വാക്കയിൽ തോട്ടത്തിൽ വർഷം മുഴുവൻ വിളവെടുപ്പ്
വാക്കയിൽ തോട്ടത്തിൽ വർഷം മുഴുവൻ വിളവെടുപ്പ്
Saturday, February 3, 2018 4:05 PM IST
കൃഷി തീർച്ചയായും ഒരു കല കൂടിയാണ്. കൃഷിചെയ്താൽ മാത്രം പോര, എപ്പോൾ, എന്ത്, എങ്ങനെ കൃഷിചെയ്യണം എന്നുകൂടി പഠിക്കണം. കൂരോപ്പട വാക്കയിൽ ജോയിമോൻ ഇക്കാര്യത്തിൽ സവിശേഷമായൊരു ശൈലി സ്വീകരിച്ചിരിക്കുന്നു. എപ്പോഴും വിളവെടുക്കത്തക്ക തരത്തിൽ വിളകളെ ഒരുക്കുകയാണ് ജോയിമോന്‍റെ സ്വന്തം കൃഷി സ്റ്റൈൽ. പന്ത്രണ്ടു വർഷം നീണ്ട പ്രവാസത്തിനൊടുവിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴയും കൈതയുമൊക്കെ കൃഷി ചെയ്തുകൊണ്ടായിരുന്നു തുടക്കം. പാരന്പര്യമായി ലഭിച്ച കൃഷിയറിവുകളൊന്നും പാഴായില്ല. മാന്യമായ വിളവും ലഭിച്ചു. തുടർന്നാണ് വിഷരഹിത കൃഷിയും ശുദ്ധഭക്ഷണ നിർമിതിയുമൊക്കെ ചിന്തയിലേക്കു വരുന്നത്. സ്വന്തമായുള്ള അഞ്ചേക്കർ ഭൂമിയിൽ നാലുവർഷം മുന്പാണ് ഭക്ഷ്യവിളകൾ മാത്രമുള്ള കൃഷിയാരംഭിക്കുന്നത്. ഫലഭൂയിഷ്ഠമായ മേൽമണ്ണ് തട്ടുകളായിത്തിരിച്ച് കല്ലുകയ്യാലകൾ നിർമിച്ചായിരുന്നു തുടക്കം. കാട്ടുകല്ലുകളാണ് കയ്യാലവയ്ക്കാനുപയോഗിച്ചത്. മണ്ണും കാട്ടുകല്ലും തമ്മിലുള്ള ഇഴയടുപ്പം കയ്യാലയ്ക്ക് ഈടും ബലവും നൽകുമെന്ന് കർഷകപക്ഷം. ഇടയ്ക്കു മഴക്കുഴികളും തീർത്തു. കയ്യാലയ്ക്ക് മുകളിൽ നിരനിരയായി തീറ്റപ്പുല്ലും പിടിപ്പിച്ചു.

മണ്ണുപരിശോധന പ്രധാനം

കൂരോപ്പട കൃഷിഭവന്‍റെ സഹായത്തോടെ ശാസ്ത്രീയ മണ്ണുപരിശോധന, മണ്ണിന്‍റെ പുളി കുറയ്ക്കുന്നതിന് കുമ്മായം ചേർ ക്കൽ, മൂലകളുടെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാൻ ആവശ്യത്തിന് ജൈവവളപ്രയോഗം എന്നിവ നടത്തി.

വിത്തിലൊത്താൽ വിളവിലൊക്കും

പരന്പരാഗത നാടൻ വിത്തിനങ്ങൾക്കു പുറമെ മേൽത്തരം സങ്കരയിനം വിത്തുകളും സംഘടിപ്പിച്ചായി കൃഷിയിറക്കം. ഏത്തവാഴ, വിവിധയിനം മരച്ചീനികൾ, ചേന, കാച്ചിൽ, ചേന്പ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, വള്ളിപ്പയർ, കുറ്റിപ്പയർ, മത്തൻ, വെള്ളരി, പടവലം, പാവൽ തുടങ്ങി എല്ലാ വിളകൾക്കും പറന്പിൽ ഇടം നൽകി.

പച്ചക്കറിത്തൈകൾക്കായി കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ ഒരു നഴ്സറി തന്നെ തുടങ്ങിവച്ചു. ഇന്ന് വർഷംതോറും ശരാശരി ഒന്നരലക്ഷത്തിലധികം മേൽത്തരം പച്ചക്കറിത്തൈകൾ ജോയി കർഷകർക്ക് നൽകുന്നുണ്ട്. എത്ര കൂട്ടിക്കിഴിച്ചു നോക്കിയാലും ഈ ചെടികളെല്ലാം കൂടി ഒരുലക്ഷം കിലോയിലധികം പ്രാദേശികമായ വിഷമില്ലാപച്ചക്കറി നാട്ടിൽ വിളയുന്നുണ്ടെന്ന് ജോയി പറയുന്നു.

കൃഷിയിൽ വേണം ശാസ്ത്രീയത

പുതുകൃഷി രീതികളെല്ലാം തന്നെ ജോയിയുടെ കൃഷിയിടത്തിലുണ്ട്. തുള്ളിനന, പുതയിടീൽ, ഫെർട്ടിഗേഷൻ, വിവിധതരം കെണികൾ, തിരിനന ഇവയെല്ലാം തന്നെ കൃത്യതയോടെ നടപ്പിലാക്കിയിട്ടുണ്ട്. ഒരിഞ്ചു ഭൂമിപോലും തരിശിടാതെയാണ് കൃഷി. വെണ്ടയ്ക്കിടവിളയായി വെള്ളരി പടർത്തി രണ്ടിന്‍റെയും വിളവുറപ്പിച്ചു.

വിഷമില്ലാകൃഷി

ജോയിയുടെ കൃഷിയിടത്തിൽ വിവിധതരം തുന്പികളും എട്ടുകാലികളുമെല്ലാം ഭയമില്ലാതെ വിലസുന്നതു കാണാം. വിഷമില്ലെന്നതു തന്നെയിതിന് കാരണം. കൃഷിഭവന്‍റെ ശരിയായ മേൽനോട്ടമുള്ളതിനാൽ എല്ലായിനം ജൈവ കീടനാശിനികളും ശരിയായ അളവിലാണിവിടെ പ്രയോഗിക്കുന്നത്. സ്യൂഡോമോണാസ്, ട്രൈക്കോഡെർമ, വാം, ബിവേറിയ, വെർട്ടിസീലിയം തുടങ്ങിയ മിത്രജീവികൾക്കുപരി വേപ്പധിഷ്ഠിത കീടനാശിനികളും കൃത്യതയോടെ ഉപയോഗിക്കുന്നു. മുട്ടക്കഷായവും, മത്തിക്കഷായവും, ജീവാമൃതവും, ഘനജീവാമൃതവും ശരിയായി ഉപയോഗിച്ചാൽ നല്ലഫലം തന്നെ നൽകുമെന്ന് കർഷകന്‍റെപക്ഷം.

സംയോജിതകൃഷി സംരക്ഷിതകൃഷി

സംയോജിത കൃഷിക്കു മാത്രമെ കർഷകനെ സംരക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് ജോയി പറയും. പറന്പായാൽ പശുവിനും ആടിനും കോഴിക്കുമെല്ലാം ഇടംവേണം. ജോയിയുടെ തോട്ടത്തിൽ ആറു കറവപ്പശുക്കളും നാലുകിടാക്കളും ഒരു നാടൻ പശുവുമാണുള്ളത്. കേരളത്തിന്‍റെ തനത് മലബാറി ആടുകളുടെ ഒരു മാതൃകാ യൂണിറ്റുമുണ്ടിവിടെ. പാൽകറന്നെടുക്കാതെ മേൽത്തരം കുട്ടികളെ ഉത്പാദിപ്പിച്ചു വിൽക്കുന്നതിനാണ് ശ്രദ്ധവയ്ക്കുന്നത്. തൊഴുത്തുകളുടെ നിർമാണത്തിലും ശുചിത്വത്തിന് ശ്രദ്ധ നൽകിയ ശാസ്ത്രീയത കാണാം. നാടൻ കോഴിയും കരിങ്കോഴിയും വളർത്തുമുയലും തനത് ചാര, ചെന്പല്ലി താറാവുകളെയും ഇവിടെ കാണാം. പറന്പിലെ ടാർപോളിൻ കുളങ്ങൾ മഴവെള്ളസംഭരണവും ഒപ്പം മത്സ്യസമൃദ്ധിയും ഉറപ്പുവരുത്തുന്നു. തോട്ടത്തിലെ എല്ലാ ഇടപാടുകൾക്കും ഒരു ശാസ്ത്രീയ ചാക്രിക സമീപനം കാണാമെന്നത് സവിശേഷതയാണ്.


നാടൻ വഴുതനയാണ് താരം

ജോയിമോന്‍റെ പുരയിടത്തിൽ നാടൻ വഴുതനയുടെ അപൂർവ ശേഖരം കാണാം. നല്ല നീണ്ട് വലുപ്പമുള്ള നീല വഴുതന. ഒന്നു നട്ടാൽ മൂന്നുവർഷം ഒരേപോലെ വിളവെടുക്കാം. ശരാശരി മൂന്നു വഴുതനയുണ്ടെങ്കിൽ ഒരു കിലോ ഉറപ്പ്. കിലോയ്ക്ക് 40 രൂപയ്ക്കാണ് വില്പന. ഒരു വഴുതന വർഷം രണ്ടായിരം രൂപ ഉറപ്പായും നൽകുമെന്ന് ജോയിമോൻ പറയുന്നു.

മുരിങ്ങ ആദായവിള

പോഷകപ്രദമായ മുരിങ്ങയിലയുടെ വിപണി മൂല്യം ഏറെയാണ്. കിലോയ്ക്ക് 60 രൂപ വരെ വില ലഭിക്കും. ഇതിന്‍റെ സാധ്യത മുന്നിൽകണ്ട് ഇലയ്ക്കായി മുരിങ്ങച്ചെടികൾ നട്ടു വളർത്തുന്നു. പച്ചക്കറി വിളകളിൽ നാം പാഴെന്ന് പറയുന്ന പലതിനും ശരിയായ വിപണിയുണ്ടായി വരുന്നുണ്ടെന്ന് ജോയി പറയുന്നു. നാടൻ പപ്പായയ്ക്ക് കിലോഗ്രാമിന് 30 രൂപ നൽകാൻ ആർക്കും പിണക്കമില്ലെന്നും കർഷക പക്ഷം.

ആധുനികതയോട് അടുത്തു നിൽക്കാം

കൃഷിയിൽ ഇന്ന് യന്ത്രവത്കരണമെന്നത് യാഥാർഥ്യമാണ്. മണ്ണിളക്കാൻ, കുഴിയെടുക്കാൻ, കാട് വെട്ടാൻ, മരംമുറിക്കാൻ, കറവപ്പശുവിന് പുല്ലരിഞ്ഞുനൽകാ ൻ, തെങ്ങുകയറാൻ, പൂവാലിപ്പശുവിനെ കറക്കാൻ- എല്ലാത്തിനും യന്ത്രങ്ങളുണ്ട്. ഇവയ്ക്കെല്ലാം തന്നെ ജോയിയുടെ മാതൃകാതോട്ടത്തിലും ഇടമുണ്ട്.

അതിജീവനത്തിനായി കണ്ടുപിടിത്തം

തൊഴിക്കുന്ന കറവപ്പശുവിനെ മര്യാദക്കാരിയാക്കി കറക്കാൻ സഹായിക്കുന്ന ചെറുയന്ത്രം, കുറഞ്ഞസ്ഥലത്ത് കൂടുതൽ പച്ചക്കറി ഗ്രോബാഗുകൾക്കുള്ളിൽ കൃഷിചെയ്യാൻ കഴിയുന്ന ജോയീസ് കൂരോപ്പട മിനി ഗാർഡൻ തുടങ്ങിയവ കർഷകന്‍റെ അതിജീവനത്തിനായുള്ള ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇവയൊക്കെ ഇന്ന് കുറെയെങ്കിലും കർഷകർ ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു.

വിപണിയറിഞ്ഞുവേണം കൃഷി കേരളീയർ ഇന്ന് വിഷമില്ലാത്തത് ഭക്ഷിക്കണമെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതിനാൽതന്നെ ജോയിയുടെ തോട്ടത്തിലെ വിളകൾക്ക് ഇന്നുവരെ വില്പന പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. വിദേശത്തേയ്ക്കുവരെ ജോയിയുടെ വിഷമില്ലാ വിളകൾ പറന്നു തുടങ്ങിയിരിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കർഷകരുടെ ജൈവ ഉത്പന്ന വിപണന സംരംഭമായ ഗ്രീൻഷോറിന്‍റെ കാഞ്ഞിരപ്പള്ളി, എരുമേലി ഒൗട്ട്ലെറ്റുകൾ, കർഷകപക്ഷ വിപണികളുടെ ഫെഡറേഷനായ ഹരിതമൈത്രി കേരളത്തിന്‍റെ കൂരോപ്പട, പാന്പാടി, അയർക്കുന്നം വിപണികൾ, വാഴൂർ ബ്ലോക്കിലെ വിവിധ നേരങ്ങാടികൾ എന്നിവ വഴി മികച്ച വിലയ്ക്കാണ് ഉത്പന്നങ്ങൾ വിറ്റുപോകുന്നത്. കേരളത്തിൽ വിഷമില്ലാ ഭക്ഷ്യവിളകൾ മാന്യമായി വിറ്റഴിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് കർഷകപക്ഷം. ഉപഭോക്താവിന്‍റെ വിശ്വാസത്തിൽ വിഷം ചേർക്കാതിരുന്നാൽ മതിയെന്ന് ജോയിപറയും.

എന്നും വിളവെടുപ്പു കാലം

കൃത്യമായ മാറ്റക്കൃഷി രീതികൾ അനുവർത്തിക്കുന്നതിനാൽ എല്ലായ്പോഴും വിളവെടുക്കാൻ കഴിയുന്ന തരത്തിലാണ് പച്ചക്കറിവിളകൾ വിളഞ്ഞു നിൽക്കുന്നത്. ഇത് ഉത്പാദകനും ഉപഭോക്താവിനും ഒരുപോലെ ഗുണംപകരുന്ന ഒന്നാണ്.

വകുപ്പുകൾ കർഷകർക്കൊപ്പം

കൃഷി അനുബന്ധ വകുപ്പുകൾ കൂരോപ്പടയിൽ കർഷകർക്കൊപ്പമാണെന്ന് ജോയി പറയുന്നു. മികച്ച കർഷകപക്ഷ ഉദ്യോഗസ്ഥരായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കൃഷി ഓഫീസർ സി. അന്പിളി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ കോര തോമസ്, വെറ്ററിനറി സർജൻ കുര്യാക്കോസ് മാത്യു, ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരെല്ലാം മികച്ച പിന്തുണയാണ് നൽകിവരുന്നത്.

സകുടുംബം കൃഷി

ജോയിയുടെ കൃഷിയെന്നാൽ ഭാര്യ ബെറ്റ്സി, പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ നവീൻ, ആറാം ക്ലാസുകാരൻ ജീവൻ ഇവരുടെയെല്ലാം പങ്കാളിത്തത്തിലുറച്ചതാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം കൂട്ടുകാരായ രവിയും തങ്കനും വേണുവുമെല്ലാം ഒപ്പം ചേരും. ഒട്ടനവധി പുരസ്കാരങ്ങളാണ് ഈ യുവകർഷകനെ തേടിയെത്തിയിട്ടുള്ളത്. കൃഷിയെ ശരിയായൊരു ഉപജീവനമാർഗമാക്കണമെന്നാഗ്രഹിക്കുന്നവർ തീർച്ചയായും വാക്കയിൽ ജോയിമോന്‍റെ ദൈവത്താൽ കയ്യൊപ്പു ചാർത്തപ്പെട്ട കൃഷിയിടം കാണുവാൻ ശ്രമിക്കുക. ഫോണ്‍ : 9744681731

എ. ജെ. അലക്സ് റോയ്
ഫോണ്‍-9446275112.