കോഴികളെ രക്ഷിക്കാം, വസന്തയിൽ നിന്ന്
കോഴിവളർത്തുന്നവരുടെ പേടി സ്വപ്നമാണ് വസന്ത. കോഴികളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന അസുഖം. ഇത് അതിവേഗം അവയെ നയിക്കുന്നത് മരണത്തിലേക്കും. വളരെ വേഗം പടർന്നു പിടിക്കുന്ന സ്വഭാവമുള്ള വൈറ സ് രോഗമാണിത്. റാണിക്കേറ്റ് രോഗം, ന്യൂകാസിൽ രോഗം എന്നൊക്കെ അപരനാമങ്ങൾ. 1920 തുകളിൽ ന്യൂകാസിൽ എന്ന സ്ഥലത്ത് കണ്ടുപിടിക്കപ്പെട്ടതാണ് ഈ രോഗം. അധികം വൈകാതെ ഇന്ത്യയിലെ റാണിക്കേറ്റ് എന്ന സ്ഥലത്തും സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയിൽ ഈ രോഗം റാണിക്കേറ്റ് രോഗമെന്നറിയപ്പെടുന്നതിന് കാരണമിതാണ്.

പാരാമിക്സോ വൈറസ് കുടുംബത്തിൽപ്പെടുന്ന ഈ രോഗാണുക്കൾ പ്രതികൂല സാഹചര്യങ്ങളെ സമർഥമായി അതിജീവിക്കും. വായുവിലൂടെ പകരാനുള്ള കഴിവുണ്ട്. രോഗബാധയേറ്റ് മൂന്നു നാലു ദിവസത്തിനുള്ളിൽ തന്നെ മരണമെത്തും.

വൈറസ് ബാധയേറ്റ കോഴികളിൽ രോഗലക്ഷണങ്ങൾ ശരാശരി അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാകും. ശ്വസനേന്ദ്രിയത്തെയാണ് ആദ്യം ബാധിക്കാറ്. ശ്വാസം മുട്ടൽ, പകുതി തുറന്ന വായിലൂടെയുള്ള ശ്വാസോച്ഛാസം, കൂട്ടിൽ നിന്നകന്നുമാറി തൂങ്ങി നിൽക്കൽ, തീറ്റ തിന്നാതിരിക്കൽ തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങൾ. കഴുത്തു പിരിഞ്ഞ് കറങ്ങി വീഴുക, തളർവാതം എന്നീ നാഡിസംബന്ധിയായ രോഗലക്ഷണങ്ങളും കണ്ടേക്കാം.

മുട്ടയുത്പാദനം കുറയുകയോ പൂർണമായും നിൽക്കുകയോ ചെയ്യുന്നു. വയറിളക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. കാഷ്ഠത്തിന് പച്ചയോ വെള്ളയോ നിറമായിരിക്കും. ദുർഗന്ധവുമുണ്ടാകും.
രോഗാരംഭത്തിൽ തന്നെ മുട്ടയുടെ മഞ്ഞക്കരു കലങ്ങിയിരിക്കും. കട്ടിയില്ലാത്ത മുട്ടത്തോട് മറ്റൊരു ലക്ഷണമാണ്. രോഗമുക്തി നേടിയ കോഴിയുടെ മുട്ടകളും കുറച്ചു നാളത്തേക്ക് ഇതുപോലെയാവൻ സാധ്യതയുണ്ട്. ദഹനേന്ദ്രിയം, ശ്വസനേന്ദ്രിയം എന്നിവ വഴിയാണ് രോഗം പകരുന്നത്. കൊടും വേനൽക്കാലത്തും മഴക്കാലത്തും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. രോഗം ചിിത്സിച്ച് ഭേദപ്പെടുത്താൻ കാര്യക്ഷമമായ മാർഗങ്ങളൊന്നും തന്നെയില്ല. ഫലപ്രദമായ രോഗ പ്രതിരോധമാണ് ഉത്തമം. ശരിയായ പരിസരശുചീകരണം, പൊതുവായ രോഗപ്രതിരോധ നടപടികൾ എന്നിവ സ്വീകരിക്കാം.


രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്സിനുകൾ കൃത്യസമയത്ത് നൽകുകയെന്നതാണ്. ഇറച്ചി, മുട്ടക്കോഴികൾക്ക് വിരിഞ്ഞിറങ്ങി ഏഴാം നാൾ എഫ് 1/ ലസോട്ട എന്ന വാക്സിൻ നിർബന്ധമായും നൽകണം. ഒരു തുള്ളി വാക്സിൻ കണ്ണിലോ മൂക്കിലോ ഒഴിക്കുകയാണ് ചെയ്യേണ്ടത്.

21-ാം നാൾ ലസോട്ട വാക്സിൻ കുടിവെള്ളത്തിൽ നൽകണം. കുടിവെള്ളത്തിൽ വാക്സിൻ നൽകുന്പോൾ വെള്ളത്തിൽ അണുനാശിനികൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചു തീർക്കാവുന്നത്ര വെള്ളത്തിൽ മാത്രം മരുന്നു കലക്കുക. ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം എന്ന അനുപാതത്തിൽ പാൽപ്പൊടിയും വെള്ളം തണുപ്പിക്കാനായി ഐസ് കഷണങ്ങളും ഇടാവുന്നതാണ്.

മുട്ടക്കോഴികൾക്ക് എട്ടാഴ്ച പ്രായത്തിലോ അരക്കിലോ തൂക്കമെത്തുന്ന മുറയ്ക്കോ കോഴിവസന്തയുടെ കുത്തിവയ്പും നൽകണം. രോഗബാധയ്ക്ക് സാധ്യതയുള്ള മേഖലകളിൽ ആറുമാസത്തിനുശേഷം തുടർ കുത്തിവയ്പും നടത്താവുന്നതാണ്. ഇത്തരത്തിലുള്ള കരുതൽ നടപടികൾ ഈ രോഗത്തെ നിയന്ത്രി ക്കാനും രോഗവ്യാപനം തടയാനും സഹായിക്കും. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നതാണ് നല്ലതെന്ന പഴമൊഴി ഈ അസുഖത്തെ സംബന്ധിച്ചിടത്തോളം അർഥവത്താണ്.

ഡോ. എസ്. ഹരികൃഷ്ണൻ
അസിസ്റ്റന്‍റ് പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി
ഫോണ്‍- ഡോ.ഹരി- 94464 43700.
Loading...