മൈസൂരിലെ മലയാളി കൃഷി
കൃഷിയോടുള്ള ഭ്രമമാണ് മലയാളിയായ തോമസ് ദേവസ്യയെ മൈസൂരിലെത്തിച്ചത്. കാഞ്ഞിരപ്പള്ളിക്കാരനായ ഈ കർഷകൻ, 2009 ലാണ് മൈസൂരിൽ കൃഷിസ്ഥലം വാങ്ങുന്നത്. മാവും സപ്പോട്ടയും നട്ട തോട്ടമായിരുന്നു വാങ്ങിയത്. ഇന്നതിൽ വിവിധയിനം പഴവർഗങ്ങൾ വളരുന്നു. നാരകം, പേര, അലങ്കാരപ്രാവുകൾ, കോഴി, മുയൽ എന്നിവയ്ക്കും തോട്ടത്തിലിടമുണ്ട്. പരിസ്ഥിതി സൗഹൃദമായ കൃഷിയുടെ മെച്ചം പറന്പിൽ നോക്കിയാലറിയാം. മരങ്ങളിൽ വിവിധതരം പക്ഷികൾ കൂടുകൂട്ടിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി മയിലുകളുമെത്തുന്നു. ഇവയ്ക്കു പുറമേ ഈ വർഷം തേനീച്ചകൂടി എത്തിയതോടെ തോട്ടത്തിൽ വിളവർധനയ്ക്കും കളമൊരുങ്ങി.

വളമായി വെർമികന്പോസ്റ്റ്

തോട്ടത്തിൽ പടുത ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ചിരിക്കുന്ന രണ്ട് വെർമി കന്പോസ്റ്റ് പ്ലാന്‍റുകളിൽ ചാണകവും ഇലകളും കൂട്ടിച്ചേർത്ത് നിർമിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ നാലു ടണ്‍ വളം. ഇതിനാൽ വർഷം 25,000 രൂപയുടെ ലാഭമാണ് വളം വാങ്ങുന്ന ഇനത്തിൽ ഈ കർഷകനുണ്ടായത്.

ഫലസമൃദ്ധം

ഫലവർഗച്ചെടികളാൽ സമൃദ്ധമാണ് മൂന്നര ഏക്കറിലെ ഈ തോട്ടം. സപ്പോട്ടയും മാവുമാണ് പ്രധാനവിളകൾ. സപ്പോട്ടയിൽ വർഷം മുഴുവൻ വിളവെടുപ്പാണ്. നാടൻ ഇനങ്ങളായ ദൊട് ചിക്കു, മാമാമൂലി ചിക്കു എന്നിവയാണ് കൃഷിചെയ്യുന്നപ്രധാന ഇനങ്ങൾ. ഏഴു ടണ്‍ വിളവ് ഒരു വർഷം ലഭിക്കും. എക്സ്പോർട്ട് ക്വാളിറ്റി പഴങ്ങൾ പോകുന്നതും വിദേശത്തേക്കു തന്നെയാണ്.കച്ചവടക്കാർ തോട്ടത്തിലെത്തി പഴങ്ങൾ ശേഖരിക്കുന്നു. ജൈവ സപ്പോട്ടയായതിനാൽ കിലോയ്ക്ക് 60 രൂപ ഹോൾസെയിൽ വിലയും 80 രൂപ റീട്ടെയിൽ വിലയും ലഭിക്കുന്നു.


നാടൻ ഇനമായ പൈഗംപല്ലി ഉൾപ്പെടെ 12 ഇനം മാവുകളാണ് കൃഷി ചെയ്യുന്നത്. ഇതിൽനിന്നും 4-5 ടണ്‍ മാങ്ങ ലഭിക്കുന്നു. കണ്ണിമാങ്ങയായും പച്ചമാങ്ങയായും പഴമായും വിൽപ്പന നടത്തുന്നു. കിലോയ്ക്ക് 30 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഒന്നരക്കിലോ വരെതൂക്കമുള്ള മാങ്ങ തോട്ടത്തിൽ നിന്നു ലഭിച്ചു. ഡിസംബർ- മാർച്ച് മാസങ്ങളിൽ പൂത്ത്, ഓഗസ്റ്റ് മാസത്തിലാണ് മാങ്ങ വിളവെടുപ്പിനു പാകമാകുന്നത്. കണ്ണിമാങ്ങ ആവശ്യമുള്ളവർക്ക് ഏപ്രിലിൽ നൽകുകയാണ് പതിവ്. വടുകപ്പുളി നാരങ്ങ മൂന്നു മരമേയുള്ളൂ എങ്കിലും 500 കിലോ ലഭിച്ചത് തോമസിനെ അദ്ഭുതപ്പെടുത്തി.

ഇവകൂടാതെ കദളി, പാളയൻകോടൻ, ഞാലിപ്പൂവൻ, ആത്ത എന്നിവയെല്ലാം സ്വന്തം ആവശ്യത്തിനുള്ളത് വിളയിച്ചെടുക്കുന്നുമുണ്ട് തോമസ്.

തുള്ളി നനയിലൂടെ ജലസേചനം

ഡ്രിപ്പ് ഇറിഗേഷൻ(തുള്ളി നന) രീതിയിലൂടെ വെള്ളം വിളയുടെ ചുവട്ടിലെത്തിക്കുന്നു. ഒരു മണിക്കൂറിൽ ഏഴുലിറ്റർ ജലം വീതം ഒരു ചെടിക്ക് ദിവസം 28 ലിറ്റർ ജലം ലഭിക്കത്തക്ക രീതിയിലാണ് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്. ഇതിനുള്ള വൈദ്യുതി സൗജന്യമായി സർക്കാർ നൽകുന്നു.

വിളവർധനവിന് തേനീച്ച

തോട്ടത്തിലെ വിളവർധനവിനായി 100 തേനീച്ചപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ടിവിടെ. കുമളിയിലെ തേനീച്ച കർഷകനായ ഫിലിപ്പ് വട്ടംതൊട്ടിയിലാണ് ഇവിടെ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ ഇതിൽ നിന്നും തേനും ലഭിച്ചു തുടങ്ങും. ഒപ്പം വിളവർധനവും.

വിലാസം:
തോമസ് ദേവസ്യ, കൊന്നക്കൽ, 1702, 6 മെയിൻ
ഫസ്റ്റ് ക്രോസ്, വിജയനഗർ സെക്കന്‍റ് സ്ട്രീറ്റ്, മൈസൂർ-17
ഫോണ്‍- 78996 50 909.
Loading...