രാജ്യത്ത് ഒന്നാമൻ
രാജ്യത്ത് ഒന്നാമൻ
Thursday, January 11, 2018 4:20 PM IST
മ്യൂച്വൽ ഫണ്ടിലേക്കുള്ള പണമൊഴുക്ക് ഓരോ മാസവും വർധിക്കുകയാണ്. 2017 ഒക്ടോബർ 31-ന് രാജ്യത്തെ 44 മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 20.17 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. മുൻവർഷം ഒക്ടോബറിലിത് 16.86 ലക്ഷം കോടി രൂപയായിരുന്നു. ഏതാണ്ട് 30 ശതമാനം വളർച്ച.

ഇതിൽ ഇക്വിറ്റിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ വിഹിതം 2016-ലെ ഒക്ടോബറിലെ 32 ശതമാനത്തിൽനിന്നു 38 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഈ കാലയളവിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ വിഹിതം 45.4 ശതമാനത്തിൽനിന്നു 39.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഏതായാലും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള നിക്ഷേപം പലകാരണങ്ങൾകൊണ്ടും വർധിക്കുകയാണ്. വരും വർഷങ്ങളിൽ ഇതിനു ശക്തി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്രയും വളർച്ച നേടിയിട്ടുണ്ട് മൊത്തം നിക്ഷേപത്തിൽ ചെറിയൊരു ശതമാനം മാത്രമേ മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയിട്ടുള്ളു. അതു തന്നെയാണ് മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്‍റെ പ്രതീക്ഷയ്ക്കും കാരണം.

ഡെറ്റ് ഫണ്ടുകളായാലും ഇക്വിറ്റി ഫണ്ടുകളായാലും ഇടിഎഫ് ആയാലും നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്. ഒരു പക്ഷേ മറ്റു സംസ്ഥാനങ്ങൾക്ക് എത്തി നോക്കാൻ സാധിക്കാത്ത വിധത്തിൽ മഹാരാഷ്ട്ര മുന്നിലാണെന്നതാണ് വസ്തുത.
ഈ സാഹചര്യത്തിൽ രാജ്യത്തെ മുഖ്യ മ്യൂച്വൽ ഫണ്ട് കന്പനികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ആസ്തി മാനേജ് ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവയെ പരിചയപ്പെടുത്തുന്നത്.

ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ് മെന്‍റ് കന്പനി

രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്‍റ് കന്പനിയായ ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്മെന്‍റ് കന്പനി രാജ്യത്തിന്‍റെ മ്യൂച്വൽ ഫണ്ട് ചരിത്രത്തിൽ രണ്ടു ദശകം പൂർത്തിയാക്കുകയാണ് അടുത്തവർഷം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും യുകെയിലെ പ്രൂഡൻഷ്യൽ കന്പനിയും സംയുക്തമായി 1993-ലാണ് ഈ അസറ്റ് മാനേജ്മെന്‍റ് കന്പനിക്കു രൂപം നൽകിയത്. ധനകാര്യ സേവന മേഖലയിൽ ഇരു കന്പനികളും അവരവരുടെ രാജ്യത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവയാണ്.


1998-ൽ രണ്ട് സ്ഥലത്ത് ഓഫീസും ആറു ജോലിക്കാരുമായി ആരംഭിച്ച ഈ സംയുക്ത സംരംഭം ഇന്ന് 215 കേന്ദ്രങ്ങളിലേക്കു വളർന്നിരിക്കുന്നു. 2017 മാർച്ചിലെ കണക്കനുസരിച്ച് രണ്ടര ദശലക്ഷം നിക്ഷേപകരാണ് കന്പനിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ളത്.

രണ്ടു ദശകംകൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആസ്തി മാനേജ് ചെയ്യുന്ന കന്പനിയായി മാറിയിരിക്കുന്നു. 2017 സെപ്റ്റംബറിലെ കണക്കുകളനുസരിച്ച് ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2,79,066 കോടി രൂപയാണ്. നിരവധി മാസങ്ങളായി കന്പനി ഒന്നാം സ്ഥാനം നിലനിർത്തി വരികയാണ്.

ഒരു പക്ഷേ ആദ്യമായു മൂന്നു ലക്ഷം കോടി ക്ലബ്ബിൽ കടക്കുന്ന രാജ്യത്തെ ആദ്യത്തെ മ്യൂച്വൽ ഫണ്ടെന്ന ബഹുമതി കന്പനിക്ക് നേടാൻ അധിക സമയം വേണ്ടി വരില്ല.

ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിൽ രണ്ടു ദശകത്തിലധികം പരിചയമുള്ള നിമേഷ് ഷായാണ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും. ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. ശങ്കരൻ നരേൻ ആണ് ചീഫ് ഇൻവെസ്റ്റ്മന്‍റ് ഓഫീസർ. എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

നിരവധി പദ്ധതികൾ

ഫണ്ട് വളരെ വൈവിധ്യമാർന്ന പദ്ധതികളാണ് നിക്ഷേപകർക്കു മുന്പിൽ ലഭ്യമാക്കിയിട്ടുള്ളത്.
ഇക്വിറ്റി ഫണ്ട്, ബാലൻസ്ഡ് ഫണ്ട്, ഡെറ്റ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട്, ഇടിഎഫ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായ വൈവിധ്യമാർന്ന പദ്ധതികളാണ് ഫണ്ട് നിക്ഷേപകർക്കു മുന്പിൽ അവതരിപ്പിച്ചിട്ടുള്ളത്.

കന്പനിയുടെ ഫണ്ട് ശേഖരത്തിൽ 28 ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളും 22 ഡെറ്റ് ഫണ്ടുകളും 12 ഹൈബ്രിഡ് ഫണ്ടുകളും 417 ക്ലോസ്ഡ് എൻഡഡ് ഫണ്ടുകളും രണ്ട് കമോഡിറ്റി ഫണ്ടുകളും ഉൾപ്പെടുന്നു.