ഗര്‍ഭിണികളും ഹൃദയാഘാതവും
ഗര്‍ഭാവസ്ഥ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ശാരീരികമാനസികാവസ്ഥകളെ അതിജീവിക്കാനുള്ള പരീക്ഷണഘമാണ്. പ്രത്യേകിച്ച് ആദ്യഗര്‍ഭം പലപ്പോഴും ഒരു വെല്ലുവിളിതന്നെയാണ്. ഗര്‍ഭിണികളാകുന്ന രണ്ടുശതമാനം സ്ത്രീകള്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് അയ്ക്കും ഗര്‍ഭസ്ഥശിശുവിനും മാരകമായ പ്രത്യാഘാതങ്ങളിലേക്ക് വഴിതെളിക്കും. ഹൃദ്രോഗമുള്ള നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഏറെ സങ്കീര്‍ണതകളില്ലാത്ത ഗര്‍ഭധാരണവും പ്രസവവും നടത്താം. പക്ഷേ ഗര്‍ഭധാരണത്തിനുമുമ്പ് സമുചിതമായ തയാറെടുപ്പുകളും പരിശോധനകളും വേണമെന്നുമാത്രം.

പല സ്ത്രീകളിലും അജ്ഞാതമായി കിടക്കുന്ന ഹൃദ്രോഗം ഗര്‍ഭധാരണ സമയത്ത് രോഗലക്ഷണങ്ങളോടെ പ്രകടമാകാം. ഗര്‍ഭാവസ്ഥയില്‍ വര്‍ധിച്ച ശാരീരികാവശ്യങ്ങള്‍ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടിവരുന്നമ്പോള്‍ ഹൃദയത്തിനേല്‍ക്കുന്ന പരാജയംതന്നെയാണ് കാരണം.

മൈട്രല്‍ സ്റ്റിനോസിസ് എന്ന വാല്‍വ് ശോഷിച്ച് (ചുരുങ്ങി) പോകുന്ന സ്ത്രീകളില്‍ പലരും ഈ രോഗമുണ്ടെന്ന് ആദ്യമറിയുന്നത് ഗര്‍ഭധാരണം കഴിഞ്ഞ് നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷമാണ്. ആ സമയത്തെ അധികരിച്ച രക്തപ്രവാഹവും സ്പന്ദനവേഗവും വാല്‍വിന്റെ പ്രവര്‍ത്തനത്തെ വല്ലാത്തൊരു സന്ദിഗ്ധാവസ്ഥയില്‍ കൊണ്ടെത്തിക്കും. ഗര്‍ഭിണികള്‍ക്ക് സാധാരണ കാണുന്ന ശ്വാസംമുല്‍, നീര്‍ക്കോള്, തലകറക്കം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാരണം അവര്‍ക്ക് ഹൃദ്രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.

രോഗനിര്‍ണയവും ചികിത്സയും

ആ സമയങ്ങളില്‍ മാതാവിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ കൃത്യമായ രോഗനിര്‍ണയവും സമുചിതമായ ചികിത്സയും സമയംതെറ്റാതെ പ്രാവര്‍ത്തികമാക്കണം. രോഗലക്ഷണങ്ങളെപ്പറ്റിയുള്ള കൃത്യമായ അറിവ് ആര്‍ജിക്കുന്നതുകൂടാതെ ജനിതക പരിശോധനയും എക്കോ കാര്‍ഡിയോഗ്രാഫി ടെസ്റ്റും ചെയ്യണം.

ഹൃദ്രോഗസാധ്യതയും തീവ്രതയും തിരിച്ചറിയാന്‍ കനേഡിയന്‍ റിസ്‌ക് ഇന്‍ഡക്‌സ് പ്രകാരം നാല് മുന്‍കൂര്‍ നിര്‍ദേശങ്ങളാണ് പരിഗണിക്കപ്പെടുന്നത്. ഇവ ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് ഹൃദ്രോഗസംബന്ധമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ പര്യാപ്തമാണോയെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

1. ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് ഹൃദയപരാജയം, സ്‌ട്രോക്ക്, കൃത്യമല്ലാത്ത ഹൃദയസ്പന്ദനഗതി.
2. വര്‍ധിച്ച ശ്വാസംമുലും ചര്‍മത്തിന്റെ നീല നിറവും.
3. ഇടതുഭാഗത്തുള്ള ഹൃദയ അറകളിലെ വാല്‍വുകളിലുണ്ടായ ചുരുക്കം.
4. സമൂലമായ ഹൃദയസങ്കോചനക്ഷയം (സങ്കോചന ശക്തി 40 ശതമാനത്തില്‍ കുറവ്)
വ്യത്യസ്തങ്ങളായ ഈ നാലു രോഗലക്ഷണങ്ങള്‍ ഏതെങ്കിലുമുള്ളവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കാതലായ രോഗലക്ഷണങ്ങളും ഒരുവേള മാരകമായ പ്രത്യാഘാതങ്ങളും പ്രതീക്ഷിക്കാം.

അമ്മക്കിളിക്കൂട്ടില്‍ മാറ്റങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ മാതൃശരീരത്തിന്റെ ഘടനയിലും പ്രവര്‍ത്തനക്രമത്തിലും മാറ്റങ്ങള്‍ സംഭവിക്കും. ഗര്‍ഭം ധരിച്ചശേഷമുള്ള ആദ്യ മൂന്നു മാസങ്ങളില്‍തന്നെ ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാവും.

നാലാംമാസത്തിലേക്കു പ്രവേശിക്കുന്നതോടെ മാതൃശരീരത്തില്‍ ആകെയുള്ള രക്തത്തിന്റെ 50 ശതമാനംകൂടി വര്‍ധിക്കും. ആനുപാതികമായി ചുവന്ന രക്താണുക്കള്‍ വര്‍ധിക്കാതെയുള്ള പ്ലാസ്മയുടെ അളവിലുണ്ടാകുന്ന ഈ ആധിക്യം കാരണം അമ്മയ്ക്കു വിളര്‍ച്ചയുണ്ടാകും.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായിവരുന്ന രക്തം സുഗമമായി സഞ്ചരിക്കാനായി മാതൃഹൃദയത്തിന്റെ സ്പന്ദനവേഗം 20 ശതമാനംവരെ കൂടുന്നു. പ്ലാസന്റയുടെ വളര്‍ച്ചയ്ക്കായി ഗര്‍ഭപാത്രത്തിലേക്കുള്ള രക്തപര്യയനം വര്‍ധിക്കുകയും രക്തക്കുഴലുകളുടെ സമൂലമായ വികാസം സംഭവിക്കുകയും ചെയ്യുമ്പോള്‍ അയുടെ രക്തസമ്മര്‍ദ്ദം സാധാരണതോതില്‍നിന്ന് കുറയാറുണ്ട്.

കാലുകളിലെ ഞരമ്പുകളിലെ പ്രഷര്‍ വര്‍ധിക്കുന്നതു മൂലം അവിടെ നീര്‍ക്കോളുണ്ടാകുന്നു. ഏതാണ്ട് അഞ്ചുമാസമാകുന്നതോടെ ഹൃദയം പമ്പ്‌ചെയ്യുന്ന രക്തത്തിന്റെ അളവ് 30/50 ശതമാനംവരെ വര്‍ധിക്കും. രക്തചംക്രമണ വ്യവസ്ഥയില്‍ മാതൃശരീരത്തിലുണ്ടാകുന്ന മേല്‍പറഞ്ഞ പരിവര്‍ത്തനങ്ങള്‍ ദുര്‍ബലമായ ഹൃദയമുള്ള രോഗികള്‍ക്ക് ഹൃദയപരാജയത്തിനു കാരണമാകും. വര്‍ധിച്ച ആവശ്യങ്ങളെ തരണംചെയ്യാനുള്ള കെല്‍പ്പുകുറവുതന്നെ കാരണം.

രക്തചംക്രമണ വ്യവസ്ഥയിലും മാറ്റങ്ങള്‍

പ്രസവസമയത്ത് രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഏറെ സങ്കീര്‍ണതകളുണ്ടാക്കും. പ്രസവസമയത്തുണ്ടാകുന്ന ഗര്‍ഭപാത്രത്തിന്റെ ചുരുങ്ങല്‍കാരണം ഏതാണ്ട് 500 മില്ലി ലിറ്റര്‍ രക്തം കൂടുതലായി അരറരയുടെ രക്തചംക്രമണ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇതോടെ പ്രഷര്‍ വര്‍ധിക്കും. പ്രസവം പുരോഗമിക്കുന്നതോടെ മാതൃഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ അളവില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടാകും.

സാധാരണ പ്രസവത്തില്‍ അമ്മയുടെ ശരീരത്തില്‍നിന്നും 400 മില്ലി ലിറ്റര്‍ രക്തം നഷ്ടപ്പെടുന്നു. സിസേറിയന്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നാല്‍ ഈ അളവ് 800 മില്ലി ലിറ്റര്‍വരെയാകും. അമ്മയുടെ വയറുഭാഗത്തുള്ള വലിയ ഞരമ്പുകളില്‍ ഗര്‍ഭസ്ഥശിശു ഏല്‍പ്പിച്ചിരുന്ന സമ്മര്‍ദം പ്രസവം കഴിയുന്നതോടെ ഇല്ലാതാകുന്നതുകൊണ്ട് കാലുകളില്‍നിന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൊടുന്നനെ വര്‍ധിക്കും. ഈ സമയത്ത് ഹൃദയാഘാതമുള്ളവര്‍ക്ക് ശ്വാസകോശങ്ങളില്‍ നീര്‍ക്കോളുണ്ടായി അമ്മയുടെ മരണംതന്നെ സംഭവിക്കാം.

സമയോചിതമായ ചികിത്സ അനിവാര്യം

ഹൃദയത്തിലെ ജന്മനായുള്ള ദ്വാരങ്ങള്‍, വാല്‍വുകളുടെ ചുരുക്കം, വാതപ്പനിമൂലം ആര്‍ജിച്ചെടുത്ത വാല്‍വുകളുടെ അപചയം, മയോപ്പതി രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, ശ്വാസകോശ ധമനികളിലെ പ്രഷര്‍ തുടങ്ങിയ രോഗാവസ്ഥകളുള്ളവര്‍ക്കെല്ലാം ഗര്‍ഭധാരണവും പ്രസവവും വെല്ലുവിളികളാവാം. സമയോചിതമായ ചികിത്സ നല്‍കപ്പെടാത്ത അവസ്ഥകളില്‍ മാതൃമരണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഗര്‍ഭിണികളുടെ മരണത്തിനു കാരണമാകുന്ന നിരവധി ഹൃദ്രോഗാവസ്ഥയെപ്പറ്റി അറിവുണ്ടെങ്കിലും ഹാര്‍ട്ടറ്റാക്കിലേക്കു നയിക്കുന്ന കൊറോണറി ധമനികളിലെ ബ്ലോക്കുമൂലമുണ്ടാകുന്ന ഹൃദയാഘാതത്തെപ്പറ്റി പരിിതമായ ഗവേഷണങ്ങളെ ഇതുവരെ നടന്നിട്ടുള്ളൂ.


ചെറുപ്പക്കാരികള്‍ക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകുന്നത് വളരെ അപൂര്‍വമായ സംഭവമായതുകൊണ്ട് ഗര്‍ഭിണികള്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാറേയില്ല എന്ന ധാരണയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ആര്‍ത്തവ വിരാമത്തിനു മുമ്പ് സ്ത്രീകളില്‍ സുലഭമായുള്ള സ്‌ത്രൈണഹോര്‍മോണുകളായ ഈസ്‌ട്രോജനും മറ്റും കൂടിയസാന്ദ്രതയുള്ള നല്ല എച്ച്ഡിഎല്‍ കൊളസ്റ്ററോളിന്റെ അളവിനെ വര്‍ധിപ്പിച്ച് ചീത്ത എല്‍ഡിഎല്‍ കൊളസ്റ്ററോളിനെ കുറച്ച് ജരിതാവസ്ഥയുണ്ടാക്കുന്നതില്‍നിന്ന് ഹൃദയധമനികളെ പരിരക്ഷിക്കുന്നു. ഇതാണ് സാധാരണയായി ഋതുവിരാമത്തിനുമുമ്പ് സ്ത്രീകള്‍ക്ക് അറ്റാക്കുണ്ടാകാതിരിക്കാനുള്ള മുഖ്യകാരണം.

ഗര്‍ഭം ധരിക്കലും പ്രസവവും കുട്ടികളെ വളര്‍ത്തലുമൊക്കെ ചെയ്യേണ്ടവര്‍ക്ക് കൂടുതല്‍ കഷ്ടപ്പാടുകള്‍ കൊടുക്കാതിരിക്കാന്‍ പ്രകൃതി നല്‍കുന്ന പ്രത്യേക അനുഗ്രഹം. എന്നാല്‍ പ്രമേഹവും പ്രഷറും ഉള്ളവരിലും ഗര്‍ഭനിരോധന ഗുളികകള്‍ സേവിക്കുന്നവരിലും ഈ പരിരക്ഷ നഷ്ടപ്പെടാം.

പലപ്പോഴും ഗര്‍ഭാവസ്ഥയിലെ ഹൃദയാഘാതം രോഗനിര്‍ണയം ചെയ്യപ്പെടാതെ പോകുകയാണ്. പ്രത്യേകിച്ച് വിവാഹം കഴിക്കുന്നതിലും ഗര്‍ഭം ധരിക്കുന്നതിലുമുള്ള പ്രായപരിധി അധികരിക്കുന്നതോടെ ഹൃദയധമനീരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറുകയാണ്.

ഹൃദ്രോഗസാധ്യത വര്‍ഷംതോറും കൂടുകയാണെങ്കിലും അറ്റാക്കിനോടനുബന്ധിച്ച മരണനിരക്ക് പഴയകാലത്തേക്കാള്‍ 20/ 30 ശതമാനം ഇപ്പോള്‍ കുറയുന്ന (510 ശതമാനം) പ്രവണത കാണുന്നു. സാങ്കേതികമികവുള്ള ചികിത്സാക്രമങ്ങളാണ് ഇതിനുള്ള പ്രധാന കാരണം.

മാതൃശരീരത്തിലെ പരിവര്‍ത്തനങ്ങള്‍

ഗര്‍ഭിണികളില്‍ പൊതുവായി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മറ്റു ചെറുപ്പക്കാരായ സ്ത്രീകളെ അപേക്ഷിച്ച് മൂന്നുനാലു മടങ്ങാണെന്നാണ് പുതിയ കണ്ടുപിടിത്തം. ഇത് 40 വയസ് കഴിഞ്ഞ് ഗര്‍ഭംധരിക്കുന്നവരില്‍ 30 മടങ്ങാണെന്നോര്‍ക്കണം.

ഗര്‍ഭധാരണത്തോടെ സ്ത്രീശരീരത്തില്‍ ഘടനാപരമായ പല പരിവര്‍ത്തനങ്ങളും സംഭവിക്കും. രക്തം കയാകാനുള്ള സാധ്യതയേറുന്നു. കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും കൂടുന്നു. ഗര്‍ഭാനന്തര പ്രഷറും പ്രമേഹവും നിയന്ത്രണാതീതമാകുന്നു. കൃത്യമല്ലാത്തതും വേഗംകൂടിയതുമായ സ്പന്ദനക്രമങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രതിഭാസങ്ങളെല്ലാം മാതൃശരീരത്തെ വല്ലാത്തൊരു സന്ദിഗ്ധാവസ്ഥിയിലെത്തിക്കുന്നു.

ഗര്‍ഭിണികളില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സുപ്രധാന കാരണം സാധാരണ കാണുന്നതുപോലെയുള്ള ഹൃദയധമനികളിലെ ജരിതാവസ്ഥയല്ല. ആപത്ഘടകങ്ങളുടെ അതിപ്രസരംമൂലം കാലാന്തരത്തില്‍ കൊഴുപ്പുനിക്ഷേപമുണ്ടായി, അത് ക്രമാതീതമായി ധമനിയുടെ ഉള്‍വ്യാസത്തെ പൂര്‍ണമായോ അപൂര്‍ണമായോ അടയ്ക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്.

ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ചെറുപ്രായക്കാരായതുകൊണ്ടും സ്‌ത്രൈണ ഹോര്‍മോണുകള്‍ സുലഭമായുള്ളതുകൊണ്ടും സാധാരണ ഇക്കൂട്ടരില്‍ അതീറോസ്‌ക്ലീറോസിസ് ഉണ്ടാകാറില്ല. എന്നാല്‍ പാരമ്പര്യമായി കുടുംബത്തില്‍ ഹൃദ്രോഗസാധ്യതയുള്ളവര്‍, പ്രമേഹമോ പ്രഷറോ ഉള്ളവര്‍, പുകവലിക്കുന്നവര്‍, ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവരുടെ ആര്‍ട്ടറികളില്‍ അകാലത്തില്‍ ജരിതാവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാധ്യത 30 വയസുള്ളവരില്‍ 38 ശതമാനവും 40 കഴിഞ്ഞവരില്‍ 72 ശതമാനവുമാണ്.

പ്രഷര്‍ കൂടിയാലും കുഴപ്പം

ഗര്‍ഭിണികളിലുണ്ടാകുന്ന ഹൃദയാഘാതത്തില്‍ 50 ശതമാനത്തില്‍ കുറവുമാത്രമേ കൊറോണറികളിലെ ജരിതാവസ്ഥമൂലം സംഭവിക്കുകയുള്ളൂ. സിംഹഭാഗവും ഇതരകാരണങ്ങളാലാണ്. പ്രത്യേകിച്ച് പ്രഷര്‍ കൂടുന്നവരിലും മറ്റുമുണ്ടാകുന്ന കൊറോണറി ധമനിയിലെ വിള്ളല്‍ (ഡൈസെക്ഷന്‍), രക്തസാന്ദ്രതയുടെ വൈകല്യങ്ങള്‍മൂലം ഉണ്ടാകുന്ന രക്തക്കകള്‍, കൊറോണറികളിലുണ്ടാകുന്ന ബ്ലോക്ക് തുടങ്ങിയ കാരണങ്ങളാലാണ് പ്രധാനമായി ഹൃദയാഘാതമുണ്ടാകുന്നത്.

പ്രസവസമയത്തുണ്ടാകുന്ന അറ്റാക്കിന്റെ മുഖ്യകാരണം ആ സമയത്ത് സ്ത്രീശരീരത്തില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രോജസ്റ്ററോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനംമൂലമുണ്ടാകുന്ന കൊറോണറികളിലെ വിള്ളലാണ്. പ്രഷര്‍ അധികരിച്ചവരില്‍ ഈ സാധ്യത പതിന്മടങ്ങാകുന്നു.

എക്‌സ്‌റേ പ്രസരണം ഹാനികരമാകും

ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഹാര്‍് അറ്റാക്കിന്റെ രോഗനിര്‍ണയവും ചികിത്സയും ഏറെ ദുഷ്‌കരമാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതിയെ പരിഗണിച്ചാവാമത്. അവ്യക്തമായി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് സമുചിതമായ രോഗനിര്‍ണയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഓരോ പരിശോധനാക്രമങ്ങളും നടത്തുന്നത് ഗര്‍ഭാവസ്ഥയില്‍ അത്ര എളുപ്പമല്ല. എക്‌സ്‌റേ എടുത്താല്‍ ഗര്‍ഭസ്ഥശിശുവിന് ഹാനികരമാകാം. ഗര്‍ഭിണികളെ ട്രെഡ്മില്‍ ടെസ്റ്റിനു വിധേയമാക്കുന്നത് തികച്ചും ശ്രമകരമായൊരു പ്രക്രിയതന്നെയാണ്.

ചികിത്സ അതിനെക്കാളേറെ സങ്കീര്‍ണമാകുകയാണിവിടെ. പല ഔഷധങ്ങളും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് അപകടകരമാകുന്നതുകൊണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. രക്തം നേര്‍പ്പിക്കുന്ന ക്ലോപ്പിഡോഗ്രേല്‍, വാര്‍ഫരിന്‍, പ്രഷര്‍ ക്രമീകരിക്കുന്ന എസിഇ നിരോധന ഗുളികകള്‍ ഇവയെല്ലാം ഗര്‍ഭസ്ഥശിശുവില്‍ വൈകല്യങ്ങളുണ്ടാക്കാം.

ഹാര്‍റ്റാക്കിനു നിദാനമായ രക്തക്ക അലിയിച്ചുകളയുന്ന ത്രോംബൊലൈറ്റിക് തെറാപ്പിയും അപകടകരമാണ്. ഔഷധലേപനം ചെയ്യാത്ത സ്റ്റെന്റുകള്‍ ഉപയോഗിച്ചുള്ള പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയാണ് നിര്‍ദ്ദിഷ്ട ചികിത്സ. ഇത് ഗുരുതരമായ അറ്റാക്കുള്ളവര്‍ക്കു മാത്രമാണ് പരിഗണിക്കപ്പെടുന്നത്. കാരണം തല്‍സമയത്തുള്ള എക്‌സ്‌റേ പ്രസരണം കുട്ടിക്കും ഹാനികരമാണ്. സമയം വൈകാതെയുള്ള രോഗനിര്‍ണയവും സമുചിതമായ ചികിത്സാപദ്ധതിയും ഹൃദയാഘാതത്തിന് അടിമപ്പെടുന്ന ഗര്‍ഭിണികളുടെ ജീവന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്താന്‍ പര്യാപ്തമാകും.

ഡോ. ജോര്‍ജ് തയ്യില്‍
കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം