തീരുവ നിർണയ തർക്കങ്ങളും തിരുനക്കരയിലെ വഞ്ചിയും
" ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായോരിണ്ടൽ’ അതേപോലെ തന്നെ ചരക്കു സേവന നികുതിയിൽ ചരക്കുകളുടെയും സേവനങ്ങളുടെയും വർഗീകരണത്തിലും തീരുവ നിർണയത്തിലും കൂടി അച്ചട്ടാകുമെന്നു കരുതിയില്ല.

പഴയ എക്സൈസ്, വാറ്റ് നിയമങ്ങളിൽ ഉത്പന്നങ്ങളുടെ വർഗീകരണവും അതുവഴി തീരുവ നിർണയവും വലിയ പ്രകോപനം സൃഷ്ടിക്കുകയും നികുതി ദായകനും ഡിപ്പാർട്ടുമെന്‍റും തമ്മിൽ അവസാനിക്കാത്ത തർക്കങ്ങളും വ്യവഹാരങ്ങളും സാധാരണമാകുകയും ചെയ്തു. ഒരേ ഉത്പന്നത്തിനു താന്താങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള ശ്രേണിയും തീരുവയും പട്ടികയി ൽ നിന്ന് തിരഞ്ഞെടുത്തതായിരുന്നു ഇതിനു കാരണം.

ലോക വ്യാപാര സംഘടന അംഗീകരിച്ച ഏകീകൃത നാമനിർണയ സംവിധാനം ( എച്ച്എസ്എൻ) ആണ് ഇതിനു ഉപയോഗിക്കുക. തീരുവ നിർണയത്തി ൽ ഇതിനു വളരെ പ്രാധാന്യമുണ്ട്. എന്നാൽ ഒരേ ഉത്പന്നത്തിനു പല ഉപഭോഗം ഉള്ളതിനാലും മറ്റു കാരണങ്ങളാലും അനേകം വ്യവഹാരങ്ങ ളും ഉടലെടുത്തു.

ഉദാഹരണത്തിന് വെളിച്ചെണ്ണ പാചക എണ്ണ ആണെന്ന കാര്യത്തി ൽ മലയാളിക്ക് സംശയം ഇല്ല. എന്നാൽ, ഉത്തരേന്ത്യയി ൽ ആകട്ടെ അത് ഹെയ ർ ഓയിലോ ശരീരശുദ്ധിയ്ക്കുള്ള തൈലമോ മാത്രമാണ്. ഒന്ന് അവശ്യസാധനം, മറ്റേതു ആഡംബരം. അതനുസരിച്ച് രണ്ടിനും രണ്ടു നിരക്ക്.
അമർദിയോ പ്ലാസ്റ്റിക് ഇൻഡസ്ട്രീസിന്‍റെ കേസിൽ വെളിച്ചെണ്ണ, സസ്യ എണ്ണ ആണെന്നും ഷാലിമാർ കെമിക്കൽ വർക്സ് കേസിൽ സസ്യ/പാചക എണ്ണ അല്ലെന്നും അത് ശിരോലേപനം (ഹെയർ ഓയിൽ) ആണെന്നും പരസ്പര വിരുദ്ധമായി ട്രിബ്യൂണൽ വിധിച്ചു.

ഏതായാലും ഇരുനൂറു മില്ലി ലിറ്റർ വരെയുള്ള കുപ്പികളിൽ ലേബ ൽ അനുസരിച്ചു ഹെയ ർ ഓയിൽ ആയും അതിനു മുകളിൽ പാചക എണ്ണ ആയും നികുതി ചുമത്താൻ നിശ്ചയിച്ചു സർക്കുലർ വഴി അധികാരികൾ തലയൂരി. മറിച്ചുപയോഗിച്ചാൽ എന്തു സംഭവിക്കുമോ ആവോ?
മുൻപറഞ്ഞത് മഞ്ഞുമലയുടെ മുകളറ്റം മാത്രം. ഇത്തരം തർക്കങ്ങൾ കോഴിയാണോ മുട്ടയാണോ എന്ന മട്ടി ൽ നീണ്ടു പോയെങ്കിലും നിരക്കുകൾ ഏകീകരിച്ചു പലതട്ടിലുള്ള ശ്രേണികൾ ഒഴിവാക്കി ഇതിനു പരിഹാരം കണ്ടെത്തി വരികയായിരുന്നു. അപ്പോഴാണ് ജിഎസ്ടി അവതരിച്ചത്.
"ഒരേ രാജ്യം ഒരൊറ്റ നികുതി’ എന്ന് പറഞ്ഞാണ് നാം തുടങ്ങിയതെങ്കിലും പിൻബുദ്ധി പല നിരക്കിൽ കടന്നു വന്നു. ആഢംബര ഉത്പന്നങ്ങൾക്കും അവശ്യ വസ്തുക്കൾക്കും ഇന്ത്യയിലെ സാഹചര്യങ്ങൾ പ്രകാരം ഒരേ നിരക്ക് ചുമത്തുന്നതു നീതീകരിക്കാനാവില്ല എന്ന് നാം മനസ്സിലാക്കി. പക്ഷേ, പലനിരക്ക് വീണ്ടും “രാഗം പല താളം’ എന്ന നിലയാക്കി. മുൻകാല നികുതി തർക്കങ്ങൾ ജിഎസ്ടിയിലും നേരെ ഇറക്കുമതി ചെയ്യുന്ന സ്ഥിതിയായി. സ്വർണം കൊണ്ടുള്ള വാച്ച് സ്വർണമാണോ വാച്ചാണോ എന്ന പോലെയുള്ള തർക്കമാകാം. ഉത്തരം ഉണ്ടെങ്കിൽ കൂടി അത് അന്തിമമല്ല. ചുരുക്കത്തിൽ വഞ്ചി തിരുനക്കരത്തന്നെ.


മുൻപ് സെൻട്രൽ എക്സൈസിൽ തർക്കം വില്പനയുടെ ഒരു തലത്തി ൽ ഒതുങ്ങുമായിരുന്നു എങ്കി ൽ, മൂല്യ വർധന പ്രകാരം നികുതി ചുമത്തുന്പോ ൾ ജിഎസ്ടിയി ൽ അതങ്ങനെയല്ല അവസാനിക്കുക.

ഉത്പാദകൻ, സ്റ്റോക്കിസ്റ്റ്, മൊത്ത വ്യാപാരി, ചില്ലറ വില്പനക്കാരൻ, ഉപഭോക്താവ് എന്നിങ്ങനെയുള്ള ശൃംഖലയി ൽ ഒരു സ്ഥാനത്ത് നിരക്ക് വ്യത്യാസം വന്നാ ൽ മറ്റു കണ്ണികളിലേക്കും അതിന്‍റെ ആഘാതം ചെന്ന് ചേരും. ഉദാഹരണമായി 5 ശതമാനം നിരക്ക് ഉത്പാദകർ നിശ്ചയിച്ചത് ഡിപ്പാർട്ട്മെന്‍റ് 18 ശതമാനം എന്നാണ് തിരുത്തുന്നതെങ്കി ൽ 13 ശതമാനം വ്യത്യാസവും പെനാൽറ്റിയും ചേർത്തു അധികം അടയ്ക്കേണ്ട തീരുവ 104 ശതമാനം വരെയാകാം. എന്നു പറഞ്ഞാൽ ഉത്പന്നവിലയേക്കാ ൾ അധികം തീരുവ കൊടുക്കേണ്ടി വന്നേക്കാം! (ഇത് കൂടാതെ തടവു ശിക്ഷയ്ക്കും വ്യവസ്ഥ ഉണ്ട്).

ഇങ്ങനെ അധികം നൽകേണ്ടി വരുന്ന തുകയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാനോ കൈമാറാനോ ആവില്ല. പെനാൽറ്റിയുടെ കാര്യം പറയുകയും വേണ്ട.

നികുതി വെട്ടിപ്പുകാരെ മാത്രം ഉദ്ദേശിച്ചു നിയമം തയ്യാറാക്കുന്നതാണ് ഇടക്കാല പ്രവണത. ഇത് പക്ഷേ, ഒരു സാദാ കൈയബദ്ധം പിണയുന്നവരെക്കൂടി കഠിനമായി ശിക്ഷിക്കുന്ന ഉപകരണം ആയി മാറുന്നു.

മുൻകൂർ നികുതി നിർണയ സംവിധാനങ്ങൾ ഫലപ്രദമായി ഇനിയും നടപ്പിലാക്കിയിട്ടില്ല. പല നിരക്കിനു സാധ്യത ഉണ്ടെന്നു തന്നെ എത്ര പേർക്കറിയാം? നമ്മുടെ നിയമ വ്യവസ്ഥ അനുസരിച്ച് തർക്ക പരിഹാരത്തിന് കാലങ്ങൾ എടുത്തേക്കാം.

ജിഎസ്ടിയിൽ ഉപഭോക്താവിൽ എത്തിച്ചേരുന്ന ഒരു ഉത്പന്നത്തിന്‍റെ സഞ്ചാരപഥം ഡിപാർട്ട്മെന്‍റിനു കൃത്യമായി നിശ്ചയമുണ്ട്. നികുതി നിരക്ക് കുറവ് കണക്കാക്കിയത് മൂലമുള്ള നികുതി നഷ്ടം കണ്ടെത്താ ൻ ഒരു പ്രയാസവും ഇല്ല. ഇത് ഇലയ്ക്കും മുള്ളിനും പരിഭവമില്ലാതെ അതാതു തലത്തിൽ ശിഷ്ട നികുതി ഈടാക്കി വീണ്ടെടുക്കാം. അങ്ങനെയുള്ളപ്പോൾ പെനാൽറ്റിയും പ്രോസിക്യൂഷനുമായി ബിസിനസ്സുകാരുടെ ഉറക്കം കെടുത്തേണ്ട കാര്യം ഉണ്ടോ? നമ്മുടെ ബിസിനസ് സൗഹൃദ നയങ്ങൾക്കും ചെലവു നിയന്ത്രണ ലക്ഷ്യങ്ങൾക്കും ഇത് എതിരല്ലേ?

തർക്കം ആദ്യം തെറ്റ് വരുത്തിയ തലത്തിൽ ഒതുക്കി അധിക നികുതിക്ക് ക്രെഡിറ്റ് നൽകിത്തന്നെ റവന്യൂ നഷ്ടം വീണ്ടെടുക്കാൻ സംവിധാനം ഉണ്ടാക്കണ്ടേ? തുടർന്നുള്ള തലങ്ങളിൽ പെനാൽടി ഒഴിവാക്കുകയും വേണം.

ലൂക്കോസ് ജോസഫ്,
അനിൽ പി. നായർ