വ്യത്യസ്തമായ വഴിയിലൊരു ക്വാറി ബിസിനസ്
വ്യത്യസ്തമായ വഴിയിലൊരു ക്വാറി ബിസിനസ്
Monday, March 5, 2018 3:50 PM IST
സ്വന്തം ബിസിനസ് വളർത്തണം, വലുതാക്കണം ലാഭം നേടണം എന്നുള്ള ഒറ്റ ചിന്തയിൽ കൂടെ ജോലി ചെയ്യുന്നവരെ പോലും മറന്നുപോകുന്ന മുതലാളിമാരല്ല സിബിയും സിബിയുടെ പങ്കാളികളും. വ്യത്യസ്തമാർന്ന വഴികളിലൂടെ കൂടെ ജോലി ചെയ്യുന്നവരെക്കൂടി ശാക്തീകരിക്കാൻ ഇവർ ശ്രദ്ധിക്കുന്നു.

കണ്ണൂർ കോളയാട് വാക്കാച്ചാലിൽ സിബി കുര്യൻ ബിസിനസ് മേഖലയിലേക്ക് എത്തിപ്പെടുമെന്നു കരുതിയതേയല്ല.പ്രീഡിഗ്രി പഠനത്തിനുശേഷം ഫാർമസി കോഴ്സിൽ ഡിപ്ലോമയും നേടി ആ വഴിയെ പോകാനായിരുന്നു ശ്രമിച്ചത്. പക്ഷേ, വീട്ടിലെ സാന്പത്തിക ബുദ്ധിമുട്ടുകളും മറ്റും സിബിയെ ചേട്ടൻ ജോസിന്‍റെ വഴിയിലേക്ക് എത്തിച്ചു. സിബിയുടെ ചേട്ടൻ വി.കെ ജോസ് മൂന്നു കൂട്ടുകാരുമായി ചേർന്ന് ഒരു ക്വാറി പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു.

സിബിയും അവരോടൊപ്പം ചേർന്നു. ഇന്ന ് ചേട്ടൻ ജോസിൽ നിന്നും മാറി വേറെ ആറു പങ്കാളികളുമായാണ് സിബിയുടെ ബിസിനസ്. വി.കെ സ്റ്റോണ്‍ ക്രഷർ ആൻഡ് ബിൽഡിംഗ് മെറ്റീരിയൽസ് എന്ന പുതിയ സംരംഭത്തിൽ സിബിയുടെ മറ്റൊരു സഹോദരൻ വി.കെ ബെന്നിയാണ് മാനേജിംഗ് പാർട്ണർ, ബന്ധുക്കളായ വി.യു സജി, വി.കെ ജോണ്‍ സുഹൃത്തുക്കളായ ഉണ്ണികൃഷ്ണൻ, ഉമേഷ് കുമാർ എന്നിവരാണ് മറ്റു പങ്കാളികൾ.

ചേട്ടനിൽ നിന്നും തുടക്കം

""പിതാവ് വാക്കാച്ചാലിൽ കുര്യൻ കർഷകനായിരുന്നു. ആ വഴിയെയായരുന്നു ഞങ്ങളും. ചേട്ടനാണ് അതിൽ നിന്നും വഴിമാറി നടന്നത്. അപ്പന് സ്ട്രോക്ക് വന്നതോടെ കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകാനായി കൃഷിയിൽ നിന്നും മലഞ്ചരക്ക് വ്യാപാരം, കൊപ്ര വ്യാപാരം തുടങ്ങിയ വഴികളിലേക്ക് ചേട്ടൻ വി.കെ ജോസ് നീങ്ങി. അതിനിടയിലാണ് അദ്ദേഹത്തിന്‍റെ മൂന്നു കൂട്ടുകാർ ക്വാറി പാട്ടത്തിനെടുക്കുന്നതിനെക്കുറിച്ചു പറയുന്നതും ആ വഴിയിലേക്ക് നീങ്ങുന്നതും. സിബി പറഞ്ഞു.

പഠിച്ച ഫാർമസി ജോലിക്കു പോയാൽ കിട്ടുന്ന തുക തുച്ഛമായതുകൊണ്ട് സിബി ആ ജോലി ഉപേക്ഷിച്ച് ചേട്ടനോടൊപ്പം ക്വാറിയിൽ പണിക്കെത്തി. അവിടെ അധിക സമയം പണി എടുക്കാൻ തുടങ്ങി. അങ്ങനെ ചേട്ടന്‍റെ കൂടെ ബിസിനസിൽ പങ്കാളിയായി. പിന്നീടാണ് മറ്റൊരു സഹോദരനായ വി.കെ ബെന്നിക്കൊപ്പം ചേർന്നത്. എങ്കിലും ബിസിനസിലെ എല്ലാ കര്യങ്ങളിലും മാർഗനിർദേശങ്ങളെല്ലാം നൽകുന്നത് ചേട്ടൻ വി.കെ ജോസാണെന്ന് സിബി പറഞ്ഞു. നൂറ്റന്പതോളം പേർ തൊഴിലാളികളായി ഇവരുടെ കൂടെയുണ്ട്.



കോളയാടാണ് ക്വാറി യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ക്രഷിംഗ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത് പേരാവൂരും. വി.കെ സ്റ്റോണ്‍ ക്രഷേഴ്സ് മെറ്റൽ, വി സാൻഡ് എന്ന ബ്രാൻഡിൽ മണൽ ബില്‌ഡിംഗ് മെറ്റീരിയൽസ് എന്നിവയാണ് വിപണിയിലെത്തിക്കുന്നത്.

കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്കെല്ലാം എത്തിക്കുന്നുണ്ട്. ബംഗളുരുവിലുള്ള സിവിൽ എയിഡ് എന്ന ലാബിൽ ടെസ്റ്റ് ചെയ്ത് തെളിയിച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ഇവർ വിതരണം ചെയ്യുന്നത്. എൽ ആൻഡ് ടി, കിയാൽ(കണ്ണൂർ എയർപോർട്ട് അതോറിറ്റി ലിമിറ്റഡ്) തുടങ്ങിയവർക്കൊക്കെ ഇവർ ഉത്പന്നങ്ങൾ നൽകുന്നുണ്ട്. ഗുണമേന്മ, ഗുണമേന്മയുള്ള സേവനം എന്നതാണ് കന്പനിയെുട മുഖമുദ്ര.പഞ്ചായത്തിന്‍റെ എൻവിയോണ്‍മെന്‍റൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ക്വാറിയാണിത്.

വ്യത്യസ്തമായൊരു ചുവടുവെയ്പ്


സ്വന്തം ബിസിനസ് വളർത്തണം, വലുതാക്കണം ലാഭം നേടണം എന്നുള്ള ഒറ്റ ചിന്തയിൽ കൂടെ ജോലി ചെയ്യുന്നവരെ പോലും മറന്നുപോകുന്ന മുതലാളിമാരല്ല സിബിയും സിബിയുടെ പങ്കാളികളും. വ്യത്യസ്തമാർന്ന വഴികളിലൂടെ കൂടെ ജോലി ചെയ്യുന്നവരെക്കൂടി ശാക്തീകരിക്കാൻ ഇവർ ശ്രദ്ധിക്കുന്നു. അതിന്‍റെ ആദ്യ പടിയാണ് തങ്ങൾക്കു വേണ്ടി ടിപ്പർ ഓടിക്കുന്ന ഡ്രൈവർമാരെ ഡ്രൈവർമാരിൽ നിന്നും ടിപ്പർ ഉടമകളിലേക്ക് എത്തിക്കുന്നു എന്നുള്ളത്. നിലവിൽ ഇരുപത്തിയേഴോളം ഡ്രൈവർമാരാണ് ഇങ്ങനെ ടിപ്പർ ഉടമകളായിരിക്കുന്നത്.

""ബിസിനസ് മുന്നോട്ടു പോകേണ്ടതിന് തൊഴിലാളികളെ ശാക്തീകരിക്കേണ്ടതുണ്ട്. അവരുടെ മനോഭാവം തന്നെ മാറ്റി എടുക്കേണ്ടതുണ്ട്. തൊഴിലിനൊപ്പം ഉടമസ്ഥാവകാശം കൂടി ലഭിക്കുന്നതോടെ അവർക്ക് തൊഴിലിനോട് ആത്മാർഥത വരും. അവരുടെ പെരുമാറ്റരീതിയിൽ തന്നെ മാറ്റം വരും. ഉടമസ്ഥനാണെന്നുള്ള തോന്നലുണ്ടാകും. അതിനെക്കാളധികമായി അവരുടെ സാന്പത്തിക സ്ഥിതിയും ജീവിത നിലവാരവും മെച്ചപ്പെടും എന്ന ഗുണം കൂടിയുണ്ട്'' - സിബി പറഞ്ഞു. ഡ്രൈവർമാരുടെകൂടി സാന്പത്തിക പങ്കാളിത്തത്തോടെയായിരിക്കും വണ്ടി എടുക്കുന്നത്. അതോടൊപ്പം കന്പനിയും സാന്പത്തിക പിന്തുണ നൽകും.
പുതിയ ഒരു ഉത്പന്നം മാർക്കറ്റിലേക്ക് എത്തിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ സിബിക്കുണ്ട്.

* നിലവിൽ മാർക്കറ്റിലുള്ളവരുമായി മത്സരിക്കരുത്.
* വിലകൂട്ടി വിൽക്കുക, കാരണം വില കൂടിയാൽ മത്സരമുണ്ടാകില്ല.
* വിലകൂടിയത് നല്ല സാധനം എന്നൊരു ചിന്ത മലയാളിക്കുണ്ട്.
* ഒരു ഉത്പന്നം തന്നെ രണ്ടു വിലകളിൽ ഇറക്കുകയും ചെയ്യാം. ഗുണമേൻമയിൽ ചെറിയൊരു വ്യത്യാസം വരുമെന്നു മാത്രം.

സംരംഭകർക്കും പോസിറ്റീവിറ്റി

പോസിറ്റീവ് കമ്യൂണ്‍ എന്നൊരു വാട്സാപ് ഗ്രൂപുണ്ട്. മാസത്തിൽ ഒരു തവണ അംഗങ്ങളെല്ലാം ഒത്തു കൂടും. സംരംഭകരെ പ്രോത്സാഹിപ്പിക്കുക, അവരെ സഹായിക്കുക എന്നുള്ളതാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം. വായ്പ കിട്ടാത്തവർക്ക് പ്രശ്നം എന്താണെന്ന് മനസിലാക്കി വായ്പ ശരിയാക്കി നൽകൽ, പ്രോജക്ട് റിപ്പോർട്ട് തുടങ്ങിയ സഹായങ്ങൾ ചെയ്തു നൽകൽ എന്നിവയെല്ലാം പോസിറ്റീവ് കമ്യൂണിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

സംരംഭങ്ങൾക്കായി നിക്ഷേപം ആവശ്യമുള്ളവരെ സഹായിക്കും. പോസിറ്റീവ് കമ്യൂണിന് ഭാരവാഹികൾ ഒന്നുമില്ല. ഓരോ മാസവും ഓരോ പ്രോഗ്രാം കോർഡിനേറ്ററെ തെരഞ്ഞെടുക്കും. പോസിറ്റീവ് കമ്യൂണ്‍ ഈ അടുത്ത് അന്പതു ലക്ഷം രൂപ സമാഹരിച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് ബോട്ട് വാങ്ങി നൽകിയിരുന്നു.

കുടുംബം

ഭാര്യ വിജിത മക്കൾ. സാന്ദ്ര മരിയ, വൃന്ദ മരിയ, സാവിയോ ജോസഫ്, നിഹാര കാതറിൻ. മാതാപിതാക്കൾ കുര്യനും മറിയക്കുട്ടിയും. പിതാവ് മൂന്നു വർഷം മുന്പ് മരിച്ചു. തങ്ങളെുട ബിസിനസ് കുടുംബത്തിലെ മറ്റുള്ളവരുടെ ബിസിനസിനെക്കൂടി സഹായിക്കുന്നുണ്ടെന്ന് സിബി പറയുന്നു. സിബിയുടെ പിതാവിന്‍റെ അനിയന്‍റെ മകന് ടയർ റീസോളിംഗിനും മറ്റുമുള്ള കടയുണ്ട്. അവിടെയാണ് ടിപ്പറുകളെുട പണി നടത്തുന്നത്. വോറൊരു ബന്ധുവിന് പലചരക്കു കടയുണ്ട്. അവിടെ നിന്നാണ് തൊഴിലാളികൾക്കാവശ്യമായ പലചരക്കു സാധനങ്ങൾ വാങ്ങിക്കുന്നത്. വേറൊരാൾക്ക ്സ്റ്റേഷനറികടയുണ്ട് തൊഴിലാളികൾ അവർക്കാവശ്യമായ സാധനങ്ങൾ അവിടെനിന്നും വാങ്ങുന്നു.