ക​ണ​ക്കു തെ​റ്റി​യി​ട്ടും പ്ര​തീ​ക്ഷ​യോ​ടെ
ക​ണ​ക്കു തെ​റ്റി​യി​ട്ടും പ്ര​തീ​ക്ഷ​യോ​ടെ
Saturday, February 24, 2018 1:56 PM IST
""വന്നുദിക്കുന്നു ഭാവനയിങ്കലിന്നൊരു നവലോകം’ ബാലാമണിയമ്മയുടെ ഈ വരികൾ ഉദ്ധരിച്ചാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. ബജറ്റിൽ മുഴുവൻ ഭാവനയാണെന്നും യാഥാർഥ്യമില്ലെന്നും പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു.
ജിഎസ്ടി കാലത്തെ ആദ്യ കേരള ബജറ്റ് ജിഎസ്ടിയെ കുറ്റവിചാരണ ചെയ്യുന്നതായി. ഇലക്ട്രോണിക് വേ ബിൽ അടക്കമുള്ളവ ഏർപ്പെടുത്താതെയും കംപ്യൂട്ടർ നെറ്റ് വർക്ക് വേണ്ടവിധം സജ്ജമാക്കാതെയും ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനത്തിനു നികുതി വരുമാനം വേണ്ടത്ര കിട്ടിയില്ല. അതിന്‍റെ രോഷം മുഴുവൻ ഡോ. ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രകടിപ്പിച്ചു.

രോഷപ്പെട്ടതുകൊണ്ടു ഫലമില്ല. പണം കുറഞ്ഞപ്പോൾ ബജറ്റ് ലക്ഷ്യത്തിലെത്താതെ പാളി. വരുമാനം കുറഞ്ഞു. റവന്യു വരവ് 93,585 കോടി പ്രതീക്ഷിച്ചിടത്തു കിട്ടിയത് 88,267 കോടി. 5318 കോടി കുറവ്. സംസ്ഥാന നികുതി വരവിലാണ് കുറവിന്‍റെ സിംഹഭാഗവും. മൊത്തം വരവിൽ 8465 കോടി കുറഞ്ഞു. അതുകൊണ്ട് ചെലവിൽ 8250 കോടി കുറഞ്ഞു.

വരവ് കുറഞ്ഞപ്പോൾ സംസ്ഥാനത്തിന്‍റെ ധനകാര്യ സൂചകങ്ങൾ പലതും അപായ നിലയിലായി. ശന്പളം (31433 കോടി), പെൻഷൻ (17065 കോടി), പലിശ (13256 കോടി) എന്നിവയുടെ മൊത്തം ചെലവ് (61938 കോടി) റവന്യൂ വരവിന്‍റെ 70 ശതമാനമായി. സംസ്ഥാന ജിഡിപിയുടെ 9.01 ശതമാനം. സംസ്ഥാനത്തിന്‍റെ സ്വന്തം റവന്യൂ വരുമാനത്തിന്‍റെ 80 ശതമാനമാണ് ഈ മൂന്നു ചെലവിനും കൂടി വേണ്ടത്.

ഇതൊരു അപായ സൂചനയാണ്. ഭരണച്ചെലവിനു പോലും റവന്യൂ വരുമാനം ഇല്ലെന്ന അവസ്ഥ. ഈ നില മാറ്റാൻ കർശന നടപടിവേണമെന്ന് ഡോ.ഐസക് ബജറ്റിൽ പലവട്ടം പറഞ്ഞു. ചില നടപടികൾ തുടങ്ങി എന്നും പറഞ്ഞു. പക്ഷേ, ഫലപ്രദമാണോ അവ എന്നേ സംശയമുള്ളൂ.
കഐസ്ആർടിസിയെ ലാഭത്തിലെത്തിക്കുകയോ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുകയോ ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്. 1000 കോടി രൂപ ഇക്കൊല്ലം നൽകും. അദ്ദേഹം തന്നെ പറഞ്ഞതുപോലെ ഓട്ടയുള്ള കലത്തിലേക്കാണ് ആ പണവും പോകുന്നത്. കഐസ്ആർടിസിയെ മൂന്നു ലാഭ കേന്ദ്രങ്ങളാക്കും എന്ന പ്രസ്താവനയൊക്കെ വീരവാദമായി മാറാനേ സാധ്യതയുള്ളൂ. രോഗം മനസിലാക്കിയുള്ള ചികിത്സ നടത്താനുള്ള രാഷ്ട്രീയ കാലാവസ്ഥ സംസ്ഥാനത്തില്ലല്ലോ.


ധനകമ്മി മൂന്നര ശതമാനത്തിനു മുകളിലായിരുന്നു യുഡിഎഫ് ഭരണത്തിൽ എന്ന് ഡോ. ഐസക് കുറ്റപ്പെടുത്തി. പക്ഷേ, അദ്ദേഹത്തിന്‍റെ ആദ്യവർഷം (2016-17) ധനകമ്മി ജിഡിപിയുടെ 4.28 ശതമാനമായി. ഇക്കൊല്ലം 3.43 ആയും അടുത്ത വർഷം 3.31 ശതമാനമായും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.

സംസ്ഥാനത്തിന്‍റെ കടവും വർധിക്കുകയാണ്. 2015-16 ൽ സംസ്ഥാന ജിഡിപിയുടെ 28.2 ശതമാനമായിരുന്ന കടം 2016-17 ൽ 30.22 ശതമാനമായി കൂടി. ഈ മാർച്ചോടെ അത് 30.71 ശതമാനമാകും. അടുത്തവർഷം 30.70 ശതമാനത്തിലെത്തും. ഈ മാർച്ച് 31 ന് 2,10,789 കോടിയാകും സംസ്ഥാനത്തിൻറെ മൊത്തം കടം. അടുത്തവർഷമത് 2,37,266 കോടി രൂപയും.
ഈ വർഷം പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ല. എങ്കിലും അടുത്തവർഷം ഇത് ഉയർന്നുവരുമെന്ന പ്രതീക്ഷയാണ് ധനമന്ത്രിക്കുള്ളത്. വാറ്റ്/ജിഎസ്ടി വരുമാനം 20.16 ശതമാനവും വാഹനനികുതി 24.67 ശതമാനവും ഒക്കെ കൂടുമെന്നാണ് കണക്കുകൂട്ടൽ. വരുമാന വർധന ഉറപ്പാക്കാൻ 970 കോടിയുടെ അധിക വിഭവ സമാഹരണവും നിർദേശിച്ചു. സ്കോച്ച് വിസ്കി വിൽപനകൂടി ബിവറേജസ് കോർപറേഷനെ ഏൽപ്പിച്ചാണ് പുതിയ വരുമാനമാർഗങ്ങൽ തേടിയത്. ഭൂനികുതി വർധന പോലുള്ളവ എതിർപ്പ് ഉളവാക്കുകയും ചെയ്യും.

2018-19 ലേക്ക് 1,02,801 കോടി രൂപയുടെ റവന്യു വരവാണ് മന്ത്രി വിഭാവന ചെയ്യുന്നത്. ഇതാദ്യമാണ് നമ്മുടെ റവന്യു വരവ് ഒരു ലക്ഷം കോടി കടക്കുന്നത്. റവന്യുവിൽ 1,15,661 കോടിയും മൂലധന വിഭാഗത്തിൽ 10,330 കോടിയും അടക്കം ആകെ ചെലവ് 1,27,093 കോടി. ധനകമ്മി 23,957 കോടി.

റ്റി.​സി. മാ​ത്യു