പച്ചക്കറി കൃഷിയിലെ അമേരിക്കന്‍ മലയാളിപ്പെരുമ
വിഷപച്ചക്കറി ഭീതി തീര്‍ ത്തും ഇല്ലാത്ത അമേരിക്കയില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വളപ്പില്‍ വിളയിച്ചെടുക്കുകയാണ് തര്യന്‍ ജോര്‍ജ് എന്ന മലയാളി. അമേരിക്കയിലെ അതിവേഗ ജീവിതത്തിനിടയിലും തര്യന്റെ കുടുംബം പച്ചക്കറിക്കൃഷിക്ക് സമയം കണ്ടെത്തുന്നു. നാട്ടില്‍ പോലും അപ്രത്യക്ഷമാകുന്ന മലയാളി കര്‍ഷക പാരമ്പര്യം അങ്ങനെ വിദേശത്ത് ഫലമണിയുന്നു. അതിനവരെ പ്രേരിപ്പിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും വിഷപച്ചക്കറി ഉയര്‍ത്തുന്ന ഭീതിയല്ല, മറിച്ച് കൃഷി ചെയ്യാന്‍ മടിയില്ലാത്തൊരു മനസും കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷവും മെച്ചപ്പെട്ട ആശയവിനിമയവും ഒത്തൊരുമയുമാണ്.

മകന്‍ സുജിത്തിന്റെ എന്‍ജിനിയറിംഗ് ബിരുദാനന്തര ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി കലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് യൂണിവേഴ്‌സിറ്റിയില്‍ പോയ സമയത്താണ് വീട്ടുവളപ്പില്‍ മികച്ച പച്ചക്കറി, ഫലവൃക്ഷ കൃഷിയിടം ഒരുക്കിയിരിക്കുന്ന തര്യന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചത്. കോതമംഗലം ഇലഞ്ഞിക്കല്‍ കുടുംബാംഗമായ തര്യന്‍, ഭാര്യ ഷൈബിയും മക്കള്‍ സാന്ദ്രയും ഷാറണും സ്റ്റീവും അടങ്ങുന്ന കുടുംബത്തോടൊപ്പം, ദീര്‍ഘകാലമായി ലോസ് ആഞ്ചലസിനടുത്തുള്ള ഓറഞ്ച് കൗണ്ടിലിലെ സൈപ്രസില്‍ താമസിക്കുന്നു. തര്യന്റെ വീട്ടുവളപ്പ് പോഷക സുരക്ഷയുടെയും വിള വൈവിധ്യത്തിന്റെയും അന്താരാഷ്ട്രതലത്തിലെ തന്നെ മികച്ച മാതൃകയാണ്. കാര്യമായ രോഗ-കീടബാധകളില്ലാതെ സമൃദ്ധമായി വളരുന്ന പച്ചക്കറികളും ഫലവൃക്ഷങ്ങളും മികച്ച വിളവാണ് നല്കുന്നത്.

പൊതുവെ അമേരിക്കയിലെ വീടുകളുടെ മുന്‍ഭാഗം വെട്ടിയൊരുക്കിയ പുല്‍ത്തകിടികൊണ്ട് മനോഹരമാക്കിയിരിക്കും. ഇപ്രകാരമുള്ള പുല്‍ത്തകിടിക്ക് നടുവിലായി മുന്നുവര്‍ഷം മാത്രം പ്രായമുള്ള മാവ് നിറയെ മാങ്ങകളുമായി കായ്ച്ചു നില്ക്കുന്നതാണ് തര്യന്റെ വീട്ടിലേക്ക് ചെല്ലുമ്പോഴുള്ള ആദ്യകാഴ്ച. മലയാളിയുടെ ചക്ക പ്രിയത്തിനു തെളിവായി തൊട്ടടുത്തുതന്നെ ഒരു പ്ലാവിന്‍ തൈ ആരോഗ്യത്തോടെ വളരുന്നു. ബാക്കി കൃഷിയൊക്കെ പിന്നാമ്പുറത്താണ്.

വീടുവാങ്ങുന്ന സമയം പിന്‍ഭാഗം മുഴുവന്‍ സിമന്റ് തറയായിരുന്നുവെന്നത് കൃഷിക്ക് തുടക്കത്തില്‍ പ്രതിബന്ധമായതായി തര്യന്‍ പറയുന്നു. എന്നാല്‍ വാടകയ്ക്ക് മെഷീന്‍ വാങ്ങി സിമന്റുതറ സ്വയം ഡ്രില്‍ചെയ്ത് പൊട്ടിച്ചും ആവശ്യാനുസരണം കുഴികളെടുത്തും ഗ്രോബാഗുകള്‍ ഉപയോഗിച്ചും ഈ പ്രതിബന്ധത്തെ മറികടന്നു. കുഴികളില്‍ ചെറു വൃക്ഷങ്ങളായി വളരുന്ന ഫലവര്‍ഗ-പച്ചക്കറി വിളകള്‍ നട്ടു. മുരിങ്ങ, കറിവേപ്പ്, പപ്പായ, പേര, ആപ്പിള്‍, നാരകം, രണ്ടുതരം ഓറഞ്ച് മുതലായ ചെറുമരങ്ങള്‍ ഈ കുഴികളില്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്ന് സമൃദ്ധമായി കായ്ക്കുന്നു. സപ്പോട്ട, ചാമ്പ, ചെറി, അവക്കാഡോ, ഓറഞ്ചുമായി സാമ്യമുള്ള നെഗമി, ഡ്രാഗണ്‍ ഫ്രൂട്ട് എന്നീ ഫലവൃക്ഷങ്ങളും കൃഷി ചെയ്തിട്ടുണ്ട്. ഭാരം കൊണ്ടു തകരുമോ എന്ന് ഭയപ്പെടുത്തക്കവിധം പിന്നാമ്പുറത്തെ ഷെഡിന്റെ മേല്‍ക്കൂര മൂടി പാഷന്‍ ഫ്രൂട്ട് വിളഞ്ഞു നില്ക്കുന്നു. സ്വന്തമായി നിര്‍മിച്ച പന്തലില്‍ പടര്‍ത്തിയാണ് പാവല്‍, പടവലം, കോവല്‍, പയര്‍ മുതലായവയൊക്കെ വളര്‍ത്തുന്നത്. അതിനായി പ്ലാസ്റ്റിക്ക് ബക്കറ്റിനുള്ളില്‍ റെഡിമെയ്ഡ് കോണ്‍ക്രീറ്റ് മിക്‌സ് ഉപയോഗിച്ച് 3/4 ഇഞ്ച് അലൂമിനിയം പൈപ്പുകള്‍ (10 ഇഞ്ച് പൈപ്പ് രണ്ടായി മുറിച്ച്) ഉറപ്പിച്ച് തുണുകള്‍ ഉണ്ടാക്കുന്നു. തുടര്‍ന്നു റെഡിമെയ്ഡ് ജോയി ന്റുകള്‍ ഉപയോഗിച്ച് പൈപ്പുകള്‍ കൊണ്ടു'തന്നെ ഫ്രെയിം ഉണ്ടാക്കിയശേഷം കയര്‍ വലിച്ചു കെട്ടി പന്തലുണ്ടാക്കുന്നു. മുളക്, പയര്‍, രണ്ടുതരം വഴുതന, ചീര, വെണ്ട, മുന്തിരി ഇവയ്‌ക്കൊക്കെ ഗ്രോബാഗിലാണ് സ്ഥാനം. ഗ്രോബാഗ് നിറയ്ക്കാനുള്ള മണ്ണുമിശ്രിതം സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കും. മത്തനും മൂന്നുതരം തക്കാളിയും അതിരിലായി വളര്‍ ത്തിയിരിക്കുന്നു. തക്കാളി പടര്‍ന്ന് പന്തലിച്ചു നിറഞ്ഞു കായ്ക്കുന്നു. അതിരിലായി വളര്‍ത്തിയിരിക്കുന്ന കേരളത്തിന്റെ സ്വന്തം പൂവന്‍ വാഴയില്‍ നിന്നും വലിയ കുലയുണ്ടായിരിക്കുന്നു.
ഒരു ചുവട് കോവലില്‍ നിന്നും വര്‍ഷം മുഴുവന്‍ ആവശ്യത്തിനുള്ള കോവയ്ക്ക ലഭിയ്ക്കുന്നു. അയല്‍പക്കത്തുള്ള മലയാളി കുടുംബങ്ങള്‍ക്ക് കൊടുത്ത ശേഷവും ബാക്കിയുള്ളവ ആവികയറ്റി ഫ്രീസറില്‍വച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കോവയ് ക്ക ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും. മറ്റു പച്ചക്കറികള്‍ മിച്ചം വരുമ്പോഴും ഇങ്ങനെ തന്നെ ചെയ്യുന്നു. മികച്ച വിളവു കിട്ടുന്ന തക്കാളി ആവി കയറ്റാതെയാണ് ഫ്രീസറില്‍ സൂക്ഷിക്കുന്നത്.

അമേരിക്കയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോസ് ആഞ്ചല്‍സിലെ മിതമായ കാലാവസ്ഥയും മണ്ണും കൃഷിക്ക് അനുകൂലമാണ് എന്നത് വീട്ടുകൃഷിയില്‍ മികച്ച വിളവു കിട്ടുന്നതിന് സഹായിക്കുന്നു. ഈ കാലാവസ്ഥയില്‍ രോഗ-കീടങ്ങള്‍ കുറവാണെന്നതും അനുകൂല ഘടകമാണ്.

സമയ-സ്ഥല പരിമിതികള്‍ കണക്കിലെടുക്കാതെ, കൊട്ടി ഘോഷമില്ലാതെ, കൃഷിയുടെ മഹത്വം മനസിലാക്കി വീട്ടുവളപ്പില്‍ പച്ചക്കറി-ഫലവൃക്ഷകൃഷി നടത്തുന്ന തര്യന്റെതുപോലുള്ള കുടുംബങ്ങളെ നാം ആദരിക്കുകയും മാതൃകയാക്കുകയും ചെയ്യണം.

ഡോ. ജോസ് മാത്യു
മുന്‍ എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍
കെ.എ.യു, ഫോണ്‍: 9446871679

ഡോ. സി. ആര്‍. എല്‍സി
പ്രഫസര്‍, കെ.എ.യു, ഫോണ്‍: 9447878968.