വിളപരിക്രമത്തിലൂടെ വിളയുന്ന കൃഷി
കേരളത്തിലെ ഹൈടെക് കർഷകർക്കും അനുവർത്തിക്കാവുന്നതാണ് മഹേഷാ എന്ന കർഷകന്‍റെ മൈസൂരിലെ കൃഷിരീതികൾ. വളരെ കുറഞ്ഞചെലവിലാണ് വെള്ളത്തോടൊപ്പം വളം ചേർത്തുനൽകുന്ന ഫെർട്ടിഗേഷൻ രീതി കൃഷിയിടത്തിൽ നടപ്പാക്കിയിരിക്കുന്നത് എന്നതാണ് ഈ കൃഷിയിടത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സർക്കാർ സൗജന്യമായി നൽകുന്ന വൈദ്യുതി കണക്ഷനിലാണ് ബോർവെൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ബോർവെൽ പ്രവർത്തിപ്പിച്ച് ഡ്രിപ്പുകളിലേക്ക് നേരിട്ട് ജലമെത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫെർട്ടിഗേഷൻ രീതിയിൽ വളം നൽകുന്നതിന് ബോർവെല്ലിൽ നിന്നും വാൽവ് ഘടിപ്പിച്ച് ഒരു ഹോസ് പുറത്തേക്കിട്ടിരിക്കുന്നു.

ഇത് വളമിശ്രിതം ലയിപ്പിച്ച ബക്കറ്റിലേക്കിട്ടാൽ മതി ഈ ജലം വലിച്ച് ബോർവെല്ലിലെ ജലവുമായി ലയിപ്പിച്ച് കൃഷിയിടത്തിൽ വിളകൾക്ക് ലഭിക്കുകയായി. കൃഷിയിടത്തെ നാലു സെക്ടറുകളായി തിരിച്ചാണ് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്. ഒരു സെക്ടറിൽ ആവശ്യത്തിനു ജലം ലഭിച്ചുകഴിയുന്പോൾ അടുത്ത സെക്ടറിലേക്കുള്ള വാൽവ് തുറക്കുകയായി. കൃഷി ചെയ്യുന്ന വിളകൾക്കനുസരിച്ചാണ് ജലത്തിന്‍റെ അളവു ക്രമീകരിക്കുന്നത്.

കൃഷി, വിളപരിക്രമത്തിലൂടെ


കേരളത്തിലെ കർഷകർ അധികം പരീക്ഷിക്കാത്ത വിളകൾ മാറിമാറി കൃഷിചെയ്യുന്ന വിളപരിക്രമരീതിയിലാണ് കർണാടകയിലെ കൃഷി. ഇവിടത്തെ മണ്ണിന്‍റെ ഫലപുഷ്ടിയുടെ ഒരുകാരണവും ഇതുതന്നെ. നിലവിൽ കാബേജാണ് മഹേഷായുടെ രണ്ടര ഏക്കറിലെ കൃഷി. ഇതിനു ശേഷം വാഴ നടും. വാഴയ്ക്കു ശേഷം തണ്ണിമത്തൻ, സലാഡ് വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്. ഞാലിപ്പൂവൻ, റോബസ്റ്റ ഇനങ്ങളിലെ വാഴയാണ് കൃഷി ചെയ്യുന്നത്. നിലം ഉഴുത് ബെഡ്ഡുകൾ തയാറാക്കി അതിൽ ചാണക കന്പോസ്റ്റ് അടിവളമായി നൽകിയാണ് കൃഷി തുടങ്ങുന്നത്.

നട്ട് രണ്ടര മാസം കൊണ്ടാണ് കാബേജ് വിളവെടുക്കുന്നത്. തൈ നട്ട് രണ്ടാഴ്ച കഴിയുന്പോൾ 20:20 എന്ന രാസവളം നൽകും. എൻപികെ വളം വെള്ളത്തിൽ ലയിപ്പിച്ചാണ് നൽകുന്നത്. കിട്ടേണ്ട കായ്കളുടെ വലിപ്പം അനുസരിച്ചാണ് നടുന്ന അകലം ക്രമീകരിക്കുന്നത്. അകലം കൂട്ടി നട്ടാൽ വലിയ കാബേജായിരിക്കും ലഭിക്കുക. ഒരേക്കറിൽ നിന്ന് 18 ടണ്‍വരെ കാബേജ് വിളവെടുക്കുന്നു. പകൽ നല്ല ചൂടും രാത്രി നല്ല തണുപ്പുമുള്ള കാലാവസ്ഥയാണ് കാബേജ് കൃഷിക്കനുകൂലം.

ടോം ജോർജ്
ഫോണ്‍ മഹേഷാ- 91 874 78 20 735.