നല്ല കടം; ചീത്ത കടം
കടം കയറി ആത്മഹത്യ ചെയ്തു, അല്ലെങ്കിൽ ജപ്തിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞു, കർഷക കുടുംബം ജപ്തി ഭീഷണിയിൽ... ഇത്തരത്തിലുള്ള ഒരു വാർത്ത പത്രങ്ങളിലില്ലാതെ വരുന്നത് ചുരുക്കം ദിവസങ്ങളിലേ ഉണ്ടായിരിക്കുകയുള്ളു. അത്രയധികം വർധിച്ചിരിക്കുന്നു കുടുംബങ്ങളുടേയും വ്യക്തികളുടേയും കടബാധ്യത.

വാർത്തയിൽ വരാത്ത എത്രയോ ലക്ഷം ആളുകളാണ് കടക്കെണിയിൽപ്പെട്ടു ഉഴലുന്നത്. പക്ഷേ കടം എടുക്കാതെ എങ്ങനെയാണ് ഈ കാലത്തു ജീവിക്കാൻ പറ്റുക. അല്ലെങ്കിൽ അത്രയ്ക്കു സന്പത്തുണ്ടായിരിക്കണം.

പക്ഷേ, ബഹുഭൂരിപക്ഷം ആളുകൾക്കും വായ്പ എടുക്കാതെ ജീവിതത്തിലെ പല ധനകാര്യ ലക്ഷ്യങ്ങളും വാങ്ങലുകളും (ഒരു വീട്, കാർ, കോളജ് വിദ്യാഭ്യാസം തുടങ്ങിയവ) നേടുവാൻ സാധിക്കുകയില്ല എന്നതാണ് വസ്തുത. പ്രത്യേകിച്ചു ഹ്രസ്വകാലത്തിലെ ലക്ഷ്യങ്ങൾ.
അതുകൊണ്ടുതന്നെ എല്ലാ കടങ്ങളും അത്ര മോശമല്ല!

കടം എടുക്കുന്പോൾ അതു നല്ലതാണോ ചീത്തയാണോ എന്നു മാത്രം എന്നു പരിശോധിക്കുക. നാം നമ്മുടെ ധനകാര്യ ലക്ഷ്യങ്ങൾ നേടുന്നത് ഇപ്പോൾ നമ്മുടെ കൈവശമുള്ള ആസ്തികളും ഭാവിയിൽ നാം സൃഷ്ടിക്കുവാൻ പോകുന്നവയും കൂടി ഉപയോഗിച്ചായിരിക്കും. നമ്മുടെ ലക്ഷ്യം നേടുവാൻ ഇപ്പോൾ കൈവശമുള്ള ആസ്തികൾ പോരെങ്കിൽ ഭാവിയിൽ നാം നേടുമെന്നു കരുതുന്ന വരുമാനത്തെ ആശ്രയിക്കുകയേ വഴിയുള്ളു. ഭാവിയിലെ വരുമാനം വായ്പ വഴി ഇന്നു ലഭ്യമാക്കുന്നു.

ഭാവി വരുമാനത്തെക്കുറിച്ച് അത്രയ്ക്കുറപ്പുണ്ടെങ്കിൽ മാത്രമേ ഇന്നത്തെ ധനകാര്യ ലക്ഷ്യത്തിനായി കടമെടുക്കാവൂ.

നല്ല കടം; നല്ല സഹായി കടത്തിൽ നല്ലതും ചീത്തയുമുണ്ടോ?

നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും പോലെ തീർച്ചയായും, നല്ല കടവും ചീത്ത കടവുമുണ്ട്. ഭാവിയിൽ മൂലധന വളർച്ച പ്രതീക്ഷിക്കാവുന്ന ആസ്തികൾക്കുവേണ്ടി എടുക്കന്ന കടത്തെ നല്ല കട മെന്നു നമുക്കു വിളിക്കാം.

വർഷങ്ങൾ കഴിഞ്ഞാലും നേടാൻ കഴിയാത്ത ജീവിതശൈലി ഇന്നേ ആസ്വദിക്കുവാൻ നല്ല കടങ്ങൾ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന് ഭവന വായ്പ, അല്ലെങ്കിൽ വിദ്യാഭ്യാസ വായ്പ, അല്ലെങ്കിൽ ബിസിനസ് വായ്പ ഇവയെല്ലാം നല്ല കടമായി മാറുന്നു.

പക്ഷേ, നല്ല കടം എടുക്കുന്നിതിനു പിന്നാലെ സൂക്ഷ്മമായ പഠനവും ഉണ്ടാവേണ്ടതുണ്ട്. പലിശ നിരക്ക്, ചാർജുകൾ, പിഴകൾ, ഈ കടം എങ്ങനെ നിശ്ചിത കാലയളവിൽ അടച്ചു തീർക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തമായ അറിവുണ്ടായിരിക്കുന്നത് നല്ല കടത്തിന്‍റെ മാറ്റ് വർധിപ്പിക്കുന്നു.

ഭാവിയിൽ മൂലധന വളർച്ച നേടുന്ന ആസ്തി ആർജിക്കുവാൻ ഭവന വായ്പ സഹായിക്കുന്നു. പലിശ കുറവുള്ള വിദ്യാഭ്യാസ വായ്പ സ്വന്തം വളർച്ചയ്ക്കുള്ള നിക്ഷേപമണ്. അതു ഭാവിയിൽ മെച്ചപ്പെട്ട വരുമാനമുള്ള ജോലിയിലേക്കും നയിക്കും. ബിസിനസ് ലോണും ഭാവി വരുമാനം വർധിപ്പിക്കുവാനുള്ള നിക്ഷേപമാണ്.

ഇത്തരം വായ്പകൾ ദീർഘകാല സ്വഭാവത്തിലുള്ളതായതിനാൽ അടയ്ക്കേണ്ട പ്രതിമാസ ഗഡു കുറവായിരിക്കും. അതുകൊണ്ട് സാന്പത്തിക ഞെരുക്കം ഇതുണ്ടാക്കുന്നില്ല. മാത്രമല്ല സന്പാദ്യത്തിനും നിക്ഷേപത്തിനും പണം കണ്ടെത്താനും സഹായിക്കുന്നു.

ഭവന വായ്പയുടേയും വിദ്യാഭ്യാസ വായ്പയുടേയും പലിശ നികുതിയിളവിനു സഹായിക്കുന്നു. ഈ വായ്പ എടുക്കുന്നതിനു നൽകേണ്ടി വരുന്ന ചെലവ് ഇതു കുറയ്ക്കുന്നു. ചില സമയങ്ങളിൽ ഇത് പണ ഉപകരണങ്ങളിലെ നിക്ഷേപത്തേക്കാൾ മികച്ച നേട്ടമാണ് നൽകുന്നത്. റിസ്കുമില്ല. ഇത്തരം അവസരങ്ങളിൽ മുഴുവൻ തുകയും അടച്ചു തീർക്കാൻ കൈവശമുണ്ടെങ്കിൽ കൂടി അതു ചെയ്യരുത്. ഇതു വ്യക്തിപരമായിത്തന്നെ എടുക്കേണ്ട തീരുമാനമാണ്. എത്രയും വേഗം ഇല്ലാതാക്കാനാണ് ആളുകൾ ആഗ്രഹിക്കുന്നതെങ്കിലും ഭവന വായ്പയുടെ കാര്യത്തിൽ നികുതിയിളവും കൂടി പരിഗണിച്ചു വേണം തീരുമാനമെടുക്കാൻ.

കാലം കഴിയുംതോറും വീടിന്‍റെ വിലയിൽ മൂല്യ വർധനയുണ്ടാകുന്നു. ഇതു നൽകിയ പലിശയെക്കാൾ കൂടുതലാകാനുള്ള സാധ്യതയേറെയാണ്.


മറ്റൊരു നല്ല കടമാണ് പലിശ കുറഞ്ഞു നിൽക്കുന്ന രാജ്യങ്ങളിൽനിന്നും കടമെടുക്കുകയും ഉയർന്ന റിട്ടേണ്‍ ലഭിക്കുന്ന ഇന്ത്യയിലെ സുരക്ഷിത ആസ്തികളിൽ നിക്ഷേപിക്കുകയും ചെയ്യുകയെന്നത്. ഉദാഹരണത്തിന് യുഎഇ, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വളരെ കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ കിട്ടും. അത് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, സ്ഥിര നിക്ഷേപം, കന്പനി ഡിപ്പോസിറ്റ്, പിഎസ്യു ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയവയിൽ നിക്ഷേപിച്ചാൽ മെച്ചപ്പെട്ട റിട്ടേണ്‍ കിട്ടാൻ സാധ്യതയേറെയാണ്.

ചീത്തക്കടം; ശത്രു

ചീത്തക്കടം ഒരാളുടെ സാന്പത്തികാരോഗ്യത്തെ കാർന്നുതിന്നുന്ന ശത്രു തന്നെയാണ്. കാൻസറെന്നു തന്നെ അതിനെ വിളിക്കാം. അതിനു ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ അതു തകർച്ചയിലേ നമ്മെ കൊണ്ടുചെന്നത്തിക്കുകയുള്ളു.

എന്താണ് ചീത്തക്കടം?

കടം അധികമാകുന്പോൾ അതു ചീത്തക്കടമാകുന്നു. വീട്ടാൻ നിർവാഹമില്ലാത്ത കടം. അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുവാൻ, ഭാവിയിൽ സന്പത്തു സൃഷ്ടിക്കാത്ത അല്ലെങ്കിൽ വരുമാനം നൽകാത്ത വസ്തുക്കൾ വാങ്ങാൻ എടുക്കുന്ന കടത്തെ ചീത്തക്കടമെന്നു വിളിക്കാം. പെട്ടെന്നു മൂല്യം ഇല്ലാതാകുന്ന വസ്തുക്കൾ വാങ്ങുവാൻ എടുക്കുന്ന വായ്പ ചീത്തക്കടമാണ്.
ഇത്തരം വായ്പകളുടെ പ്രത്യേകത ഇതിന് ഉയർന്ന പലിശ നൽകേണ്ടി വരുമെന്നതാണ്. അതിനു നികുതിയിളവു കളുമില്ല. ഇതു നിങ്ങളുടെ സന്പാദ്യത്തിൽ ചോർച്ച വീഴ്ത്തുന്നു. ഭാവിയിലെ സന്പാദ്യ-നിക്ഷേപ കഴിവിനെ ക്ഷീണിപ്പി ക്കുകയും ചെയ്യുന്നു. ഇത്തരം കടങ്ങളുടെ ഇഎംഐ അടയ്ക്കുന്ന തുമൂലമുള്ള സാന്പത്തിക ഞെരുക്കം വർഷങ്ങളോളം നീളും.

ഉയർന്ന പലിശ നിരക്കുള്ള വ്യക്തിഗത വായ്പകൾ, താഴ്ന്ന പലിശയിലുള്ള വായ്പ അടയ്ക്കുവാൻ ഉയർന്ന പലിശയിലുള്ള വായ്പ എടുക്കൽ, വിനോദയാത്രയ്ക്കും മറ്റും എടുക്കുന്ന വായ്പ തുടങ്ങിയവയെല്ലാം ചീത്തക്കടങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഇത്തരം വായ്പകളിലെ പലിശ മാത്രമല്ല പിഴയും ഉയർന്നതാണ്. ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡിലെ തിരിച്ചടവു മുടങ്ങിയാൽ 30-40 ശതമാനമാണ് പിഴ നൽകേണ്ടി വരുന്നത്. ഇത്തരം വായ്പ യഥാസമയത്തു അടയ്ക്കുന്നില്ലെങ്കിൽ ഒരാളുടെ കടം ഇരട്ടിക്കുവാൻ രണ്ടോ മൂന്നോ വർഷം മതി.

ചുരുക്കത്തിൽ ഇപ്പോഴത്തെ സംതൃപ്തിയാണോ ദീർഘകാലത്തിലുള്ള ഞെരുക്കമാണോ ഏതാണു മെച്ചമെന്നു നോക്കി ഇത്തരം വായ്പ എടുക്കുക. തിരിച്ചടവിനു സാധിക്കുന്നില്ലെങ്കിൽ ചീത്തക്കടം പൂർണമായും ഒഴിവാക്കുക.

വായ്പ എടുക്കുന്നത് മികച്ചതാകുന്നത് അതുപയോഗിച്ച് നൽകുന്ന പലിശയേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ നേടുന്പോഴാണ്. അല്ലാതെ വായ്പ എടുത്ത് അതിൽനിന്നു നേട്ടമുണ്ടാക്കാം എന്നു കരുതുന്നത് മോഹം മാത്രമായി അവശേഷിക്കും. യാഥാർത്ഥ്യം മറിച്ചായിരിക്കുകയും ചെയ്യും.
ഇതിനവപാദമായിട്ടുള്ള ഏക വായ്പ ഭവനവായ്പ മാത്രമാണ്. സാധാരണക്കാർക്കും ഉപയോഗിക്കാവുന്ന ഒരേയൊരു വായ്പയും ഇതാണിത്.

മറ്റു വാക്കിൽ പറഞ്ഞാൽ എല്ലാ വായ്പകളും സാന്പത്തികമായി ഇടപാടുകാരന് നേട്ടമുണ്ടാക്കിത്തരുന്നില്ല. അതിനാൽ വായ്പ എടുക്കുന്നത് വളരെ ശ്രദ്ധയോടെയാകാം.

കടങ്ങളുടെ സ്വഭാവം

നല്ല കടം
* കുറഞ്ഞ പലിശ
* ദീർഘകാല തിരിച്ചടവ് കാലയളവ്
* ഈടു നൽകണം
* ദീർഘകാലത്തിൽ വരുമാനമോ മൂല്യവർധനയോ ഉണ്ടാക്കുന്നു

ചീത്തക്കടം
* ഇടത്തരം പലിശ
* മധ്യകാല തിരിച്ചടവ് കാലയളവ്
* ഈടു നൽകിയും ഈടില്ലാതെയും
* മൂല്യവർധനയില്ല; മൂല്യം ശോഷിക്കുന്ന ആസ്തി വാങ്ങുവാൻ സഹായിക്കുന്നു

ഏറ്റവും ചീത്തയായ കടം

* ഉയർന്ന പലിശ
* ഹ്രസ്വകാല തിരിച്ചടവ് കാലം
* ഈടില്ലാത്ത വായ്പ
* ചെലവാണ്; ആസ്തി സൃഷ്ടിക്കുന്നില്ല
Loading...