ബർഗർ ജംഗ്ഷൻ: മഞ്ജുവിന്‍റെ ടേണിംഗ് പോയിന്‍റ്
പ്രീഡിഗ്രിക്ക് കൊമേഴ്സ് പഠിച്ച മഞ്ജു എംജി സർവകലാശാലയിൽ നിന്നു മൂന്നാം റാങ്കോടെയാണ് പാസായത്. തുടർന്ന് ഡിഗ്രി സൈക്കോളജിയും ഒന്നാം റാങ്കോടെ പാസായി. പിന്നീട് എംഎസ്ഡബ്ല്യു രാജഗിരി കോളജിൽ നിന്നും നേടി. മാർക്കറ്റിംഗിൽ എംബിഎ പഠിച്ചത് യുകെയില ലെയിസ്റ്റർ യൂണിവേഴ്സിറ്റിയിൽ. എച്ച്എസ്ബിസി, സിറ്റി ബാങ്ക്, ദോഹ ബാങ്ക്, എംഎസ്എംഇ ബാങ്ക് കോർപറേഷൻസ് എന്നിവിടങ്ങളിലെല്ലാം ബിസിനസ് ഡെവലപ്പറായി ജോലി ചെയ്തിരുന്നു. അതിനുശേഷം നാട്ടിലെത്തിയ എറണാകുളം സ്വദേശി മഞ്ജു മാത്യുവിന്‍റെ ജീവിതത്തിലെ ടേണിംഗ് പോയിന്‍റായിരുന്നു ബർഗർ ജംഗ്ഷൻ.

ബർഗറിലേക്ക്

നാട്ടിലെത്തി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഒരിക്കലും ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തയെ ഉണ്ടായിരുന്നില്ല. ഒരുപാട് ആലോചിച്ചു. അങ്ങനെയാണ് മനസിൽ താൻ ജോലി ചെയ്തു കൊണ്ടിരുന്ന മിഡിൽ ഈസ്റ്റിൽ ഉള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. മഞ്ജു തന്‍റെ സംരംഭത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറയുന്നു.

ഇടയ്ക്കെപ്പഴോ മറുനാട്ടിലെ ബർഗർ പോയിന്‍റുകൾ ഓർമ്മയിലേക്ക് കയറിവന്നു. ആലോചിച്ചപ്പോൾ ശരിയാണ് കേരളത്തിൽ പ്രത്യേകിച്ച് എറണാകുളത്ത് നല്ല ബർഗർ പോയിന്‍റുകളില്ല. എങ്കിൽ പിന്നെ ഇതു തന്നെയാകട്ടെ തന്‍റെ സംരംഭം എന്നു മഞ്ജു തീരുമാനിച്ചു. മറുനാട്ടിലെ ബർഗർ പോയിന്‍റുകളെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല ചെയ്തത്. വിദേശത്തെ ബർഗർ പോയിന്‍റുകൾക്കനു സരിച്ചാണ് ഇവിടെയും ബർഗർ ജംഗ്ഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. 2014 ലാണ് ബർഗർ ജംഗ്ഷന് തുടക്കം കുറിക്കുന്നത്. ആദ്യം ആരംഭിച്ചത് 2014 ൽ ഇടപ്പള്ളിയിലായിരുന്നു. തുടർന്ന് പനന്പിള്ളി നഗർ, കാക്കനാട് എന്നിവിടങ്ങളിലും ആരംഭിച്ചു.

ആരോഗ്യത്തിനു ഹാനികരം എന്നു ചിന്തിക്കുകയേ വേണ്ട

ബർഗർ എന്നു കേൾക്കുന്പോൾ പൊതുവേയുണ്ടാകുന്ന ചിന്തയിതാണ.് ഇത് ഫാസ്റ്റ് ഫുഡാണ്, അധികം കഴിക്കാൻ കൊള്ളില്ല എന്ന്.

എന്നാൽ അങ്ങനെയൊരു ചിന്തയേ വേണ്ടെന്നാണ് മഞ്ജു പറയുന്നത്. ഇത് ഫ്രോസണ്‍ ചെയ്ത മാംസം ഉപയോഗിച്ചു ചെയ്യുന്നതല്ല. തികച്ചും ഫ്രഷായ മാംസവും ബണ്ണും ഉപയോഗിച്ചാണ് ചെയ്യുന്നത്. പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നില്ല. നമ്മൾ വീട്ടിൽ ബീഫ് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്ന അതേ സുരക്ഷിതത്വത്തോടെ ഇവയും ഉപയോഗിക്കാം. ഓർഡർ ലഭിക്കുന്പോഴാണ് ഉത്പന്നം ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ മോശമാണെന്നുള്ള ചിന്ത വേണ്ട. സോസും വീട്ടിലുണ്ടാക്കുന്നതാണ്.

സഹോദരനാണ് സംരംഭത്തിൽ മഞ്ജുവിനോടൊപ്പമുള്ളത്. സഹോദരൻ ജോ മാത്യു പൈലറ്റാണ്. പക്ഷേ, കുക്കിംഗിനെ ഇഷ്ടപ്പെടുന്ന അദ്ദേഹം വിവധ സ്ഥലങ്ങളിൽ നിന്നും ബർഗറുകൾ രുചിച്ചശേഷം ബർഗർ ജംഗഷ്നിൽ പരീക്ഷിക്കാറുണ്ട്. അവ ഇവിടെ എത്തിക്കാറുമുണ്ട്. നിലവിൽ 25 ലധികം വ്യത്യസ്തമായ ബർഗറുകൾ ഇവിടെ ലഭിക്കും.

ഗുണമേൻമയിൽ വിട്ടുവീഴ്ച്ചയില്ല

ബർഗറിനു പുറമേ മിൽക്ക് ഷേക്ക്, മോക്ടെയിലുകൾ, തുടങ്ങിയവും ലഭ്യമാണ്. യൂറോപ്യൻ തീമിലാണ് ഒൗട്ട് ലെറ്റുകൾ എല്ലാം തയ്യാറാക്കിയിരിക്കുന്നത്.

ഇടപ്പള്ളിയിൽ ചെറിയൊരു ഒൗട്ടലെറ്റാണ് ആദ്യം ആരംഭിക്കുന്നത്. അവിടേക്ക് അറിഞ്ഞു കേട്ട് പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേർ എത്താൻ തുടങ്ങി. ഇതോടെ ആത്മവിശ്വാസം ലഭിച്ചു. അങ്ങനെയാണ് മറ്റു രണ്ടിടങ്ങളിലും ഒൗട്ട് ലെറ്റ് ആരംഭിച്ചത്: മഞ്ജു പറഞ്ഞു.

വിപണനത്തിലും ഗുണമേന്മയിലുമാണ് മഞ്ജുവിനു വിശ്വാസം. അവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഗുണമേന്മയിൽ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നു മഞ്ജു പറയുന്നു. വില കുറഞ്ഞ ഉത്പന്നങ്ങളൊന്നും ഉപയോഗിക്കാറില്ല. മലയാളികൾ ഗുണമേന്മയ്ക്ക ്പ്രാധാന്യം നൽകുന്നവരാണ്. ഗുണമുണ്ടെങ്കിൽ അൽപം വില കൂടിയാലും ആളുകൾക്ക് പ്രശ്നമില്ല.അതുകൊണ്ടു തന്നെ ഏറ്റവും ഗുണമേൻമയുള്ള ബർഗറുകളാണ് ഉപഭോക്താക്കൾക്കായി ബർഗർ ജംഗ്ഷനിൽ ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ എല്ലായിടത്തേക്കും ബർഗർ ജംഗ്ഷനെ വ്യാപിപ്പിക്കണമെന്നാണ് മഞ്ജുവിനു താല്പര്യം. 2018 ആകുന്പോഴേക്കും എറണാകുളത്തിനു പുറത്ത് ഒരു ഔട്ട്ലെറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.