെങ്കിൽ, വരുമാനത്തിന്‍റെ തുടക്കനാളുകളിൽ ഗാരന്‍റീഡ് റിട്ടേണിനായി ബാറ്റ് ചെയ്യരുത്. പ്രത്യേകിച്ചും നിങ്ങളുടെ സന്പാദ്യം നല്ല തോതിൽ വളർന്നു കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ.
നിങ്ങളുടെ സന്പാദ്യം മുഴുവൻ എഫ്ഡിയിലും മറ്റുമായി തളച്ചിട്ടാൽ അതു നിങ്ങളെ ഒരിക്കലും സന്പന്നനാക്കുകയില്ല. പണപ്പെരുപ്പത്തിനുശേഷം എന്തെങ്കിലും മൂല്യം നിങ്ങളുടെ നിക്ഷേപത്തിന് അതു നൽകിയാൽ അതിശയമെന്നേ പറയാനുള്ളു. രാജ്യത്തെ പണപ്പെരുപ്പം 4-5 ശതമാനമാണെന്നു പറയുമെങ്കിലും അനുഭവത്തിൽ അതു പത്തു ശതമാനത്തിനു ചുറ്റളവിലാണ്. വീട്ടുച്ചെലവ് എഴുതുന്നവരാണെങ്കിൽ അതു മനസിലാക്കാൻ പ്രയാസമില്ല.

വരുമാനത്തിന്‍റെ ആദ്യ നാളുകളിൽ സന്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ഓഹരിയധിഷ്ഠിത ഉപകരണങ്ങളിൽ നിക്ഷേപിക്കുക. ഇതിനായി നിക്ഷേപ ലക്ഷ്യങ്ങളും സെറ്റ് ചെയ്യുക. ഈ നിക്ഷേപം വളരുവാൻ ആവശ്യമായ സമയവും നൽകുക.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഒരു എസ്ഐപി ആരംഭിക്കുക. ഓരോ വർഷവും എസ്ഐപിയിൽ നിശ്ചിത ശതമാനം വർധന വരുത്തുക. ശന്പളത്തിന് ആനുപാതികമായി.

കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഇക്വിറ്റി നിക്ഷേപവും കൂടിയ പ്രായത്തിൽ കൂടുതൽ ഡെറ്റ് നിക്ഷേപവും നടത്തുക. അതായത് പ്രായം കൂടുന്നതനുസരിച്ച് ഇക്വിറ്റി നിക്ഷേപം കുറയ്ക്കുകയും ഡെറ്റ് നിക്ഷേപം കൂട്ടുകയും ചെയ്യുക. റിട്ടയർ ചെയ്താൽ പോലും അടുത്ത 30 വർഷത്തേക്കായി ഒരു ഭാഗം നിക്ഷേപം ഇക്വിറ്റിയിൽ നിലനിർത്തുക. അല്ലെങ്കിൽ അന്ത്യകാലത്ത് ജീവിക്കാൻ പണമില്ലാതെ വരും.


3. വരുമാനം കിട്ടിത്തുടങ്ങിയാലുടൻ ഇക്വിറ്റി എസ്ഐപി

നേരത്തെ തുടങ്ങാം എന്നതാണ് ദീർഘകാലത്തിൽ സന്പത്തുണ്ടാവുന്നതിന്‍റെ താക്കോൽ. എത്ര ചെറിയ തുകയാണെങ്കിലും അതുപയോഗിച്ച് എസ്ഐപി ആരംഭിക്കുക. നേരത്തെ സൂചിപ്പിച്ചതനുസരിച്ച് വരുമാനം വർധിക്കുന്നതിനുസരിച്ച് എസ്ഐപി തുക വർധിപ്പിച്ചുകൊണ്ടിരിക്കുക.

വെറും 500 രൂപയ്ക്കു എസ്ഐപി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാം. ഇതായിരിക്കും നിങ്ങൾ, നിങ്ങൾക്കുവേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സംഗതി.
ചെറിയ പ്രായത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇതിനു വളരെ പ്രസക്തിയുണ്ട്. ഈ നിക്ഷേപത്തിനു വളരുവാൻ വലിയൊരു കാലം ലഭിക്കുന്നു.

അൽപ്പം കണക്കുകൾ പരിശോധിക്കാം. ഇരുപത്തിയഞ്ചാം വയസിൽ ഒരാൾ 5000 രൂപ വച്ച് പ്രതിമാസം നിക്ഷേപം നടത്തുന്നുവെന്നു കരുതുക. അറുപതു വയസാകുന്പോഴേയ്ക്കും അത് 15 ശതമാനം റിട്ടേണിൽ 7.4 കോടി രൂപയാകും.

നിക്ഷേപം 30 വയസിലാണ് ആരംഭിക്കുന്നതെങ്കിൽ ഇതേ നിബന്ധനയിൽ നിക്ഷേപം 3.5 കോടി രൂപയിലേക്കു താഴും. നിങ്ങളുടെ നിക്ഷേപത്തിൽ മൂന്നു ലക്ഷം രൂപയുടെ കുറവേ സംഭവിച്ചിട്ടുള്ളു. പക്ഷേ 60 വയസിൽ വരുമാനത്തിൽ കുറവുണ്ടായത് 3.9 കോടി രൂപയാണ്!
നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിന്‍റെ വ്യത്യാസം ഇതിൽനിന്നു മനസിലായിക്കാണുമല്ലോ?
ചെറുപ്പത്തിലെ നിക്ഷേപം ആരംഭിക്കുക. നിക്ഷേപത്തിന്‍റെ ഏറ്റവും വളർച്ചയ്ക്കു സാധ്യതയുള്ള കാലയളവ് നഷ്ടമാക്കാതിരിക്കുക.

4. ഗവേഷണം നടത്തിക്കൊണ്ടിരിക്കുക

നിക്ഷേപത്തിനു യോജിച്ച ഫണ്ട് ഏതാണെന്നു മുഷിഞ്ഞുതന്നെ ഗവേഷണം നടത്തുക. എണ്ണത്തിലല്ല, വണ്ണത്തിലാണ് കാര്യം. മികച്ച ഏതാനും ഫണ്ടുകൾ മതി. അതു നിങ്ങളെ സന്പന്നരാക്കും. അഞ്ചോ ആറോ ഫണ്ടുകൾ മതിയാകും.

സ്ഥിരതയ്ക്കുവേണ്ടി ഒരു ലാർജ് കാപ്, വളർച്ചയ്ക്കുവേണ്ടി ഒരുമിഡ് കാപ്, ഒരു സ്മോൾ കാപ്, വൈവിധ്യത്തിനുവേണ്ടി ഒരുമൾട്ടികാപ്, സ്ഥിരവരുമാനത്തിനായി ഒരു ബാലൻസ്ഡ് ഫണ്ട്, നികുതി ലാഭത്തിനായി ഒരു ഇഎൽഎസ്എസ്. ഇതുപയോഗിച്ച് ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കാൻ നിങ്ങളുടെ സന്പാദ്യത്തെ ഉപയോഗിക്കുക. ഇതിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുക.

വർഷത്തിലൊരിക്കലെങ്കിലും നിക്ഷേപം റിവ്യു ചെയ്യുകയും ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യുക.

5. ഓഹരിയിൽനിന്നു മുഖം തിരിക്കാതിരിക്കുക

മുൻകാലത്ത് ആർക്കെങ്കിലും ഓഹരിയിൽ നിക്ഷേപം നടത്തി നഷ്ടമുണ്ടായി എന്നതുകൊണ്ടു ഓഹരി നിക്ഷേപത്തിൽനിന്നു മുഖം തിരിക്കാതിരിക്കുക.

മുൻകാലത്ത് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടായി എന്നുള്ളതുകൊണ്ട് അതിനെ ഒരു പൊതു പ്രതിഭാസമായി കരുതാതിരിക്കുക. ഓഹരിയിൽ നിക്ഷേപിക്കുന്നത് നഷ്ടത്തിലേ കലാശിക്കൂ എന്ന മുൻവിധി വച്ചു പുലർത്താതിരിക്കുക.

നല്ല അടിത്തറയുള്ള, നല്ല മാനേജ്മെന്‍റുള്ള മുൻനിര കന്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്ന നിക്ഷേപകനെ വിപണി നല്ല റിട്ടേണ്‍ നൽകി സന്തോഷിപ്പിച്ചിരിക്കും. ക്രമമായി ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്തുക.

നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ താല്പര്യവും സമയവുമില്ലാത്തവർ നല്ല ക്വാളിറ്റിയുള്ള മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിനു തെരഞ്ഞെടുക്കുക. പത്തുവർഷത്തിനു മുകളിലുള്ള ഓഹരി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പോസീറ്റീവ് റിട്ടേണ്‍ നൽകുന്നതായാണ് അനുഭവം. ഓഹരിയിലെ നേരിട്ടുള്ള നിക്ഷേപത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല.

മ്യച്വൽ ഫണ്ടായാലും നേരിട്ടുള്ള ഓഹരിയായാലും ഹൃസ്വകാലത്തിലേക്കു നിക്ഷേപം നടത്താതിരിക്കുക. സന്പത്തുണ്ടാക്കാനായി ദീർഘകാല അജണ്ട നിശ്ചയിച്ചു മുന്നോട്ടു നീങ്ങുക.
നിങ്ങളുടെ സന്പാദ്യം സന്പത്തായി വളർന്നിരിക്കും.

സെൻസെക്സ് റിട്ടേണ്‍ 16.5 %

ഓർമിക്കുക, 1986 ജനുവരി രണ്ടിന് സെൻസെക്സ് സൂചിക ആദ്യം പ്രസിദ്ധീകരിക്കുന്പോൾ 549 പോയിന്‍റായിരുന്നു. ( 1978-79-ലെ അടിസ്ഥാന മൂല്യമായി കണക്കാക്കിയത് 100 പോയിന്‍റായിരുന്നു). സെൻസെക്സ് 1992-ൽ 4546 പോയിന്‍റിലും 2000-ൽ 6151 പോയിന്‍റിലും 2008-ൽ 21,207 പോയിന്‍റിലുമെത്തി. അവിടെനിന്ന് 2017-ൽ 33800 പോയിന്‍റിൽ എത്തി നിൽക്കുകയാണ്. 1986 മുതലുള്ള വാർഷിക ഉയർച്ച 16.52 ശതമാനമാണ്.

മാത്രവുമല്ല, ഈ വരുമാനത്തിനും നികുതിയും നൽകേണ്ടതില്ല.
Loading...