ചെറുധാന്യങ്ങൾക്കായി അട്ടപ്പാടിയിൽ ഒരു ഗ്രാമം
ചെറുധാന്യങ്ങൾക്കായി അട്ടപ്പാടിയിൽ ഒരു ഗ്രാമം
Saturday, February 3, 2018 12:50 PM IST
ഒരുകാലത്ത് കൃഷി, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവകൊണ്ടെല്ലാം സുഭിക്ഷമായിരുന്നു ആദിവാസി ഉൗരുകൾ. ഇന്ന് പട്ടിണി, പോഷകാഹാരക്കുറവ്, പല കൃഷികളും ഇല്ല തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് സന്പന്നമാണ് ആദിവാസി മേഖല. ആദിവാസി ഉൗരുകളിലെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുക, കാർഷിക മേഖലയിൽ നിന്നും അന്യമായി കൊണ്ടിരിക്കുന്ന ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമാക്കി കൊണ്ട് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലയിൽ ചെറുധാന്യങ്ങൾക്കായി ഒരു ഗ്രാമം ഒരുങ്ങുകയാണ്
.
ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കികൊണ്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ പ്രത്യേകിച്ച് കൃഷി മന്ത്രി വി.എസ് സുനിൽകുമാറിന്‍റെ പ്രത്യേകതാൽപര്യപ്രകാരവുമാണ് മില്ലറ്റ് ഗ്രാമം പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നതെന്ന് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായ ബി. സുരേഷ് പറഞ്ഞു.

ആദിവാസി കർഷക ജനതയുടെ പാരന്പര്യ കൃഷി പുനസ്ഥാപിക്കുക, ഈ മേഖലിയലെ പോഷകാഹാരക്കുറവ ്മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വതമായി പരിഹാരം ഉണ്ടാക്കുക, ഇതിലൂടെ അവരുടെ സാന്പത്തിക നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മില്ലറ്റ് വില്ലേജ്’ എന്ന പദ്ധതി പ്രാവർത്തികമാക്കുന്നത്. ഈ പദ്ധതിയിൽ മൂന്നു വർഷങ്ങളിലായി 687 ലക്ഷം രൂപ അടങ്കൽ തുകയായി വകയിരുത്തിയാണ് വിവിധ പരിപാടികൾ നടപ്പിലാക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു.

പൂർണ്ണമായും ജൈവ കൃഷി

പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 750 ഏക്കറിൽ ചെറുധാന്യങ്ങൾ (റാഗി, ചാമ,തിന,വരഗ്, കുതിരവാലി തുടങ്ങിയവ), 500 ഏക്കറിൽ പയറുവർഗങ്ങൾ, 37.5 ഏക്കറിൽ പച്ചക്കറികൾ എന്നിങ്ങനെ അട്ടപ്പാടി ബ്ലോക്കിൽ 45 ആദിവാസി ഉൗരുകളിലായി മൊത്തം 1287.5 ഏക്കറിലാണ് ഈ സീസണിൽ കൃഷി ചെയ്തു വരുന്നത്. സംസ്ഥാന സർക്കാരിന്‍റെ ലൊക്കേഷൻ സ്പെസിഫിക് സ്കീമിൽ ഉൾപ്പെടുത്തി 200 ലക്ഷം രൂപയും പട്ടികവർഗ ക്ഷേമ കുപ്പിൽ നിന്നും അനുവദിച്ച 48.5 ലക്ഷം രൂപയും കൂടി ആകെ 248.5 ലക്ഷം രൂപയുടെ പദ്ധതികളാണ് 2017-18 വർഷം നടപ്പിലാക്കുന്നത്.

കൃഷിയുടെ ഭാഗമായുള്ള നിലം ഉഴവ് ചെയ്യൽ, വിത്ത് വിതരണം, ജൈവ വളം നൽകൽ, വിള ഇൻഷുറൻസ്, ചെറുകിട മില്ല് സ്ഥാപിച്ച് സംഭരണം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയുള്ള വിപണനം തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

ഇതോടൊപ്പം മാതൃക ഉൗരുകളുടെ സമഗ്ര കാർഷിക വികസനം, ജൈവ സർട്ടിഫിക്കേഷൻ,ആദിവാസി മേഖലയിൽ പരന്പരാഗതമായി കൃഷി ചെയ്തുകൊണ്ടിരിക്കുന്ന അട്ടപ്പാടി തുവര, ആട്ടുകൊന്പ് അവര എന്നവയുടെ ജിഐ (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ)സർട്ടിഫിക്കേഷൻ, ധാന്യ സംഭരണികളുടെ വിതരണം, തേനീച്ച ഉപയോഗിച്ചുള്ള ജൈവ വേലി നിർമാണം എന്നീ പ്രവർത്തനങ്ങൾ കൂടി ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്നും സുരേഷ് അറിയിച്ചു. er>

കൃത്യമായ തയ്യാറെടുപ്പുകൾ

ഈ പ്രവർത്തനങ്ങളിൽ കാർഷിക വികസന ക്ഷേമ വകുപ്പ്, പട്ടിക വർഗ ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിൽ, നാഷണൽ സീഡ്സ് കോർപറേഷൻ, കേരള, തമിഴ്നാട് കാർഷിക സർവകലാശാലകൾ, യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ്, ധാർവാഡ്, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് ഹൈദരാബാദ് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉൗരുതലത്തിൽ കേരള കാർഷിക സർവകലാശാലയുടെ ഐപിആർ സെൽ അട്ടപ്പാടിയിലെ ആട്ടുകൊന്പ് അവര, അട്ടപ്പാടി തുവര എന്നീ വിളകൾക്ക് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

കർഷകർക്ക് ആവശ്യമായ പരിശീലനങ്ങൾ കൃഷി വിജ്ഞാൻ കേന്ദ്രം പട്ടാന്പി, കോയന്പത്തൂർ എന്നിവർ നൽകി വരുന്നുണ്ട്. സംഭരണം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയ്ക്കു വേണ്ടി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെ ഐഐഎംആർ ഹൈദരാബാദിൽ അയച്ച് പരിശീലനം നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കുവേണ്ടി ചെറുകിടമില്ല് സ്ഥാപിക്കുന്നതിനായി അഗളി കോട്ടത്തറയിൽ സർക്കാർ ആടു വളർത്തൽ കേന്ദ്രത്തിന്‍റെ ഭൂമിയിൽ നിന്നും ഒരേക്കർ സ്ഥലം അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗീകരിച്ച് മൃഗസംരംകഷണ വകുപ്പിന്‍റെ അനുമതിയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.

കൃഷിക്കാവശ്യമായ ജൈവവളം സഹകരണ സംഘങ്ങൾ വഴിയാണ് വിതരണം നടത്തിയത്. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ഉഴവു ജോലികൾ പൂർത്തീകരിച്ച് വിത്ത് വിതയ്ക്കുകയും ചെയ്തു. മഴയുടെ സമയബന്ധിതമായ ലഭ്യതകുറവുമൂലം വിത്തു വിതയ്ക്കുന്നതിൽ അൽപം കാലതാമസം വന്നിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ജീവനക്കാരായ കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്‍റുമാർ, ഫീൽഡ് അസിസ്റ്റന്‍റുമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവർ ഉൾപ്പെടെ 19 ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടുണ്ട്.

കൂടാതെ പദ്ധതിയുടെ ഭാഗമായി മൂന്നു പഞ്ചായത്തുകളിലേയും ഇരുള, മുഗുഡ, കുറുന്പ വിഭാഗങ്ങളിൽപെട്ട അഞ്ചു ഉൗരുകളെ മാതൃക ഉൗരുകളായി തെരഞ്ഞെടുത്ത് ഓരോന്നിലും 40 ലക്ഷം രൂപയുടെ കാർഷിക വികസന പ്രവർത്തനങ്ങളും നടത്താൻ ഉദ്ദേശിക്കുന്നു.
പദ്ധതി പ്രവർത്തനങ്ങൾക്കുവേണ്ടി അഹാഡ്സ്, റവന്യു വകുപ്പ് എന്നിവയിൽ നിന്നും ജീപ്പുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.

പദ്ധതിയുടെ കാര്യാലയം അഗളിയിൽ തുടങ്ങുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സുരേഷ് അറിയിച്ചു.