മാരുതി സുസുകി ഇന്ത്യ ഹാച്ച്ബാക്ക് മോഡൽ സ്വിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചത് 2005 മേയിലാണ്. വാഹനപ്രേമികളുടെ മനസ് ആകർഷിക്കാൻ ആ സ്പോർട്ടി ഹാച്ച്ബാക്കിനു കഴിയുകയും ചെയ്തു. മാരുതി സുസുകി വീണ്ടും അവതരിപ്പിക്കുന്ന പുതുതലമുറ സ്വിഫ്റ്റിന് പറയാൻ വിശേഷങ്ങൾ ഏറെയുണ്ട്.
സാമ്യമെങ്കിലും വ്യത്യാസമുണ്ട്
ഹാച്ച് മോഡലായ സ്വിഫ്റ്റിന്റെ സെഡാൻ പതിപ്പായിരുന്നു മുന്പ് ഡിസയർ. എന്നാൽ, ന്യൂജെൻ സ്വിഫ്റ്റും ഡിസയറും തമ്മിൽ ഒരുപിടി മാറ്റങ്ങളുണ്ട്. വ്യത്യാസങ്ങൾ മുന്നിൽത്തന്നെ പ്രകടം. രണ്ടു മോഡലുകളിലും ഹെക്സാഗണൽ ഗ്രില്ലാണുള്ളതെങ്കിലും സ്വിഫ്റ്റിന്റെ ഗ്രില്ലിന് വലുപ്പക്കൂടുതലുണ്ട്. മാത്രമല്ല ഡിസയറിൽ ഉള്ളതുപോലെ ക്രോം ആവരണവുമില്ല. ഫ്രണ്ട് ബംപറിന്റെ ഡിസൈനും അങ്ങനെതന്നൈ. ഇരു മോഡലുകളിലും റൗണ്ട് ഫോഗ് ലാന്പുകൾ നല്കിയിരിക്കുന്നു. സ്വിഫ്റ്റിന്റെ എയർഡാമിന്റെ ഘനം കുറഞ്ഞു.
ഡോർ ഹാൻഡിൽ മുകളിൽ
റിയർ ഡോർ ഹാൻഡിലുകൾ പരന്പരാഗത രീതിയിൽനിന്നു സി പില്ലറിലേക്കു മാറ്റിയിട്ടുണ്ട്.
ബാഡ്ജിംഗുകൾ ഇല്ല
സ്വിഫ്റ്റ് എന്ന ബാഗ്ജിംഗ് കൂടാതെ വേരിയന്റുകളുടെ ബാഡ്ജിംഗ് ഒരിടത്തും കാണാനാവില്ല. അതേസമയം ഡീസൽ വേർഷനിൽ ഡിഡിഐഎസ് ബാഡ്ജിംഗ് മുൻ ഫെൻഡറിൽ നല്കിയിട്ടുണ്ട്.
വലുപ്പം
നീളം 3,840 എംഎം, വീതി 1,735 എംഎം, ഉയരം 1,530 എംഎം, വീൽബേസ് 2,450 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 163 എംഎം, ബൂട്ട് സ്പേസ് 268 ലിറ്റർ, ടയർ 15 ഇഞ്ച്, ഫ്യുവൽ ടാങ്ക് 37 ലിറ്റർ.
ഉള്ളിൽ കറുപ്പിന്റെ ചാരുത
ഓൾ ബ്ലാക്ക് കാബിനിൽ ഡാഷ്ബോർഡ്, സ്റ്റീയറിംഗ് വീൽ എന്നിവയിൽ ഗ്രേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാഷ്ബോർഡ് ഉൾപ്പെടെയുള്ള ഇന്റീരിയൽ ഡിസൈൻ ഡിസയറിനു സമമല്ല.
സ്പേസ് കൂട്ടി
മുൻ തലമുറ സ്വിഫ്റ്റുകളുടെ പ്രധാന പോരായ്മയായിരുന്നു പിന്നിൽ പരിമിതമായ നീ റൂം (knee room) എന്നത്. അതിനു മാറ്റം വരുത്താൻ പുതിയ സ്വിഫ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
എൻജിൻ
1197 സിസി 4 സിലിണ്ടർ പെട്രോൾ എൻജിൻ 83 എച്ച്പി പവറിൽ 115 എൻഎം ടോർക്കും 1248 സിസി 4സിലിണ്ടർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ 73 എച്ച്പി പവറിൽ 190 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
സുരക്ഷ
എഎംടി ഉൾപ്പെടാതെ നാലു വേരിയന്റുകളിൽ ലഭ്യമായ സ്വിഫ്റ്റിൽ ഡുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ തുടങ്ങിയവ സ്റ്റാൻഡാർഡ് വേരിയന്റ് മുതലുണ്ട്. എഎംടി രണ്ടും മൂന്നും വേരിയന്റുകളിലാണ് ലഭ്യമാകുക.
വില
പെട്രോൾ: `4.99 - 7.29 ലക്ഷം
ഡീസൽ: `5.99 - 8.29 ലക്ഷം
മൈലേജ്
ഡീസൽ: 28.4 കിലോമീറ്റർ
പെട്രോൾ: 22 കിലോമീറ്റർ
-ഐബി